ലേഖനങ്ങള്‍/ഓര്‍മ്മകള്‍

മികവ് തെളിയിച്ച വനിതാ സംരംഭക - ലേഖ ബാലചന്ദ്രന്‍

ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികളെ അടുത്തറിയുക എന്നത് ഉന്മേഷം പകരുന്ന അനുഭവമാണ്. ഇവരെ അടുത്തറിയുമ്പോഴും ഇവരുടെ അനുഭവങ്ങള്‍ അറിയുമ്പോഴും നമുക്ക് ലഭിക്കുന്ന ഊര്‍ജ്ജം ചെറുതല്ല. പ്രതിസന്ധികളെ പ്രായോഗീകസമീപനങ്ങളിലൂടെയും അനുഭവപരിചയത്തിലൂടെയും നേരിട്ട് സ്വയം തെളിയിച്ച ഒരാളാണ് റെസിടെക് ഇലക്ട്രിക്കല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ലേഖ ബാലചന്ദ്രന്‍. മികവ് തെളിയിച്ച വനിതാ സംരംഭകരുടെ പട്ടികയില്‍ സുവര്‍ണ്ണലിപികളാല്‍ നമുക്ക് ഈ പേര് കൂടി എഴുതി ചേര്‍ക്കാം. പത്ത് കോടിയിലേറെ വാര്‍ഷിക വിറ്റ് വരവുള്ള റെസിടെക് ഇലക്ട്രിക്കല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ലേഖ ബാലചന്ദ്രന്‍ മേളയ്ക്ക് പ്രിയങ്കരിയാകുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്.മേളയുടെ എക്കാലത്തേയും പ്രിയങ്കരനായ മുന്‍ പ്രസിഡന്റും ഈ കലാ സാംസ്ക്കാരിക കേന്ദ്രത്തിന്റെ വളര്‍ച്ചയ്ക്ക് നിസ്തുലസംഭാവന നല്‍കിയ വ്യക്തിയുമായ വി. രാജശേഖരന്‍ നായരുടെ പുത്രിയാണ് മൂവാറ്റുപുഴക്കാരിയായ ലേഖ.

ആലുവ ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റില്‍ സുസജ്ജമായി പ്രവര്‍ത്തിക്കുന്ന റെസിടെക് ഇലക്ട്രിക്കല്‍സിന്റെ ഫാക്ടറിയിലിരുന്ന് സ്വന്തം പ്രസ്ഥാനത്തെപ്പറ്റി വിശദീകരിക്കുമ്പോള്‍ ലേഖയുടെ കണ്ണുകളില്‍ സ്വതസിദ്ധമായുള്ള ആത്മവിശ്വാസത്തിന്റെ തിളക്കം കാണാമായിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദത്തിന് ശേഷം സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹമെങ്കിലും വീട്ടില്‍ നിന്നും അനുകൂലമായ പ്രതികരണം കിട്ടാത്തതിനാല്‍ അന്ന് അതിന് സാധിച്ചില്ല. ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ബാലചന്ദ്രന്‍ പണിക്കരെ വിവാഹം കഴിച്ചതോടെ ഒരിക്കലുപേക്ഷിച്ച സംരംഭകത്വ സ്വപ്നം വീണ്ടും തല പൊക്കി. ഒരു മാര്‍ക്കറ്റിംഗ് വിദഗ്ധനായിരുന്ന അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ കറണ്ട് ട്രാന്‍സ്ഫോര്‍മര്‍ മേഖലയില്‍ ചെറിയ നിക്ഷേപവുമായി ആരംഭിച്ച ഒരു കൂട്ടു വ്യവസായ സംരംഭം, വാണിജ്യ-വ്യവസായ രംഗത്തെ കൂടുതല്‍ അടുത്ത് അറിയുവാന്‍ സഹായിച്ചു എന്ന് ലേഖ സമ്മതിക്കുന്നു.

വിധിയെന്ന പോലെ ഉയിരും ഊര്‍ജ്ജവും നല്‍കി വളര്‍ത്തിയ സ്ഥാപനത്തില്‍ അനാരോഗ്യകരമായ പ്രവണതകള്‍ കണ്ടുതുടങ്ങിയതും അതിനെതിരായി പ്രതികരിക്കേണ്ടി വന്നതും, പത്തൊന്‍പത് വര്‍ഷം താന്‍ കൂടി പരിപാലിച്ച സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങുന്നതില്‍ കലാശിച്ചു.അന്തരീക്ഷത്തില്‍ വായു പോലുമില്ലാത്ത അവസ്ഥ. പക്ഷേ, ആ ശൂന്യതയില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്ജമാണ് ഇന്ന് ലേഖ ബാലചന്ദ്രനെ റെസിടെക് ഇലക്ട്രിക്കല്‍സിന്റെ സാരഥ്യത്തിലെത്തിച്ചത്. "നിരായുധനായി പോര്‍മുഖത്തിരുന്ന് വിതുമ്പുന്ന പോരാളിയുടെ അവസ്ഥയിലായിരുന്നു ഞാനപ്പോള്‍... എന്നെ ഇത്തരത്തില്‍ കാണുന്നത് അപ്രതീക്ഷികമാണെന്നും, ഞാനറിയുന്ന ലേഖയ്ക്ക് ഇത് ചേര്‍ന്നതല്ലെന്നും പറഞ്ഞ് എന്നെ നിരാശയില്‍ നിന്നും തട്ടിയുണര്‍ത്തിയ എന്റെ കൂട്ടുകാരിയെ ഓര്‍ക്കാതെ വയ്യ.... ഒരു രണ്ടാം വരവിന് ഞാന്‍ സ്വയം തയ്യാറെടുക്കാന്‍ തുടങ്ങുന്നത് അങ്ങിനെയാണ്.

തുടക്കത്തില്‍ എല്ലാം പ്രശ്നങ്ങള്‍ തന്നെയായിരുന്നു - മൂലധനം, പുതിയ ഉപഭോക്താക്കള്‍, പുതിയ ഇടപാടുകാര്‍, സങ്കീര്‍ണ്ണമായ ഉല്‍പ്പന്നങ്ങള്‍...അങ്ങിനെയെല്ലാം... ലേഖ പറഞ്ഞു. മാര്‍ക്കറ്റിംഗ് രംഗത്ത് വൈദഗ്ധ്യമുള്ള ഭര്‍ത്താവ് ബാലചന്ദ്രന്‍ സ്വയം മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റായി രംഗപ്രവേശം ചെയ്യുന്നതോടെ കാര്യങ്ങള്‍ കുറേയൊക്കെ സുഗമമായി. കുടുബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണകൂടി ആയപ്പോള്‍ മൂലധനം എന്ന പ്രതിസന്ധിയും ഒരുവിധം തരണം ചെയ്തു. "ഞങ്ങള്‍ക്കാവശ്യമുള്ള അസംസ്കൃത വസ്തുക്കള്‍ നല്‍കുന്ന വിതരണക്കാരില്‍ നിന്നുമുള്ള പിന്തുണയും പ്രോത്സാഹനവുമാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയത്. അനുഭവസമ്പത്തിനും സാങ്കേതീക പരിജ്ഞാനത്തിനും സര്‍വ്വോപരി നമ്മള്‍ പിന്തുടരുന്ന മൂല്ല്യങ്ങള്‍ക്കുമുള്ള അംഗീകാരമായിരുന്നു ഈ അനുഭവം. അവര്‍ പണം നോക്കാതെ റെസിടെക്കിന് അസംസ്കൃത വസ്തുക്കള്‍ നല്‍കി. എന്റെ പ്രൊഫണല്‍ ജീവിതത്തില്‍ ഞാന്‍ സമ്പാദിച്ച ഏറ്റവും വലിയ മൂലധനം - വിശ്വാസ്യത... അതിനുള്ള അംഗീകാരമായിരുന്നു അവരുടെ സമീപനം" -അഭിമാനപൂര്‍വ്വം ലേഖ പറയുന്നു.

ക്രമേണ വിപണിയില്‍ ബ്രാന്റ് ഉറപ്പിക്കുക എന്ന കടമ്പയും കടന്ന് 2007 ല്‍ റെസിടെക്കിന്റെ പുതിയ ഫാക്ടറി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി.ക്രമാനുഗതമായ വളര്‍ച്ചയാണ് എന്നും റെസിടെക്കിന് ഉണ്ടായത്. 35 ഓളം പേര്‍ക്ക് നേരിട്ടും അത്രത്തോളം തന്നെയാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ് ഇപ്പോള്‍ റെസിടെക് ഇലക്ട്രിക്കല്‍സ്. 11KV Cast Resin Distribution Transformer, 11KV Oil Filled Distribution Transformer, 11KV Unitised Substation, 11 KV Indoor Vacuum Circuit breaker, 11KV Load Break Switch Panel, 11KV CT/PT UNIT, 33KV Current Transformer തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് റെസിടെക് ഇലക്ട്രിക്കല്‍സ് ഇന്ന് വിപണിയിലെത്തിക്കുന്നത്. കെ.എസ്..ബി., ഇന്ത്യന്‍ റെയില്‍വേ,.എസ്.ആര്‍.., പി.ഡബ്ല്യു.ഡി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, അമൃത ഗ്രൂപ്പ്, കാസിനോ ഗ്രൂപ്പ് തുടങ്ങി ഉപഭോക്താക്കളുടെ പട്ടിക നീളും. ഇന്ന് മോശമല്ലാത്ത ഒരു വിപണി പങ്കാളിത്തം കൂടി റെസിടെക്കിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അവകാശപ്പെടാം. അന്താരാഷ്ട്ര ബ്രാന്റായ സീമെന്‍സിന്റെ കേരളത്തിലെ ചാനല്‍ പാര്‍ട്ട്ണറായും, സീമെന്‍സിന്റെ കേരളത്തിലെ സിസ്റ്റം ഹൗസായും റെസിടെക് പ്രവര്‍ത്തിക്കുന്നു.

"കഠിനാധ്വാനം ചെയ്തല്ലാതെ ജീവിതത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ആയിത്തീരാന്‍ സാധിക്കില്ല" എന്ന് എപ്പോഴും പറയാറുള്ള തന്റെ അച്ഛന്‍ വി.രാജശേഖരന്‍ നായരുടെ വാക്കുകളാണ് ഈ സംരംഭകയെ മുന്നോട്ട് നയിക്കുന്നത്. ക്രൈസിസ് മാനേജ്മെന്റ് (പ്രതിസന്ധി കൈകാര്യം ചെയ്യല്‍)എന്നത് ആര്‍ജ്ജിക്കേണ്ടുന്ന ഒരു കലയാണെന്നും നമ്മള്‍ ഇടപെടുന്നയാളുകള്‍ക്ക് ഇക്കാര്യത്തില്‍ ഒരുപാട് സഹായിക്കാനാവുമെന്നും കരുതുന്ന ലേഖയ്ക്ക് സ്ത്രീയെന്നത് ഒരിക്കലും ഒരു പരിമിതിയായി തോന്നിയിട്ടേയില്ല. കൃത്യമായ ടൈം മാനേജ്മെന്റിലൂടെ വ്യക്തിയെന്ന നിലയിലുള്ള എല്ലാ ചുമതലകളും ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ലേഖ ബാലചന്ദ്രന്‍ കേരളത്തിലെ വ്യവസായ-വാണിജ്യ അന്തരീക്ഷം അത്ര മോശമല്ലെന്നും കുറുക്കുവഴികളില്ലാതെ, നേരെ-ചൊവ്വെയുള്ള സമീപനങ്ങള്‍ക്ക് അതിന്റേതായ അംഗീകാരമുണ്ടെന്നുകൂടി വിശ്വസിക്കുന്നു

(വോയ്സ് ഓഫ് മേള)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ