ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ഐറിന്‍ ജേക്കബ് - നാട്ടിലെ താരം

സ്ക്കൂളിലെ ലളിതഗാന മത്സരത്തില്‍ പങ്കെടുക്കാനാവാത്ത വിഷമത്തിന് ആശ്വാസമെന്നോണം അദ്ധ്യാപിക നല്കിയ ഒരവസരമാണ് ഐറിന്‍ ജേക്കബ് എന്ന ഒന്‍പതാം ക്ലാസുകാരിയെ താരമാക്കിയത്. കണ്ണൂരില്‍ നടന്ന ഇക്കഴിഞ്ഞ സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ ഉര്‍ദു ഗസല്‍ വിഭാഗത്തിലെ എ ഗ്രേഡ് ജേതാവാണ് ഐറിന്‍. സത്യത്തില്‍ ഒരു ശ്രമം എന്ന നിലയിലാണ് അദ്ധ്യാപിക നല്‍കിയ സി.ഡി. കേട്ട് ഐറിന്‍ ഉര്‍ദു ഗസല്‍ പഠിച്ച് പാടിയത്. വോ ജോ ഹംമ്മേ തുംമ്മേ ഖരാറ് ഥാ... എന്ന മോമിന്‍ ഖാന്‍ മോമിന്റെ ഉര്‍ദു ഗസല്‍ പരിശീലിക്കുമ്പോള്‍ അതിന് എ ഗ്രേഡിന്റെ തിളക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഏഴ് വര്‍ഷത്തിലേറെയായി കര്‍ണ്ണാടക സംഗീതം പരിശീലിക്കുന്ന വീട്ടുകാരുടെ മുത്തിന് അധികം വിഷമിക്കേണ്ടി വന്നില്ല. ഗസല്‍ ശൈലി പരിചയപ്പെടാനും ഉര്‍ദു വാക്കുകളുടെ ഉച്ചാരണശുദ്ധിക്കുമായി അദ്ധ്യാപകര്‍ ഒരുക്കിയ വിദഗ്ധ പരിശീലനവും കൂടിയായപ്പോള്‍ ഫലം കണ്ടു. സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തിലേയ്ക്കുള്ള കടമ്പകള്‍ ഓരോന്നായി കടക്കുമ്പോഴും ലേശം അമ്പരപ്പോടെയുള്ള ആത്മവിശ്വാസമായിരുന്നു ഐറിനും കുടുംബത്തിനും. ജന്മവാസനയും പരിശീലനവും ദൈവാനുഗ്രഹവും ഒത്തുചേര്‍ന്ന് സമ്മാനിച്ചത് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയിലെ ആദ്യ അംഗീകാരം. 

കര്‍ണ്ണാടക സംഗീതത്തില്‍ ചിട്ടയായ പരിശീലനം നേടിയിട്ടുള്ള ഐറിന്റെ ആദ്യഗുരു മംമ്താ പ്രിന്‍സ് ആണ്. ഒരു വര്‍ഷം അവിടെ പഠനം തുടര്‍ന്നു. പിന്നീട് വ്യാസന്‍ ശ്രീചക്രയുടെ കീഴില്‍ ശിക്ഷണം. ആറ് വര്‍ഷമായി ഇദ്ദേഹം വീട്ടില്‍ വന്ന് പരിശീലിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് മകളെന്ന് അഭിമാനപുരസ്സരം പറയുന്നു മാതാപിതാക്കളായ വിനോദും ഭാര്യ ടിഷയും. ഐറിന്റെ അമ്മവീട്ടുകാര്‍ സംഗീതവാസനയുള്ളവരാണ്. അമ്മ ടിഷയും പാടും. ചിലപ്പോഴൊക്കെ മകളുടെ ഗുരുനാഥയാകും. പാട്ട് മൂളി മകളുടെ ഒപ്പം കൂടും. ഗുരുമുഖത്ത് നിന്ന് കേട്ട് പരിശീലിക്കുന്നതല്ലാതെ സ്വയം സാധകം ചെയ്യാന്‍ മകള്‍ സമയം കണ്ടെത്താത്തതില്‍ ലേശം പരിഭവവും ഉണ്ട് അമ്മയ്ക്ക്. അമ്മയുടെ സംഗീത പാരമ്പര്യമാണ് ഐറിന്റെ പ്രതിഭയുടെ രഹസ്യമെന്ന് വിനോദും സമ്മതിക്കും. വിന്റേജ് വീല്‍ എന്ന പ്രമുഖ റെഡിമെയ്ഡ്-സ്റ്റിച്ചിംഗ് സ്ഥാപനത്തിന്റെ അമരക്കാരനായ ജേക്കബ് പി. ജോസെന്ന വിനോദിന് ബിസിനസ്സ് തിരക്കുകള്‍ക്കിടയില്‍ പൂര്‍ണ്ണ പിന്തുണ ടിഷയുടേതാണ്. ഐറിന്റെ സഹോദരന്‍ അലന്‍ ജേക്കബ് വയലിന്‍ വെസ്റ്റേണ്‍ പഠിക്കുന്നു. മറ്റൊരു സഹോദരന്‍ ജോര്‍ജ്ജിന് നാടകത്തോടും സിനിമയോടുമാണ് താത്പര്യം.

കുട്ടിക്കാലം മുതല്‍ പാട്ടുകള്‍ പാടുന്ന, ചര്‍ച്ച് ക്വയറിലെ സ്ഥിരം സാന്നിധ്യമായ, പിതാവ് അംഗമായ ഫാമിലി ക്ലബ്ബുകളിലെ കുടുബസദസ്സുകള്‍ക്ക് പ്രിയങ്കരിയായ ഐറിന് ഈ വിജയം സ്നേഹപ്രതികാരത്തിന്റേത് കൂടിയാണ്. സ്വകാര്യ ചാനലിലെ സംഗീത പരിപാടിയുടെ ഓഡിഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ച് പിതാവിനോട് അനുവാദം ചോദിച്ചപ്പോള്‍, എന്തോ കാരണം കൊണ്ട് വേണ്ട എന്ന് പറയാനാണ് അന്ന് വിനോദിന് തോന്നിയത്. പക്ഷേ, പ്രതിഭയുടെ മിന്നലാട്ടം ഏറെ വൈകാതെ തിരിച്ചറിഞ്ഞ വിനോദ് മകള്‍ക്കായി പിന്നീട് എല്ലാ സൗകര്യങ്ങളും ഒരുക്കി. ഷാലോം ടി.വി.യില്‍ ഏതാനും ക്രിസ്തീയഭക്തിഗാനങ്ങള്‍ ആലപിച്ച ഐറിനിപ്പോള്‍ ഒരു മുഴുനീള സംഗീതപരിപാടി അതേ ചാനലിനായി ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ്. പഠനം മുടങ്ങാതെ, കോഴിക്കോട് സ്റ്റുഡിയോയില്‍ പോയി റിക്കാര്‍ഡ് ചെയ്യാനുള്ള അവസരത്തിനായാണ് ഇപ്പോഴത്തെ കാത്തിരിപ്പ്.

കൂടുതല്‍ ഗൗരവമായി സമീപിക്കേണ്ട വിഷയമാണ് സംഗീതം എന്ന തിരിച്ചറിവിന്റേതുകൂടിയാണ് ഐറിന് ഈ വിജയം. ഗായകരില്‍ യേശുദാസിനെയും ചിത്രയേയും ശ്രേയ ഘോഷാലിനെയും ശ്വേത മോഹനെയും ഇഷ്ടപ്പെടുന്ന കൊച്ചു കലാകാരിക്ക് ഈ തലമുറയിലെ സംഗീത സംവിധായകരില്‍ പ്രിയം എം. ജയചന്ദ്രനോട്;പാടാനും കേള്‍ക്കാനും കൂടുതലിഷ്ടം തമിഴ്-മലയാളം മെലഡികളും. ഏതാനും സംഗീതക്കച്ചേരികളും ഹിന്ദുസ്ഥാനി ഗസല്‍ പരിപാടികളും മാത്രമേ ഇതുവരെ കേള്‍ക്കാന്‍ സാധിച്ചിട്ടുള്ളൂ ഈ സംഗീതപ്രതിഭയ്ക്ക്അതും ടി.വി. യില്‍ മാത്രം. കര്‍ണ്ണാട്ടിക്-ഹിന്ദുസ്ഥാനി സംഗീതം ധാരാളം കേള്‍ക്കണമെന്നും ഹിന്ദുസ്ഥാനിയില്‍ കൂടുതല്‍ പരിശീലനം നേടണമെന്നുമുള്ള ആഗ്രഹത്തിലാണ് ഐറിന്‍ ഇപ്പോള്‍.

സ്ക്കൂള്‍ കലോത്സവത്തിലെ നേട്ടം ഐറിനെ കൂടുതല്‍ വിനയാന്വിതയാക്കിയിരിക്കുന്നു. ഭാവഭേദമേതുമില്ലാതെ, മിതഭാഷിണിയായ ഈ ഒന്‍പതാം ക്ലാസുകാരി വാചാലയാകുന്നത് സംഗീതതത്തെപറ്റി സംസാരിക്കമ്പോള്‍ മാത്രം. എല്‍. കെ. ജി. മുതല്‍ എട്ടാം ക്ലാസ്സ് വരെ നിര്‍മ്മല പബ്ലിക് സ്ക്കൂളില്‍ പഠിച്ച്, ഇക്കൊല്ലം മൂവാറ്റുപുഴ സെന്റ്. അഗസ്റ്റിന്‍സ് ഗേള്‍സ് ഹൈസ്ക്കൂളില്‍ ചേര്‍ന്ന ഐറിന്‍ ജേക്കബ്ബിന് സംസ്ഥാന സ്ക്കൂള്‍ കലോത്സവം നല്‍കിയ കന്നി വിജയം ശുദ്ധസംഗീതത്തെ കൂടുതല്‍ അറിയാനും അനുഭവിക്കാനുമുള്ള ആരംഭമായി തീരട്ടെ.

(വോയ്സ് ഓഫ് മേള, ഒക്ടോബര്‍ 2016)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ