ലേഖനങ്ങള്‍/ഓര്‍മ്മകള്‍

സംഗീത സുപ്രഭാതത്തിന് നൂറിന്റെ നിറവ്

എം. എസ്. സുബ്ബലക്ഷ്മിയെന്ന പേര് കേള്‍ക്കുന്ന മാത്രയില്‍ സാധാരണക്കാരുടെ മനസ്സില്‍ തെളിയുന്നത് തേജസ്സാര്‍ന്ന മുഖത്ത് തിളങ്ങുന്ന വൈര മൂക്കുത്തിയും നെറ്റിയിലെ കുങ്കുമപൊട്ടും പട്ടുസാരിയുമാണ്. ശബ്ദരേഖയായി വെങ്കിടേശ്വര സുപ്രഭാതവും. ഭാരതീയ സംഗീതത്തെ ലോകത്തിന് മുന്‍പില്‍ തെളിമയോടെ അവതരിപ്പിച്ച, ഏവരാലും ആദരിക്കപ്പെട്ട സംഗീതവിസ്മയത്തിന്റെ നൂറാം ജന്മദിന വേളയിലാണ് ഈ കുറിപ്പ് വായനക്കാരുടെ പക്കല്‍ എത്തുന്നത്. ആറുപതിറ്റാണ്ട് സജീവമായി നിന്ന സംഗീതജീവിതം - ഇതിനിടയില്‍ അഭിനയിച്ച നാല് ചലച്ചിത്രങ്ങള്‍, യു. എന്നി (1968) ലും വിവിധ രാജ്യങ്ങളിലും ലോകനേതാക്കളുടെ സവിധങ്ങളിലും ഉള്‍പ്പടെ നിരവധി സംഗീത കച്ചേരികള്‍... അങ്ങിനെ കര്‍മ്മ നിരതവും സംഗീതസാന്ദ്രവുമായിരുന്നു എം. എസ്. എന്ന മധുരൈ ഷണ്‍മുഖവടിവ് സുബ്ബലക്ഷ്മിയുടെ ജീവിതം. ശരാശരി ഭാരതീയനെ സംബന്ധിച്ച് മറ്റെന്തിനെക്കാളുമുപരി പ്രഭാതങ്ങളെ ഭക്തിസാന്ദ്രമാക്കുന്ന വെങ്കടേശ്വര സുപ്രഭാതത്തിന്റെ ആത്മാവായിരുന്നു ആ ശബ്ദം.1963ലാണ് ലോകപ്രശസ്തമായ ഈ പ്രാര്‍ത്ഥനാഗാനം സുബ്ബലക്ഷ്മിയുടെ ശബ്ദത്തില്‍ ലോകം ആദ്യം കേള്‍ക്കുന്നത്. 

ക്ഷേത്രനഗരമായ തമിഴ്നാട്ടിലെ മധുരയിലെ ഒരു ദേവദാസി കുടുംബത്തില്‍ വീണാവാദകയായിരുന്ന ഷണ്‍മുഖവടിവിന്റെയും വക്കീലായിരുന്ന സുബ്രഹ്മണ്യ അയ്യരുടെയും പുത്രിയായി 1916 സെപ്തംബര്‍ 16ന് സുബ്ബലക്ഷ്മി ജനിച്ചു. ആദ്യമായി ഷെല്ലാക്ക് പ്ലെയിറ്റില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ട ഗായികയായിരുന്നു ഷണ്‍മുഖവടിവ്. മുത്തശ്ശി അക്കമ്മാള്‍ ഫിഡില്‍ വാദകയും. അഞ്ചാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തിയ സുബ്ബലക്ഷ്മി പിന്നീട് സഞ്ചരിച്ചത് സംഗീതത്തിന്റെ ലോകത്താണ്. അക്കാലത്തെ പ്രശസ്ത കലാകാരന്മാരായിരുന്ന മിക്കവരും ആ ഭവനത്തിലെ നിത്യ സന്ദര്‍ശകരായിരുന്നു. അമ്മയായിരുന്നു ആദ്യഗുരു. ആദ്യം പഠിച്ചത് വീണയും. അക്കാലത്തെ മൃദംഗചക്രവര്‍ത്തി ദക്ഷിണാമൂര്‍ത്തിപ്പിള്ളയാണ് സുബ്ബലക്ഷ്മിയുടെ കഴിവ് തിരിച്ചറിഞ്ഞത്. അങ്ങിനെ നാമക്കല്‍ ശ്രീനിവാസ അയ്യങ്കാര്‍ വീട്ടുകാര്‍ കുഞ്ചമ്മ എന്ന് വിളിച്ചിരുന്ന സുബ്ബലക്ഷ്മിക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി. അരിയക്കുടി രാമാനുജം അയ്യങ്കാര്‍, മായവരം വി. വി. കൃഷ്ണയ്യര്‍, സീത്തൂര്‍ സുന്ദരേശ ഭട്ടര്‍ എന്നീ പ്രഗത്ഭ സംഗീതജ്ഞര്‍  വഴികാട്ടികളുമായി. അങ്ങിനെ മഹാഗായകരുടെ പരിശീലനത്തില്‍ സമ്പ്രദായശുദ്ധവും ലക്ഷണയുക്തവുമായ ഒരു ശൈലിക്കുടമയായ എം. എസ്. ജനിക്കുകയായിരുന്നു.

അരങ്ങേറ്റത്തെക്കുറിച്ച് സുബ്ബലക്ഷ്മി ഓര്‍ക്കുന്നതിങ്ങനെ ചെളിമണ്ണില്‍ കളിച്ചുകൊണ്ടികുന്നപ്പോള്‍ അഴുക്കും ചെളിയും പുരണ്ട കൈകളോടും പാവാടയോടും കൂടി ആരോ തന്നെ അടുത്തുള്ള സേതുപതി സ്ക്കൂളിലേയ്ക്ക് പിടിച്ചുകൊണ്ടുപോയി. അവിടെ അന്‍പത്-നൂറു പേര്‍ക്ക് മുന്‍പില്‍ അമ്മ വീണ വായിക്കുന്നു. അമ്മയുടെ നിര്‍ദ്ദേശപ്രകാരം ഹിന്ദുസ്ഥാനി ശൈലിയിലുള്ള ആനന്ദജ എന്ന മറാത്തി ഗാനം സുബ്ബലക്ഷ്മി പാടി. കൂടാതെ രണ്ടുമൂന്നെണ്ണം കൂടി. വീണ്ടും ചെളിമണ്ണിലേയ്ക്ക് തന്നെ ഓടിപ്പോയി. 1916ല്‍ പത്താം വയസ്സില്‍ സുബ്ബലക്ഷ്മിയുടെ ഗാനം ആദ്യമായി ഓറിയെന്റല്‍ റെക്കാര്‍ഡ്സ് ശബ്ദലേഖനം ചെയ്ത്, ട്വില്‍ റെക്കാര്‍ഡിംഗ് കമ്പനി പ്രസിദ്ധീകരിച്ചു. പഗഴി കൂത്തര്‍ രചിച്ച ചെഞ്ചുരുട്ടി രാഗത്തിലുള്ള മൂന്നര മിനിട്ട് ദൈര്‍ഘ്യമുള്ള കീര്‍ത്തനമായിരുന്നു അത്. ഡിസ്ക്കുകളില്‍ മിസ്സ്. മധുരൈ സുബ്ബലക്ഷ്മി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പിന്നീടുള്ള ഡിസ്ക്കുകളില്‍ അത് മിസ്സ്. മധുരൈ ഷണ്‍മുഖവടിവ് സുബ്ബലക്ഷ്മിയെന്നായി. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രഗത്ഭരുടെ പക്കമേളത്തോടെതന്നെ സുബ്ബലക്ഷ്മി കച്ചേരികള്‍ അവതരിപ്പിച്ച് പേരെടുത്തു. ഒപ്പം പത്തോളം ഡിസ്ക്കുകളും പ്രശസ്തമായി. 1932ല്‍ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ആഘോഷിക്കുന്ന കുംഭകോണം മഹാമഹത്തിലും അവര്‍ പാടി.

പൊതുവേദികളില്‍ സ്ത്രീകള്‍ക്ക് പാടാന്‍ വിലക്കുണ്ടായിരുന്ന, സ്ത്രീകള്‍ കര്‍ട്ടന് മറവിലിരുന്ന് കച്ചേരികള്‍ കേട്ടിരുന്ന കാലത്താണ് കെ. ബി. സുന്ദരാംബാളെയും എസ്. ഡി. സുബ്ബലക്ഷ്മിയെയും പോലെ ഷണ്‍മുഖവടിവും മകളെ ധീരതയോടെ ഒപ്പം കൂട്ടിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 1934ല്‍ പതിനാറാം വയസ്സില്‍ എക്കാലത്തേയും പ്രശസ്തവും പ്രൗഢവുമായ അരങ്ങെന്ന് വിശേഷിപ്പിക്കാവുന്ന മദ്രാസ് മ്യൂസിക് അക്കാദമിയില്‍ അക്കാലത്തെ അതീവ പ്രഗത്ഭഗായകരുടെ സാന്നിദ്ധ്യത്തില്‍ സുബ്ബലക്ഷ്മിയുടെ ആദ്യകച്ചേരി നടന്നു. അതിനു മുന്‍പ് ഒരൊറ്റ വനിതയും ഔദ്യോഗീകമായി മദ്രാസ് മ്യൂസിക് അക്കാദമിയില്‍ പാടിയിരുന്നില്ല. തുടര്‍ന്നങ്ങോട്ട് മാധ്യമങ്ങളും നല്ല പിന്തുണയും പ്രോത്സാഹനവും നല്‍കി. ഇക്കാലത്ത് അമ്മയോടൊപ്പം അവര്‍ മധുര വിട്ട് മദ്രാസില്‍ താമസമാക്കി. വീണ്ടും ഏതാനും ഡിസ്ക്കുകള്‍ കൂടി പുറത്തു വന്നു. സി. രാജഗോപാലാചാരിയുടെ അടുപ്പക്കാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ടി. സദാശിവവുമായുള്ള സുബ്ബലക്ഷ്മിയുടെ വിവാഹം 1940ല്‍ നടന്നു. ഇരുവരുടെയും കുടുംബപരമായ താത്പര്യമില്ലായ്മകള്‍ക്കും നിരവധി അന്തര്‍നാടകങ്ങള്‍ക്കും ശേഷമായിരുന്നു പരസ്പരം അടുത്ത ഈ പ്രണയജോടികളുടെ വിവാഹം. വിവാഹത്തിന് ശേഷം സുബ്ബലക്ഷ്മിയുടെ വ്യക്തിജീവിതത്തിനും സ്വാതന്ത്ര്യങ്ങള്‍ക്കും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയെന്നും, സംഗീതജീവിതത്തെ പരിമിതപ്പെടുത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ 1997ല്‍ സദാശിവം അന്തരിച്ചു. വാസ്തവമെന്തായാലും അതിനു ശേഷം എം.എസ്. സുബ്ബലക്ഷ്മി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ല.

സേവാസദനം (കെ. സുബ്രഹ്മണ്യം, 1938), ശകുന്തളൈ (എല്ലിസ് ആര്‍. ഡങ്കന്‍, 1940), സാവിത്രി (വൈ. വി. റാവു, 1941), മീര (എല്ലിസ് ആര്‍. ഡങ്കന്‍, 1945) എന്നീ നാല് ചിത്രങ്ങളിലേ സുബ്ബലക്ഷ്മി അഭിനയിച്ചുള്ളൂ. അഭിനേത്രിയെന്ന നിലയിലുള്ള മീരയിലെ മികച്ച പ്രകടനത്തോടെ അവര്‍ ചലച്ചിത്രലോകത്തോട് വിട പറഞ്ഞു. സേവാസദനത്തിലെ മാ രമണന്‍, ആദരവറ്റവര്‍ക്കെല്ലാം, ശ്യാമസുന്ദര, എന്ന സെയ്‍വേന്‍ എന്നീ ഗാനങ്ങളും ശകുന്തളൈയിലെ മനമോഹനാംഗ, പ്രേമയില്‍, എങ്കും നിറൈ നാദബ്രഹ്മം, ആനന്ദമേന്‍ ശൊല്‍വനേ, സുകുമാര എന്‍ താപം എന്നീ ഗാനങ്ങളും ജനങ്ങള്‍ ഏറ്റുപാടി. എം. എസ്. സുബ്ബലക്ഷ്മി ശകുന്തളയായപ്പോള്‍ സംഗീതജ്ഞന്‍ ജി. എന്‍. ബി. എന്നറിയപ്പെട്ട ജി. എന്‍. ബാലസുബ്രഹ്മണ്യന്‍ ദുഷ്യന്തനായി. സാവിത്രിയെന്ന ചിത്രം അത്ര വിജയമായിരുന്നില്ലെങ്കിലും ബ്രൂഹി മുകുന്ദേതി രസനേ, അഗ്നിയെന്ററിയായോ, ശൊല്ല് കുഴന്തായ്, മംഗളമും പെരുവാര്‍ എന്നീ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റി. മീരയിലെ 21 ഗാനങ്ങളില്‍ 18ഉം എം. എസ്. സുബ്ബലക്ഷ്മിയാണ് പാടിയഭിനയിച്ചത്. കാട്രിനിലേ വരും ഗീതം, ഗിരിധര ഗോപാല, ഉടല്‍ ഉരുക ഉള്ളം ഉരുക, വൃന്ദാവനത്തില്‍ കണ്ണന്‍ വളര്‍ന്ത തുടങ്ങിയ ഗാനങ്ങള്‍ അന്നുവരെയുള്ള ഹിറ്റ് ചാര്‍ട്ടുകള്‍ കീഴടക്കി.

പിന്നീട് ഭക്തിരസപ്രധാനമായതും ശുദ്ധസംഗീതത്തിലതിഷ്ഠിതവുമായ ഗാനശാഖയ്ക്ക് സ്വയം സമര്‍പ്പിതമായിരുന്നു ആ ജീവിതം. സിദ്ധേശ്വരി ദേവി, പണ്ഡിറ്റ് നാരായണ റാവു വ്യാസ്, ദിലീപ് കുമാര്‍ റോയ് എന്നിവരില്‍ നിന്നും കുറച്ചുകാലം ഹിന്ദുസ്ഥാനി സംഗീതത്തിലും എം. എസ്. പരിശീലനം നേടി. ഒരേ സമയും ഗുരുവും വഴികാട്ടിയുമായിരുന്നു ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍. സിദ്ധിയും സ്വപ്രയത്നവും കൊണ്ട് പരുവപ്പെടുത്തിയ സ്വന്തം സംഗീതവുമായി അവര്‍ ചെന്നിടത്തെല്ലാം പ്രൗഢവും എന്നാല്‍ സൗമ്യസാന്നിദ്ധ്യവുമായി. ഒരേ സമയം കര്‍ണ്ണാടക സംഗീതത്തിന്റെ ശാസ്ത്രീയവശങ്ങളെ അംഗീകരിക്കുമ്പോഴും ലളിതമായ കൃതികളെ ജനകീയമാക്കുന്നതിന് എം. എസ്. എക്കാലവും ശ്രമിച്ചിട്ടുണ്ട്. സദസ്സിലെ പരിമിതജ്ഞാനികള്‍ക്കും പാണ്ഢിത്യമുള്ളവര്‍ക്കും വേണ്ടി ഒരേ സമയം അവര്‍ പാടി. ഒരുപക്ഷേ, സിനിമ നല്‍കിയ താരപരിവേഷം എം. എസ്സിന് കര്‍ണ്ണാടക സംഗീതത്തെ ജനങ്ങളിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കുന്നതിന് സഹായകമായിട്ടുണ്ട്.

കസ്തൂര്‍ബാ മെമ്മോറിയല്‍ ഫണ്ട്, കമലാ നെഹ്റു മെമ്മോറിയല്‍ ഹോസ്പിറ്റല്‍, നാനാക് ഫൗണ്ടേഷന്‍, ഭാരതീയ വിദ്യാ ഭവന്‍, സുബ്രഹ്മണ്യ ഭാരതി മെമ്മോറിയല്‍, ശങ്കര നേത്രാലയം തുടങ്ങി ധനശേഖരണാര്‍ത്ഥം നടത്തിയ ഒട്ടനവധി പരിപാടികളില്‍ അവര്‍ സൗജന്യമായി പാടി. തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന, ഉടമസ്ഥരില്ലാത്ത പൂച്ചകള്‍ക്ക് പാല്‍ നല്‍കുന്ന, സമ്മാനമായി ലഭിക്കുന്ന പട്ട് സാരികള്‍ ദാനം ചെയ്യുന്ന എം. എസ്. സുബ്ബലക്ഷ്മിയെ അധികമാരും അറിയാനിടയില്ല. സംഗീതോപാസനയിലൂടെ ദൈവീകതയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന മഹാത്മാക്കളുടെ ശ്രേണിയിലേയ്ക്ക് എം. എസ്. എത്തുന്നതും ഇത്തരം പ്രവൃത്തികളിലൂടെയാണ്.

ഭാരതരത്ന, പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, കാളിദാസ സമ്മാനം, മാഗ്സസെ, സംഗീത കലാനിധി, സംഗീത നാടക അക്കാദമി തുടങ്ങി എണ്ണിയാല്‍ തീരാത്ത പുരസ്ക്കാരങ്ങള്‍ അവരെത്തേടിയെത്തി. ഫോര്‍ എവര്‍ - എ ലെജന്റ് എന്ന പേരില്‍ വി. രാജഗോപാല്‍ സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററി ഫിലിംസ് ഡിവിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. 2004ഡിസംബര്‍ 11ന് ചെന്നൈയില്‍ 88ആം വയസ്സില്‍ ആ സംഗീതം നിലച്ചു. നൂറാം ജന്മവര്‍ഷാഘോഷ വേളയില്‍ എം. എസ്. സുബ്ബലക്ഷ്മിയെന്ന സംഗീതതാരകത്തിന് മുന്നില്‍ സാഷ്ടാംഗ പ്രണാമം.
·       'സുബലക്ഷ്മി കീര്‍ത്തനം പറയുന്നതാണ്‌മറ്റുള്ളവര്‍ പാടികേള്‍ക്കുന്നതിലുമിഷ്ടം- ഗാന്ധിജി 
·       'ഈ സ്വര രാജ്ഞിക്കുമുമ്പില്‍ ഞാനാര്‌?, വെറുമൊരു പ്രധാനമന്ത്രി- ജവഹര്‍ലാല്‍ നെഹ്രു
·       'വാനമ്പാടിയെന്ന എന്റെ ബഹുമതി ഞാന്‍ ഇവക്ക് നല്‍കുന്നു- സരോജിനി നായിഡു 
·       'കര്‍ണ്ണാടകസംഗീതത്തില്‍ സുബ്ബലക്ഷ്മി ഒരു ബ്രാന്‍ഡായിരിക്കുന്നു' - എഡ്വേര്‍ഡ് സെയ്ദ്
·       'എം. എസ്സിന്റെ ചിത്രത്തില്‍ നോക്കിയിരിക്കുമ്പോള്‍ പഴയ ഗ്രാമഫോണ്‍ റിക്കാര്‍ഡില്‍ നിന്നും പാട്ടുകള്‍ കേള്‍ക്കുന്ന പോലെ തോന്നും' - എം. എഫ്. ഹുസൈന്‍

(വോയ്സ് ഓഫ് മേള, ഒക്ടോബര്‍ 2016)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ