ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 03, 2011

ഞങ്ങളും ന്യൂനപക്ഷമാണ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ കലാ-സാംസ്ക്കാരിക-സാഹിത്യ രംഗത്ത് സജീവമായിരുന്ന ഫൈന്‍ ആര്‍ട്സ് സൊസൈറ്റികളുടെ ഇന്നത്തെ അവസ്ഥ എന്താണ്? പ്രാദേശിക തലത്തി‌ല്‍ ഉണ്ടായ കലാ-സാംസ്ക്കാരിക കൂട്ടായ്മകളുടെ തുടര്‍ച്ചയായി ഫൈന്‍ ആര്‍ട്സ് സൊസൈറ്റിക‌ള്‍ രൂപം കൊണ്ടു. കലകളെയും കലാകാരന്മാരെയും സാഹിത്യകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി പൊതുസമൂഹത്തിന് തനത് സംസ്ക്കാരത്തിലതിഷ്ഠിതമായ മൂല്യബോധം വളര്‍ത്തുന്നതിനും ഇവര്‍ക്ക് കഴിഞ്ഞിരുന്നു.

വിനോദവും വിജ്ഞാനവും റേഡിയോ എന്ന മാധ്യമത്തിലൂടെ പ്രചരിച്ചിരുന്ന കാലത്ത്, അരങ്ങത്ത് കലാകാരന്മാരെ എത്തിക്കുന്നതിലും, തങ്ങള്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരുമായി സംവദിക്കുന്നതിനും, കലാരൂപങ്ങള്‍ക്ക് വേദിയൊരുക്കുന്നതിലും ഫൈ‌ന്‍‍ ആര്‍ട്സ് സൊസൈറ്റികള്‍ വിജയിച്ചു. അങ്ങിനെ ഒരു തലമുറയുടെ പ്രിയങ്കരരായിരുന്ന നാടക നടന്മാര്‍, എഴുത്തുകാര്‍, സാംസ്ക്കാരിക പ്രവര്‍ത്തക‌ര്‍ തുടങ്ങിയവരെ പൊതുസമൂഹവുമായി ഇണക്കുന്ന ഉറപ്പാര്‍ന്ന കണ്ണികളായിത്തീര്‍ന്നു ഈ സംഘടനക‌ള്‍. അതിന് തക്ക ആനുകൂല്യങ്ങളും ഇളവുകളും സര്‍ക്കാരുകളും നല്‍കിയിരുന്നു. മേളയടക്കം, നിരവധി സംഘടനകള്‍ക്ക് അങ്ങനെ ലഭിച്ചിട്ടുള്ള ഗ്രാന്‍റുകളും മറ്റ് ഇളവുകളും അതാത് കാലങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ഉണര്‍വ്വേകിയിട്ടുണ്ട്.

മാധ്യമങ്ങളുള്‍പ്പടെയുള്ളവയുടെ സമീപനത്തില്‍ വന്ന വ്യത്യാനങ്ങ‌ള്‍ സമൂഹത്തെ മാറ്റിമറിയ്ക്കുകയും, ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ആഗോളീകരണം വരുത്തിയ മാറ്റങ്ങള്‍ ജീവിതചര്യയെ തന്നെ ഉഴുതുമറിക്കുന്നതുമായ കാഴ്ചയ്ക്ക് ഇന്ന് നാം നേര്‍സാക്ഷികളാണ്. ഈ ഉഴുതുമറിച്ചിലില്‍ പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുള്ള വിരലിലെണ്ണാവുന്ന ഫൈന്‍ ആര്‍ട്സ് സൊസൈറ്റിക‌ളൊഴികെ, മറ്റുള്ളവ ഇല്ലാതാവുകയും, ഉള്ളവ തന്നെ നിലനിര്‍ത്തുന്നത് ക്ലേശകരവുമായ സാഹചര്യത്തിലുമെത്തിയിരിക്കുന്നു. ജനകീയ കൂട്ടായ്മകള്‍ അടിത്തറ പാകിയതും, കറയറ്റ പ്രവര്‍ത്തന ശൈലികൊണ്ട് സൃഷ്ടിപരവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതുമായ ഇത്തരം സംഘടനകള്‍ ഇന്ന് കോര്‍പ്പറേറ്റ് മാനേജ്മെന്‍റ് ശൈലിയില്‍ പ്രവര്‍ത്തിച്ചാല്‍ അല്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നു.

ഇവിടെ നടക്കുന്ന പരിപാടികള്‍ക്ക് കാഴ്ചക്കാരെ കിട്ടുന്നതിന് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയേണ്ട ഗതികേടിലാണീ സംഘടനകള്‍. വീട്ടുമുറ്റത്ത് കിട്ടുന്ന തങ്കക്കടലാസില്‍ പൊതിഞ്ഞ വിലകുറഞ്ഞ ഉത്പന്നത്തി‌ല്‍ തൃപ്തരാകുന്നവ‌ര്‍ കൈയ്യെത്തും ദൂരത്ത് കിട്ടുന്ന ഉത്കൃഷ്ടമായ ഒന്നിനെ അറിയാനോ അനുഭവിക്കാനോ വിമുഖത കാണിയ്ക്കുന്നു.

ഇതിനെല്ലാം പുറമേ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ഇരുട്ടടി കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു. ഫൈന്‍ ആര്‍ട്സ് സൊസൈറ്റിക‌ള്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് സൗജന്യമായും തുച്ഛമായ ഫീസ് ഈടാക്കിയും പരിപാടികള്‍‍ കാണിക്കുന്നതിനായി, അവര്‍ പലവിധത്തില്‍ ധനം സമാഹരിച്ച്, നിര്‍മ്മിച്ച്, വാടകയ്ക്ക് നല്‍കിവരുന്ന ആഡിറ്റോറിയങ്ങളുടെ മേല്‍ കനത്ത നികുതിഭാരം അടിച്ചേല്‍പ്പിച്ച്, വിരലിലെണ്ണാവുന്ന അവശേഷിക്കുന്നവയെക്കൂടി കെട്ടുകെട്ടിച്ച്, ഒരുകൂട്ടം സാധാരണക്കാരായ സഹൃദയര്‍ നട്ടുനനച്ച് വളര്‍ത്തിയ ഒരു സാംസ്ക്കാരിക പൈതൃകത്തെ ഏതോ അദൃശ്യ ശക്തിക്ക് കീഴില്‍ അടിയറ വെയ്ക്കുന്ന കാഴ്ചയ്ക്ക് കൂടി സാക്ഷിയാവേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇന്ന് പ്രവര്‍ത്തകര്‍.

കോടികള്‍ മുടക്കിലാഭം കൊയ്യുന്ന കണ്‍വെന്‍ഷന്‍ സെന്‍ററുകളെയും എ.സി. കല്യാണമണ്ഡപങ്ങളെയും കാണുന്ന അതേ കണ്ണുകൊണ്ട് പ്രാദേശിക ജനസമൂഹത്തിന്‍റെ ആത്മാവിഷ്ക്കാരമായ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ആഡിറ്റോറിയങ്ങളെയും സര്‍ക്കാര്‍ കാണുന്നത് എന്തുകൊണ്ടാണ്? വിരലിലെണ്ണാവുന്നവ ആയതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയതാണെങ്കി‌ല്‍ സമാധാനം. ഞങ്ങളും ന്യൂനപക്ഷമാണ്!

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 38, ലക്കം 5, ജൂണ്‍ 2008)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ