ലേഖനങ്ങള്‍/ഓര്‍മ്മകള്‍

വ്യാഴാഴ്‌ച, ഡിസംബർ 08, 2011

കവിതകള്‍ക്കായി ഒരു വിശേഷാ‌ല്‍ പതിപ്പ്

കവിതകള്‍ക്കായി ഒരു വിശേഷാ‌ല്‍ പതിപ്പ് എന്ന നിലയിലാണ് വോയ്സ് ഓഫ് മേള ഇക്കുറി വായനക്കാരിലെത്തുന്നത്. വ്യത്യസ്തങ്ങളായ മട്ടും മാതിരിയുമുള്ള ഒരുപിടി കവിതകള്‍ തെരഞ്ഞെടുത്ത് ഇങ്ങനെ അവതരിപ്പിക്കുന്നത് നന്നായിരിക്കുമെന്ന വിശ്വാസമാണ് ഇതിന് പ്രേരിപ്പിച്ചത്. കേരളത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നുള്ള കവികളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തുവാ‌ന്‍ കഴിഞ്ഞിട്ടുണ്ട്, ഒപ്പം തന്നെ നമ്മുടെ നാട്ടിലെ സുഹൃത്തുക്കളുടെയും. ഓരോ കവിതയും ഒന്നിനൊന്ന് വ്യത്യസ്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഒറ്റ വായനയില്‍ ഹൃദയത്തോടടുപ്പിച്ച് നിര്‍ത്താവുന്നതും, പലവുരു ആവര്‍ത്തിച്ചുള്ള വായനയിലൂടെ ഹൃദയത്തിലൊട്ടി നില്‍ക്കുന്നതുമായ രചനക‌ള്‍ ഇക്കൂട്ടത്തിലുണ്ട്.

പദ്യമായാലും ഗദ്യമായാലും എഴുതി ഫലിപ്പിക്കുന്നതിന് എഴുത്തുകാരന് അവശ്യം വേണ്ടത് അനുഭവങ്ങളാണ്. ദൈനംദിന ജീവിതത്തില്‍ എല്ലാവര്‍ക്കും അനുഭവങ്ങ‌ള്‍ ഉണ്ടാകാം. പക്ഷേ അവയെ കാച്ചിക്കുറുക്കി സഹൃദയരുടെ മനസ്സുകളെ സ്പര്‍ശിക്കും വിധം പാകപ്പെടുത്തുന്നതിന് പ്രത്യേക സിദ്ധിയുണ്ടാവണം.

കുറച്ച് കൊച്ചു കഥകള്‍ സമാഹരിച്ചുകൊണ്ട്, അവ ഉള്‍പ്പെടുത്തി, കുറുങ്കഥകള്‍ക്ക് മാത്രമായി ഒരു വിശേഷാ‌ല്‍ പതിപ്പ് കൂടി ആഗ്രഹങ്ങളിലുണ്ട്. പോക്കറ്റ് സ്റ്റോറീസ് എന്ന തരത്തിലുള്ള കഥകളാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം കഥകള്‍ ഞങ്ങള്‍ക്കയക്കുക. പ്രസിദ്ധീകരണയോഗ്യമായവ തെരഞ്ഞെടുത്ത് പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇത്തരം ശ്രമങ്ങള്‍ക്ക് നിങ്ങ‌ള്‍ തരുന്ന പ്രോത്സാഹനങ്ങള്‍ക്ക് നന്ദി അറിയിക്കട്ടെ.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 39, ലക്കം 8, ഒക്ടോബ‌ര്‍ 2009)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ