ലേഖനങ്ങള്‍/ഓര്‍മ്മകള്‍

വിദ്യാസാഗര്‍ തൊട്ടെടുത്ത ഗായിക - അഭിരാമി...

സര്‍ഗധനരായ കലാകാരന്മാ‌ര്‍ പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിക്കയറുന്നത് അവര്‍ക്കൊപ്പം ആസ്വദിക്കുന്നവരാണ് സഹൃദയരായ ആസ്വാദകര്‍. ഈ സര്‍ഗപ്രതിഭകളുടെ വളര്‍ച്ചയി‌ല്‍ ഉള്ളുതുറന്ന് സന്തോഷിക്കുന്നവരും മനസ്സൂകൊണ്ട് ഒപ്പം സഞ്ചരിക്കുന്നവരുമാണ് നമ്മില്‍ പലരും. അങ്ങിനെ മലയാളി അടുത്തിടെ നെഞ്ചേറ്റി ലാളിച്ച മൂവാറ്റുപുഴക്കാരിയായ ഒരു കലാകാരിയാണ് അഭിരാമി അജയ്. ആദ്യം പാടിയ ഗാനത്തിന്റെ വരിക‌ള്‍ (തൊട്ട് തൊട്ട് നോക്കാമോ... - ഡയമണ്ട് നെക്ക്ലെസ്)അന്വര്‍ത്ഥമായതുപോലെതന്നെയെന്ന് പറയാം,തെന്നിന്ത്യ‌ന്‍ സംഗീതത്തിന് നിരവധി ഭാവാര്‍ദ്ര ഗാനങ്ങ‌ള്‍ സമ്മാനിച്ച സംഗീതസംവിധായകന്‍ വിദ്യാസാഗ‌ര്‍ ഒരു പുതിയ ശബ്ദത്തെ തൊട്ടുനോക്കി. അതെഒരു തൊട്ടാവാടിപ്പെണ്ണിന്റെ ശബ്ദം. ഫഹദ് ഫാസിലിനെ നായകനാക്കി 2012ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ക്ലേസ് ചിത്രത്തിലെ ഗാനമായ തൊട്ട് തൊട്ട് തൊട്ട് നോക്കാമോ... എന്ന ഗാനത്തിന് ശബ്ദം നല്‍കിയാണ് സിനിമാ പിന്നണിഗാന രംഗത്ത് അഭിരാമി ശ്രദ്ധേയയാകുന്നത്. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍.

2012 മലയാളസിനിമയ്ക്ക് ഒരുപാട് പുതുമക‌ള്‍ സമ്മാനിച്ച വര്‍ഷമാണ്. നടിമാരായി മികവ് തെളിയിച്ച രമ്യാ നമ്പീശ‌ന്‍, മംമ്തകാവ്യനിത്യ തുടങ്ങിയവര്‍ ഗായികമാരായി രംഗത്തെത്തിയതും ഗോപീ സുന്ദ‌ര്‍, രതീഷ് വേഗ എന്നിവരെപ്പോലുള്ള നവാഗത സംഗീത സംവിധായക‌ര്‍ ചുവടുറപ്പിച്ചതും ഇതേ വര്‍ഷമാണ്. നാടന്‍ ശീലുക‌ള്‍ മനോഹരമായി പരീക്ഷിക്കപ്പെട്ടതും (ചില്ലാണേ... - 22 ഫീമെയില്‍, കോട്ടയംആണ്ടലോണ്ടെ... - ഇവ‌ന്‍ മേഘരൂപ‌ന്‍, അപ്പങ്ങളെമ്പാടും... - ഉസ്താദ് ഹോട്ട‌ല്‍)പ്രത്യേകതകള്‍ തന്നെ. നിവാസ് (നിലാമലരേ...)അന്ന കാതറീന വാലയില്‍ (അപ്പങ്ങളെമ്പാടും...)രാജേഷ് കൃഷ്ണന്‍ (ഓ മൈ ജൂലി...)ഹരിചരണ്‍ (വാതിലില്‍, ആ വാതിലില്‍...)സച്ചിന്‍ വാര്യ‌ര്‍ (മുത്തുച്ചിപ്പി പോലൊരു...)തുടങ്ങിയ നവഗായകരുടെ ശബ്ദം സിനിമ ഇന്‍ഡസ്ട്രി പ്രയോജനപ്പെടുത്തിയതും ഇതേ വര്‍ഷം തന്നെയായിരുന്നു. പക്ഷേഇവരി‌ല്‍ നിന്നെല്ലാം വ്യത്യസ്തമായ അവതരണ ശൈലികൊണ്ടും ശബ്ദത്തിലെ ആകര്‍ഷണീയതകൊണ്ടും അഭിരാമി വേറിട്ടു നിന്നുവെന്നതി‌ല്‍ തര്‍ക്കമില്ല. ഈ പ്രത്യേകതകള്‍ തന്നെയാണ് അഭിരാമിയെന്ന ഗായികയെ ശ്രദ്ധേയയാക്കിയതും. മലയാളത്തിന്റെ പ്രിയങ്കരനായ സംഗീതസംവിധായകന്‍ വിദ്യാധര‌ന്‍ മാസ്റ്റ‌ര്‍ ഉള്‍പ്പടെയുള്ള സംഗീതജ്ഞ‌ര്‍ ഇത് സമ്മതിക്കുന്നവരാണ്. അഴകിന്റെ ആഴങ്ങളില്‍ ഞാന്‍ മാത്രമായ്... (അയാളും ഞാനും തമ്മി‌ല്‍) എന്ന ഗാനം ഇക്കൂട്ടത്തി‌ല്‍ എടുത്തു പറയാതെ വയ്യ. അങ്ങിനെ വിദ്യാസാഗര്‍ കൈപിടിച്ചുയര്‍ത്തിയ ഗായിക നമുക്ക് പ്രിയങ്കരിയാവുകയാണ്.

മൂവാറ്റുപുഴക്കാരിയാണ് അഭിരാമിയെന്നത് നമുക്ക് അധികം പേര്‍ക്ക് അറിയില്ല. മേളയുടെ ആദ്യകാല അംഗങ്ങലിലൊരാളായ പിറവം റോഡ്നീലകണ്ഠഭവനില്‍ പി. മാധവന്‍ നായരെയും സഹധര്‍മ്മിണി പ്രൊഫ. ലീല മാധവന്‍ നായരുടെയും കൊച്ചുമകളാണ് ഇപ്പോ‌ള്‍ ഷാ‌ര്‍ജയി‌ല്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന അഭിരാമി അജയ്. ഡോ. അജയുടെയും അശ്വതിയുടെയും പുത്രിയായ അഭിരാമിസിനിമയി‌ല്‍ ആദ്യഗാനം പാടുമ്പോ‌ള്‍ ഷാര്‍ജഡല്‍ഹി പ്രൈവറ്റ് സ്ക്കൂ‌ളി‌ല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. മൂന്ന് വയസ്സ് മുതല്‍ സംഗീതം അഭ്യസിക്കുന്ന ഈ ഗായിക സംഗീതത്തെ തന്നി‌ല്‍ നിന്നും വേറിട്ട ഒന്നായി കാണുന്നില്ല. സപ്തസ്വരങ്ങളുടെ നടവഴികള്‍ പരിചയപ്പെടുത്തിയത് കണ്ണൂ‌ര്‍ രഘുനാഥ്,സുശീലതൃശൂര്‍ അനില്‍കുമാ‌ര്‍ എന്നിവരാണ്. മുതിര്‍ന്നപ്പോ‌ള്‍ പെരുമ്പാവൂ‌ര്‍ ജി. രവീന്ദ്രനാഥിന്റെ മകളും ഗായികയുമായ ഡോ. ലക്ഷ്മി മേനോന്റെ ശിക്ഷണത്തിലായി പരിശീലനം. ഹിന്ദുസ്ഥാനി ശൈലി പരിശീലിപ്പിക്കുന്നത് പ്രശസ്തഗായകനായ സുരേഷ് വാഡ്ക്കറാണ്.

ദുബായ്-ഷാര്‍ജ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള നിരവധി സ്റ്റേജ് ഷോകളിലൂടെയും,മത്സരങ്ങളിലൂടെയും നേടിയ അനുഭവസമ്പത്ത് അഭിരാമിക്ക് മുതല്‍ക്കൂട്ടായി. വാണി ജയറാം,കെ. എസ്. ചിത്രപി. ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, ഉണ്ണിമേനോന്‍, വിജയ് യേശുദാസ് ഏന്നിവരോടൊപ്പമെല്ലാം അഭിരാമി വേദി പങ്കിട്ടിട്ടുണ്ട്. അത്തരമൊരു സംഗീതപരിപാടിയില്‍ ബാബുരാജിന്റെ താനേ തിരിഞ്ഞും മറിഞ്ഞും... എന്ന ഗാനം അഭിരാമിയുടെ ശബ്ദത്തി‌ല്‍ ലാ‌ല്‍ ജോസ് കേള്‍ക്കാനിടയായതാണ് അഭിരാമിയ്ക്ക് സിനിമയിലേയ്ക്കുള്ള വഴി തുറന്നത്.

പോപ്പുലര്‍ സംഗീതത്തോടൊപ്പം കര്‍ണ്ണാടക സംഗീതത്തേയും ഉപാസിക്കുന്ന അഭിരാമി ഇതിനോടകം ഏതാനും കര്‍ണ്ണാടക സംഗീത കച്ചേരികളും നടത്തിക്കഴിഞ്ഞു. അടുത്തിടെ നടന്ന ദുബായ് സംഗീതോത്സവത്തിലും എറണാകുളം രസികപ്രിയ ഉള്‍പ്പടെയുള്ള സംഗീതസഭക‌ള്‍ നടത്തിയ പരിപാടികളിലും നിറഞ്ഞസദസ്സില്‍ കച്ചേരിയവതരിപ്പിക്കുവാ‌ന്‍ സാധിച്ചതില്‍ സന്തുഷ്ടയാണ് ഈ കലാകാരി. ചെറുപ്പം മുതല്‍ സംഗീതത്തെ അതിരില്ലാതെ സ്നേഹിക്കുന്ന അഭിരാമിയുടെ പിതാവ് ഡോ. അജയും അമ്മ അശ്വതിയും സംഗീതവഴിയി‌ലും ജീവിതവഴിയിലും വഴികാട്ടികളായി എപ്പോഴും ഒപ്പമുണ്ട്. റിക്കാര്‍ഡിംഗുകള്‍ക്കും മറ്റുമായി കേരളത്തിലെത്തുമ്പോ‌ള്‍ മൂവാറ്റുപുഴയി‌ല്‍ മുത്തച്ഛന്റെയടുത്ത് എത്തുന്ന അഭിരാമിയ്ക്ക് മേള എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു... അധികം താമസിയാതെ മേളയുടെ വേദിയില്‍ ഈ ശബ്ദം കേള്‍ക്കാമെന്ന ആഗ്രഹത്തോടെ...

(വോയ്സ് ഓഫ് മേള, ഡിസംബര്‍ 2016)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ