ലേഖനങ്ങള്‍/ഓര്‍മ്മകള്‍

കേരളത്തിന്റെ പ്രിയ പോള്‍ കോക്സ്

1940 ഏപ്രില്‍ 16ല്‍ നെതര്‍ലാന്‍ഡ്‌സില്‍ ഒരു ഫോട്ടോഗ്രാഫറുടെ മകനായാണ് പോള്‍ കോക്‌സ് ജനിക്കുന്നത്. ഹോളണ്ടില്‍ ജനിച്ച്, അസ്ത്രേലിയയിലെ മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ പോള്‍ കോക്‌സ് കേരളത്തിന് അപരിചിതനായിരുന്നില്ല. ഓസ്‌ട്രേലിയയിലെ ആര്‍ട്ഹൗസ് സിനിമകളുടെ പിതാവ് എന്നറിയപ്പെടുന്ന ഈ വിഖ്യാത ചലച്ചിത്രകാരന്‍ 18 ഫീച്ചര്‍ ഫിലിമുകളും 7 ഡോക്യുമെന്ററികളും 11 ഷോര്‍ട്ട് ഫിലിമുകളും 3കുട്ടികള്‍ക്കായുള്ള ചിത്രങ്ങളും സംവിധാനം ചെയ്തു. ഒരു ഫോട്ടോഗ്രാഫര്‍, ചെറുകഥാകൃത്ത് എന്നീ നിലകളിലും പോള്‍ കോക്സ് പ്രശസ്തനാണ്. കേരളം ഇദ്ദേഹത്തെ കൂടുതലറിഞ്ഞത് ചലച്ചിത്രമേളകളിലൂടെയാണ്. 17-മത് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലെ മല്‍സരവിഭാഗം ജൂറി ചെയര്‍മാനായിരുന്നു പോള്‍ കോക്സ്.

1960കളുടെ മധ്യത്തില്‍ ആസ്ത്രേലിയയിലേയ്ക്ക് കുടിയേറിയ കോക്സ്, ഫോട്ടോഗ്രാഫി അദ്ധ്യാപകനായി മെല്‍ബണില്‍ ജോലിയാരംഭിച്ചു. ഒരു കുടിയേറ്റക്കാരന്റെ ജീവിതത്തില്‍ അനുഭവപ്പെടുന്ന ഏകാന്തത അദ്ദേഹത്തെ അലട്ടിയെങ്കിലും ഫോട്ടോഗ്രാഫിയിലെ അദ്ദേഹത്തിന്റെ ജന്മസിദ്ധമായ മികവ് കോക്സിനെ വളരെ വേഗം തന്നെ പ്രശസ്തനാക്കി. ഒരു ഹോബിയെന്ന നിലയില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും തയ്യാറാക്കിയ ഇദ്ദേഹം 1970കളില്‍ കുറഞ്ഞ ചിലവില്‍ ഫീച്ചര്‍ ഫിലിമുകള്‍ സംവിധാനം ചെയ്യാനാരംഭിച്ചു. വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കോക്‌സിന്റെ സിനിമകള്‍. നിരൂപകപ്രശംസകളും അവാര്‍ഡുകളും വാരിക്കൂട്ടി കോക്സ് മടങ്ങും. മികച്ച ചിത്രത്തിനുള്ള ആസ്ത്രേലിയന്‍ ഫിലിം ഇന്‍ഡസ്ട്രി അവാര്‍ഡ് (1982), മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ഹൂസ്റ്റണ്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് (1985), മികച്ച സംവിധായകനുള്ള റിയോ ഡി ജനേറിയോ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് (1984), മികച്ചസംവിധായകനുള്ള ആസ്ത്രേലിയന്‍ ഫിലിം ഇന്‍ഡസ്ട്രി അവാര്‍ഡ് (1984) എന്നീ പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഇദ്ദേഹത്തിന്റെ മാന്‍ ഓഫ് ഫ്ലവേഴ്സ് എന്ന ചിത്രം 1984 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും വല്ലലോയ്ഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചത്രത്തിനുള്ള പുരസ്ക്കാരം നേടുകയും ചെയ്തു. 1991 വാഴ്സാ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രം സ്വന്തമാക്കി. ഇത് കൂടാതെ, ഇസ്താംബുള്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഇന്റര്‍നാഷണല്‍ ഫ്ലാന്റേഴ്സ് ഫിലിം ഫെസ്റ്റിവല്‍, ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, മോണ്‍ട്രിയോള്‍ ലോക ചലച്ചിത്രോത്സവം, താവോര്‍മിന അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പോള്‍ കോക്സ് സിനിമകള്‍ പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടി.

പോള്‍ കോക്സിന്റെ ചിത്രങ്ങള്‍ സാധാരണക്കാരുടെ കഥ പറയുന്നവയായിരുന്നു. ലളിതവും സാധാരണവുമായിരുന്നു അദ്ദേഹത്തിന്റെ ആഖ്യാന ഭാഷ. അവരുടെ നിത്യ ജീവിതവും സംഭവങ്ങളും മാനുഷീകമായ ദൗര്‍ബല്യങ്ങളും എല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കാണാം. സ്നേഹത്തിന്റെയും പ്രത്യാശയുടെയും വിശ്വാസത്തിന്റയും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും വ്യത്യസ്ത അനുഭവങ്ങള്‍ വളരെകുറച്ച് കഥാപാത്രങ്ങളെ വച്ച് ചെയ്യുന്ന ചിത്രങ്ങളിലൂടെ അദ്ദേഹം പറഞ്ഞു. അതുകൊണ്ടാവാം ഒരുപക്ഷേ പോള്‍ കോക്സ് എന്ന സംവിധായകന്‍ മലയാളിക്ക് പ്രിയങ്കരനാവുന്നത്. സംഗീതത്തെ തന്റെ ചിത്രങ്ങളില്‍ സമര്‍ത്ഥമായി സന്നിവേശിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം, കൗമാരകാലത്തിലെ പ്രണയത്തിലേക്ക്, എഴുപതുകളിലെത്തിയ പ്രണയികള്‍ തിരിഞ്ഞുനടക്കുന്ന പ്രമേയമം അവതരിപ്പിച്ച ഇന്നസെന്‍സ് എന്ന ചിത്രത്തിന്റെ പകര്‍പ്പാണ് പ്രണയമെന്ന ബ്ലസിയുടെ മോഹന്‍ലാല്‍ ചിത്രം എന്ന വിവാദത്തിന്റെ പേരിലായിരിക്കും സാധാരണ മലയാളിപ്രേക്ഷകര്‍ പക്ഷെ അദ്ദേഹത്തെ ഓര്‍ക്കുന്നത്.

കേരളവുമായി ആത്മബന്ധം സ്ഥാപിച്ച കോക്സ്, കേരളത്തില്‍ ഒരു സിനിമ ചിത്രീകരിക്കുക കൂടി ചെയ്തു. ഫോഴ്‌സ് ഓഫ് ഡെസ്റ്റിനി തിരുവനന്തപുരത്ത് ചിത്രീകരിച്ച അദ്ദേഹം മലയാളിയായ ദിനേശ് പണിക്കരെ അതില്‍ അഭിനയിപ്പിക്കുകയും പട്ടണം റഷീദ് ഉള്‍പ്പടെയുള്ള മലയാളികളായ സിനിമാ പ്രവര്‍ത്തകരെ ഒപ്പം കൂട്ടുകയും ചെയ്തു. ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായി ബേബി മാത്യു സോമതീരവും ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയിലും തിരുവനന്തപുരത്തുമായി ചിത്രീകരിച്ച സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം ഫോഴ്‌സ് ഓഫ് ഡെസ്റ്റിനി സ്വന്തം ജീവിതകഥ തന്നെയെന്ന് കോക്‌സ് പറഞ്ഞു. ഇന്ത്യയിലേക്കുള്ള കോക്‌സിന്റെ ആദ്യവരവ് ബംഗാളിനെ കുറിച്ച് തയ്യാറാക്കുന്ന ഒരു ഡോക്യുമെന്ററി ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു. ഡോക്യുമെന്ററി ചിത്രീകരണത്തിനായി കൊല്‍ക്കത്തയില്‍ എത്തിയ അദ്ദേഹം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ഇന്ത്യന്‍ സിനിമയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയത് അരവിന്ദനെ പോലുള്ള സിനിമാ പ്രവര്‍ത്തകരാണെന്ന് വിശ്വസിക്കൂന്ന പോള്‍ കോക്സ് ഇന്ത്യന്‍ സംസ്‌കാരത്തെ ബഹുമാനിച്ചിരുന്നഇന്ത്യയെ കുറിച്ചുള്ള ഓര്‍മകളെ ഗൃഹാതുരതയോടെ മനസ്സില്‍ സൂക്ഷിച്ച ഒരു ചലച്ചിത്രകാരനായിരുന്നു.

(വോയ്സ് ഓഫ് മേള, ആഗസ്ത് 2016)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ