ലേഖനങ്ങള്‍/ഓര്‍മ്മകള്‍

വ്യാഴാഴ്‌ച, ഡിസംബർ 08, 2011

ലഫ്റ്റ്നന്‍റ് കേണല്‍ മോഹന്‍ലാ‌ല്‍

മലയാളത്തിന്‍റെ മഹാനടന്‍ ലഫ്റ്റ്നന്‍റ് കേണല്‍ മോഹന്‍ലാ‌ല്‍ ആയിരിക്കുന്നു.

മോഹന്‍ലാലിനെപ്പോലെയുള്ള ഒരു സിനിമാ അഭിനേതാവിന് ലഫ്റ്റ്നന്‍റ് കേണ‌ല്‍ പദവി നല്‍കിയതി‌ല്‍ വിവിധങ്ങളായ അഭിപ്രായങ്ങ‌ള്‍ ഉയരുകയുണ്ടായി. ഇന്ത്യന്‍ സേനയുടെ അഭിമാനമാണ് ടെറിട്ടോറിയ‌ല്‍ ആര്‍മി. ലഫ്റ്റ്നന്‍റ് കേണ‌ല്‍ പദവിയി‌ല്‍ എത്തുന്ന ഒരു പട്ടാളക്കാരന്‍ അനുഭവിച്ചിട്ടുള്ള ത്യാഗവും സേവനപാരമ്പര്യവും ഒന്നും അവകാശപ്പെടാനില്ലാതെ, ശരാശരി കായികക്ഷമത പോലുമില്ലാത്ത വ്യക്തിക്ക് - അയാള്‍ സിനിമാ നടനായതുകൊണ്ട് മാത്രം - ഒരു സുപ്രഭാതത്തില്‍ ഇത്തരത്തിലൊരു പരമോന്നത സൈനീക പദവി നല്‍കുന്നതിലെ അനൗചിത്യം പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ നടപടി പട്ടാളത്തി‌ല്‍ സേവനമനുഷ്ഠിക്കുന്ന ഓഫീസര്‍മാരുടെ മനോവീര്യം കുറക്കും എന്നുവരെ സംശയിച്ചവരുണ്ട്. ഇക്കൂട്ടരുടെ ആശങ്കകള്‍ ഒരു പരിധി വരെ ന്യായമെന്ന് തോന്നാം. കണ്ണുമടച്ച് മോഹന്‍ലാലിന് ലഫ്റ്റ്നന്‍റ് കേണ‌ല്‍ പദവി നല്‍കിയ നടപടിയെ പുച്ഛിച്ച് തള്ളിയവരുമുണ്ട്. അവരാകട്ടെ ബാലിശമായ ചില വാദങ്ങളാണ് ഉയര്‍ത്തിയത്. ഒരു സൈനികന് വേണ്ട ശാരീരിക ക്ഷമതയില്ല, സൈനീക വേഷത്തില്‍ തിളങ്ങിയ നടന്മാ‌ര്‍ വേറെയുമണ്ട് തുടങ്ങി, കേള്‍വിയി‌ല്‍ തന്നെ നിസ്സാരത തോന്നുന്ന വാദങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്.

എന്തു തന്നെയായാലും ഒരു പ്രയത്നവുമില്ലാതെ ഏതൊരു താരത്തിനും നേടാവുന്ന ഒരു പദവിയല്ലിത്. ഇത്തരത്തില്‍ അവശ്യം വേണ്ടുന്ന നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി, ലാല്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയിന്‍മേലാണ് ടെറിട്ടോറിയ‌ല്‍ ആര്‍മിയിലെ കമ്മിഷന്‍ഡ് ഓഫീസ‌ര്‍ പദവി നല്‍കപ്പെട്ടത്. സൈന്യത്തെ ജനങ്ങളിലേക്ക് അടുപ്പിക്കുക എന്ന ഉദ്ദേശത്തോടെ, ഇന്ത്യന്‍ സേനയുടെ ബ്രാന്‍റ് അംബാസിഡറായി മോഹന്‍ലാ‌ല്‍ ഉയരുന്നതി‌ല്‍ ഓരോ മലയാളിയും, വിശിഷ്യാ ഓരോ കലാലാരനും അഭിമാനിക്കുകയാണ് വേണ്ടത്.

യുവാക്കളെ സൈനികസേവനത്തലേക്ക് ആകര്‍ഷിക്കുന്നതിന് ഈ നടപടി സഹായകമാകും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റ‌ന്‍ കപി‌ല്‍ ദേവിനാണ് ഈ പദവി ഇതിന് മുന്‍പ് നല്‍കിയിട്ടുള്ളത്. കണ്ണൂരിലെ ടെറിട്ടോറിയ‌ല്‍ ആര്‍മി യൂണിറ്റി‌ല്‍ നടക്കുന്ന പരിശീലനത്തി‌ല്‍ ലാ‌ല്‍ പങ്കെടുക്കും. രണ്ടു ഘട്ടത്തിലായി നടക്കുന്ന പരിശീലനവും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

വെള്ളിത്തിരയില്‍ നമ്മുടെ പ്രിയങ്കരനായ പദ്മശ്രീ ഭരത് മോഹന്‍ലാലിന് - ലഫ്റ്റ്നന്‍റ് കേണല്‍ മോഹന്‍ലാ‌ലിന് ഓരോ ദേശസ്നേഹിയുടെയും സല്യൂട്ട്.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 39, ലക്കം 7, ജൂ‌ലൈ 2009)

1 അഭിപ്രായം: