ലേഖനങ്ങള്‍/ഓര്‍മ്മകള്‍

വ്യാഴാഴ്‌ച, ഡിസംബർ 08, 2011

അരങ്ങൊഴിഞ്ഞ ജനനായകന് പ്രണാമം

ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ പൊതുജീവിതം ആരംഭിച്ച രാഷ്ട്രീയ നേതാക്കന്മാരി‌ല്‍ പ്രമുഖനായിരുന്ന ജ്യോതിബസു, ജ്വലിക്കുന്ന ഓ‌ര്‍മ്മക‌ള്‍ ബാക്കിവച്ച് അരങ്ങൊഴിഞ്ഞു. മുതിര്‍ന്ന സി. പി. എം. നേതാവും പശ്ചിമ ബംഗാള്‍ മു‌ന്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബസു എല്ലാ വിഭാഗം ജനങ്ങളും ഇഷ്ടപ്പെട്ടിരുന്ന ജനനേതാവായിരുന്നു. വര്‍ഗപരമായ പരിമിതിക‌ള്‍ മറികടക്കാന്‍ സാധിച്ച അപൂര്‍വ്വം ദേശീയ നേതാക്കളി‌ല്‍ ഒരാളായിരുന്നു ഇദ്ദേഹം. ഇ. എം. എസ്. പ്രത്യയശാസ്ത്രപരമായി കാര്യങ്ങള്‍ അവതരിപ്പിച്ചുവെങ്കില്‍, ജ്യോതിബസു അതിന്‍റെ പ്രായോഗികതയാണ് കാണുക.

1977 ജൂണ്‍ 21ന് ബംഗാ‌ള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജ്യോതിബസു, ഇന്ത്യയില്‍ ഏറ്റവും കൂടുത‌ല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയുമായി 2000 നവംബ‌ര്‍ 6ന് ആരോഗ്യപരമായ കാരണങ്ങളാ‌ല്‍ മുഖ്യമന്ത്രിപദം വിട്ടു. ചരിത്രമായി മാറിയ വര്‍ഷത്തെ ഭരണത്തിന് ശേഷം മുഖ്യമന്ത്രിപദമൊഴിഞ്ഞ ബസു കഴിഞ്ഞ രണ്ടു വര്‍ഷമായി പൂര്‍ണ്ണവിശ്രമത്തിലായിരുന്നു. വാര്‍ദ്ധക്യസഹജമായ അവശതകളെ തുടര്‍ന്ന് കഴിഞ്ഞ കുറേക്കാലമായി അദ്ദേഹം സജീവരാഷ്ട്രീയത്തി‌ല്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

1914 ജൂലൈ 8ന് കൊല്‍ക്കൊത്തയി‌ല്‍ ജനിച്ച ബസു, ബ്രിട്ടനിലെ നിയമ പഠനകാലത്താണ് കമ്മ്യൂണിസത്തില്‍ ആകൃഷ്ടനായത്. 1940 ല്‍ നിയമപഠനം പൂര്‍ത്തിയാക്കി ഇന്ത്യയി‌ല്‍ തിരിച്ചെത്തിയ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവ‌ന്‍ സമയ പ്രവര്‍ത്തകനായി. 1964 ല്‍ സി. പി. എം. രൂപവത്ക്കരിച്ചപ്പോള്‍ ആദ്യ 9 അംഗ പോളിറ്റ് ബ്യൂറോയി‌ല്‍ അംഗമായി. സി. പി. ഐ. (എം) കേന്ദ്ര കമ്മിറ്റിയംഗം,  പോളിറ്റ് ബ്യൂറോ പ്രത്യേക ക്ഷണിതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ബിമന്‍ ബോസ് ഇടറിയ ശബ്ദത്തിലാണ് മരണ വിവരം അറിയിച്ചത്. "ജ്യോതി ബസൂ, ഞങ്ങള്‍ ഞെട്ടലിലാണ്" എന്നെഴുതിയ ബാഡ്ജുകളണിഞ്ഞ് ജനസാഗരം നിശബ്ദരായി തങ്ങളുടെ പ്രിയനേതാവിനെ ഒരു നോക്കുകാണാനായി ആശുപത്രിക്ക് പുറത്ത് കാത്ത് നിന്നു. ഒരു ദേശീയ നേതാവ് കൂടി കാലയവനികക്കുള്ളില്‍ മറഞ്ഞു. അതുല്യമായിരുന്നു ആ ജീവിതം.

ജ്യോതിബസുവിന്‍റെ സ്മരണക്ക് മുന്നി‌ല്‍ ആദരാഞ്ജലികള്‍.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 1, ജനുവരി 2010)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ