ലേഖനങ്ങള്‍/ഓര്‍മ്മകള്‍

തിങ്കളാഴ്‌ച, ഡിസംബർ 31, 2012

ഐ. ഡി.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടി‌ല്‍ നിന്നും പഠിച്ചിറങ്ങി, സിനിമയില്‍ അവരവരുടെ മേഖലകളി‌ല്‍ ചുവടുറപ്പിച്ച മലയാളികളുടെ കൂട്ടായ്മയി‌ല്‍ ജന്മമെടുത്ത ഐ. ഡി. എന്ന ഹിന്ദി ചിത്രത്തിന്റെ ദൃശ്യാനുഭവമാണ് ഇക്കുറി പങ്കു വയ്ക്കുന്നത്. കളക്ടീവ് ഫേസ് വണ്ണിന്റെ ബാനറില്‍ റസൂ‌ല്‍ പൂക്കുട്ടി, രാജീവ് രവി, മധു നീലകണ്ഠന്‍, സുനില്‍ ബാബു, ബി. അജിത് കുമാര്‍ എന്നിവ‌ര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഐ. ഡി. ഇത്തവണത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളി‌ല്‍ ഒന്നാണ്. അബുദാബി, ബുസാന്‍, ഗോവ ചലച്ചിത്രമേളകളിലും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഐ. ഡി.

സമൂഹത്തില്‍ വ്യക്തിയുടെ സ്വത്വം (ഐഡന്റിറ്റി) എന്നതിനെ സാമൂഹികവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ തലത്തില്‍ നിന്ന് നോക്കിക്കാണുന്ന ചിത്രമാണിത്. പേര്, തൊഴില്‍, ജീവിതം, ഭാഷ, ദേശം തുടങ്ങിയവയൊക്കെ വിവിധ സന്ദര്‍ഭങ്ങളി‌ല്‍ നമുക്ക് ഐഡന്റിറ്റിയാണ്. പക്ഷേ, ദേശങ്ങള്‍ വിട്ട് പോകേണ്ടി വരുന്നവരുടെ സ്വത്വപ്രതിസന്ധിയെക്കുറിച്ച് പ്രേക്ഷകനി‌ല്‍ അങ്കലാപ്പുണ്ടാക്കുന്ന ചിത്രമാണ് ഐ. ഡി. പലകാലങ്ങളിലും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മാറിയ ലോക സാഹചര്യങ്ങളി‌ല്‍ സിനിമ പോലുള്ള മാധ്യമത്തിലൂടെ തീര്‍ത്തും കാലികമായ വിഷയമാണ് കമാ‌ല്‍ അതീവ ഹൃദ്യമായി കൈകാര്യം ചെയ്ത് അവതരിപ്പിക്കുന്നത്.

മുംബൈയിലെ ഫ്ളാറ്റില്‍ താമസിക്കുന്ന സിക്കിംകാരിയായ ചാരു ശ്രേഷ്ഠ എന്ന പെണ്‍കുട്ടിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ചാരുവിന്റെ ഫ്ളാറ്റി‌ല്‍ ഒരു ദിവസം പെയിന്റിംഗിനായി എത്തുന്ന ഒരു തൊഴിലാളി ജോലിക്കിടയി‌ല്‍ ബോധരഹിതനായി വീഴുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഒട്ടും അതിഭാവുകത്വമില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ബോധരഹിതനായി വീണ ഇയാളെ ചാരു ആശുപത്രിയിലെത്തിക്കുന്നു. ആശുപത്രിയിലെത്തുന്ന ഇയാള്‍ അവിടെ വച്ച് മരിക്കുന്നു. സഹായത്തിനായി ചാരു ആദ്യം സമീപിക്കുന്ന അയ‌ല്‍ഫ്ളാറ്റിലെ പ്രായമുള്ള സ്ത്രീയും ഫ്ളാറ്റിലെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ദുര്‍ബലനായ വൃദ്ധനും പ്രേക്ഷകനി‌ല്‍ ഒരു മെട്രോ നഗരത്തിന്റെ യാഥാര്‍ത്ഥ്യത്തെയാണ് വരച്ചുകാണിക്കുന്നത്. ചാരു എങ്ങിനെയെങ്കിലും മരിച്ച തൊഴിലാളിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം ആദ്യം മുതല്‍ക്കേ നടത്തുന്നുണ്ടെങ്കിലും ഒന്നും വിജയിക്കുന്നില്ല. അയാളുടെ മൊബൈലോ, അയാളെ ഏര്‍പ്പാടാക്കിയ ലേബര്‍ കോണ്‍ട്രാക്ടറോ, പോലീസോ ഒന്നും ചാരുവിനെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നില്ല. ബന്ധുക്കളെ കണ്ടെത്തി, തന്റെ ഉത്തരവാദിത്ത്വത്തി‌ല്‍ നിന്നും ഒഴിയാനുള്ള വ്യഗ്രത ക്രമേണ ആത്മാര്‍ത്ഥമായ ശ്രമമായി പരിണമിക്കുന്നു. ഇയാളുടെ വാസസ്ഥലം തേടി കുടിയേറ്റ തൊഴിലാളിക‌ള്‍ താമസിക്കുന്ന നിരവധി ചേരികളും ചാരു സന്ദര്‍ശിക്കുന്നു. മുംബൈ നഗരത്തിലെ തീരെ പകിട്ടില്ലാത്ത, തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളിലൂടെയും, അവര്‍ ഒത്തു ചേരുന്ന ലേബ‌ര്‍ പോയിന്റുകളിലൂടെയും ഈ പെണ്‍കുട്ടി പ്രേക്ഷകനെ ഒപ്പം കൊണ്ടു പോകുന്നു. ചേരികളിലും അതിന്റെ പിന്നാമ്പുറങ്ങളിലുമുള്ള മാലിന്യക്കൂമ്പാരങ്ങളും അഴുക്കു ചാലുകളും ഇടവഴികളും എല്ലാം തീര്‍ത്തും യാഥാര്‍ത്ഥ്യമായി തന്നെ പ്രേക്ഷകനിലെത്തിക്കുന്നുണ്ട് സിനിമ. ഒടുവില്‍, മരിച്ച തൊഴിലാളിയുടെ ബന്ധുക്കളെ തേടിയുള്ള ചാരുവിന്റെ യാത്ര നിരര്‍ത്ഥകമായി അവസാനിക്കുന്നിടത്ത് ചിത്രം പൂര്‍ത്തിയാകുന്നു.

വ്യക്തിയുടെ സ്വത്വപ്രതിസന്ധി ഒരു പ്രശ്നമാവുന്നത്, പലപ്പോഴും അയാള്‍ സ്വന്തം ദേശത്ത് നിന്ന് പറിച്ചുനടപ്പെടുമ്പോഴാണ്. ഈ പറിച്ചുനടീലിന് പല കാരണങ്ങള്‍ ഉണ്ടാകാം. വിദേശത്തോ, സംസ്ഥാനത്തിന് പുറത്തോ ജീവിക്കുന്ന, പ്രവാസികള്‍ എന്ന് വിളിക്കപ്പെടുന്ന വിദേശ മലയാളികളും, അടുത്തകാലത്തായി നമ്മുടെ നാട്ടില്‍ തൊഴി‌ല്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളും തന്നെ ഇതിനുദാഹരണങ്ങളാണ്. ഒരര്‍ത്ഥത്തി‍ല്‍ തൊഴി‌ല്‍ തേടിയുള്ള വ്യക്തിയുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തിക്കൊണ്ട് ഇത്തരം പ്രശ്നങ്ങളെ നേരിടാനുമാവില്ല. ഇവിടെ സിക്കിമില്‍ നിന്നും ജോലി തേടി മുബൈയിലെത്തിയ ചാരുവും, മറ്റേതോ ദേശത്ത് നിന്ന് തൊഴില്‍ തേടി നഗരത്തിലെത്തി ജോലിക്കിടെ മരിക്കുന്ന പെയിന്റിംഗ് തൊഴിലാളിയും ഏതെങ്കിലുമൊരളവി‌ല്‍ ഈ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്.

ഇപ്പോ‌ള്‍ സര്‍ക്കാ‌ര്‍ ഏര്‍പ്പെടുത്തുന്ന നിരവധി തിരിച്ചറിയ‌ല്‍ രേഖകള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. അഞ്ച് വയസ്സ് തികയുന്ന കുട്ടിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് പോലും സര്‍ക്കാ‌ര്‍ നിശ്ചയിച്ചിരിക്കുന്നു. ഇതിലൊന്നും പെടാതെ സ്വത്വപ്രതിസന്ധിയെന്ന സാമൂഹികാവസ്ഥ നേരിടുന്ന, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു സമൂഹം ഇവിടെ നിലനില്‍ക്കുന്നുവെന്ന യാത്ഥാര്‍ത്ഥ്യത്തിന് നേരെ പിടിക്കുന്ന കണ്ണാടിയാണ് ഈ ചിത്രം.

ചിത്രത്തെക്കുറിച്ച്-
തിരക്കഥ, സംവിധാനം - കെ. എം. കമാല്‍
നിര്‍മ്മാണം - റസൂ‌ല്‍ പൂക്കുട്ടി, രാജീവ് രവി, മധു നീലകണ്ഠന്‍, സുനില്‍ ബാബു, ബി. അജിത് കുമാര്‍
ക്യാമറ - മധു നീലകണ്ഠന്‍
എഡിറ്റിംഗ് - ബി. അജിത് കുമാര്‍
ശബ്ദലേഖനം - റസൂ‌ല്‍ പൂക്കുട്ടി
സംഗീതം - ജോ‌ണ്‍ പി. വര്‍ക്കി, സുനില്‍കുമാ‌ര്‍
മുഖ്യ കഥാപാത്രങ്ങള്‍ - ഗീതാഞ്ജലി ഥാപ്പ, മുരാരി കുമാര്‍

നദീസംയോജനം – ഗുരുതരമായ പ്രത്യാഘാതങ്ങ‌ള്‍

ഇക്കഴിഞ്ഞ ഫെബ്രുവരിയി‌ല്‍ നദീസംയോജന പദ്ധതി സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി രാജ്യത്തെ ജനങ്ങളി‌ല്‍ കുറേപ്പേരെയെങ്കിലും അമ്പരപ്പിച്ചു. ഇന്ത്യയുടെ വിവിധ ദിക്കുകളിലുള്ള നദികളെ തമ്മില്‍ ബന്ധിപ്പിക്കുക, അണകെട്ടി നിര്‍ത്തി ജലസേചനത്തിനായി ഉപയോഗിക്കുക, ജലവൈദ്യുതി ഉത്പാദിപ്പിക്കുക എന്നിങ്ങനെയുള്ള പദ്ധതിക‌ള്‍ ലക്ഷ്യമിട്ട്, ഭീമമായ തുക ചിലവാക്കി, നടപ്പാക്കുവാനുദ്ദേശിക്കുന്ന ഈ പദ്ധതി ദീര്‍ഘകാലമായി കോടതിയുടെ പരിഗണനയിലായിരുന്നു.

ഇന്ത്യയിലുടനീളം വിവിധ നദികളെ തമ്മില്‍ ബന്ധിപ്പിച്ച് കനാലുക‌ള്‍ തീര്‍ക്കുവാനാണ് ലക്ഷ്യം. ഇങ്ങനെയുള്ള അനേകം പദ്ധതികളില്‍ കൃത്യമായ പദ്ധതി രേഖ തയ്യാറാക്കപ്പെട്ടവ വിരളമത്രെ. വിശദമായ പഠനങ്ങ‌ള്‍ നടത്തി കുടിയൊഴിപ്പിക്കേണ്ടവരുടെ എണ്ണം, നഷ്ടമാകുന്ന കൃഷിസ്ഥലങ്ങള്‍, വാസസ്ഥലങ്ങള്‍, പുനരധിവാസത്തിനുള്ള മാര്‍ഗ്ഗങ്ങ‌ള്‍ തുടങ്ങിയവയെക്കുറിച്ച് സമഗ്രമായ പഠനം ഇനിയും നടത്തേണ്ടതുണ്ട്. ഇത് കൂടാതെ, ബൃഹദ് പദ്ധതികള്‍ക്ക് നിര്‍ബന്ധമായ പരിസ്ഥിതി ആഘാത ഫഠനം ഒന്നിനെയും സംബന്ധിച്ച് തയ്യാറാക്കപ്പെട്ടതായി അറിയില്ല. വിവിധ സംസ്ഥാന ഗവണ്‍മെന്റുക‌ള്‍ നദീസംയോജനം സംബന്ധിച്ച നയപരമായ തീരുമാനവും എടുത്തിട്ടില്ല. നിലവില്‍ ഒഴുകുന്ന നദികളുടെ ദിശ മാറുന്നത് ആ പ്രദേശത്ത് താമസിക്കുന്നവരുടെ കുടിവെള്ളം പോലുള്ള അതീവ പ്രാധാന്യമുള്ള അടിസ്ഥാന ആവശ്യങ്ങ‌ള്‍, സ്വാഭാവീകമായ പ്രകൃതിയുടെ വ്യവസ്ഥ, ഇവ മാറ്റിമറിക്കപ്പെടാനിടയാക്കും. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന കാലയളവ്, വിഭവസമാഹരണം, ഇവ സംബന്ധിച്ചും വ്യക്തതയില്ല. തീര്‍ത്തും അപക്വമായ അവസ്ഥയിലിരിക്കുന്ന ഒരു പദ്ധതി നടപ്പാക്കണമെന്നാണ് സുപ്രീം കോടതി ഈ വിധിയിലൂടെ ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാധാരണ, ഇത്തരം സുപ്രധാനവും നയപരവുമായ തീരുമാനം സര്‍ക്കാ‌ര്‍ എടുക്കേണ്ടുന്ന പദ്ധതികളി‌ല്‍, കോടതി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം എന്ന നിലയിലാണ് വിധി പ്രസ്താവിക്കാറുള്ളതെങ്കില്‍, ഈ കേസില്‍ പദ്ധതി നടപ്പാക്കണം എന്ന തരത്തിലാണ് വിധി പറഞ്ഞിട്ടുള്ളത് എന്ന് വേണം മനസ്സിലാക്കാ‌ന്‍.

കേരളത്തെ സംബന്ധിച്ച്, പമ്പ, അച്ചന്‍കോവിലാ‌ര്‍ എന്നീ നദികളെ തമിഴ് നാടിലെ വൈപ്പാറുമായി ബന്ധിപ്പിക്കുക വഴി അധിക ജലം തമിഴ് നാടിലേക്ക് ഒഴുക്കാ‌ന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. വേനല്‍ക്കാലത്ത് ആവശ്യത്തിന് ജലലഭ്യതയില്ലാത്ത സ്ഥിതി നിലനില്‍ക്കുന്ന പമ്പയുടെയും അച്ചന്‍കോവിലാറിന്റെയും സാമീപ്യമുള്ള ജില്ലക്കാര്‍ക്ക് ഈ വാര്‍ത്ത ഹൃദയഭേദകമാണ്. കൂടാതെ, കടല്‍ നിരപ്പിനേക്കാ‌ള്‍ താഴെയുള്ള കുട്ടനാടന്‍ മേഖലയിലെ പരിസ്ഥിതിയുടെ സംതുലനാവസ്ഥ തകിടം മറിയാനും സാദ്ധ്യതയുണ്ട്. കൃഷിക്ക് യോഗ്യമല്ലാത്ത തരത്തില്‍ കായലുകളിലും തണ്ണീര്‍തടങ്ങളിലും ഉപ്പുവെള്ളം നിറഞ്ഞാ‌ല്‍ അവിടുത്തെ ആവാസവ്യവസ്ഥ തന്നെ തകിടം മറിയും. ഇത് കേരളത്തിന്റെ മാത്രം പ്രയാസങ്ങളാണെങ്കില്‍ ഇതര സംസ്ഥാനങ്ങളിലും ഈ നദീ സംയോജന പദ്ധതി ഉണ്ടാക്കാ‌ന്‍ പോകുന്ന പ്രയാസങ്ങളും പ്രത്യാഘാതങ്ങളും എന്തായിരിക്കുമെന്ന് ചിന്തിക്കുക.

കോടിക്കണക്കിന് രൂപാ ചിലവാക്കിയാല്‍ മാത്രമേ ഈ പദ്ധതി നടപ്പാക്കാനാവൂ എന്ന് ഏവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, പ്രായോഗീകമായി ചിന്തിക്കുക വഴി, ഈ പണം നിലവിലെ കാര്‍ഷിക മേഖലയ്ക്കും ഊര്‍ജ്ജ മേഖലയ്ക്കും നീക്കി വയ്ക്കുന്ന പക്ഷം, രാജ്യത്തിന്റെ ഉത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാവുകയും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യും.

കോടതിവിധി ഇന്ത്യയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജല കൈമാറ്റം എക്കാലത്തും വളരെ സെന്‍സിറ്റീവായ ഒരു പ്രശ്നം തന്നെയാണ് എന്നത് വസ്തുതയാണ്. അനാവശ്യമായ അന്തഃഛിദ്രങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മനസ്സി‌ല്‍ ഉണ്ടാക്കുന്നതിന് വരെ ഇത് കാരണമാകും. ഇതിനെല്ലാമുപരി, നദികളുടെ സ്വാഭാവീക ഗതി വന്‍തോതി‌ല്‍ തിരിച്ചുവിടുകയും, തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നത് പ്രകൃതിക്ക് ഉണ്ടാക്കുന്ന ആഘാതങ്ങ‌ള്‍ എന്തൊക്കെയാണെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. ആശയവ്യക്തതയില്ലാത്ത ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്‍പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുക‌ള്‍ ആഴത്തി‌ല്‍ ചിന്തിക്കട്ടെ.

(പുസ്തകം 42, ലക്കം 3, മാര്‍ച്ച് 2012)

നാടന്‍ ആസ്വാദക കൂട്ടായ്മകള്‍

മൂവാറ്റുപുഴയില്‍ അടുത്തിടെയായി ഏറെ കലാസ്വാദക കൂട്ടായ്മക‌ള്‍ പുതുതായി രൂപം കൊള്ളുന്നു. നിയതമായ ഒരു സംഘടനാ ചട്ടക്കുടിലല്ലാതെ പ്രവര്‍ത്തിക്കുന്ന വെറും കലാസ്വാദക സംഘങ്ങളും, കൃത്യമായ സംഘടനാ സ്വഭാവമുള്ളവയും ഇക്കൂട്ടത്തിലുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളിക്കോട്ടയെന്ന പേരിലുണ്ടായ ഒരു ആസ്വാദക സംഘമാണ് ഇത്തരമൊരു പ്രവണതയ്ക്ക് മൂവാറ്റുപുഴയി‌ല്‍ തുടക്കമിട്ടത്. കര്‍ണ്ണാടക സംഗീതം, കഥകളി തുടങ്ങിയ ക്ലാസിക്കല്‍ കലകളുടെ പ്രോത്സാഹനവും ആസ്വാദനവുമായിരുന്നു കളിക്കോട്ട ലക്ഷ്യമിട്ടത്. പിന്നീട് വോയ്സ് ഓഫ് മൂവാറ്റുപുഴ എന്ന പേരി‌ല്‍ മൂവാറ്റുപുഴയിലെ അമച്വ‌ര്‍ ഗായക‌ര്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒത്തുകൂടി, പാട്ടുകള്‍ പാടി പിരിയുന്ന ഒരു സംഘവും സജീവമായി. ഇതിനും മുന്‍പേ രൂപംകൊണ്ട മലയാളം കലാ-സാംസ്ക്കാരിക വേദി, അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിട്ട് സജീവമാകുന്നതും ഇതേകാലയളവിലാണ്. രണ്ടായിരത്തില്‍ രൂപം കൊണ്ട ചലന എന്ന ഫിലിം സൊസൈറ്റി രണ്ടായിരത്തി ഒന്‍പതു വരെ മൂവാറ്റുപുഴയിലെ ചലച്ചിത്രപ്രേമികള്‍ക്കിടയി‌ല്‍ സജീവസാന്നിദ്ധ്യമായിരുന്നു. ഇടക്കാലത്തുണ്ടായ വിടവ്, പുതിയൊരു ഫിലിം സൊസൈറ്റിക്ക് ജന്മം നല്‍കി - മൂവാറ്റുപുഴ ഫിലിം സൊസൈറ്റി. ഇതു കൂടാതെ, സിനിമയേയും കലകളേയും എല്ലാറ്റിനുമുപരി പാട്ടിനേയും സ്നേഹിക്കുന്നവരുടെ കുടുംബക്കൂട്ടായ്മയായി മൂവിമെന്റ് എന്ന പേരി‌ല്‍ ഒരു സംഘടന കൂടി രൂപം കൊണ്ടു. ആരും കൊതിക്കുന്ന വൈവിദ്ധ്യമാര്‍ന്ന അവതരണശൈലി കൊണ്ട് ഇവരുടെ സംഗീതപരിപാടിക‌‌ള്‍ ശ്രദ്ധിക്കപ്പെട്ടു. ഇത് കൂടാതെ മൂവാറ്റുപുഴക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലെ കലാവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ചെറു കലാസ്വാദക ഗ്രൂപ്പുകളും സജീവമായി. ആരംഭം മുതല്‍ കലാ പ്രോത്സാഹനത്തിലും അദ്ധ്യയനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കലാകേന്ദ്രയും ഇവിടെ സാന്നിദ്ധ്യമുറപ്പിച്ചു.

സാഹിത്യരംഗത്തുമുണ്ടായി ഇത്തരം ഒത്തുചേരലുകള്‍. തോര്‍ച്ച എന്ന സമാന്തരമാസികയിലൂടെ ബിജോയ് ചന്ദ്രന്റെ നേതൃത്ത്വത്തി‌ല്‍ പതിവായി മാസിക പുറത്തിറങ്ങിത്തുടങ്ങിയതോടെയാണ് ഈ മേഖല ജീവ‌ന്‍ വച്ചത്. മുന്‍പ് സാഹിതീ സംഗമം രൂപംകൊണ്ട് പ്രവര്‍ത്തിച്ച തട്ടകത്തിലേക്ക് പുത്തന്‍ തലമുറക്കാരായി കടന്നുവന്നത് തോര്‍ച്ചയുടെ പ്രവര്‍ത്തകരാണ്. ഇത് കൂടാതെ പേര് പരാമര്‍ശിക്കപ്പെടാതെ പോയവയും പരിസ്ഥിതി രംഗത്തെ ഗ്രീന്‍പീപ്പി‌‌ള്‍‍ പോലുള്ള ശ്രമങ്ങളും എടുത്തു പറയേണ്ടവ തന്നെ.

ഇത്തരം കൂട്ടായ്മകളെല്ലാം ഉണ്ടാകുന്നത് തീര്‍ത്തും സ്വാഭാവീകമായാണ് എന്നതും, പരസ്പരമുള്ള മത്സരമോ വിദ്വേഷമോ ഇല്ലാതെയുള്ള സാംസ്ക്കാരിക വളര്‍ച്ചക്ക് പക്വതയാര്‍ന്ന ഭൂമികയായി മൂവാറ്റുപുഴ മാറിയിരിക്കുന്നുവെന്നുമുള്ള വസ്തുതയാണ് ഇവിടെ വെളിപ്പെടുന്നത്. ഈ ഒത്തുചേരലുകളെല്ലാം തന്നെ വെറും ഒത്തുചേരലുകള്‍ മാത്രമായി തീരാതെ, ഓരോ കൂട്ടായ്മയില്‍ നിന്നും സൃഷ്ടിക‌‌ള്‍ ഉണ്ടാവുകയും അത്തരം സൃഷ്ടികള്‍ പൂര്‍ണ്ണമായും വേദിയിലവതരിപ്പിക്കപ്പെടുകയും വേണം. അങ്ങിനെ അവതരണവും ആസ്വാദനവും ഒരുപോലെ അനുഭവിക്കുവാ‌ന്‍ ഈ തലമുറക്ക് കഴിയും. മൂവാറ്റുപുഴയുടെ സാംസ്ക്കാരിക പാരമ്പര്യവും പശ്ചാത്തലവും ഇത്തരം കലാസൃഷ്ടികളാല്‍ സമ്പുഷ്ടമാകട്ടെ.

(പുസ്തകം 42, ലക്കം 2, ഫെബ്രുവരി 2012)

ചൊവ്വാഴ്ച, ജനുവരി 24, 2012

വാര്‍ഡ് സഭകളെ വോട്ടര്‍മാ‌ര്‍‍ അറിയുമോ?

ജനങ്ങള്‍ക്ക് ഭരണ-വികസന കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന് സാഹചര്യമുണ്ടാക്കുന്ന വേദിയാണ് വാര്‍ഡ് സഭക‌ള്‍. കേരളത്തി‍‌ല്‍ ഇവ വേണ്ടത്ര സജീവമല്ല. പേരിന് മാത്രം ചേര്‍ന്ന് പിരിയുന്ന, വാര്‍ഡിലെ അംഗങ്ങളുടെ പങ്കാളിത്തം തീരെയില്ലാത്ത, ഒരു വേദിയായി ഇത് മാറുന്നത് എന്തുകൊണ്ട്? പ്രാദേശിക ഭരണ സംവിധാനത്തിന്‍റെ അടിത്തറ എന്ന് വിശേഷിപ്പിക്കാവുന്ന വാര്‍ഡ് സഭക‌ള്‍ സജീവമല്ല എന്നാല്‍ അതിനര്‍ത്ഥം ഭരണത്തി‌ല്‍ ജനകീയ പങ്കാളിത്തം തീരെയില്ല എന്നാണ്. അധികാര വികേന്ദ്രീകരണം എന്ന സങ്കല്പം അവിടെ ഇല്ലാതാവുകയും കേന്ദ്രീകൃത ഭരണത്തിന്റെ കുറവുകള്‍ അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ഒരുപക്ഷേ, വാര്‍ഡ് സഭയുടെ ശക്തിയെക്കുറിച്ചോ, സഭയ്ക്കുള്ള അധികാരങ്ങളെക്കുറിച്ചോ വോട്ടര്‍മാ‌ര്‍ ബോധവാന്മാരല്ലാത്തതുകൊണ്ടാണ് ഇത്തരം സഭകള്‍ നിര്‍ജ്ജീവമാകുന്നത്. ഈ അധികാരങ്ങളോടൊപ്പം ഒരു പൗരന്‍ എന്ന നിലയിലുള്ള ത ന്‍റെ  കടമകളെക്കുറിച്ചുകൂടി ബോധവാന്മാരാകാനും, ഒപ്പം ജനകീയവും സുതാര്യവുമായ ഭരണം നടത്തുവാ‌‌‌‌ന്‍‍ വാര്‍ഡ് സഭയിലൂടെ ഓരോരുത്തര്‍ക്കും തന്നാലാവുന്നത് ചെയ്യുവാന്‍ കഴിയുമെന്നതും അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

വാര്‍ഡ് സഭയെന്നത് ഓരോ വാര്‍ഡിലെയും വോട്ട‌ര്‍ പട്ടികയി‌ല്‍ പേരുള്ള എല്ലാവരും ഉള്‍പ്പെടുന്നതാണ്. അതാത് വാര്‍ഡിലെ കൗണ്‍സിലര്‍മാരാണ് ഈ സഭയുടെ കണ്‍വീനര്‍മാര്‍. മൂന്ന് മാസത്തിലൊരിക്കല്‍ നോട്ടീസ് നല്‍കി വാര്‍ഡ് സഭയുടെ യോഗം വിളിക്കേണ്ടതാണ്. തുടര്‍ച്ചയായി രണ്ട് തവണ ഇതിന് വീഴ്ച വരുത്തുന്നത് കൗണ്‍സിലര്‍മാരുടെ സ്ഥാനം നഷ്ടപ്പെടുത്താ‌ന്‍ ഇടയാക്കും. യോഗത്തി ന്‍റെ  മിനിട്ട്‌സും തീരുമാനങ്ങളും യോഗസ്ഥലത്തു തന്നെ എഴുതി പൂര്‍ത്തിയാക്കി പാസ്സാക്കേണ്ടതുണ്ട്. ഇത്തരം സഭകളുടെ ഏതെങ്കിലും തീരുമാനം നടപ്പാക്കാതെ വന്നാ‌ല്‍, തദ്ദേശ സ്ഥാപനം അതിനുള്ള കാരണം വാര്‍ഡ് സഭയെ അറിയിക്കണം. മേല്‍പ്പറഞ്ഞതെല്ലാം വാര്‍ഡ് സഭാംഗങ്ങളായ ഓരോ വോട്ടറും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് കൂടാതെ പദ്ധതി ആസൂത്രണം, നിര്‍വ്വഹണം, പൊതു സൗകര്യങ്ങള്‍, മരാമത്ത് പണികള്‍, വിവിധ പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്ക‌ല്‍, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം, വരവ്-ചിലവ് കണക്ക്, ഓഡിറ്റ് തുടങ്ങി എല്ലാ മേഖലകളിലും ഇടപെടുന്നതിനും പങ്കാളികളാകുന്നതിനുമുള്ള സാഹചര്യം ഇന്നത്തെ കേരളാ പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഉണ്ട്. ഇവയെ അറിഞ്ഞ്, ക്രിയാത്മകമായും കാര്യക്ഷമമായും ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമം പക്ഷേ വോട്ടര്‍മാരുടെ ഭാഗത്തു നിന്നും ഇല്ല, അല്ലെങ്കില്‍ തീരെ കുറവാണ്.

ഇത്തരത്തിലുള്ള നിയമ വ്യവസ്ഥകള്‍ പ്രയോജനപ്പെടുത്തി സജീവമായ വാര്‍ഡ് സഭക‌ള്‍ ചേരുകയും, അതിലൂടെ നമ്മുടെ നാടിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളി‌ല്‍ പങ്കാളികളാവുകയും ചെയ്യുക എന്നത് ഓരോ പൗര ന്‍റെ യും കടമയാണ്. കേവലം അധികാരങ്ങള്‍ കൂടാതെ, കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുവാന്‍ കൂടി ഇത്തരം വേദിക‌ള്‍ പ്രയോജനപ്പെടുത്തിയാ‌ല്‍ മാത്രമേ അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമായ അര്‍ത്ഥത്തി‌ല്‍ പ്രാബല്യത്തിലാവുകയുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വാര്‍ഡി ന്‍റെ  വികസനപ്രവര്‍ത്തനങ്ങളി‌ല്‍ സഹായിക്കാനാകണം ഇത്തരം വേദിക‌ള്‍ പ്രയോജനപ്പെടുത്തേണ്ടത്. മൂവാറ്റുപുഴ നഗരസഭയും നമ്മുടെ വാര്‍ഡ് സഭകളെ കൂടുത‌ല്‍ സജീവമാക്കാനുള്ള ചില ശ്രമങ്ങ‌ള്‍ നടത്തിവരികയാണ്. ഈ ശ്രമങ്ങള്‍ സഫലമാകട്ടെയെന്നും ഇതുവഴി ഒരു പുത്തനുണര്‍വ്വ് നഗരസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകട്ടെയെന്നും ആഗ്രഹിക്കുന്നു.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 42, ലക്കം 1, ജനുവരി 2012)