ലേഖനങ്ങള്‍/ഓര്‍മ്മകള്‍

സംഗീതകുലപതി ഡോ. എം. ബാലമുരളികൃഷ്ണ

സര്‍വ്വശ്രീമഹതിലവംഗിസിദ്ധിസുമുഖംഹംസവിനോദിനി, ഓംകാരി തുടങ്ങിയ രാഗങ്ങള്‍ കര്‍ണ്ണാടക സംഗീതത്തിന് സമ്മാനിച്ച സംഗീതജ്ഞന്‍ എം ബാലമുരളീകൃഷ്ണ ഓര്‍മ്മയായി. ചെന്നൈ രാധാകൃഷ്ണ ശാലയിലെ വസതിയില്‍ ഉറക്കത്തിനിടെയാണ് അദ്ദേഹം അന്തരിച്ചത്. 86 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ആന്ധ്രപ്രദേശിലെ ശങ്കരഗുപ്തം ഗ്രാമത്തില്‍ 1930 ജൂലൈ ആറിനാണ് മംഗലംപള്ളി മുരളീകൃഷ്ണയുടെ ജനനം. സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ സംഗീതജ്ഞനായ അച്ഛന്‍ പട്ടാഭിരാമയ്യയില്‍ നിന്നും പഠിച്ചശേഷം ത്യാഗരാജസ്വാമികളുടെ പിന്‍ഗാമിയായ പാരുപ്പള്ളി രാമകൃഷ്ണയ്യ പന്തുലുവിന്റെ ശിഷ്യനായി. അദ്ദേഹത്തിന്റെ അമ്മ സുര്യകാന്തമ്മ വീണ വിദഗ്ധയായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പേര് മുരളികൃഷ്ണ എന്നായിരുന്നു. ഏട്ടാമത്തെ വയസില്‍ വിജയവാഡയിലെ വലിയൊരു സദസിനു മുന്നില്‍ നടത്തിയ ആദ്യത്തെ കച്ചേരിക്ക്‌ ശേഷമാണ് ബാല എന്ന വിശേഷണം കിട്ടിയത്. ഹരികഥ വിദഗ്ധന്‍ മനുസുരി സത്യനാരായണയാണ് അദ്ദേഹത്തിന് ഈ പേര് നല്‍കിയത്പിന്നീട് അദ്ദേഹം ബാലമുരളികൃഷ്ണ എന്ന് അറിയപെട്ടു തുടങ്ങി. ചെറുപ്പത്തില്‍തന്നെ അഞ്ചോളം സംഗീതോപകരണങ്ങളും കൈകാര്യം ചെയ്യുന്നതില്‍ കഴിവ് തെളിയിച്ചു. 14 വയസ്സില്‍ 72മേളകര്‍ത്താരാഗങ്ങളിലും പ്രാവീണ്യംനേടിയ ഈ സംഗീത ഇതിഹാസം തന്റെ 15 വയസ്സില്‍ ആദ്യകൃതിയും രചിച്ചു. 21 വയസ്സില്‍ ജനകരാഗമഞ്ജരി എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ജുഗല്‍ ബന്ദി രീതിയില്‍ മറ്റു സംഗീതജ്ഞരുമായി സഹകരിച്ച് സംഗീത സദസ്സുകള്‍ക്ക് തുടക്കം കുറിച്ചത്. പണ്ഡിറ്റ് ഭീംസെന്‍ ജോഷിപണ്ഡിറ്റ് ഹരിപ്രസാദ്കിഷോരി അമോങ്കാര്‍ തുടങ്ങിയവരുമായി സഹകരിച്ച് അദ്ദേഹം നടത്തിയ ജുഗല്‍ ബന്ദികള്‍ ഏറെ ശ്രദ്ധേയമായിരുന്നു. രാജ്യം അദ്ദേഹത്തെ പത്മശ്രീപത്മഭൂഷന്‍, പത്മവിഭൂഷന്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കാളിദാസ സമ്മാന്‍, സംഗീത കലാനിധി പുരസ്കാരം,ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയാര്‍ പുരസ്കാരം എന്നിവയും ലഭിച്ചു. 2012ല്‍ കേരളം സ്വാതിസംഗീത പുരസ്കാരം നല്‍കി ആദരിച്ചു.

തെലുഗുസംസ്കൃതംകന്നടതമിഴ് ഭാഷകളിലായി 400 ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയ ബാലമുരളികൃഷ്ണയുടെ ഭക്തപ്രഹ്ളാദ സിനിമയിലെ നാരദവേഷം ശ്രദ്ധേയമായിരുന്നു. വിവിധ സര്‍വകലാശാലകളില്‍നിന്നായി നാലോളം ഡിലിറ്റ്ഒമ്പതു സര്‍വകലാശാലകളുടെ ഡോക്ടറേറ്റ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി. 1957ല്‍ തെലുഗു സിനിമയായ സതി സാവിത്രിയില്‍ പിന്നണിപാടിയ അദ്ദേഹം 'സ്വാതി തിരുനാള്‍', 'ഭരതം' തുടങ്ങി അഞ്ച് മലയാള സിനിമകള്‍ക്കും പിന്നണിപാടിട്ടുണ്ട്. സ്വാതി തിരുനാളിലെ ആലാപനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1976ല്‍ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്കാരം, 1987ല്‍ മികച്ച സംഗീതസംവിധായകന്‍, 1987ല്‍ കേരളത്തില്‍ മികച്ച പിന്നണി ഗായകന്‍, 2010ല്‍ മികച്ച ശാസ്ത്രീയ സംഗീതജ്ഞന്‍ എന്നീ പുരസ്കാരങ്ങളും നേടി. വായ്പ്പാട്ട് കൂടാതെ പുല്ലാങ്കുഴല്‍, വീണമൃദംഗംവയോളവയലിന്‍ തുടങ്ങി ഏഴു വ്യത്യസ്ത ശാഖകളില്‍ ആകാശവാണി നിലയങ്ങളില്‍ എ ഗ്രേഡ് കലാകാരനായിരുന്നു. ലോകമെമ്പാടും25,000ത്തോളം കച്ചേരികള്‍ നടത്തിയിട്ടുള്ള അദ്ദേഹം സംഗീതചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും സജീവമായിരുന്നു.

ബാലമുരളികൃഷ്ണ മൂവാറ്റുപുഴയില്‍
ഷട്കാല ഗോവിന്ദമാരാരുടെ പേരില്‍ മൂവാറ്റുപുഴയില്‍ 1982ല്‍ ആരംഭിച്ച ഷട്കാല സംഗീതസഭയുടെ ഉദ്ഘാടനവേളയിലാണ് ഡോ. എം. ബാലമുളികൃഷ്ണ മൂവാറ്റുപുഴയിലെത്തിയത്. ആറുകാലങ്ങളില്‍ പാടി ത്യാഗരാജസ്വാമികളെപോലും വിസ്മയിപ്പിച്ച ഷട്കാല ഗോവിന്ദമാരാരുടെ നാട്ടിലാണ് പരിപാടി എന്നതാണ് ഇവിടെയെത്തുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന് അന്നത്തെ സംഘാടകരിലൊരാളായിരുന്ന എ. രാമചന്ദ്രന്‍ നായര്‍ ഓര്‍ക്കുന്നു. ഇദ്ദേഹത്തിന്റെ ബന്ധുവായ ഗാനരചയിതാവ് അഭയദേവാണ് ബാലമുരളികൃഷ്ണയെ ഈ പരിപാടിക്കായി സംഘടിപ്പിക്കുന്നതിന് സഹായിച്ചത്. 
1982 മെയ് 5, വൈകിട്ട് 7ന് മേള ആഡിറ്റോറിയം നിറഞ്ഞ സദസ്സില്‍ കച്ചേരി മൂന്നര മണിക്കൂര്‍ നീണ്ടു നിന്നു. ചാലക്കുടി നാരായണസ്വാമിയായിരുന്നു വയലിനില്‍. പനങ്ങാട് ചന്ദ്രന്‍ മൃദംഗവും. എറണാകുളം, തൃപ്പൂണിത്തുറ, തൊടുപുഴ, പെരുമ്പാവൂര്‍ തുടങ്ങിയ സമീപപട്ടണങ്ങളില്‍ നിന്നും ആസ്വാദകര്‍ എത്തിയിരുന്നതായും രാമചന്ദ്രന്‍ നായര്‍ ഓര്‍ക്കുന്നു. ജനതാ ഹോട്ടലില്‍ താമസിച്ച അദ്ദേഹം ഇവിടുന്ന കൊല്ലത്തേയ്ക്കാണ് പോയത്. അന്ന് ബാലമുരളികൃഷ്ണ മനസ്സ് നിറഞ്ഞ് ആലപിച്ച എന്തരോ മഹാനുഭാവുലു എന്ന കീര്‍ത്തനം നേരില്‍ കേട്ട പഴയതലമുറ ഇന്നും ഓര്‍ക്കുന്നുണ്ടാവും ആ സംഗീതഗാംഭീര്യം.

(വോയ്സ് ഓഫ് മേള, ഡിസംബര്‍ 2016)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ