ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ബുധനാഴ്‌ച, ഡിസംബർ 07, 2011

മലയാള സിനിമ മത്സരിക്കുന്നത് എന്തിനോട്

എന്തുകൊണ്ടാണ് നമ്മുടെ സിനിമ തിയറ്ററുകളില്‍ ദയനീയമായി പരാജയപ്പെടുന്നത്? അടുത്തയിടെ റിലീസായ ചില മലയാള ചിത്രങ്ങളുടെ പ്രകടനമാണ് വീണ്ടും ഈ ചോദ്യം പ്രസക്തമാക്കുന്നത്. സിനിമാ പ്രതിസന്ധി എന്നത് ഒരു ക്ലീഷേയായിതീര്‍ന്നിരിക്കുന്നു.

സത്യത്തില്‍ നമ്മുടെ സിനിമ മത്സരിക്കുന്നത് എന്തുതരം സിനിമകളോടാണ്? ഏതുതരം പ്രേക്ഷകര്‍ക്കായാണ് നമ്മുടെ സിനിമക‌ള്‍ നിര്‍മ്മിക്കപ്പെടുന്നത്? ഈ ചോദ്യങ്ങള്‍ പല മാധ്യമങ്ങളിലായി പലവുരു ആവര്‍ത്തിക്കപ്പെട്ടവയാണ്. എല്ലാവരുടെയും ഉത്തരം ഏതാണ്ട് ഒരുപോലെ തന്നെയും.

തമിഴിലെയും മറ്റും പുതിയ തലമുറയിലെ സിനിമാ പ്രവര്‍ത്തകരെ വാനോളം പുകഴ്ത്തുകയും പുതിയ പരീക്ഷണങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു സിനിമാ ബുദ്ധിജീവികള്‍. പക്ഷേ, ഇത്തരം പരീക്ഷണങ്ങള്‍ക്ക് മലയാള സിനിമ തട്ടകമാവാത്തത് എന്തുകൊണ്ടാണ്? കാല്‍ നൂറ്റാണ്ടായി വെള്ളിത്തിരയി‌ല്‍ മിന്നിമറയുന്ന നായകന്മാരെയും ഉപനായകന്മാരെയും കണ്ട് നമ്മുടെ സമൂഹം തൃപ്തിയടയുകയാണ് എന്നാണോ കരുതേണ്ടത്?

പത്മരാജനും ഭരതനും അരവിന്ദനും അടൂരും ജോണും കെ. ജി. ജോര്‍ജ്ജുമൊക്കെ ചേര്‍ന്ന് മലയാളസിനിമയി‌ല്‍ സൃഷ്ടിച്ച ദൃശ്യാനുഭവങ്ങ‌ള്‍ അന്നത്തെ തലമുറക്ക് അന്നുവരെ അന്യമായിരുന്ന ഒരാസ്വാദനതലമാണ് സമ്മാനിച്ചത്. എന്തൊക്കെയായാലും ഒരു ടോട്ടാലിറ്റി ഈ കാലഘട്ടത്തിലെ സിനിമകള്‍ക്കൊക്കെ ഉണ്ടായിരുന്നു. ഇന്നും ചാനലുകളില്‍ ഈ സിനിമക‌ള്‍ വീണ്ടും കാണുമ്പോ‌ള്‍ ആ പൂര്‍ണ്ണത നാമറിയുന്നു. ആ ടോട്ടാലിറ്റിയാണ് ഇന്ന് മലയാള സിനിമക്ക് നഷ്ടമായിരിക്കുന്നത്. വിജയിച്ച സിനിമകളുടെ അതേ ഫോര്‍മുലയി‌‌‌ല്‍ രണ്ടും മൂന്നും ഭാഗങ്ങളെടുത്ത് കഷ്ടപ്പെടേണ്ടി വരുന്നതും, അതുപോലെ സൂപ്പര്‍താരങ്ങളുടെ ഫാഷ‌ന്‍ ഷോ മക്കളുടെ പ്രായമുള്ള നടിമാരോടൊപ്പം രണ്ടര മണിക്കൂ‌ര്‍ നിര്‍ബന്ധിതാസ്വാദനത്തിന് പ്രേക്ഷക‌ന്‍ വിധിക്കപ്പെടുന്നതും ഈ ടോട്ടാലിറ്റിയെന്തെന്ന് അറിയാത്തതുകൊണ്ടാണ്.

കേരളമെന്ന വട്ടത്തിലെ തിയറ്ററുകളും പരിമിതമായ ഓവര്‍സീസ് റൈറ്റുകളും പിന്നെ ചില്ലറ ഓഡിയോ കാസറ്റ് റൈറ്റുമൊക്കെയാണ് മലയാള സിനിമക്ക് നിന്നുപിഴക്കാനുള്ള തട്ടകം. അവിടെ ശുദ്ധമായ തനി കേരളീയ വിഭവങ്ങള്‍ മതി. ആകര്‍ഷകമായ പാക്കിംഗോ, പരസ്യതന്ത്രങ്ങളോ ഒന്നും വിലപ്പോവില്ല, അഥവാ ഇവിടെ ആവശ്യമില്ല.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 39, ലക്കം 4, ഏപ്രി‌ല്‍ 2009)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ