ലേഖനങ്ങള്‍/ഓര്‍മ്മകള്‍

പ്രകാശ് ഉള്ള്യേരി - വിരലുകളില്‍ മന്ത്രശക്തിയുള്ള കലാകാരന്‍

വിരലുകള്‍ കൊണ്ട് ഹാര്‍മോണിയത്തിലും കീബോര്‍ഡിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിഭയാണ് പ്രകാശ് ഉള്ള്യേരി. ശരീരചലനങ്ങള്‍ കൊണ്ട് കാണികളില്‍ ആവേശം നിറക്കാതെ, വേദിയിലെ സൗമ്യ സാന്നിദ്ധ്യം കൊണ്ട് സംഗീതം സൃഷ്ടിച്ച് വ്യത്യസ്തനാവുകയാണ് ഈ കലാകാരന്‍. ആറാം വയസ്സില്‍ തന്റെ വീടിന്നടുത്തുള്ള ആദകേശ്വരി ശിവ ക്ഷേത്രത്തില്‍ ഭജനയ്ക്ക് ഹാര്‍മോണിയവുമായി ഒപ്പം കൂടിയ പ്രകാശിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 

ലോകം അംഗീകരിച്ച പ്രഗത്ഭ കലാകാരന്മാരാരോടൊപ്പം വേദി പങ്കിടുന്ന പ്രകാശിന് സംഗീതം വിരല്‍ തുമ്പിലാണ്. ഒരു ഗുരുവിന്റെ കീഴില്‍ പരമ്പരാഗത പരിശീലനമില്ലാതെ, സ്വയം ആര്‍ജ്ജിച്ച മികവിലാണ് ഇദ്ദേഹത്തിന്റെ പ്രയാണം എന്ന് കൂടി അറിയുക. സംഗീതം ജന്മനാ രക്തത്തിലലിഞ്ഞ് ചേര്‍ന്ന അപൂര്‍വ്വ പ്രതിഭകളുടെ ഗണത്തില്‍ പെടുത്താവുന്ന ഒരു കലാകാരന്‍. എട്ടാം വയസ്സില്‍ പ്രൊഫഷണല്‍ പ്രതിഫലം വാങ്ങി പരിപാടികള്‍ക്ക് പോയി തുടങ്ങിയ ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ ചേര്‍ന്നതോടെയാണ്. അവിടെ പഠിച്ചതാകട്ടെ വായ്പ്പാട്ടും. ഈ സമയങ്ങളിലെല്ലാം കോയമ്പത്തൂര്‍ മല്ലിശ്ശേരിയുള്‍പ്പടെ അക്കാലത്തെ പ്രശസ്ത സംഗീതട്രൂപ്പുകളോടൊപ്പം പ്രകാശ് പ്രവര്‍ത്തിച്ചിരുന്നു. 

പ്രശസ്ത സംഗീതജ്ഞനായ ഹരിഹരനോടൊപ്പം ലോകമൊട്ടാകെ, ഗസല്‍, ഗാനമേള, അണ്‍പ്ലഗ്ഡ്, ഫ്യൂഷന്‍ എന്നിങ്ങനെ വിവിധ പരിപാടികളിലായി മുന്നൂറ്റി ഇരുപതോളം വേദികള്‍ പിന്നിട്ട് കഴിഞ്ഞു ഈ അനുഗൃഹീത കലാകാരന്‍. ഇന്ത്യയിലെ പ്രഗത്ഭരായ ഹിന്ദുസ്ഥാനി-കര്‍ണ്ണാട്ടിക്ക് സംഗീതജ്ഞരോടൊപ്പം ലോകം മുഴുവന്‍ സഞ്ചരിച്ച് വേദികള്‍ പങ്കിടുന്ന ഇദ്ദേഹം, നിരവധി സിനിമകളുടെ റിക്കാര്‍ഡിംഗുകള്‍ക്കും അകമ്പടിയായിട്ടുണ്ട്. ഇന്ത്യയിലെ ഫ്യൂഷന്‍ കീബോര്‍ഡ് വാദകരില്‍ കര്‍ണ്ണാടക സംഗീതജ്ഞരും ഹിന്ദുസ്ഥാനി സംഗീതജ്ഞരും ഒരുപോലെ വേദി പങ്കിടാന്‍ ഇഷ്ടപ്പെടുന്ന അത്യപൂര്‍വ്വം കലാകാരനാണ് പ്രകാശ് ഉള്ള്യേരി. 

സംഗീതശാഖകള്‍ അതിരിടാത്ത ഈ സ്വീകാര്യതയാണ് പ്രകാശ് ഉള്ള്യേരിയെ വ്യത്യസ്തനാക്കുന്നതും. ലോകോത്തര കലാ അവതരണ വേദികളായ ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലും ആസ്ത്രേലിയയിലെ ഒപ്പേറ ഹൗസിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള കേരളത്തിലെ അത്യപൂര്‍വ്വം കലാകാരന്മാരിലൊരാളാണ് ഇദ്ദേഹം എന്ന് കൂടി അറിയുമ്പോള്‍ സംഗീതം ജന്മനാ സിദ്ധിച്ച ഈ പ്രതിഭയുടെ വലുപ്പം നമ്മള്‍ തിരിച്ചറിയുന്നു. ഹാര്‍മോണിയം എന്ന നമ്മുടെ സംഗീതോപകരണത്തിന് പുതുതലമുറ ആരാധകരെ സൃഷ്ടിക്കാന്‍ പ്രകാശിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന മറ്റൊരു സവിശേഷത. ഫ്യൂഷന്‍ പരിപാടികളില്‍ ഹാര്‍മോണിയവുമായി എത്തുന്ന മറ്റ് കലാകാരന്മാര്‍ ഇല്ല എന്ന് വേണം പറയാന്‍. ഹാര്‍മോണിയത്തിന്റെ പരിശീലനത്തിനുതകുന്ന വിധം ഒരു പാഠ്യപദ്ധതി സ്വന്തമായി തയ്യാറാക്കുകയെന്ന ആഗ്രഹമാണ് പ്രകാശിന് ഇപ്പോഴുള്ളത്. ആസ്വാദകര്‍ ആവശ്യപ്പെടുന്ന സംഗീതശകലങ്ങളെന്തും ഞൊടിയിടയില്‍ വിരല്‍തുമ്പിലൂടെ കീബോര്‍ഡിലെ കട്ടകളിലേയ്ക്ക് പ്രസരിപ്പിക്കുന്ന അത്ഭുതത്തിന് സാക്ഷിയാവുകയായിരുന്നു മൂവാറ്റുപുഴയിലെ പ്രേക്ഷകര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ