ലേഖനങ്ങള്‍/ഓര്‍മ്മകള്‍

വസന്തം വിരിയിച്ച വൈദഗ്ധ്യവുമായി ഒരു വിജയഗാഥ - ബെന്നി പുല്ലന്‍

വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും പന്തല്‍, സ്റ്റേജ് എന്നിവ ഒരുക്കുകയും അവയ്ക്ക് കലാപരമായ മികവോടെ പൂക്കള്‍ കൊണ്ട് അലങ്കാരഭംഗി നല്‍കുകയും ചെയ്യുന്ന പുല്ലന്‍സ് ഡെക്കറേഷന്‍സിന്റെ ഉടമ വാരപ്പെട്ടി സ്വദേശി ബെന്നിയെ നമ്മില്‍ പലര്‍ക്കും അറിയാം. എന്നാല്‍, സ്വന്തം വീട്ടുമുറ്റത്ത് വിജയകരമായി പുഷ്പ്പകൃഷിനടത്തി വരുന്ന ഒരു യുവ സംരംഭകനായ പുല്ലന്‍കറ്റ ബെന്നിയെ നമുക്ക് പലര്‍ക്കും അറിയില്ല.

കാര്‍ഷിക മേഖലയിലെ ഒരു സംരംഭകന്‍ എന്ന നിലയില്‍ നിരവധി ക്ലേശങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ആരംഭത്തില്‍ നേരിടേണ്ടി വന്നെങ്കിലും പ്രതിസന്ധികളില്‍ തളരാതെ, തനിക്ക് ബോദ്ധ്യമുള്ള സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ നടത്തിയ പുഷ്പ്പകൃഷി വിജയപഥത്തിലെത്തിയതിന്റെ സംതൃപ്തിയിലാണ് ബെന്നി ഇന്ന്. മൂവാറ്റുപുഴയെ തൊട്ടുകിടക്കുന്ന ഗ്രാമമായ വാരപ്പെട്ടിയില്‍ സ്വന്തം കൃഷിയിടത്തിലെ കൂടുതല്‍ സ്ഥലത്ത് പുഷ്പകൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം ഇപ്പോള്‍.

പരമ്പരാഗത കാര്‍ഷിക കുടുംബത്തില്‍ ജനിച്ച ബെന്നിയെ, കൃഷിയോടൊപ്പം ചെറിയ രീതിയില്‍ ആരംഭിച്ച സ്റ്റേജ് ഡെക്കറേഷന്‍ ബിസിനസ്സിന് ആവശ്യമായി വരുന്ന പൂക്കളുടെ ലഭ്യതക്കുറവും പൂക്കളുടെ വിപണിയിലെ ചാഞ്ചാട്ടങ്ങളുമാണ് പുഷ്പകൃഷിയിലേയ്ക്ക് ആകര്‍ഷിച്ചത്. ചെറുപ്പം മുതല്‍ ചിത്രകലയില്‍ തല്‍പരനായിരുന്ന ബെന്നിയ്ക്ക് തന്റെ കലാപരമായ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ മേഖലതന്നെയായിരുന്നു ഡെക്കറേഷന്‍ ബിസിനസ്സ്. ഒപ്പം ഫ്ലവര്‍ അറേഞ്ച്മെന്റില്‍ പരിശീലനം നേടിയ ഭാര്യ ഷൈജിയുടെ ഉറച്ച പിന്തുണയും. നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ആന്തൂറിയം പൂക്കളാണ് ഇവര്‍ ആദ്യം പരീക്ഷിച്ചത്. പക്ഷേ, ചെടികള്‍ പൂവിട്ട് വന്നപ്പോള്‍ പലതും പലതരം, പല നിറം, പല വലുപ്പം. ഉപയോഗിക്കാവുന്നവ വളരെ കുറവ്. അങ്ങിനെ വീടിന് ചുറ്റും ഒരുക്കിയ ആയിരത്തോളം ആന്തൂറിയം പൂക്കളില്‍ പത്ത് ശതമാനം പോലും സ്വന്തം ഡെക്കറേഷന്‍ ആവശ്യങ്ങള്‍ക്ക് തികയില്ലെന്ന അവസ്ഥ വന്നപ്പോള്‍ ബെന്നി ആന്തൂറിയം ഉപേക്ഷിച്ചു.

അങ്ങിനെയാണ് ജര്‍ബറയെന്ന പുതിയ ഇനം പൂക്കളെക്കുറിച്ച് പഠിച്ചത്. ആദ്യം പിണഞ്ഞ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇക്കുറി കൂടുതല്‍ കരുതലോടെയായിരുന്നു കാല്‍വയ്പ്പുകള്‍. കുമളിയിലും കൊടുങ്ങല്ലൂരുമൊക്കെയുള്ള ഫാമുകള്‍ പലതവണ സന്ദര്‍ശിച്ചു. ശാസ്ത്രീയമായ കൃഷിരീതികള്‍ മനസ്സിലാക്കി. പ്രയോഗികമായി ചെയ്യാവുന്ന കൃഷി രീതികള്‍ പഠിച്ചു. പക്ഷേ ആന്തൂറിയം പോലെ എളുപ്പത്തില്‍ കൃഷി നടക്കില്ല. താപനിലയും അന്തരീക്ഷത്തിലെ ഈര്‍പ്പവും (ഹ്യുമിഡിറ്റി) ക്രമീകരിച്ച്, വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാന്‍ യോഗ്യമായ പോളി ഹൗസ് എന്ന കൂടാരത്തിനുള്ളില്‍ വേണം കൃഷി ചെയ്യാന്‍. അങ്ങിനെ വീട്ടുമുറ്റത്ത് ജര്‍ബറ പൂക്കള്‍ക്കായി പോളി ഹൗസ് ഒരുക്കാന്‍ തന്നെ ബെന്നി നിശ്ചയിച്ചു. അള്‍ട്രാ-വയലറ്റ് രശ്മികളെ തടയുന്ന പോളി ഷീറ്റ്, തുള്ളികളായി ജലകണങ്ങളെ വേരിലെത്തിക്കുന്ന ഡ്രിപ്പ്, ഊഷ്മാവ് ക്രമീകരിക്കുന്നതിന് മിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളോടെ പോളി ഹൗസ് ഒരുങ്ങി. കോയമ്പത്തൂരില്‍ നിന്നും ടിഷ്യു-കള്‍ച്ചര്‍ തൈകള്‍ എത്തി. മണ്ണ്, മണല്‍, വേപ്പിന്‍ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ്, ഇവയുടെ മിശ്രിതം ഉപയോഗിച്ചുണ്ടാക്കിയ തടങ്ങളില്‍ ചെടികള്‍ നട്ടു. അതുവരെ ചിലവ് മൂന്ന് ലക്ഷം രൂപ. സമീപിച്ച ബാങ്കുകളോ, സര്‍ക്കാര്‍ ഏജന്‍സികളോ ബെന്നിയെ വിശ്വാസത്തിലെടുത്തില്ല.

യാതൊരു സഹായവുമില്ലാതെ, ആത്മവിശ്വാസം മാത്രം കൈമുതലാക്കി, കണ്ട് മനസ്സിലാക്കിയ സാങ്കേതികവിദ്യയില്‍ വിശ്വാസമര്‍പ്പിച്ച് ബെന്നി മുന്നോട്ട് പോയി.

അന്തരീക്ഷത്തിലെ അള്‍ട്രാ-വയലറ്റ് രശ്മികള്‍ ഉള്‍പ്പടെ ഹാനികരമായ വികിരണങ്ങളെ തടയുന്ന മേച്ചില്‍, ചെടികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ താപനില ക്രമീകരിക്കുന്നതിനായി വെള്ളം ഉയര്‍ന്ന മര്‍ദ്ദത്തില്‍ പുക പോലെ സ്പ്രേ ചെയ്യുന്ന മിസ്റ്റ്, വേരുപടലങ്ങളിലേയ്ക്ക് നേരിട്ട് ഹോസ് വഴി വെള്ളവും വളവും എത്തിയ്ക്കുക വഴി പാഴാകാത്ത ജലസേചനത്തിനും ഫലപ്രദമായ വളപ്രയോഗത്തിനും ഡ്രിപ്പ്, കീടങ്ങളെയും മറ്റ് പ്രാണികളെയും തടയുന്നതിനായി പൂര്‍ണ്ണമായും മൂടുന്ന നെറ്റ്, ഇവയാണ് ബെന്നിയുടെ വീട്ടുമുറ്റത്തെ പോളിഹൗസില്‍ കാണാനാവുക. കൂടാതെ ഊഷ്മാവ് അളക്കുന്നതിനായി ഒരു തെര്‍മ്മോമീറ്ററും ഈര്‍പ്പം (ഹ്യുമിഡിറ്റി) അളക്കുന്നതിനുള്ള ഒരു മീറ്ററും നനയ്ക്കുന്നതിനായി വീട്ടുമുറ്റത്ത്തന്നെയുള്ള കിണര്‍, പമ്പ് സെറ്റ് വഴി ഡ്രിപ്പറിലേയ്ക്ക് ഘടിപ്പിച്ചിരിയ്ക്കുന്നു.

കാത്തിരിപ്പ് വിഫലമായില്ല. അന്‍പത്തിരണ്ടാം ദിവസം ചെടികള്‍ പൂത്തു. ചില ചെടികളില്‍ രണ്ടും മൂന്നും പൂക്കള്‍. നല്ല വലുപ്പവും ധാരാളം ഇതളുകളും തണ്ടിന് നീളവുമുള്ള അഴകൊത്ത പൂക്കള്‍. ഇപ്പോള്‍ ആഴ്ചയില്‍ 450 പൂക്കള്‍ ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. ശരാശരി ഒരു പൂവിന്15 രൂപയാണ് വിപണിയിലെ വില. പക്ഷേ, ബെന്നിയുടെ ഡെക്കറേഷന്‍ ആവശ്യങ്ങള്‍ക്കോ ഷൈജിയുടെ ബൊക്കേ നിര്‍മ്മാണത്തിനോ തികയുന്നില്ല ഈ പൂക്കള്‍. ബെന്നിയുടെ പരീക്ഷണങ്ങള്‍ വിജയപഥത്തിലെത്തിയതോടെ വൈകിയാണെങ്കിലും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കൃഷി വകുപ്പ് എന്നിവരും പിന്തുണയുമായെത്തി.

ഈ വിജയത്തിന്റെ ചുവടുപിടിച്ച്, മറ്റൊരു പോളി ഹൗസ് കൂടി നിര്‍മ്മിച്ച് ഡെക്കറേഷന് ആവശ്യമായ ഫോളിയേജുകള്‍ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബെന്നിയും ഷൈജിയും. ബാംഗ്ളൂരിലും ഊട്ടിയിലും വളരുന്ന മിക്കയിനം ഫോളിയേജുകളും മുറ്റത്ത് നട്ട്, വളര്‍ച്ച പഠിച്ച ശേഷമാണ് ഇവര്‍ ഈ തീരുമാനമെടുത്തത്. പൂക്കള്‍ മാത്രമല്ല, പച്ചക്കറികളും പോളിഹൗസില്‍ വിജയകരമായി കൃഷിചെയ്യാനാകും എന്ന് ബെന്നി പറയുന്നു. സാധാരണയില്‍ കവിഞ്ഞ വിളവും കൊല്ലം മുഴുവന്‍ കൃഷി ചെയ്യാമെന്ന മെച്ചവും ഈ കൃഷിരീതി പരീക്ഷിക്കാന്‍ ഇദ്ദേഹത്തിന് ധൈര്യം നല്‍കുന്നു.

വിഷാംശം കലര്‍ന്ന കീടനാശിനികള്‍ തളിച്ച പച്ചക്കറികളാണ് കേരളത്തിന് പുറത്ത് നിന്നും വരുന്നതെന്ന തിരിച്ചറിവും പച്ചക്കറികളുടെ വില വര്‍ദ്ധനയും കേരളത്തിലെ ജനങ്ങള്‍ക്ക് കൃഷിയോടുള്ള മനോഭാവത്തില്‍ മാറ്റം വരാനിടയാക്കിയിട്ടുണ്ട്. വീടുകളില്‍ അടുക്കള തോട്ടങ്ങള്‍ ഉണ്ടാക്കാനും നഗരങ്ങളില്‍ വീടുകളുടെ മട്ടുപ്പാവില്‍ കൃഷി ചെയ്യാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കൃഷി വകുപ്പിന്റെ ഏതാനും ചില പദ്ധതികള്‍ അടുത്തകാലത്തായി നന്നായി സ്വീകരിക്കപ്പെട്ടതും ഇതിന് ഉദാഹരണങ്ങളാണ്. ബെന്നിയെപ്പോലുള്ള കാര്‍ഷികസംരംഭകരുടെ ഇത്തരം ശ്രമങ്ങള്‍ കൂടിയാകുമ്പോള്‍ അത് നാടിന് പ്രചോദനമാകും. വസന്തം വിരിയിക്കുന്ന അനുഭവങ്ങള്‍ കൈമുതലാക്കിയ ബെന്നി മേള അംഗം കൂടിയാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

(വോയ്സ് ഓഫ് മേള, ഫെബ്രുവരി 2013)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ