ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 17, 2011

അമ്പരപ്പിക്കുന്ന അഴിമതി - 2 ജി സ്പെക്ട്രം

2-ജി സ്പെക്ട്രം കുംഭകോണം എന്തുകൊണ്ടും ഇതര അഴിമതികളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. 2-ജി സ്പെക്ട്രം എന്ന വാക്കിന്‍റെ സാങ്കേതികവശമാണ് ഒരു പരിധിവരെ ഈ അഴിമതിയെ പൊതുസമൂഹത്തി‌ല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് കാലതാമസം വരുത്തിയത്. ഇതിന് പുറമെ, മാധ്യമലോകത്തെ ചിലരും ഇതി‌ല്‍ പങ്കാളികളായത് അത്ഭുതം ജനിപ്പിച്ചു. പയനിയര്‍ പത്രത്തിന്‍റെ ഗോപികൃഷ്ണ‌ന്‍ ഈ വാര്‍ത്ത പുറത്തുകൊണ്ടുവരുന്നതി‌ല്‍ കാണിച്ച സാമര്‍ത്ഥ്യം എടുത്തു പറയേണ്ടത് തന്നെ. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ആരോപണവിധേയനായ എ. രാജയുടെ മന്ത്രാലയത്തിലെ തന്നെ ഒരു ഉദ്യോഗസ്ഥ‌ന്‍ നല്‍കിയ വിവരങ്ങ‌ള്‍ ഈ കുംഭകോണം പുറത്തുവരുന്നതിന് സഹായിച്ചിട്ടുണ്ട്. ഇത്തരം അഴിമതിക്കാരല്ലാത്ത ഒരുപറ്റം ഉദ്യോഗസ്ഥ‌ര്‍ ഇന്നും നമ്മുടെ ഭരണതലങ്ങളി‌ല്‍ ഉള്ളതുകൊണ്ടാണ് ഇന്ത്യാരാജ്യം നിലനില്‍ക്കുന്നത് എന്ന തരത്തി‌ല്‍ കാര്യങ്ങള്‍ ഗുരുതരമാണെന്ന് ഗോപികൃഷ്ണ‌ന്‍ കണ്ടെത്തുന്നു.

ഒരു ടെലികോം കമ്പനിക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ആകാശ തരംഗങ്ങ‌ള്‍ - റേഡിയോ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങ‌ള്‍ - അനുവദിക്കുന്നതിന് ആവശ്യമായ തുക സര്‍ക്കാരിലേക്ക് കമ്പനിക‌ള്‍ നല്‍കേണ്ടതുണ്ട്. താഴെ തലങ്ങളിലെ 50 രൂപയുടെ അഴിമതിക്കഥകള്‍ വരെ ആഘോഷിക്കുന്ന ചാനലുകളും മാധ്യമങ്ങളും 1,76,000 കോടി രൂപയുടെ ഈ ഭീമന്‍ തട്ടിപ്പിനെ കണ്ടതായി നടിച്ചില്ല. ഇടതുപക്ഷ പാര്‍ട്ടികളും മറ്റുചില രാഷ്ട്രീയ കക്ഷികളും ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും ഉന്നത‌ര്‍ ഈ കുംഭകോണത്തിന്‍റെ പങ്കുപറ്റിയെന്ന് വേണം റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാക്കാന്‍.

ലേലം നടത്താതെ, ആദ്യം വരുന്നവര്‍ക്കാദ്യം എന്ന കണക്കി‌ല്‍ പഴയ നിരക്കി‌ല്‍ തന്നെ ടെലികോം ലൈസന്‍സും സ്പെക്ട്രവും നല്‍കാനുള്ള നീക്കം മന്‍മോഹ‌ന്‍ സിംഗ് കത്തിലൂടെ തടഞ്ഞു. രേഖകളില്‍ കൃത്രിമം കാണിച്ചും ഫയലുക‌ള്‍ പൂഴ്തിയും ഇത്തരം പ്രതിസന്ധികളെ കോടികളുടെ ബലത്തില്‍ അഴിമതി വീരന്മാ‌ര്‍ മറികടന്നു. ഇക്കൂട്ടത്തില്‍പ്പെട്ട ചില സര്‍ക്കാ‌ര്‍ രേഖക‌ള്‍, സി. ബി. ഐ. കണ്ടെടുത്തത് അഴിമതിയാരോപിക്കപ്പെട്ട കടലാസ് കമ്പനികളുടെ മേശവലിപ്പി‌ല്‍ നിന്നാണ് എന്നത് സത്യമാണെങ്കില്‍ ലജ്ജിപ്പിക്കുന്ന വിവരമാണത്.

കോടിക്കണക്കിന് രൂപാ മൂലധനം വേണ്ടുന്ന ടെലികോം കമ്പനികള്‍ക്ക് പകരം, ഒരു ലക്ഷം രൂപാ വരെ മൂലധനം കാണിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിഴല്‍ കമ്പനികള്‍ക്ക് തുച്ഛമായ തുകക്ക് ലൈസന്‍സ് നല്‍കിയതിലൂടെ രാജ്യത്തിന്‍റെ പൊതുഖജനാവിലേക്ക് എത്തേണ്ട കോടിക്കണക്കിന് തുക ആര്‍ക്കെല്ലാമോ ആയി പങ്കുവക്കപ്പെട്ടുവെന്നതാണ് വസ്തുത. ഈ കമ്പനികള്‍ യഥാര്‍ത്ഥ ടെലികോം കമ്പനികള്‍ക്ക് നിസ്സാര ലാഭത്തില്‍ ലൈസന്‍സ് മറിച്ച് വിറ്റ് ആരെയാണ് നന്നാക്കിയത്? 2001 ല്‍ ബി. ജെ. പി. അധികാരത്തില്‍ വരുന്ന സമയം മുതലാണ് ടെലികോം മേഖല പണം കായ്ക്കുന്ന മരമായി വളരുന്നത്. 2-ജി സ്പെക്ട്രം അഴിമതിയോടെ അത് വന്‍വൃക്ഷമായി തീര്‍ന്നിരിക്കുന്നു. വന്‍ വ്യവസായ കുത്തകകള്‍ക്ക് വേണ്ടി മാധ്യമലോകത്തെയും രാഷ്ട്രീയക്കാരെയും വിലയ്ക്കെടുക്കാ‌ന്‍ ലോബിയിംഗ് നടത്തിയത്, വൈകിയാണെങ്കിലും പുറത്തുവന്നത് അല്‍പം പ്രതീക്ഷക്ക് വക നല്‍കുന്നു.

സി. എ. ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന തട്ടിപ്പ് തുക ഒരര്‍ത്ഥത്തി‌ല്‍ തീരെ കുറവാകാനാണ് സാധ്യത. 3-ജി ലേലത്തുകയുമായി താരതമ്യം ചെയ്താണ് നഷ്ടത്തിന്‍റെ ഏകദേശ കണക്ക് സി. എ. ജി. കണ്ടെത്തിയിരിക്കുന്നത്. പക്ഷേ, 3-ജി സേവനം ഒരു മൂല്യ-വര്‍ദ്ധിത സേവനം മാത്രമാണ്. ഉപഭോക്താക്കളില്‍ 5 മുതല്‍ 10 ശതമാനം വരെയാളുകള്‍ മാത്രമാണ് ഈ സേവനങ്ങ‌ള്‍ ഉപയോഗിക്കുന്നത്. ഇവിടെയാണ് 2-ജി സ്പെക്ട്രം ലൈസന്‍സിന്‍റെ വില മനസ്സിലാക്കേണ്ടത്. 2-ജി ലൈസന്‍സ് ഇല്ലാതെ ടെലികോം സേവനദാതാവാകാ‌ന്‍ കഴിയില്ല. അതായത് 2-ജി ലൈസന്‍സാണ് അടിസ്ഥാന ലൈസന്‍സ്. ആ നിലക്ക് അതിന്‍റെ മൂല്യം സ്വാഭാവികമായും ഉയര്‍ന്നതുമാണ്. സി. എ. ജി. കണക്കാക്കിയതിലും പതിന്മടങ്ങാവാം യഥാര്‍ത്ഥ നഷ്ടം എന്ന് കരുതാ‌ന്‍ കാരണവും അതുതന്നെ.

എന്തൊക്കെയായാലും ഇന്ത്യ കണ്ട ഈ മഹാകുംഭകോണത്തില്‍ രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, കോര്‍പ്പറേറ്റുക‌ള്‍ എന്നിവരോടൊപ്പം മാധ്യമലോകത്തെയും ജുഡീഷ്യറിയിലെയും ചിലരും പങ്കാളികളായി എന്നത് സാധാരണ ഇന്ത്യാക്കാരന്‍റെയും പ്രതീക്ഷകള്‍ക്കും അപ്പുറത്തായി പോയി. അഴിമതിയിലൂടെയും വഴിവിട്ടും നേടിയ ഈ കോടികള്‍ ഇന്ത്യാരാജ്യത്ത് ഏത് രൂപത്തിലാവും അവതരിക്കുക എന്ന് ആര്‍ക്കാണ് പ്രവചിക്കാനാവുക.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 1, ജനുവരി 2011)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ