ലേഖനങ്ങള്‍/ഓര്‍മ്മകള്‍

കെ. ജി. സുബ്രഹ്മണ്യം - ചിത്രകലയില്‍ ആധുനീകതയുടെ പതാകാവാഹകന്‍

ഈയിടെ ബറോഡയില്‍ വച്ച് തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ അന്തരിച്ച കെ. ജി. സുബ്രഹ്മണ്യം ഇന്ത്യയിലെ തന്നെ ഏറ്റവും മുതിര്‍ന്ന പ്രമുഖ ചിത്രകാരന്മാരിലൊരാളായിരുന്നു. ഗുജറാത്തിലെ വഡോദരയിലുളള വടിവാഡി ശ്മശാനത്തില്ലാണ് സംസ്ക്കാരം നടന്നത്. എഴുത്തുകാരന്‍, ശില്പി, പ്രഭാഷകന്‍, അദ്ധ്യാപകന്‍, കലാവിമര്‍ശകന്‍ എന്നീ നിലകളിലും പ്രതിഭ തെളിയിച്ച ഇദ്ദേഹത്തിന്റെ സംഭാവനകള്‍ ചരിത്രത്തില്‍ ഇടം പിടിച്ചവയാണ്. മാഹി, കൂത്തുപറമ്പിലാണ് ഇദ്ദേഹത്തിന്റെ ജനജം. പഠനത്തിനായി പതിനേഴാം വയസ്സില്‍ മംഗലാപുരത്തേയ്ക്കും അവിടെ നിന്ന് മദ്രാസ് പ്രസിഡന്‍സി കോളേജിലും എത്തി. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് അദ്ദേഹത്തെ കോളേജില്‍ നിന്നും പുറത്താക്കി. അവിടെ നിന്നുമാണ് ശാന്തിനികേതനിലെത്തുന്നതും കലാഭ്യസനം നടത്തുന്നതും. പഠനത്തെ തുടര്‍ന്ന് ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയില്‍ കലാവിഭാഗം പ്രൊഫസറായി ജോലി ചെയ്തു.ശാന്തിനികതന്‍ കലാഭവന്‍ പ്രിന്‍സിപ്പലായിരുന്നു. ലണ്ടനിലെ സ്ളെയ്ഡ് സ്ക്കൂളില്‍ വിസിറ്റിംഗ് പ്രൊഫസര്‍, ഓക്സ്ഫഡിലെ സെയിന്റ് കാതറീന്‍ കോളേജില്‍ ക്രയിസ്റ്റന്‍സന്‍ ഫെലോ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ നാലോളം റിട്രോസ്പെക്ടീവുകള്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ അരങ്ങേറിയത് അദ്ദേഹത്തിന് ലഭിച്ച അപൂര്‍വ്വ ബഹുമതിയാണ്.

ഭാരതത്തിലെ ഗോത്ര-ഗ്രാമീണ പാരമ്പര്യത്തിന്റെ സമ്മേളനമായിരുന്നു അദ്ദേഹത്തിന്റ രചനകള്‍. 2014ല്‍ കെ.ജി.എസിന്റെ 90 ചിത്രങ്ങളുടെ പ്രദര്‍ശനം കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് ടാഗോറിന്റെ ദര്‍ശനങ്ങളില്‍ പ്രചോദിതനായാണ് കെ. ജി. സുബ്രഹ്മണ്യം കലാപ്രവര്‍ത്തനം തുടങ്ങുന്നത്. ഏത് സംസ്ക്കാരത്തില്‍ പെട്ട ജനതയും അവരുടെ പൈതൃകമായ പാരമ്പര്യത്തിന്റെ ഉറച്ച അടിത്തറയിലായിരിക്കണം കലാസംരംഭങ്ങള്‍ പടുത്തുയര്‍ത്തേണ്ടത് എന്ന് ഉറച്ചു വിശ്വസിച്ച ഇദ്ദേഹത്തിന്റെ രചനകള്‍ ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍, ടെറാക്കോട്ട ചുവര്‍ചിത്രങ്ങള്‍, ഗ്ലാസ് പെയിന്റിംഗുകള്‍, ലിത്തോഗ്രാഫുകള്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്നതും വിപുലവുമാണ്. 2001ല്‍ കേരളം രവിവര്‍മ പുരസ്‌കാരം നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. പദ്മശ്രീ, കാളിദാസ സമ്മാനം, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.

കെ. ജി. സുബ്രഹ്മണ്യത്തിന്റെ അമ്മ മൂവാറ്റുപുഴ സ്വദേശിയാണ്. അച്ഛന്‍ പാലക്കാട് കല്‍പ്പാത്തിയില്‍ സ്വദേശി ഗണപതി അയ്യരും. അഞ്ച് വയസ്സ് വരെ ജീവിച്ച കല്‍പ്പാത്തിയും അമ്മയുടെ നാടായ മൂവാറ്റുപുഴയും മങ്ങിയ ഓര്‍മ്മകളില്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു. മൂവാറ്റുപുഴയിലെ ആദ്യകാല അഭിഭാഷകരില്‍ പ്രമുഖനായിരുന്ന ആര്‍. അനന്തനാരായണയ്യരുടെ പിതാവ് കെ. ആര്‍. രാമയ്യരുടെ സഹോദരി അലമേലുവാണ് ഇദ്ദേഹത്തിന്റെ അമ്മ. സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളും മണിദാ എന്ന് വിളിക്കുന്ന കെ. ജി. സുബ്രഹ്മണ്യം 2004ല്‍ കേരളത്തിലേയ്ക് നടത്തിയ യാത്രയ്ക്കിടയില്‍ മൂവാറ്റുപുഴയിലെ വീട്ടില്‍ അദ്ദേഹം എത്തിയിരുന്നു. കേരള സംസ്ഥാനം രൂപം കൊള്ളുന്നതിന് മുന്‍പ് കേരളം വിട്ട് പ്രശസ്തനായി തീര്‍ന്ന ഒരു പ്രതിഭ അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച് വളര്‍ന്ന പ്രദേശങ്ങള്‍ കാണുവാനായി നടത്തുന്ന യാത്ര പ്രശസ്ത സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ഒരു ഡോക്യുമെന്ററിയായി ഈ യാത്രയ്ക്കിടയില്‍ ചിത്രീകരിച്ചിരുന്നു.

ജനിച്ചു വളര്‍ന്ന പ്രദേശങ്ങളും മനുഷ്യരും സംസ്ക്കാരവും ഒരാളില്‍ ചെലുത്താവുന്ന സ്വാധീനം നിര്‍ണ്ണായകമാണെന്നും ഇത്തരം സാംസ്ക്കാരീക സ്വാധീനങ്ങള്‍ നിര്‍മ്മിച്ചെടുത്ത ഒരു വ്യക്തിത്വമാണ് തന്റേത് എന്നതുകൊണ്ട് ഈ ഭൂമിയോട് താന്‍ കടപ്പെട്ടിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന ഈ കലാകാരന്‍ ദേശകാലങ്ങള്‍ക്കതീതമായി കലാസ്നേഹികളുടെ മനസ്സില്‍ ദീപ്തസ്മരണയായി നിലനില്‍ക്കും. 

(വോയ്സ് ഓഫ് മേള, ആഗസ്ത് 2016)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ