ലേഖനങ്ങള്‍/ഓര്‍മ്മകള്‍

തിങ്കളാഴ്‌ച, ഡിസംബർ 05, 2011

യുദ്ധങ്ങളുടെ ചേരി ബഹുധ്രുവ ലോകത്തെ തകര്‍ക്കും

യുദ്ധങ്ങള്‍, യുദ്ധസമാനമായ പടനീക്കങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവ ലോകക്രമത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രങ്ങളുടെ ചേരിയെയും സമ്പത്തിന്‍റെ ഒഴുക്കിനെയും ഇത് സ്വാധീനിക്കുന്നു.

ലോക സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന അമേരിക്ക, ധനസമ്പാദനത്തിനും വിനിമയത്തിനും കാണിച്ച അമിത ആത്മവിശ്വാസമാണ് അവരുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ വിപണിക്കും വിനിമയത്തിനും സര്‍വ്വ സ്വാതന്ത്ര്യം നല്‍കുന്നു. ഈ സ്വാതന്ത്ര്യം തന്നെ അവരുടെ സാമ്പത്തിക സംവിധാനത്തിന് ദൂഷ്യമായി.

ലോക പോലീസായി അമേരിക്ക മാറിയതും യു. എന്‍. വ്യവസ്ഥകളെ സ്വന്തം അധികാര പ്രയോഗത്തിനനുസരിച്ച് തിരുത്തി പ്രഖ്യാപിച്ചതുമൊക്കെ സമ്പത്ത് രാഷ്ട്രീയ അധിനിവേശത്തിന്‍റെയും അധികാര പ്രയോഗത്തിന്‍റെയും ഉപോല്‍പ്പന്നമായി ലഭിക്കുമെന്ന ഭരണ തന്ത്ര തിരിച്ചറിവ് കൊണ്ടാണ്. ഇന്ന് ഇതും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ഭീകരതയെ രാഷ്ട്രീയ ആയുധമാക്കി സമ്പത്തിനെ സ്വന്തം സ്ഥലത്തേയ്ക്ക് ഒഴുക്കി എടുക്കുന്ന അധികാര സാമര്‍ത്ഥ്യവും അതേ തന്ത്രത്തിന്‍റെ ഭാഗമാണ്. മുതലാളിത്തം-സോഷ്യലിസം-അധികാരം തുടങ്ങിയവയുടെ ക്രമങ്ങള്‍ മാറിയപ്പോള്‍ ലോകത്തെ തങ്ങളിലേക്ക് മാത്രമായി കേന്ദ്രീകരിപ്പിക്കാ‌ന്‍ അമേരിക്കക്ക് കഴിഞ്ഞു. മുതലാളിത്തം-സോഷ്യലിസം എന്നതിനെ അമേരിക്ക-റഷ്യ എന്ന് മാറ്റി വായിച്ച ലോകത്തിന് ഇത് വേഗം മനസ്സിലായില്ല. ഒന്നിന്‍റെ നാശം മറ്റൊന്നിന്‍റെ ഏകാധിപത്യത്തിന് കാരണമാകും എന്ന് മാത്രമാണ് മനസ്സിലാക്കിയത്.

എന്നാല്‍ പരസ്പരം തര്‍ക്കിച്ച് നില്‍ക്കാന്‍ എന്തെങ്കിലും ഇല്ലാതെ, ലോകത്തെ അതാത് അച്ചുതണ്ടിലേയ്ക്ക് വലിച്ചു നിര്‍ത്താനാവില്ല എന്ന യാഥാര്‍ത്ഥ്യം ഇതിനോടകം അമേരിക്ക അറിഞ്ഞു. ഇതിനായി തുറന്നു കിട്ടിയ മറ്റൊരു തര്‍ക്കഭൂമികയാണ് ഭീകരതയും. അതിന്‍റെ രാഷ്ട്രീയ ലാഭങ്ങളും ദേശീയ തീരുമാനങ്ങളും മാത്രമല്ല, മൂന്നാം ലോക രാഷ്ട്രങ്ങളില്‍ (ഇന്ത്യ, പാക്കിസ്ഥാന്‍ ...) ഭീകരത മതത്തെയും ചരിത്രത്തെയുമെല്ലാം ഒരേസമയം സംശയത്തോടെ കാണാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ലോകത്തിന്‍റെ ഭീഷണി ഭീകരതയാണെന്ന് ബോധ്യപ്പെടുത്താന്‍ അമേരിക്ക സെപ്തംബര്‍ 11 ന് ശേഷം ശ്രമിച്ചെങ്കില്‍ അതിന് മുന്‍പുള്ള ഭീകരത രാഷ്ട്രീയ അധിനിവേശത്തിന്‍റെയും സമ്പത്തിന്‍റെ ഒഴുക്കിനെയും ആശ്രയിച്ച് നിന്നിരുന്ന വിദേശകാര്യ പ്രത്യയശാസ്ത്രമായിരുന്നു. അമേരിക്കന്‍ നയത്തിന്‍റെ ഈ വൈരുദ്ധ്യം മിഡില്‍-ഈസ്റ്റിന്‍റെ രാഷ്ട്രീയത്തില്‍ ഇന്നുമുണ്ട്. ഗള്‍ഫ് യുദ്ധത്തിലും ഇത് തന്നെയായിരുന്നു നിലപാട്.

ഇറാഖിനെ ആക്രമിച്ചപ്പോള്‍ ലോകത്തിന്‍റെ രക്ഷ, വിശേഷിച്ചും ഗള്‍ഫിന്‍റെ സുരക്ഷ, ഭീകരതയെ ഇല്ലാതാക്കല്‍, രാസായുധ നശീകരണം എന്നിവയായിരുന്നു അമേരിക്കന്‍ പ്രഖ്യാപനങ്ങള്‍. ഗാസയില്‍ പക്ഷെ, ഇസ്രയേലിനോട് അമേരിക്കന്‍ നിലപാട് ഇതല്ല. സെപ്തംബര്‍ 11’ ന് ശേഷം രാഷ്ട്രങ്ങളുടെ ആഭ്യന്തര സുരക്ഷ എന്ന പേരില്‍ ചില യുദ്ധങ്ങളെ അമേരിക്ക ന്യായീകരിച്ച് തുടങ്ങി.

ലോകം ബഹുധ്രുവതയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ യുദ്ധങ്ങള്‍ ചേരികളെ പുന:സൃഷ്ടിക്കുകയാണ് ചെയ്യുക. ഭീകരത, രാജ്യങ്ങള്‍ക്കും സമ്പത്തിനും മതത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. ലോകം, ക്രിസ്ത്യന്‍-മുസ്ലിം എന്ന് തിരിയുമ്പോള്‍ പ്രത്യയശാസ്ത്രം സാമ്പത്തിക ശാസ്ത്രത്തെ തിരസ്ക്കരിക്കികയും സമ്പത്ത് കടത്തിക്കൊണ്ട് വരുവാന്‍ അധികാരത്തെ ഏകധ്രുവമാക്കി നിര്‍ത്താനുള്ള എളുപ്പമാര്‍ഗ്ഗമായി മാറുകയാണ്.

ഇത് തിരിച്ചറിയപ്പെടണം. ബഹുധ്രുവലോകത്തിന്‍റെ സാദ്ധ്യതക‌ള്‍ ആരായേണ്ടത് ചേരി-ചേരാ നയത്തിന് രൂപം കൊടുത്ത ഇന്ത്യയുടെ കര്‍ത്തവ്യമാണ്. ഒരു പക്ഷേ, പുതിയ ലോകക്രമത്തില്‍ ഏത് പക്ഷത്ത് നില്‍ക്കണം എന്നതിനേക്കാ‌ള്‍, എന്തായിരിക്കണം ഓരോ പക്ഷങ്ങളും എന്ന് നിര്‍ണ്ണയിക്കാനുള്ള അധികാരം നമ്മുടെ രാജ്യത്തിനായിരിക്കും. അതിനാല്‍ യുദ്ധങ്ങളെയും സാമ്പത്തിക മാന്ദ്യത്തെയും നമ്മുടേതായ വീക്ഷണങ്ങളിലൂടെ വ്യാഖ്യാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് ഞങ്ങളുടെ പക്ഷം.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 39, ലക്കം 1, ജനുവരി 2009)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ