ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ചെറിപ്പഴത്തിന്റെ രുചി - അബ്ബാസ് കിരോസ്തമിയെക്കുറിച്ച്

അബ്ബാസ് കിരോസ്തമി എന്ന ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്റെ ജീവിത രേഖ,നേട്ടങ്ങള്‍, അദ്ദേഹം നേടിയിട്ടുള്ള പുരസ്ക്കാരങ്ങള്‍, അദ്ദേഹം പങ്കെടുത്തതും ജൂറിയായിരുന്നിട്ടുള്ളതുമായ ചലച്ചിത്ര മേളകള്‍ ഇവയെ സംബന്ധിച്ചെല്ലാം വിവിധ ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങളിലൂടെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നാം മനസ്സിലാക്കിയിട്ടുണ്ടാവും. അത്തരം കാര്യങ്ങളൊന്നും ഈ ലേഖനത്തില്‍ വീണ്ടും ഇവിടെ പരാമര്‍ശിക്കുന്നില്ല.

പേനയേയും ക്യാമറയെയും ഒരുപോലെ കരുതിയ ഒരു വ്യക്തിത്വമായിരുന്നു അബ്ബാസ് കിരോസ്തമിയുടേത്. അദ്ദഹം ഒരു കവിയായിരുന്നു, ഫോട്ടോഗ്രാഫറായിരുന്നു, ചിത്രകാരനായിരുന്നു, ഗ്രാഫിക് ഡിസൈനറായിരുന്നു, തിരക്കഥാകൃത്തായിരുന്നു, ഫിലിം എഡിറ്ററായിരുന്നു, നിര്‍മ്മാതാവായിരുന്നു... ഒരു ബഹുമുഖ പ്രതിഭയായിരുന്നു. അസാധാരണ പ്രതിഭയുള്ള ഒരു യഥാര്‍ത്ഥ കലാകാരന് മാധ്യമം ഒരിക്കലും ഒരു പ്രശ്നമല്ല. ആ ജനുസ്സില്‍ പെടുന്ന ഒരാളായിരുന്നു കിരോസ്തമി. താന്‍ ഇടപെട്ട മേഖലകളിലെല്ലാം തന്റേതായ കൈമുദ്ര പതിപ്പിച്ചാണ് കിരോസ്തമി മടങ്ങുന്നത്. മികച്ച സംവിധായകര്‍ എന്ന് ഒരു വിഭാഗം ഉണ്ടെങ്കില്‍ അവരെ രൂപപ്പെടുത്തുന്നത് കഷ്ടതകള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ തന്നെയാണ്. അത്തരമൊരു സംവിധായകനാണ് കിരോസ്തമിയുമെന്ന് നിസ്സംശയം പറയാം.

ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ അദ്ദേഹത്തന്റെ പ്രചോദനം തന്റെ സ്വന്തം നാടിന്റെ മണ്ണില്‍ നിന്ന് തന്നെയായിരുന്നു. ഇറാനിലെ വിവിധ പ്രദേശങ്ങള്‍, സ്ഥലങ്ങള്‍, സംസ്ക്കാരം, ജനത തുടങ്ങിയവയെല്ലാം പ്രമേയമായി സ്വീകരിക്കുമ്പോഴും ലോകത്തിന്റെ മറ്റേത് കോണില്‍ നിന്നുള്ള പ്രേക്ഷകനും അതിലെ കഥാപാത്രങ്ങളെയോ, സാഹചര്യങ്ങളേയോ അവരുടേതുമായി ചേര്‍ത്ത് വായിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ഒരു മാജിക് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഇറാനിയന്‍ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, അവര്‍ നേരിടുന്ന കടുത്ത ജീവിത യാഥാര്‍ത്യങ്ങള്‍ ഇവയൊക്കെയും ചേര്‍ന്ന് രൂപപ്പെടുത്തിയ വ്യക്തിത്ത്വമാണ് തീര്‍ച്ചയായും കിരോസ്തമിയുടേത്. അത് അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങളില്‍ കാണുവാനും കഴിയും. തലമുറകള്‍ തമ്മിലുള്ള അന്തരം സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ - അവ ഏത് രൂപത്തിലുള്ളതായാലും - ഇദ്ദേഹത്തിന്റെ ഇഷ്ട വിഷയമായിരുന്നു. 2002ല്‍ പുറത്തിറങ്ങിയ Ten1991 ലെ And Life Goes On തുടങ്ങിയ ചിത്രങ്ങളില്‍ നമുക്കിത് കാണാം. ഇറാനിയന്‍ സിനിമയില്‍ സെന്‍സറിങ് ശക്തമാക്കിയ കാലത്ത് പല ചലച്ചിത്ര പ്രവര്‍ത്തകരും രാജ്യം വിട്ടിരുന്നു. എന്നാല്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറായി ഇറാനില്‍ തന്നെ തുടരുകയായിരുന്നു കിരോസ്തമി. ഭൂമിയില്‍ വേരുറപ്പിച്ച മരത്തെപ്പോലെയാണ് താനെന്നാണ് ഇതിനെപ്പറ്റി കിരൊസ്താമി ഒരിക്കല്‍ പറഞ്ഞത്. മരം പറിച്ചു നട്ടാല്‍ അതില്‍ കായ്ഫലമുണ്ടാകില്ല. രാജ്യം വിട്ടാല്‍ ഞാനും അതേ അവസ്ഥയിലാകും എന്ന് അദ്ദേഹം പറഞ്ഞു.

ചിന്തകളില്‍ ആധുനീകത പുലര്‍ത്തിയിരുന്ന, ആധുനീക സങ്കേതങ്ങളെ ഇഷ്ടപ്പെട്ടിരുന്ന, അത്തരം ശീലങ്ങളെ ഒട്ടൊക്കെ പിന്‍തുടരുകയും ചെയ്തിരുന്ന അദ്ദേഹം, പഴമയുടെതായ മൂല്യങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. Where is My Friends HomeThe Wind Will Carry Us എന്നീ ചിത്രങ്ങള്‍ എടുത്ത് പറയേണ്ടവയാണ്. തികച്ചും ഗ്രാമ്യമായതും, ഉള്‍ക്കാമ്പുള്ളതുമായ ദൃശ്യങ്ങള്‍, വിശാലമായ ഫ്രെയിമുകള്‍, നീണ്ട ഷോട്ടുകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. കഥ നടക്കുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതിയെ കാണിക്കുന്ന വിശാലമായ ദൃശ്യങ്ങളും കിരോസ്തമി ചിത്രങ്ങളുടെ പ്രത്യേകതയാണ്. ജീവിതത്തെ അദ്ദേഹം വിലയിരുത്തുന്നത് അമൂര്‍ത്തമായ ഒരു സവിശേഷ ശൈലിയിലാണ് എന്ന് അദ്ദേഹത്തിന്റെ ചലച്ചിത്ര നിരൂപകരായ സുഹൃത്തുക്കള്‍ പറയുന്നുണ്ട്. എങ്കില്‍ പോലും റിയലിസ്റ്റിക്കായ, പ്രേക്ഷകരുമായി സംവേദിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്.

സത്യസന്ധമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുക, യഥാര്‍ത്യത്തോട് ഒട്ടി നില്‍ക്കുന്ന പ്രമേയം തെരഞ്ഞെടുക്കുക തുടങ്ങി ഒരു സംവിധായകന്‍ മാതൃകയാവേണ്ടുന്ന മേഖലകളിലെല്ലാം അദ്ദേഹം ആ നിഷ്ഠ കാത്തുസൂക്ഷിച്ചിരുന്നു. Close UpHome WorkABC Africa തുടങ്ങിയ ചിത്രങ്ങളില്‍ നമുക്കിത് കാണാം. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് വറുതിയിലായ ആഫ്രിക്കന്‍ ജീവിതങ്ങളെ കാണിക്കുന്ന ABC Africa എന്ന ചിത്രം യഥാതഥമായ പാത്രസ‍ഷ്ടി കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ്. സ്വന്തം രക്തത്തില്‍ പിറന്ന രണ്ട് കുഞ്ഞുങ്ങളെ കൂടാതെ യുദ്ധത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു കുട്ടിയെക്കൂടി ദത്തെടുത്ത് വളര്‍ത്തുന്ന, ലഭിക്കുന്ന ശമ്പളത്തിന്റെ മുപ്പത് ശതമാനം സര്‍ക്കാരിലേയ്ക്ക് തിരികെ നല്‍കുന്ന, അദ്ധ്യാപക ദമ്പതികള കുറിച്ച് പറയുന്ന ഈ ചിത്രം വൈകാരീകമായ ജ്ഞാനത്തിന്റെ അവിശ്വസനീയമായ ദൃശ്യങ്ങളാണ് പകര്‍ത്തി വച്ചിട്ടുള്ളത്.

ഒരു ഭൂകമ്പത്തിന് നേര്‍സാക്ഷ്യം വഹിക്കേണ്ടി വന്ന അനുഭവം കിരരോസ്തമിയുടെ കരിയറില്‍ വഴിത്തിരിവാകുന്നു. 1990ലെ അദ്ദേഹത്തിന്റെ അന്‍പതാം ജന്മദിനത്തില്‍ നടന്ന ഭൂകമ്പം മരണത്തെക്കുറിച്ചും ജിവിതത്തെകുറിച്ചും ഒക്കെയുള്ള അന്നുവരെയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു എന്നദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. Taste of Cherryഎന്ന കാനില്‍ പാം ഡി ഓര്‍ ലഭിച്ച, ചിത്രം കാണുമ്പോള്‍ നമുക്ക് ഇത് ബോധ്യമാകും. ആത്മഹത്യ ചെയ്യാനുറച്ച് ഇറങ്ങുന്ന കഥാപാത്രത്തിന്, താന്‍ സഹായം അഭ്യര്‍ത്ഥിച്ച് ചെല്ലുന്ന മറ്റ് കഥാപാത്രങ്ങളിലൂടെ ലഭിക്കുന്ന സന്ദേശങ്ങള്‍ ഒരു പക്ഷേ കിരോസ്തമിയുടെ സ്വന്തം നിരീക്ഷണങ്ങളായിരിക്കണം. നിശബ്ദത കൊണ്ട് സംഗീതം സൃഷ്ടിക്കുന്നുവെന്ന് പറയുമ്പോലെ, ഇരുട്ട് കൊണ്ട് അല്ലെങ്കില്‍ അരണ്ട വെളിച്ചം കൊണ്ട് തിരയില്‍ ദൃശ്യകാവ്യം രചിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു കിരോസ്തമി. 

അമേരിക്കന്‍ സിനിമകളെ അദ്ദേഹം വിശേഷിപ്പിക്കുന്നത് Garbage of Visuals അല്ലെങ്കില്‍Waste of Visuals എന്നാണ്. ഒരു ശരാശരി ഹോളിവുഡ് ചിത്രം നിങ്ങള്‍ കാണുന്നതിലൂടെ, ദൃശ്യപരമായ - സിനിമാ സംബന്ധിയായ - ഒരു ഉള്‍ക്കാഴ്ച നിങ്ങളിലുണ്ടെങ്കില്‍ അത് നഷ്ടപ്പെടുമെന്നാണ് കിരോസ്തമിയിയുടെ പക്ഷം.

സ്റ്റില്‍ ഫോട്ടോഗ്രാഫിയെ അദ്ദേഹം സിനിമയേക്കാള്‍ ഇഷ്ടപ്പെട്ടിരുന്നു. കുറേക്കൂടി സത്യസന്ധമായതും, ശുദ്ധമായതും സ്റ്റില്‍ ഫോട്ടോഗ്രാഫിയാണ് എന്നദ്ദേഹം വിശ്വസിച്ചു. സിനിമയ്ക്കാകുമ്പോള്‍ കഥ പറയുക എന്ന് പൊതുവെ വിശ്വസിച്ചു പോരുന്ന ഒരു ധര്‍മ്മം നിറവേറ്റേണ്ടതുണ്ട്. അതിനായി കുറേ കള്ളത്തരങ്ങള്‍ കാണിക്കേണ്ടി വരും. നിശ്ചലചിത്രങ്ങള്‍ പക്ഷേ ആ ചിത്രം പകര്‍ത്തുന്ന നിമിഷത്തിന്റെ പൂര്‍ണ്ണമായും സത്യസന്ധമായ കാഴ്ചയായിരിക്കും കാഴ്ചക്കാരന് നല്‍കുക. അതുപോലെ തന്നെ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു കവിതാരചനയും. അതുകൊണ്ട് തന്നെയാണ് ഈ ലേഖനത്തിന്റെ ആരംഭത്തില്‍ പേനയേയും ക്യാമറയേയും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു അബ്ബാസ് കിരോസ്തമിയുടെത് എന്ന് പരാമര്‍ശിച്ചത്.
       
ഞാന്‍ വില്‍ക്കുന്നു
        ഒരിക്കലും വാങ്ങാന്‍ കഴിയാത്തവ;
        ഞാന്‍ വാങ്ങുന്നു
        ഒരിക്കലും വില്‍ക്കാന്‍ കഴിയാത്തവ
(പതിയിരിക്കുന്ന ചെന്നായ എന്ന കവിതയില്‍ നിന്ന്)

കരിയറിന്റെ ആദ്യകാലത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയായിരുന്ന കരോസ്തമി പിന്നീട് ആ ജോലി ഉപേക്ഷിക്കുന്നതിന് കാരണം ചിത്രങ്ങള്‍ എങ്ങിനെയായിരിക്കണമെന്ന് അവര്‍ നിര്‍ദ്ദേശങ്ങള്‍ വയ്ക്കാന്‍ തുടങ്ങുന്നതോടെയാണ് എന്നറിയുമ്പോള്‍ യഥാര്‍ത്ഥ പ്രതിഭയുടെ-ജീനിയസ്സിന്റെ മിന്നലാട്ടമായി നമുക്ക് അതിനെ അറിയാന്‍ കഴിയും. ചലച്ചിത്രാസ്വാദനത്തെ സംബന്ധിച്ചും കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്ന ഇദ്ദേഹം, ഓരോ പ്രേക്ഷകനും താന്‍ കാണുന്ന ചലച്ചിത്രത്തെ സ്വയം പുനഃസൃഷ്ടിക്കാന്‍ കഴിയണമെന്നും അഥവാ അതിന് പര്യാപ്തമായിരിക്കണം സിനിമകള്‍ എന്നും വിശ്വസിച്ചു. ഓരോ പ്രേക്ഷകനും, അവര്‍ക്ക് പരിചിതമായതും ബന്ധമുള്ളതുമായ ചുറ്റുപാടുകളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന വിധം നിലവാരമുള്ളവയായിരിക്കണം സിനിമകള്‍. അലസമായി തിയറ്ററിലിരുന്ന് കാണേണ്ടവയല്ല യഥാര്‍ത്ഥ സിനിമ. താന്‍ പറയാതെ വിട്ട കാര്യങ്ങള്‍, പ്രേക്ഷകന്‍ സ്വയം തേടിപ്പിടിച്ച് അവയെ ബന്ധിപ്പിക്കണം. അങ്ങിനെ ആസ്വാദനത്തിന്റെ പുതിയ മേഖലകള്‍ കൈയ്യെത്തി പിടിക്കുവാന്‍ പ്രേക്ഷകനാവണം. അപ്പോഴാണ് സിനിമ പൂര്‍ത്തിയാവുക. അതായിരുന്നു കിരോസ്തമിയുടെ നിലപാട്. സ്വന്തം കാഴ്ചയിലും സംഭാഷണത്തിലും സിനിമയിലും ഇതുപോലെ ഏകീഭാവം പുലര്‍ത്തിയ വ്യക്തിത്വങ്ങള്‍ കലാലോകത്ത് തന്നെ അപൂര്‍വ്വമാണ്. അദ്ദേഹത്തിന്റെ വാക്കുകളിലെ സത്യസന്ധത അദ്ദേഹത്തിന്റെ സിനിമകളിലും നമുക്ക് കാണാം. 

(വോയ്സ് ഓഫ് മേള, ആഗസ്ത് 2016)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ