ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 03, 2011

‘ആര്‍ട്ടിസ്റ്റുകളെ’യാണോ ‘ടെക്നീഷ്യന്‍സി’നെയാണോ നമുക്ക് വേണ്ടത്?

കൈയ്യില്‍ കിട്ടുന്നതെന്തും ഡിജിറ്റലാക്കി മാറ്റുന്ന വ്യഗ്രതയിലാണ് ലോകം. ഒരായുസ്സു മുഴുവന്‍ നീളുന്ന കഠിനതപസ്സിന്‍റെ ഒടുവിലോ, അല്ലെങ്കില്‍ സ്വച്ഛന്ദമായതോ തീവ്രതയാര്‍ന്നതോ ആയ സൃഷ്ടിയുടെ ഒരു നിമിഷാര്‍ദ്ധത്തിലോ, കലാകാരന്‍റെ ഉള്ളി‌ല്‍ നിന്ന് രൂപം കൊള്ളുന്ന ഉത്പന്നം, കാലാതിവര്‍ത്തിയായി നിലനില്‍ക്കാ‌ന്‍ ഡിജിറ്റ‌ല്‍ സാങ്കേതിക വിദ്യ തന്നെ വേണമെന്നുണ്ടോ?

വാമൊഴിയായും വരമൊഴിയായും പകര്‍ന്നു കിട്ടിയിട്ടുള്ള നാട്ടറിവുക‌ള്‍ ഉള്‍പ്പടെയുള്ള വിജ്ഞാനത്തിന്‍റെ അക്ഷയഖനി ഇന്നും പലയിടങ്ങളിലും കണ്ടെത്തപ്പെടാതെ അവശേഷിക്കുന്നു. നമ്മുടെ സമൃദ്ധ പൈതൃകത്തിന്‍റെ ദൃഷ്ടാന്തങ്ങളായ നാട‌ന്‍ ശീലുകളും നാടോടി ഗീതങ്ങളും ക്ലാസിക്കല്‍ കലാ രൂപങ്ങളും തലമുറക‌ള്‍ കൈമാറി വന്നവ തന്നെ. ഗുരുമുഖത്തു നിന്നും ശിക്ഷണം നേടുക വഴി പഠിതാവിന്‍റെ മനസ്സ് എല്ലാ അര്‍ത്ഥത്തിലും ആവാഹിക്കുന്ന വിഷയം, കൂടുതല്‍ മനനങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും ഒരുപക്ഷേ വിധേയമാവുകയും, അതുവഴി യുക്തിയിലുറച്ചതും യഥാര്‍ത്ഥവുമായ പരിഷ്ക്കരണങ്ങള്‍ക്കും പറ്റിയ പണിശാലയായി മാറുന്നു.

വിരല്‍തുമ്പി‌ല്‍ കിട്ടുന്ന വിജ്ഞാന സാഗരം മനുഷ്യമനസ്സി‌ല്‍ എത്തിക്കുന്നത് പുത്ത‌ന്‍ അറിവുകളുടെ പ്രവാഹത്തെയാണ് സാധാരണ മനുഷ്യന്‍റെ മനസ്സിന് പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട്, സംസ്ക്കരിച്ചെടുക്കാവുന്നതിലും ചിലപ്പോള്‍ പതിന്മടങ്ങ്. യഥാര്‍ത്ഥ അന്വേഷണ ഫലത്തി‌ല്‍ എത്താതിരിക്കുകയും ദിശമാറിപ്പോവുകയും ചെയ്യുന്ന ഒരവസ്ഥ പലപ്പോഴുമുണ്ടാകുന്നുമുണ്ട്.

ചിത്രരചനയിലും സംഗീതത്തിലുമെല്ലാം ഈ മാറ്റങ്ങള്‍ പെട്ടെന്ന് ദൃശ്യമാകുന്നുണ്ട്. കലാകാരനെ ഉപേക്ഷിച്ച് കുറുക്കുവഴിയിലൂടെ, സാങ്കേതികവിദ്യയുടെ സഹായത്താല്‍ നടത്തുന്ന സൃഷ്ടിക‌ള്‍ക്ക് സമൂഹവുമായി ആശയപരമായ സംവേദനം സാദ്ധ്യമാകുന്നുണ്ടോ? വേദിയില്‍ നൃത്തമവതരിപ്പിക്കുന്ന നര്‍ത്തകി, മുന്നി‌ല്‍ വച്ചിരിക്കുന്ന ക്യാമറയുടെ ആംഗിളുകള്‍ക്കനുസൃതമായി ചുവടുക‌ള്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കുമ്പോള്‍, സദസ്സിലിരുന്ന് നൃത്തമാസ്വദിക്കുന്ന പ്രേക്ഷകന് അത് അരോചകമായിത്തീരുന്നു.

നമുക്ക് സ്വായത്തമായ സാങ്കേതിക വിദ്യക‌ള്‍ പ്രയോഗത്തി‌ല്‍ വരുത്തുമ്പോ‌ള്‍, യഥാര്‍ത്ഥത്തിലുള്ളതിനെ ഫില്‍റ്റ‌ര്‍ ചെയ്യാതെ തനതായി തന്നെ നിലനിര്‍ത്താ‌ന്‍ പോന്നവിധം പുനക്രമീകരിക്കേണ്ടതുണ്ട്. ഒരു മികച്ച ചിത്രകാരനായിരുന്ന എന്‍റെ സുഹൃത്ത് ഇന്ന് സ്വയം ഗ്രാഫിക് വിഷ്വലൈസര്‍ എന്ന് പരിചയപ്പെടുത്തുമ്പോ‌ള്‍ മേല്‍പ്പറഞ്ഞ ആശങ്കകളുടെ നേര്‍ക്കാഴ്ച്ചയായി അത് മാറുന്നു. ഇന്ന് ഇന്‍ഡസ്ട്രി തേടുന്നത് ആര്‍ട്ടിസ്റ്റുകളെയല്ല, ടെക്നീഷ്യന്സിനെയാണ്. യഥാര്‍ത്ഥത്തി‌ല്‍ വേണ്ടതും അങ്ങിനെതന്നെയോ?

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 38, ലക്കം 8, ആഗസ്ത് 2008)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ