ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ചൊവ്വാഴ്ച, ഡിസംബർ 20, 2011

മുല്ലപ്പെരിയാ‌ര്‍‍ - ജീവന്‍റെയും ജലത്തിന്‍റെയും രാഷ്ട്രീയം

മുല്ലപ്പെരിയാ‌‌ര്‍ ഡാമിന്‍റെ ചരിത്രം പരിശോധിച്ചാ‌‌ല്‍, ഇതുണ്ടാക്കിയ കാലം മുത‌‌ല്‍ വിവാദങ്ങ‌‌ള്‍ സൃഷ്ടിച്ചിരുന്ന ഒന്നാണ് എന്ന് കാണാ‌ന്‍ കഴിയും. ഈ ഡാം നിര്‍മ്മിക്കുവാ‌ന്‍ മുന്‍കൈയ്യെടുത്ത അന്നത്തെ മദ്രാസ് പ്രസിഡന്‍സിയിലെ ബ്രിട്ടീഷുകാരനായ ക്യാപ്റ്റ‌‌ന്‍ പെന്നിക്ക്വിക്കിന് നിര്‍മ്മാണ ഘട്ടത്തി‌ല്‍ തന്നെ പലതവണ തിരിച്ചടി നേരിടേണ്ടി വന്നു. രണ്ട് തവണ, ഡാമിന്‍റെ പണി പൂര്‍ത്തിയാകുന്ന ഘട്ടത്തി‌ല്‍, അതുവരെയുണ്ടാക്കിയ ഭാഗം വെള്ളപ്പാച്ചിലി‌ല്‍ ഒലിച്ചുപോയി. അങ്ങിനെ ബ്രിട്ടീഷുകാ‌‌‌ര്‍‍ ഉപേക്ഷിക്കുവാ‌‌‌ന്‍ നിശ്ചയിച്ച ഡാമിന്‍റെ നിര്‍മ്മാണം, ക്യാപ്റ്റ‌‌ന്‍ പെന്നിക്ക്വിക്ക് നാട്ടിലെത്തി, തന്‍റെ സ്വന്തം മുത‌ല്‍ വിറ്റ് സമാഹരിച്ച പണം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. തിരുവിതാംകൂറിന് വേണ്ടി കരാറൊപ്പിടാന്‍ അനുമതി നല്‍കിയ രാജാവും സമ്മര്‍ദ്ദത്തിനടിമപ്പെട്ടാണ് അത് മനസ്സില്ലാമനസ്സോടെ ചെയ്തത്. അതിന് ശേഷം, ഈ ജലമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആരംഭിച്ച മദ്രാസ് പ്രസിഡന്‍സിയെ, അന്നത്തെ തിരുവിതാംകൂ‌ര്‍ ദിവാന്‍ സര്‍. സി. പി. രാമസ്വാമി അയ്യര്‍, കരാര്‍ പ്രകാരം ഒരു അംപയ‌ര്‍ മുന്‍പാകെ ചോദ്യം ചെയ്യുകയും, കൃത്യമായ കരാ‌ര്‍ ലംഘനം നടന്നിരിക്കുന്നുവെന്ന് ബോധ്യപ്പെട്ട്, തിരുവിതാംകൂറിനനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാ‌ല്‍ വിധി പൂര്‍ണ്ണമായും നടപ്പായില്ല. പിന്നീട്, തമിഴ്‌നാടിന്‍റെ 5 ജില്ലകളിലേക്ക് ജലസേചനം കൂടാതെ, വൈദ്യുതി കൂടി ഉത്പാദിപ്പിക്കുവാന്‍ അനുമതി നല്‍കുന്ന കരാ‌ര്‍, അതും 30 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ, അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പുതുക്കി നല്‍കുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന്, ബ്രിട്ടീഷ് ഭരണസംവിധാനവും നാട്ടുരാജ്യങ്ങളുമായി നിലവിലിരുന്ന കരാറുകളെല്ലാം അസാധുവാക്കപ്പെട്ടിരുന്നു. സംസ്ഥാനത്തിന്‍റെ എണ്ണായിരം ഏക്കറോളം വരുന്ന ഭൂമി, നിയമസഭയുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് മുഖ്യമന്ത്രി ഒപ്പിട്ട് പുതുക്കി നല്‍കിയതെന്നും, അതിന് നിയമസാധുതയുണ്ടോ എന്നും നിയമവിദഗ്ധര്‍ ഇപ്പോള്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 2006 ല്‍ സുപ്രീം കോടതി മുന്‍പാകെ തമിഴ്‌നാട് കേസ് ഫയല്‍ ചെയ്തതിന് ശേഷമുള്ള വിവാദങ്ങളെല്ലാം മാധ്യമങ്ങള്‍ വഴി നമുക്കറിവുള്ളതാണ്. ഇതിനിടെ 99 വര്‍ഷമായിരുന്നു പാട്ടക്കരാറെന്നും ഒരു വാദം ഉണ്ടായി. ചിലത് അങ്ങിനെയാണ്, വേണ്ട എന്ന് പ്രകൃതിയും അനുഭവങ്ങളും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കും; ചിലപ്പോ‌ള്‍ അത് യാദൃച്ഛികമായ തോന്നലുക‌ള്‍ മാത്രമാവാം. ഭൂമിയിലുള്ളതെല്ലാം മനുഷ്യന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയാണ് എന്ന സ്വാര്‍ത്ഥമായ മിഥ്യാധാരണയിലും, അമിത ആത്മവിശ്വാസത്തിലും അവന്‍ ബലപ്രയോഗത്തിലൂടെ അതെല്ലാം മറികടക്കും.

പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും, ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ഉള്ളി‌ല്‍ വൈകാരികമായി രൂപം പ്രാപിക്കുകയും ചെയ്ത ഒരു പ്രശ്നമെന്ന നിലയില്‍, സര്‍ക്കാ‌ര്‍ സംവിധാങ്ങ‌ള്‍ കുറേക്കൂടി ഉത്തരവാദിത്വത്തോടെയും, കാര്യക്ഷമമായും, സന്ദേഹങ്ങള്‍ക്കിടനല്‍കാത്ത വിധം വേഗത്തിലും, കാര്യങ്ങ‌ള്‍ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താ‌ന്‍ ശ്രദ്ധിക്കണം. മുല്ലപ്പെരിയാ‌‌ര്‍ കേസ് കൈകാര്യം ചെയ്യുന്ന ഉന്നതാധികാര സമിതിയും സുപ്രീം കോടതിയും കേന്ദ്ര ഗവണ്‍മെന്‍റും, ആര് മുന്‍കൈ എടുത്താലും ശരി, ഈ പ്രശ്നത്തില്‍ താമസം വിനാ ഇടപെട്ട് ജനങ്ങളുടെ ആശങ്കയകറ്റുവാ‌ന്‍ വേണ്ട നടപടിക‌ള്‍ ഉണ്ടാകേണ്ടതാണ്. കാരണം, ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന ധാരണ കുറേപ്പേരിലെങ്കിലും രൂഢമൂലമായിരിക്കുന്നു. ഈ ഭയത്തെ സാധൂകരിക്കുന്ന ശാസ്ത്രീയമായ ചില വിവരങ്ങ‌ള്‍ പരിസ്ഥിതി വാദിക‌ള്‍ മുന്നോട്ട് വക്കുകയും ചെയ്യുന്നുണ്ട്.

പെരിയാറിന്‍റെ പ്രധാന കൈവഴിയായ മുല്ലയാ‌ര്‍, ഏറ്റവും നിബിഢമായ ശിവഗിരി മലകളി‌ല്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ദീര്‍ഘകാലമായി അണകെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളത്തോടൊപ്പം ഈ മലനിരകളി‌ല്‍ നിന്നുള്ള വൃക്ഷലതാദികള്‍ ഉള്‍പ്പടെയുള്ള ജൈവഘടകങ്ങ‌ള്‍ ഒഴുകിയെത്തുന്നത് സ്വാഭാവികമാണ്. ഇവയില്‍ ചിലത് അഴുകുമ്പോ‌ള്‍ അമ്ലസ്വഭാവം പ്രകടിപ്പിക്കുകയും, ഇത് ഡാമിന്‍റെ നിര്‍മ്മാണത്തിനുപയോഗിച്ച സുര്‍ക്കി മിശ്രിതത്തിലെ പ്രധാനഘടകമായ ചുണ്ണാമ്പുമായി പ്രതിപ്രവര്‍ത്തിച്ച് എളുപ്പത്തി‌ല്‍ ഒഴുകിപ്പോവുകയും ചെയ്തതാണ് ബലക്ഷയത്തിന് കാരണം. അങ്ങിനെ, ഒരു പ്രത്യേക ജലനിരപ്പിന് താഴെ, ഇപ്പോ‌ള്‍ അവശേഷിക്കുന്നത് വെറും കല്‍ക്കെട്ടാണത്രെ. ഇനി, തമിഴ്‌നാട് ഗവണ്‍മെന്‍റ്, ഡാമിനെ കാലാകാലങ്ങളായി ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന വാദം മുഖവിലക്കെടുത്താല്‍ തന്നെ, ജലനിരപ്പിന് മുകളി‌ല്‍ കാണാനാവുന്ന ഭാഗത്ത് മാത്രമേ പൂര്‍ണ്ണമായ അളവി‌ല്‍ ഈ പ്രക്രിയ നടന്നിട്ടുണ്ടാവൂ. ഇത് കൂടാതെ, ഡാം നിര്‍മ്മാണത്തിന്‍റെ സാങ്കേതികവിദ്യയൊന്നും പൂര്‍ണ്ണമായും ലഭ്യമല്ലാതിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ട ഡാമെന്ന നിലയി‌ല്‍, ഡാമിരിക്കുന്നതിന് ചുറ്റുമുള്ള മണ്ണ് ഇത്രയും കാലത്തിന് ശേഷവും, എത്രമാത്രം സുരക്ഷിതമാണെന്ന ആശങ്കയും ഇവര്‍ക്കുണ്ട്; പ്രത്യേകിച്ച് ഗ്രാവിറ്റി ഡാമെന്ന നിലയി‌ല്‍. കെട്ടി നിര്‍ത്തിയിരിക്കുന്ന ഉയര്‍ന്ന അളവിലെ ജലം, വശങ്ങളിലേക്ക് ചെലുത്തുന്ന സമ്മര്‍ദ്ദം താങ്ങാനുള്ള ശക്തിയും ഈ ഭാഗത്തിനുണ്ടോ എന്ന് സംശയിക്കുന്നു. ഇത് കൂടാതെ ഭ്രംശമേഖലയിലാണ് ഡാം സ്ഥിതി ചെയ്യുന്നതെന്നും, സ്വാഭാവികമായും ഭൂഗര്‍ഭപ്ളേറ്റുക‌ള്‍ ഡാമുള്‍ക്കൊള്ളുന്ന വെള്ളത്തിന്‍റെ സമ്മര്‍ദ്ദത്താ‌ല്‍ ചെറുചലനങ്ങള്‍ക്ക് വിധേയമാകുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. കൃത്യമായ സാങ്കേതികവിദ്യ ഉപയോഗിച്ചല്ലാതെ നിര്‍മ്മിച്ച മുല്ലപ്പെരിയാ‌ര്‍ ഡാമിന്, ഈ ചെറു ചലനങ്ങള്‍ വരെ ഭീഷണി ഉയര്‍ത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഇപ്പോള്‍ ഉണ്ടാകുന്ന ഭൂചലനങ്ങളെ അളക്കുന്നതിലുള്ള കൃത്യതയെയും സംശയത്തോടെയാണ് കാണുന്നത്. ഏക ആശ്രയമായ ഇടുക്കിയിലെ ഭൂകമ്പമാപിനി, ഡിജിറ്റ‌ല്‍ സംവിധാനത്തിലുള്ളതല്ല. അതിനാല്‍, ഭൂഗര്‍ഭചലനങ്ങളുടെ യഥാര്‍ത്ഥ അളവറിയണമെങ്കി‌ല്‍ സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുക‌ള്‍ വേണ്ടിവരുമെന്നും, ഇത് സമയം എടുത്ത് മാത്രം ചെയ്യാവുന്ന ഒന്നാണെന്നും വേണം മനസ്സിലാക്കാ‌ന്‍. ഇത് അടിയന്തിരമായി മാറ്റി ഡിജിറ്റ‌ല്‍ മീറ്റ‌ര്‍ സ്ഥാപിക്കുന്നത്, ഒരപായം ഉണ്ടായാല്‍ക്കൂടി മുന്‍കൂട്ടി മനസ്സിലാക്കാ‌ന്‍ ഒരുപരിധിവരെ സഹായകരമായേക്കും. ഇപ്പോഴത്തെ അവസ്ഥയില്‍, ജലനിരപ്പ് പരമാവധി കുറക്കുകമാത്രമാണ് ആഘാതം കുറക്കാനുള്ള പോംവഴി. പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുള്ള അറുപത്തിരണ്ടിലെ വെള്ളപ്പൊക്കത്തില്‍, ആറ് മുതല്‍ എട്ട് അടി വരെ ഉയരമുള്ള ജലഭിത്തി, നിരപ്പായ പ്രദേശങ്ങളി‌ല്‍ വെള്ളത്തിന്‍റെ ആദ്യത്തെ തള്ളലി‌‌‌ല്‍ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. നമ്മുടെ സര്‍ക്കാ‌ര്‍ ആവശ്യപ്പെടുന്ന 120 അടി പര്യാപ്തമല്ലെന്നും, ആഘാതം കുറക്കുന്നതിന് ജലനിരപ്പ് 100 അടിയില്‍ താഴെയെങ്കിലും നിര്‍ത്തേണ്ടതാണെന്നും പഠനങ്ങ‌ള്‍ പറയുന്നു.

ഇതെല്ലാം കേള്‍ക്കുന്ന ജനം പരിഭ്രാന്തരാകാതെ എന്തു ചെയ്യും? ഈ ഡിസംബര്‍ 25 എത്തുമ്പോ‌ള്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്ന ഒരു സമരം ഏലപ്പാറയടുത്ത് ചപ്പാത്തി‌ല്‍ നടക്കുന്നുണ്ട് - മുല്ലപ്പെരിയാ‌ര്‍ സമര സമിതിയുടേത്. മേളയുടെ പ്രതിനിധികളും ഡിസംബര്‍ 9ന് അവിടം സന്ദര്‍ശിക്കുകയുണ്ടായി. കേരളമൊട്ടാകെയും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളി‌‌‌‌‌‌‌ല്‍‍ നിന്നുമുള്ള മനുഷ്യസ്നേഹിക‌‌ള്‍ തീര്‍ത്ഥാടനത്തിനെന്ന പോലെ ഒറ്റക്കും, കൂട്ടായും വന്നെത്തി, സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മടങ്ങുന്ന കാഴ്ചയും, അവിടുത്തെ ദേശനിവാസികളുടെ മുഖത്ത് നിഴലിക്കുന്ന നിസ്സഹായാവസ്ഥയുടെയും ഭീതിയുടെയും നിഴലാട്ടവും ഒന്നും കാട്ടിക്കൂട്ടലുകളല്ല, വികാരത്തള്ളിച്ചയുടെ പ്രതിഫലനവും അവിടെയില്ല. ദിശാബോധമില്ലാതെ, ശരിയായ പഠനം നടത്താതെ, ഡിസാസ്റ്റ‌ര്‍ മാനേജ്മെന്‍റ് എന്ന പേരി‌ല്‍ നടക്കുന്നതൊന്നും പരിഭ്രാന്തിയിലായ ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല. കേവലം കണ്‍ട്രോ‌ള്‍ റൂമുക‌ള്‍ മാത്രം തുറന്നാല്‍ മതിയോ? തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന തമിഴ് മാധ്യമങ്ങള്‍, മനപൂര്‍വ്വമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന തത്പരകക്ഷികള്‍, ഇവരെല്ലാം പന്താടുന്നത് ഒരു ജനതയുടെ ജീവ‌ന്‍ കൊണ്ടാണെന്ന്, തീരുമാനമെടുക്കേണ്ട അധികാരികള്‍ക്ക് എന്തുകൊണ്ട് മനസ്സിലാകുന്നില്ല? മുല്ലപ്പെരിയാറിനോട് ചേര്‍ന്ന പ്രദേശങ്ങളിലെ പ്രായമായവര്‍ക്ക് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല, കൊച്ചുകുട്ടികള്‍ സ്ക്കൂളുകളി‌ല്‍ പോകുന്നില്ല. ആശങ്കയുണര്‍ത്തുന്ന, പ്രാണഭയം നിറഞ്ഞ ഇവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുകയാണ് മറ്റുള്ളവര്‍. ഇടുക്കി ജില്ലയെ തമിഴ്‌നാടിലേക്ക് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന അവസ്ഥയി‌ല്‍ വരെ കാര്യങ്ങ‌ള്‍ എത്തി നില്‍ക്കുന്നു. 50 വര്‍ഷം ആയുസ്സ് നിര്‍ണ്ണയിച്ച ഡാം 116 വര്‍ഷങ്ങള്‍ക്ക് ശേഷവും പൂര്‍ണ്ണസുരക്ഷിതമെന്ന് സമര്‍ത്ഥിക്കുന്നത് സാധാരണ യുക്തിക്ക് ശരിയായി തോന്നുന്നുമില്ല.

ഇതിനെല്ലാമുപരി, പുതിയ ഡാം അല്ല ശാശ്വത പരിഹാരമെന്നും, ഡാം, ഡിക്കമ്മിഷ‌ന്‍ ചെയ്യുകയാണ് വേണ്ടതെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ഏകാഭിപ്രായം. ഡിക്കമ്മിഷന്‍ ചെയ്യുക എന്നാ‌ല്‍ ഡാമിലെ ജലനിരപ്പ് പടിപടിയായി കുറച്ച് കൊണ്ടുവരിക എന്നാണ്. ഒപ്പം, തമിഴ്‌നാടിലെ ജലസംഭരണ ശേഷി ഉയര്‍ത്തുകയുമാവാം. ഇതിനുള്ള നടപടികള്‍ പെട്ടെന്ന് ചെയ്യേണ്ടി വരും. കാലാവസ്ഥാനുസൃതമായി ഇങ്ങനെ സംഭരിക്കാനുള്ള തടങ്ങ‌‌ള്‍, തമിഴ്‌നാടിനും കേരളത്തിനും എല്ലാക്കാലത്തും ഒരുപോലെ ജീവജലം തരും. സുഗമമായ ജല ലഭ്യതക്ക്, വികേന്ദ്രീകൃത ജല പരിപാലന നയം രൂപീകരിക്കണമെന്നും ആവശ്യമുണ്ട്. ഭൂഗര്‍ഭജലനിരപ്പ് ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം പുതിയ ക്രമീകരണങ്ങള്‍ മാത്രമേ പോംവഴിയുള്ളൂ.

പാട്ടത്തുക പണ്ട് നിശ്ചയിച്ച ഏതാനും ലക്ഷങ്ങള്‍ക്ക് പകരം, കോടിക്കണക്കിന് രൂപയിലെത്തും എന്നതാവണം തമിഴ്‍നാടിന്‍റെ ആശങ്ക. ഇനി, പഴയ നിരക്കില്‍ പണം നല്‍കി ഇപ്പോ‌ള്‍ കിട്ടുന്നത്രയും വെള്ളം തമിഴ്‌നാടിന് കൊണ്ടുപോകാനുള്ള സമ്മര്‍ദ്ദതന്ത്രമാണ് കേരളത്തിന്മേ‌‌ല്‍ പയറ്റുന്നതെങ്കി‌ല്‍, ഒരു ജനതയുടെ ജീവ‌‌ന്‍ വെച്ചുകൊണ്ടാണ് വിലപേശുന്നതെന്നും ഓര്‍ക്കണം. തിരുത്താനാവാത്ത തെറ്റ് ചെയ്തവരെന്ന വിശേഷണം ആര്‍ക്കും അഴകല്ല. ജീവന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് ജലം. ഇവിടെ ഒരു ജനത ജീവന് വേണ്ടി ശബ്ദമുയര്‍ത്തുമ്പോ‌‌ള്‍, മറ്റൊരു വിഭാഗം ജലത്തിനായി പൊരുതുന്നു. ഇതിനിടയില്‍ ശാശ്വതപരിഹാരം എന്ന നേര്‍ത്ത രേഖ തേടുകയാണ് നമ്മ‌ള്‍. എല്ലാം മറന്ന്, പ്രകൃതിക്കും സര്‍വ്വ ജീവജാലങ്ങള്‍ക്കും, ക്ഷേമകരമായ ഒരു തീര്‍പ്പ്, പരമാവധി വേഗത്തി‌‌‌ല്‍ ഉരുത്തിരിയാ‌‌ന്‍ തക്ക ബുദ്ധിയും വിവേകവും എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്ന് മാത്രം ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 12, ഡിസംബ‌‌ര്‍ 2011)

ആശങ്കയുണര്‍ത്തുന്ന സെന്‍സസ്

2011 സെന്‍സസിന്‍റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യാക്കാരായ നമുക്ക് ആശങ്കപ്പെടാതെ വയ്യ. 1921ന് ശേഷം ഇതാദ്യമായി നഗരപ്രദേശങ്ങളിലെ ജനസംഖ്യവര്‍ദ്ധനാ നിരക്ക് ഗ്രാമങ്ങളിലേതിനേക്കാള്‍ കൂടുതലായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇതിന് പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ഗ്രാമപ്രദേശങ്ങളെ പിന്തള്ളി നഗരങ്ങള്‍ മുന്‍പിലെത്തിയെന്നത് അത്ഭുതാവഹമാണ്, ഒപ്പം ചിന്തിപ്പിക്കുന്നതും. സ്വാഭാവീക വര്‍ദ്ധന കൂടാതെ, ഗ്രാമപ്രദേശങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം, പുതിയ പ്രദേശങ്ങള്‍ നഗരപരിധിയില്‍ ഉള്‍പ്പെടുത്തപ്പെട്ടത്, ഇവയൊക്കെ ഈ കണക്കെടുപ്പില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടാകാം. 1995ന് ശേഷം നടന്ന കര്‍ഷക ആത്മഹത്യകള്‍ വരെ ചില ദോഷൈകദൃക്കുക‌ള്‍ ചൂണ്ടിക്കാണിച്ചേക്കാം. എങ്കിലും മേല്‍പറഞ്ഞവയൊന്നും പൂര്‍ണ്ണമായും ഈ വര്‍ദ്ധനവിനെ ന്യായീകരിക്കുന്നവയല്ല.

ഗ്രാമങ്ങളില്‍, കാര്‍ഷികമേഖലയില്‍ ജോലി ചെയ്തിരുന്ന കര്‍ഷകരില്‍ ഭൂരിപക്ഷവും കാര്‍ഷികവൃത്തിയുപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് അടുത്തകാലത്തായി കാണുന്നത്. ജോലി ചെയ്യുവാന്‍ പ്രാപ്തരായ പുരുഷന്മാരുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും ആയിരക്കണക്കിന് ഗ്രാമങ്ങള്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണണം. ഏതാണ്ട് ഒന്നരപ്പതിറ്റാണ്ടായി ഈ പ്രവണത തുടരുന്നത് കാണാം. ഇന്ത്യയുടെ ജീവന്‍റെ തുടിപ്പ് നിലനിര്‍ത്തുന്ന ഗ്രാമപ്രദേശങ്ങള്‍ അധികം താമസിയാതെ വൃദ്ധരും അവശരും ജോലി ചെയ്യാന്‍ പ്രാപ്തരുമല്ലാത്ത ഒരുകൂട്ടം ആളുകള്‍ അധിവസിക്കുന്ന പ്രദേശങ്ങളായി മാറുമെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതുകൊണ്ട് തന്നെ രാജ്യത്തിന്‍റെ ഉത്പാദനത്തില്‍ വന്‍കുറവ് ഉണ്ടാവുകയും ചെയ്യും. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഭക്ഷ്യസുരക്ഷയെന്നത് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയാകുന്ന തരത്തില്‍ ഒരു ചോദ്യചിഹ്നമായി തീരും.

പരിമിതമായ അറിവും കഴിവും കൊണ്ട് നഗരങ്ങളിലെത്തിപ്പെടുന്ന ഗ്രാമീണരില്‍ ഭൂരിപക്ഷത്തിന്‍റെയും ജീവിതനിലവാരത്തില്‍ വലിയ മാറ്റമുണ്ടാകുന്നതായി കാണുന്നില്ല. വേതനത്തിലോ, ജോലിയിലോ ഉയര്‍ന്ന നിലയില്‍ അല്ലെങ്കില്‍ ഭേദപ്പെട്ട നിലയില്‍ എത്തുന്നവരും തീരെക്കുറവ്. നഗരങ്ങളില്‍ നിലവിലുള്ള തൊഴില്‍രഹിതരുടെ കൂടെ ഇവര്‍കൂടി ചേര്‍ക്കപ്പെടുന്നു എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. കൂടാതെ, നഗരങ്ങളിലെ മോശം താമസം, വിദ്യാഭ്യാസം, പ്രാഥമികസൗകര്യങ്ങള്‍ എന്നിവയെല്ലാം അനുഭവിക്കാന്‍ ഇക്കൂട്ടര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. അങ്ങനെ നഗരവത്കൃത ദരിദ്രരായി ഇവര്‍ മാറുന്നു.

ഭക്ഷ്യോത്പാദനത്തിലും കാര്‍ഷികോത്പന്നങ്ങളില്‍ അതിഷ്ഠിതമായ വ്യവസായങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട്, ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനങ്ങള്‍ക്ക് സമതുലിത വളര്‍ച്ച പ്രദാനം ചെയ്യുന്ന തരത്തില്‍ സമ്പദ്‌വ്യവസ്ഥയെ ക്രമീകരിക്കുന്ന നയം രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഒട്ടും താമസിച്ചുകൂടാ. ഏറ്റവും ഉയര്‍ന്ന പരിഗണന തന്നെ ഈ വിഷയത്തിന് നല്‍കണം. നഗരങ്ങളിലെപ്പോലെ ഉയര്‍ന്ന പശ്ചാത്തല സൗകര്യങ്ങള്‍ ഗ്രാമങ്ങളിലും ലഭ്യമാക്കുവാ‌ന്‍ കഴിഞ്ഞില്ലെങ്കില്‍ 'ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു' എന്ന അഭിമാനപൂര്‍ണ്ണമായ പ്രയോഗം അധികം താമസിയാതെ നമുക്ക് തിരുത്തേണ്ടി വരും.

നാം രാവിലെ പ്രഭാതസവാരിക്കിറങ്ങുമ്പോള്‍, തൊഴിലന്വേഷിച്ച് നമ്മുടെ നഗരങ്ങളിലെ കവലകളില്‍ കൂട്ടമായയി നില്‍ക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കാണുമ്പോള്‍ ഓര്‍ക്കുക - ഇന്ത്യയിലെ ഏതോ ഒരു ഗ്രാമത്തിലെ ദുരിതത്തിന്‍റെയും നിരാശയുടേയും പ്രതീകങ്ങളാണ് അവര്‍.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 11, നവംബ‌‌ര്‍ 2011)

നഷ്ടങ്ങള്‍ നല്‍കിയ ഒക്ടോബ‌ര്‍

2011 ഒക്ടോബര്‍ കടന്നു പോകുന്നത് മലയാളികള്‍ക്ക് വേര്‍പാടിന്‍റെ നൊമ്പരങ്ങ‌ള്‍ പകര്‍ന്നാണ്. കലാ-സാഹിത്യ-രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍സ‌ണ്‍, കാക്കനാടന്‍, മുല്ലനേഴി, ടി. എം. ജേക്കബ് എന്നിവര്‍ കടന്നു പോകുന്നത് സഹൃദയര്‍ക്ക് ഒരുപിടി നല്ല ഓര്‍മ്മക‌ള്‍ ബാക്കിവച്ചാണ്. ഇവരെല്ലാവരും തന്നെ ഓരോ മലയാളിക്കും പ്രിയപ്പെട്ടവരായിരുന്നുവെന്നതുപോലെ, മേളക്കും പ്രിയപ്പെട്ടവരാണ്. മേളയുമായി ആത്മബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു, മികച്ച പാര്‍ലമെന്‍റേറിയനും മന്ത്രിയുമായിരുന്ന ടി. എം. ജേക്കബ് എങ്കില്‍, പലകുറി മേള സന്ദര്‍ശിച്ച് മേളയുടെ പ്രവര്‍ത്തകരി‌ല്‍ പലരുമായും ഹൃദയബന്ധം സ്ഥാപിച്ച വ്യക്തിയായിരുന്നു കാക്കനാടന്‍. ഇവരുടെയൊന്നും വ്യക്തിപരമായ മികവുകളെക്കുറിച്ചോ, പൊതുജീവിതത്തിലെ നന്മ-തിന്മകളെക്കുറിച്ചോ ഒന്നും ചര്‍ച്ച ചെയ്യേണ്ടുന്ന സമയമല്ലിത്. ഏതൊരു മനുഷ്യനെപ്പോലെയും ജീവിതം അവര്‍ക്കിഷ്ടമുള്ള തരത്തി‌‌‌ല്‍‍ ജീവിച്ച് തീര്‍ത്ത് (?) അവര്‍ വിട പറയുമ്പോള്‍, അവരവശേഷിപ്പിച്ചു പോയ സത്കര്‍മ്മങ്ങളുടെ മാത്രം കണക്ക് നമുക്കെടുക്കാം. കലാകാരന്മാരായ പ്രതിഭകളുടെ വേര്‍പാടും, തികഞ്ഞ കലാസ്നേഹിയായിരുന്ന രാഷ്ട്രീയ നേതാവിന്‍റെ വേര്‍പാടും ഈ ഒക്ടോബറി‌ല്‍ തന്നെയായത് ഒരാകസ്മികത മാത്രമെന്ന് വിശ്വസിക്കാം. നമുക്ക് വ്യക്തിപരമായി വേണ്ടപ്പെട്ട പലരും ഈ കാലയളവില്‍ കാലയവനികക്കുള്ളി‌ല്‍ മറഞ്ഞിട്ടുണ്ടാകാം. പക്ഷേ, ഈ നാലു പേരെയും വ്യത്യസ്തമാക്കുന്നത് ഇവരുടെ കര്‍മ്മപഥങ്ങളി‌ല്‍ ഇവര്‍ പുലര്‍ത്തിയ ആത്മാര്‍ത്ഥത മാത്രമാണ്. ഈ ലക്കം വോയ്സ് ഓഫ് മേള വായനക്കാരിലെത്തുന്നത് ടി. എം. ജേക്കബിന്‍റെ വേര്‍പാടിന് മുന്നില്‍ ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക പതിപ്പായാണ്. ഒരു കലാ-സാംസ്ക്കാരിക സംഘടനയെന്ന നിലയില്‍, മേളയില്‍ വിശ്വാസമര്‍പ്പിച്ച് അദ്ദേഹം മുന്‍കൈയ്യെടുത്ത് നടത്തിയ പുരാവസ്തു വകുപ്പിന്‍റെ നാണയ പ്രദര്‍ശനം ഉള്‍പ്പടെയുള്ള വിവിധ സാംസ്ക്കാരിക പരിപാടിക‌ള്‍ ഈയവസരത്തി‌ല്‍ ഓര്‍ത്തു പോകുന്നു.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 10, ഒക്ടോബ‌ര്‍ 2011)

മാലിന്യവും മാറാവ്യാധികളും തലമുറകള്‍ക്ക് ഭീഷണി

ആധുനീക കേരള സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് മാലിന്യവും അതുയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളും. സമൂഹം പുരോഗമിക്കുമ്പോള്‍, ജീവിതത്തിന്‍റെ സമസ്ത മേഖലകളും അതിനനുസരിച്ച് നിലവാരമുള്ളതാകണം എന്നാണ് വ്യവസ്ഥ. പക്ഷേ, നമ്മുടെ ചുറ്റുപാടുകള്‍ ഇതിന് വിരുദ്ധമാണ്. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നതി, ചോദ്യം ചെയ്യാനാകാത്ത വിധം ജീവിതത്തെ മികവുറ്റതാക്കിയിട്ടുണ്ട്. സാങ്കേതിക വളര്‍ച്ച,  ആരോഗ്യ സങ്കല്‍പങ്ങള്‍, വ്യക്തി ശുചിത്വം, വീടുകളുടെ നിലവാരം, ഇവയെല്ലാം സമഗ്രമായി മാറി. ഓരോ വ്യക്തിയും കുടുംബവും സ്ഥാപനങ്ങളും അവര്‍ വ്യവഹരിക്കുന്ന ചുറ്റുപാടുകളും പുറത്തെടുക്കുന്ന മാലിന്യത്തിന്‍റെ തോത് വലുതാണ്. ഇത് എവിടേക്കാണ് നിര്‍ഗമിക്കുന്നത്? എവിടെയാണ് നശിപ്പിക്കപ്പെടുന്നത്? അവ യഥാവിധി സംസ്കരിക്കപ്പെടുന്നുണ്ടോ? അതിനാവശ്യമായ സൂക്ഷ്മതയും സാങ്കേതികത്തികവും നാം പുലര്‍ത്തുന്നുണ്ടോ? എന്നീ ചോദ്യങ്ങ‌ള്‍ ഭരണകൂടങ്ങളെയും വ്യക്തികളെയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.

സാങ്കേതികവിദ്യ കൊണ്ടുവന്ന ഇ-വെയിസ്റ്റുകള്‍ വലിയ ഭീഷണിയായി സാമാന്യജനം മനസ്സിലാക്കാതെ ഒരുവശത്തുണ്ട്. പ്ലാസ്റ്റിക്ക്-യന്ത്ര-ജൈവേതര മാലിന്യങ്ങള്‍ മറുവശത്ത് കുമിയുന്നു. ജൈവമാലിന്യങ്ങള്‍ നിത്യശാപമായി ചുറ്റുപാടുകളെ മലീമസമാക്കുന്നു. ജൈവ-പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വായു, വെള്ളം, മണ്ണ് എന്നിവയെ സ്വാഭാവികമായും നശിപ്പിക്കുന്നു.

വര്‍ദ്ധിക്കുന്ന ജലചൂഷണത്തേക്കാള്‍ ഭീകരമാണ് ജലസ്രോതസ്സുകളെ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങള്‍.

തദ്ദേശസ്ഥാപനങ്ങള്‍ സമാഹരിക്കുന്ന മാലിന്യം തള്ളുന്നത് വലിയ ജലാശയപ്രാന്തപ്രദേശങ്ങളിലാണ്. കമ്പനികളും സ്ഥാപനങ്ങളും തള്ളുന്ന ജൈവേതര മാലിന്യങ്ങളും ഇവിടേക്കുതന്നെ എത്തുന്നു. അറവുശാലകളില്‍ നിന്നുള്ള മാലിന്യം ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നു. ഓടകളും അഴുക്കുചാലുകളും പുഴകളിലേക്ക് തുറക്കുന്നു. വയലേലകളും വിജനപ്രദേശങ്ങളും ആര്‍ക്കും മാലിന്യമിടാവുന്ന സ്ഥലമായി മാറുന്നു.

പുരോഗതിയുടെ അളവുകോല്‍ ഇക്കാര്യത്തി‌ല്‍ മാത്രം പുറത്തെടുക്കാനാവുന്നില്ല. ഭരണകൂടങ്ങളെ കുഴക്കുന്ന ഈ പ്രശ്നത്തിന് പരിഹാരങ്ങളുണ്ട്. പക്ഷേ, കെടുകാര്യസ്ഥതയും സ്വാര്‍ത്ഥതയും അഴിമതിയും മാലിന്യസംസ്ക്കരണത്തെ ലാഭക്കരാറുകളാക്കിമാറ്റിയതിന്‍റെ നേര്‍ക്കാഴ്ചകളാണ് എവിടെയും.

ആരോഗ്യസുരക്ഷക്കായി കോടികള്‍ ചിലവിടുന്ന സര്‍ക്കാ‌ര്‍, ഈ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ക്ക് അവധിയില്ലാത്ത നാടായി കേരളം മാറി. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് സാമ്പത്തികമായി നാം നേടിയ ഉയര്‍ച്ചക്കൊപ്പമോ അതിലേറെയോ ആണ് പകര്‍ച്ചവ്യാധിക‌ള്‍ ഉണ്ടാക്കുന്ന ഭീഷണി. സാധാരണ പനിയില്‍ നിന്ന് മാരകമായ എച്ച്-1 എന്‍-1 ലേക്ക് കേരളസമൂഹത്തിന്റെ രോഗാവസ്ഥ മാറി. കേട്ടുകേള്‍വിയില്ലാതിരുന്ന എലിപ്പനിയും (ലെപ്റ്റോസ്പൈറ), ഒടുവി‌ല്‍ നാം കീഴടക്കിയെന്ന് കരുതിയിരുന്ന മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് A, E) മരണം വിതച്ചു. തലമുറകളെ ഇല്ലാതാക്കുന്ന ബ്രൂസെല്ലോസിസ്, ആന്ത്രാക്സ് ഭീഷണി സമൂഹത്തെ ഭയപ്പാടിലാക്കുന്നു. ക്യാന്‍സറും പക്ഷാഘാതവും ഹൃദ്രോഗങ്ങളും പെരുകി.

യഥാസമയം രോഗബാധയുണ്ടാക്കുന്ന വൈറസ്സോ, ബാക്ടീരിയയോ കണ്ടെത്താനുള്ള പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കാ‌ന്‍ പോലും ആരോഗ്യ വകുപ്പിനാകുന്നില്ല. മാലിന്യവും മാറാരോഗങ്ങളും കേരളീയ ജീവിതത്തെ മഹാവിപത്തിലേക്കാണ് തള്ളിവിടുന്നത്. വരും തലമുറയോട് ചെയ്യുന്ന മഹാപാതകത്തിന് തടയിടാനുള്ള ബാദ്ധ്യത നമുക്കുണ്ട്.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 9, സെപ്തംബ‌‌ര്‍ 2011)

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

ഹസാരെ സമരങ്ങളെ സര്‍ക്കാ‌ര്‍ ഭയപ്പെടുന്നതെന്തിന്

അണ്ണാ ഹസാരെയെന്ന 72 കാരനെ സര്‍ക്കാ‌ര്‍ ഭയപ്പെടുന്നതെന്തിന്? പൊതുസമൂഹത്തിന് വേണ്ടി അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ജ‌ന്‍-ലോക്പാ‌ല്‍ ബില്ലിനെയാണോ, അതോ അദ്ദേഹത്തിന്‍റെ സമരശൈലിയെയാണോ സര്‍ക്കാ‌ര്‍ ഭയപ്പെടുന്നത്? കൂടുതല്‍ ശക്തമായ ഒരു അഴിമതി നിരോധന നിയമം ആവശ്യപ്പെട്ടുകൊണ്ട് 2011 ഏപ്രിലില്‍ അണ്ണാ ഹസാരെ നടത്തിയ സമരമാണ് പൊതുജനങ്ങള്‍ക്കിടയി‌ല്‍ ഈ ബില്ലിനെ ചര്‍ച്ചയാക്കിയത്. ലോക്പാ‌ല്‍ ബില്ലിന്‍റെ കരടുണ്ടാക്കുന്നതിന് സര്‍ക്കാ‌ര്‍ പ്രതിന്ധികളും, ഒപ്പം പൊതുസമൂഹത്തിന്‍റെ പ്രതിനിധികളുമുള്‍പ്പെട്ട ഒരു സംയുക്ത സമിതി വേണമെന്ന ആവശ്യവുമായി നടത്തിയ സമരം, പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനശ്രദ്ധ നേടി. വിവിധ മേഖലകളില്‍ നിന്നും പിന്തുണ നേടുവാ‌ന്‍ ഹസാരെക്ക് സാധിച്ചു. ഇന്ത്യയിലെ യുവജനതയുടെ പിന്തുണയും, അതുവഴി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയുള്ള പ്രചരണങ്ങളും പ്രതിഷേധങ്ങളും പെട്ടെന്ന് പടര്‍ന്നു. പ്രമുഖനഗരങ്ങളിലെല്ലാം തന്നെ അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തുന്ന ചെറുസംഘങ്ങ‌ള്‍ രംഗത്ത് വന്നു. സ്ഥിരമായി അഴിമതിക്കെതിരെ ശബ്ദിക്കുന്നഒരു കൂട്ടം ആളുകളെക്കൂടാതെ, ഒരു പറ്റം പുതിയ ആളുകളെ രംഗത്തിറക്കാന്‍ ഹസാരെ സമരത്തിന് കഴിഞ്ഞുവെന്നതാണ് ഇതില്‍ കാണേണ്ടുന്ന പ്രത്യേകത. ഹസാരെയുടെ സമരത്തിന് പിന്നില്‍ ഏതെല്ലാം ശക്തിക‌ള്‍ ഉണ്ടെന്ന് പറഞ്ഞാലും, രാജ്യത്ത് അഴിമതിക്കഥക‌ള്‍ മാത്രം പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങ‌ള്‍ പരിഗണിക്കാതിരിക്കാ‌ന്‍ കഴിയില്ല. പ്രത്യേകിച്ച് ടു-ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ലാറ്റ് തുടങ്ങി വലിയ തുകയുടെ അഴിമതിക്കഥക‌ള്‍ കേട്ട് സ്തബ്ധരായിപ്പോയ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഹസാരെയും കൂട്ടരും വച്ച നിര്‍ദ്ദേശങ്ങ‌ള്‍ പ്രത്യാശയുടേതായിരുന്നു.

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയി‌ല്‍, ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും ഈ വിഷയം തന്നെ. മുന്‍ സുപ്രീം കോടതി ജഡ്ജി സന്തോഷ് ഹെഗ്ഡെ, സുപ്രീം കോടതി സീനിയ‌ര്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, പൊതുപ്രവര്‍ത്തകനായ അരവിന്ദ് കേജരിവാ‌ള്‍ എന്നിവ‌ര്‍ ചേര്‍ന്ന് തയ്യാറാക്കിയ ജ‌ന്‍-ലോക്പാ‌ല്‍ ബില്ലാണ് അണ്ണാ ഹസാരെയും സംഘവും മുന്നോട്ട് വയ്ക്കുന്നത്. സ്വാഭാവികമായും സര്‍ക്കാ‌ര്‍ നിര്‍ദ്ദേശിക്കുന്ന ലോക്പാ‌ല്‍ ബില്ലുമായി താരതമ്യം ചെയ്യുമ്പോ‌ള്‍ വ്യത്യസ്തമായ നിര്‍ദ്ദേശങ്ങ‌ള്‍ ഉണ്ട് താനും. ഇതില്‍ പ്രധാനമായത്, പ്രധാനമന്ത്രിയെയും സുപ്രീം കോടതി ജഡ്ജിമാരെയും ലോക്പാലിന്‍റെ പരിധിയി‌ല്‍ നിന്ന് ഒഴിവാക്കുക എന്ന സര്‍ക്കാരിന്‍റെ വ്യവസ്ഥയാണ്. ഇതില്‍ തട്ടിയാണ് ഹസാരെയുടെ ആദ്യത്തെ സമരത്തിന്‍റെ ഫലമായി രൂപീകരിച്ച സംയുക്തസമിതിയുടെ ചര്‍ച്ചക‌ള്‍ വഴിമുട്ടിയതും, ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹപ്രതിനിധികള്‍, തുടര്‍ന്നുള്ള യോഗങ്ങളി‌ല്‍ പങ്കെടുക്കാനുള്ള താത്പര്യമില്ലായ്മ അറിയിച്ചുകൊണ്ട് സമിതി അദ്ധ്യക്ഷനായ പ്രണാബ് മുഖര്‍ജിക്ക് കത്തെഴുതിയതും. ഒരല്പംകൂടി കടന്ന് ഹസാരെയും കൂട്ടരും തുടര്‍ന്നുള്ള ചര്‍ച്ചകളി‌ല്‍ പങ്കെടുക്കണമെങ്കി‌ല്‍ യോഗനടപടിക‌ള്‍ തത്സമയം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യണമെന്നുകൂടി ആവശ്യപ്പെടുന്നു. ഇത്തരം നിലപാടുകള്‍ ഹസാരെയുടെ സമരത്തിന് നല്‍കുന്ന സുതാര്യത ചെറുതല്ല. അതുകൊണ്ട്തന്നെയാവണം ഈ സമരം ജനശ്രദ്ധയാകര്‍ഷിച്ചതും. രാംലീലാ മൈതാനിയില്‍ ജൂ‌ണ്‍ മാസം ബാബാ രാംദേവും കൂട്ടരും നടത്തിയ സമരനാടകങ്ങള്‍ യഥാര്‍ത്ഥത്തി‌ല്‍ ശരിയായ പ്രശ്നത്തില്‍ നിന്നും ജനശ്രദ്ധയകറ്റുകയും ചെയ്തു.

ആഗസ്ത് 16 ന്, രാവിലെ 7. 30 ന് അണ്ണാ ഹസാരെ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സര്‍ക്കാരിന്‍റെ നിലപാടിനെ കൂടുത‌ല്‍ സംശയത്തോടെയാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ കാണുന്നത്. ഹസാരെയും കൂട്ടരും നടത്തുമെന്ന് പ്രഖ്യാപിച്ച സമാധാനപരമായ സമരങ്ങളെ നിര്‍ബന്ധമായി തടയുക, അതിന് വ്യവസ്ഥക‌ള്‍ നിര്‍ദ്ദേശിക്കുക, നിരാഹാരസമരത്തിന് മുന്‍പ് തന്നെ അറസ്റ്റ് ചെയ്ത് നീക്കുക തുടങ്ങിയ സര്‍ക്കാ‌ര്‍ നീക്കങ്ങ‌ള്‍, ജനാധിപത്യത്തി‌ല്‍ അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രത്തിന് അഭികാമ്യമല്ല. നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്‍റിനും, അതുവഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാണ് എന്നാണ് പ്രധാനമന്ത്രി തന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞത്. പൊതുജനങ്ങള്‍ക്കുവേണ്ടി, അവര്‍കൂടി നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥക‌ള്‍ ഉള്‍പ്പെടുത്തിയാണ് ജനപ്രതിനിധിക‌ള്‍ നിയമനിര്‍മ്മാണം നടത്തേണ്ടുന്നത്. ഈ നിയമങ്ങള്‍ പൊതുസമൂഹത്തിന് വേണ്ടിയാണെന്നും, ഹസാരെയുള്‍പ്പെട്ട ചില‌ര്‍ (അവര്‍ പൊതുസമൂഹത്തിന്‍റെ പ്രതിനിധികളാണ് എന്ന് സര്‍ക്കാ‌ര്‍ തന്നെ അംഗീകരിച്ചാണ് നിയമ നിര്‍മ്മാണ സമിതിയില്‍ ഉള്‍പ്പെടുത്തിയത്)നിയമ നിര്‍മ്മാണത്തിനുള്ള വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചു എന്ന കാരണംകൊണ്ട് ഇത് അംഗീകരിക്കാനാവില്ല എന്നും പറയുന്നത് കേവലം പിടിവാശി മാത്രമാണ്, അല്ലെങ്കില്‍ ഒരു സാങ്കേതികത്വം മാത്രമാണ്. പാര്‍ലമെന്‍റിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതല്ല ഹസാരെയുടെ സമരം. നിര്‍ദ്ദേശങ്ങ‌ള്‍ വയ്ക്കാനും, ചര്‍ച്ച ചെയ്യാനും അതുപോലെതന്നെ പ്രതിഷേധിക്കുവാനുമുള്ള പൗരന്‍റെ അവകാശത്തിന് കൂച്ചുവിലങ്ങിടുന്ന നീക്കങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങ‌ള്‍ ഉണ്ടാക്കും.

ഗാന്ധിയന്‍ സമര മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യ നേടിയ സ്വാതന്ത്ര്യം ചരിത്രത്തിന്‍റെ ഏടുകളില്‍ സുവര്‍ണ്ണ ലിപികളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ ആശയസംഹിതകളി‌ല്‍ വിശ്വസിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃത്വമാണ് ഗാന്ധിയ‌ന്‍ സമര ശൈലി പിന്‍തുടര്‍ന്ന ഹസാരെയെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന വിരോധാഭാസത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നു ഇന്ത്യന്‍ ജനതക്ക്.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 8, ആഗസ്ത് 2011)

മീനച്ചില്‍ പദ്ധതിക്ക് വേണ്ടി മൂവാറ്റുപുഴയാറിനെ കൊല്ലേണ്ട

മൂവാറ്റുപുഴയാറിലെ ജലം ഉപയോഗിച്ച്, അശാസ്ത്രീയമായ ഒരു പദ്ധതി നടപ്പാക്കുന്നതിനായി ബഡ്ജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചതു വഴി, മൂവാറ്റുപുഴയാറിന്‍റെ തീരത്ത് ജീവിക്കുന്ന ജനസമൂഹമുള്‍പ്പടെ, ഒരു വലിയ ജനത ആശങ്കയിലായിരിക്കുകയാണ്. ജനപ്രതിനിധികളും പൊതുജനങ്ങളും ഈ പദ്ധതിയുടെ ദോഷവശങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. മുന്‍പ്, വിദഗ്ധസമിതി പഠിച്ച്, പ്രായോഗീകമല്ലെന്ന് വിധിയെഴുതിയ പദ്ധതി വീണ്ടും നടപ്പാക്കുവാന്‍ തുനിയുന്നതിന് പിന്നിലുള്ള വികാരമെന്തായിരിക്കണം? നിലവിലുള്ള പദ്ധതികള്‍ക്ക് പുറമെ, ചേര്‍ത്തല-വൈക്കം താലൂക്കുകള്‍, കൊച്ചി കോര്‍പ്പറേഷന്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ താമസിക്കുന്നയാളുകള്‍ക്ക് ജീവജലം എത്തിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മൂവാറ്റുപുഴയാറില്‍ അധികജലം ഇല്ല എന്നത് വസ്തുതയാണ്.

ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് ദോഷകരമാകുന്ന പദ്ധതി കൊണ്ട്, മറ്റൊരു പ്രദേശത്തെ ജനങ്ങളെ സഹായിക്കാന്‍ ശ്രമിക്കുന്നതിനെ, കേവലം സ്വാര്‍ത്ഥതയെന്ന വാക്ക് കൊണ്ടുമാത്രമേ വിശേഷിപ്പിക്കാനാകൂ. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന ജനസമൂഹത്തിനൊപ്പമായിരിക്കണം ഏതൊരു സാംസ്ക്കാരികപ്രവര്‍ത്തകനും നിലകൊള്ളേണ്ടത്. ഈ വിഷയത്തിലുള്ള പ്രത്യേക പതിപ്പായിട്ടാണ് ജൂലൈ ലക്കം പുറത്തിറങ്ങുന്നത്. ഈ വിഷയത്തില്‍ ലഭ്യമായ വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. പൊതുജനങ്ങളും, വിശിഷ്യാ മേളയുടെ അംഗങ്ങള്‍ ഈ വിഷയത്തില്‍ ബോധവാന്മാരാവുകയും പ്രതികരിക്കുകയും വേണം. പ്രതികരിക്കാതിരിക്കുന്നത് ഒരുപക്ഷേ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 7, ജൂ‌ലൈ 2011)

പുനര്‍നിര്‍ണ്ണയിക്കപ്പെടുന്ന ലക്ഷ്യങ്ങ‌ള്‍

മുന്‍പൊരിക്ക‌ല്‍ എഡിറ്റോറിയലി‌ല്‍ ഞാ‌ന്‍ എഴുതിയതു പോലെ, ഒരു സംഘടന രൂപീകൃതമാകുമ്പോള്‍ ഉള്ള ലക്ഷ്യങ്ങ‌ള്‍ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കും, മാറിക്കൊണ്ടിരിക്കണം. ഇല്ലെങ്കിലത് നിര്‍ജ്ജീവമാകും. ഒത്തുചേര്‍ന്നുള്ള ഏതൊരു പ്രവര്‍ത്തനത്തിനും, അത് ലക്ഷ്യം വയ്ക്കുന്ന ആശയങ്ങ‌ള്‍ നേടിക്കഴിഞ്ഞാ‌ല്‍, അതിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഗ്രാഫ് താഴേക്ക് ചരിഞ്ഞു തുടങ്ങും. മേളയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി മേല്‍പ്പറഞ്ഞത് ചേര്‍ത്തുവായിച്ചാല്‍, മേള അതിന്‍റെ ലക്ഷ്യം കാലാനുസൃതമായി പുനര്‍നിര്‍ണ്ണയിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് മനസ്സിലാകും.

മൂവാറ്റുപുഴയില്‍, സമൂഹത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി വേണ്ടിവരുന്ന ഒത്തുചേരലുകള്‍ക്ക് ഒരു ഇടമില്ലാതിരുന്ന കാലത്ത്, ഓഡിറ്റോറിയമെന്ന ആശയം സാധൂകരിക്കുകയും, അത് വാടകക്ക് കൊടുത്ത് കിട്ടുന്ന വരുമാനത്തിലൂടെ, കലാപ്രവര്‍ത്തനങ്ങളും ഇതര ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തിവരികയും ചെയ്ത ചരിത്രമാണ് നമുക്കുള്ളത്. പലരും സ്വകാര്യമായ സദസ്സുകളിലെങ്കിലും പറയാറുള്ള ഒരു ആക്ഷേപം, മേളക്ക് ഇന്നും ഓഡിറ്റോറിയത്തെ ചുറ്റിപ്പറ്റിയുള്ള വികസന ലക്ഷ്യത്തില്‍ നിന്നും മാറി ചിന്തിക്കാ‌ന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. പക്ഷേ, മാറി വരുന്ന സാഹചര്യങ്ങളി‌ല്‍ ഏതൊരു കലാസ്വാദനത്തിനും, കലാപ്രോത്സാഹനത്തിനും പണം ഒരു ഘടകമാണ് എന്നിരിക്കെ, നമ്മുടെ വരുമാന സ്രോതസ്സിന്‍റെ കാലാനുസൃതമായ നവീകരണം ഇത്തരം കലാ-സാംസ്ക്കാരിക-ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ത്തും ആവശ്യമാണ് എന്ന വസ്തുത ഇക്കൂട്ടര്‍ മറക്കുന്നു.

നമ്മുടെ നവീകരിച്ച എ. സി. ഓഡിറ്റോറിയത്തിന്‍റെ ഔപചാരികമായ ഉത്ഘാടനത്തോടനുബന്ധിച്ച് ഇറങ്ങുന്ന പ്രത്യേക പതിപ്പായാണ് ഇക്കുറി വോയ്സ് ഓഫ് മേള വായനക്കാരുടെ പക്കലെത്തുന്നത്. അതുകൊണ്ട് തന്നെയാണ് മേളയുടെ ലക്ഷ്യങ്ങള്‍ ഇന്നും കലാപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായവ തന്നെയാണ് എന്ന് സമര്‍ത്ഥിക്കുന്ന ഏതാനും വരിക‌ള്‍ ഇവിടെ കുറിച്ചതും.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 6, ജൂണ്‍ 2011)

വായനാസമ്പുഷ്ടമായ ഒരു പ്രവര്‍ത്തനവര്‍ഷം ആശംസിക്കുന്നു

ഒരു പ്രവര്‍ത്തന വര്‍ഷം കൂടി മേള പിന്നിടുകയാണ്. വോയ്സ് ഓഫ് മേളയെന്ന പ്രസിദ്ധീകരണം മേളയുടെ മുഖപത്രമാണ്. കാലാകാലങ്ങളില്‍ വന്ന മാറ്റങ്ങളെ - അത് ഉള്ളടക്കത്തിലായാലും പുറം മോടിയിലായാലും - ഉള്‍ക്കൊണ്ട് സ്വാഗതം ചെയ്തിട്ടുണ്ട് നമ്മുടെ അംഗങ്ങള്‍. ഏതാനും പതിവ് പംക്തികള്‍ - ബ്ലോഗുലകം (മലയാളം ബ്ലോഗുകളെ പരിചയപ്പെടുത്തുന്നതിന്), ടാക്കീസ് (സിനിമാ സംബന്ധിയായ പരമ്പര), പുസ്തകപരിചയം (പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവക്കുന്നവ) - പ്രസിദ്ധീകരിക്കാ‌ന്‍ കഴിഞ്ഞതി‌ല്‍ സന്തോഷമുണ്ട്. ഇതിനെല്ലാം സ്ഥിരം വായനക്കാര്‍ ഉണ്ടെന്നും മനസ്സിലാക്കിയിട്ടുണ്ട്. മൂവാറ്റുപുഴക്കാരനായ സംസ്കൃതപണ്ഠിതന്‍ ഡി. ശ്രീമാന്‍ നമ്പൂതിരിയെ ആദരിക്കുന്ന വേളയി‌ല്‍ അദ്ദേഹത്തിന്‍റെ പേരി‌ല്‍ പ്രത്യേക പതിപ്പ് ഇറക്കാ‌ന്‍ കഴിഞ്ഞതിലും ചാരിതാര്‍ത്ഥ്യമുണ്ട്. അംഗങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള വാര്‍ത്തകളും ചിത്രങ്ങളും പരമാവധി ഉള്‍പ്പെടുത്താനും ശ്രദ്ധിച്ചിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ മൂലം ചില ലക്കങ്ങളില്‍ കടന്നുകൂടിയിട്ടുള്ള അക്ഷരപ്പിശകുക‌ള്‍ എഡിറ്റോറിയ‌ല്‍ ബോര്‍ഡിന്‍റെ ശ്രദ്ധയി‌ല്‍പെട്ടിട്ടുണ്ട്. ആവര്‍ത്തിക്കാതിരിക്കാ‌ന്‍ പരമാവധി ശ്രദ്ധയുമുണ്ടായി.

വായനാസമ്പുഷ്ടമായ ഒരു പ്രവര്‍ത്തനവര്‍ഷം ആശംസിച്ചുകൊണ്ട് സഹകരണം നല്‍കിയ എല്ലാവര്‍ക്കും എഡിറ്റോറിയ‌ല്‍ ബോര്‍ഡിന്‍റെ നന്ദി അറിയിക്കട്ടെ.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 5, മെയ് 2011)

നവമാധ്യമങ്ങള്‍ ഉറക്കം കെടുത്തുന്നതാരുടെ

2-ജി സ്പെക്ട്രം, ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി, കോമണ്‍വെല്‍ത്ത് ഗെയിംസ്, ക്രിക്കറ്റ് വിവാദം തുടങ്ങി ഒട്ടേറെ അഴിമതിക്കഥകള്‍ ഇപ്പോ‌ള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇതി‌ല്‍ കുറ്റവാളികളാരും ജയിലി‌ല്‍ പോകുന്നില്ല. അത്തരക്കാരെ ജയിലില്‍ അയക്കാനും തൂക്കിക്കൊല്ലാനുമുള്ളതാണ് ലോക്പാല്‍ നിയമം. ഗാന്ധിയനായ ഞാ‌ന്‍ എന്തിനാണ് തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് ഇത്ര കടുത്ത വാക്കുകളില്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. രാജ്യത്തിന്‍റെ അവസ്ഥ അങ്ങിനെയാണ്. നമ്മള്‍ ഗാന്ധിയെ മാത്രം പിന്‍തുടര്‍ന്നാ‌ല്‍ മതിയാകുന്നില്ല. ഛത്രപതി ശിവജിയെയും ഉള്ളില്‍ ധ്യാനിച്ചുമാത്രമേ ഇവരോട് സംസാരിക്കാനാവൂ - അണ്ണാ ഹസാരെ.

2010 ഏപ്രല്‍ 5, ബുധനാഴ്ച ന്യൂഡല്‍ഹിയിലെ ജന്ദ‌ര്‍ മന്ത‌ര്‍ ഉണര്‍ന്നെഴുന്നേറ്റത് അത്ര പരിചിതമല്ലാത്ത ഒരു വാര്‍ത്ത ശ്രവിച്ചുകൊണ്ടാണ്; ലക്ഷ്യം നേടിയില്ലെങ്കില്‍ മരിക്കുക എന്ന പ്രഖ്യാപനവുമായി ഗാന്ധിയനും സാമൂഹ്യപ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ (72) സത്യാഗ്രഹസമരം ആരംഭിച്ചിരിക്കുന്നു... രാഷ്ട്രപിതാവിന്‍റെ, എന്നോ കേട്ട് മറന്ന സമരമുറ വീണ്ടും പൊടിതട്ടിയെടുത്ത് സമരത്തിനിറങ്ങിയ ആള്‍ പതിവ് രാഷ്ട്രീയക്കാരുടെ സത്യാഗ്രഹനാടകത്തിനപ്പുറം ഒരു ലക്ഷ്യവുമായാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് രാജ്യമൊട്ടുക്കുള്ള ജനങ്ങള്‍ വളരെ വേഗം തിരിച്ചറിഞ്ഞു.

ഹസാരെ നയിക്കുന്ന സത്യാഗ്രഹസമരം മൂന്ന് നാ‌ള്‍ പിന്നിട്ടപ്പോ‌ള്‍ മുദ്രാവാക്യങ്ങളുമായി വിവിധ ദേശക്കാ‌ര്‍ ഇന്ത്യാഗേറ്റിലേക്ക് ഒഴുകി. ഹസാരെയുടെ വാക്കിന്‍റെ ഊര്‍ജ്ജവുമായി ആയിരങ്ങ‌ള്‍ ഇന്ത്യാ ഗേറ്റി‌ല്‍ മെഴുകുതിരി ജ്വാല തെളിയിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍ക്കാ‌ര്‍ ഗുമസ്തരും വീട്ടമ്മമാരും കൃഷിക്കാരും യുവാക്കളും തുടങ്ങി, സിനിമാ താരങ്ങളും സാംസ്ക്കാരിക നായക‌ര്‍ വരെ ഹസാരെക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തി. 300ഓളം പേര്‍ അദ്ദേഹത്തിന്‍റെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരമനുഷ്ഠിച്ചു. ജാതി-മത-വര്‍ഗ-വര്‍ണ്ണ ചിന്തയില്ലാതെ, ഒരു പൊതുകാര്യത്തിനായി ഇന്ത്യ ഒട്ടുക്കുള്ള ജനങ്ങ‌ള്‍ വളരെ വേഗം ഒത്തുചേര്‍ന്നത് മഹത്തായ ഒന്നായി തന്നെ വിലയിരുത്തപ്പെടേണ്ടതാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ തരക്കേടില്ലാത്ത കവറേജ് അണ്ണാ ഹസാരെയുടെ സമരത്തിന് നല്‍കിയിരുന്നുവെങ്കിലും, രാജ്യമൊട്ടാകെയുള്ള ജനങ്ങളെ ഈയൊരു വിഷയത്തിനുപിന്നില്‍ അണിചേര്‍ക്കാ‌ന്‍ മാത്രം അത് പര്യാപ്തമായിരുന്നില്ല. പിന്നെയെന്താണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ചാലക ശക്തി? (ലോക്പാല്‍ ബി‌ല്‍ ഉട‌ന്‍ നടപ്പാക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ രേഖാമൂലമുള്ള ഉറപ്പിന്മേ‌ല്‍ ഏപ്രില്‍ 9 ന്, 98 മണിക്കൂര്‍ നീണ്ടുനിന്ന സമരം ഹസാരെ അവസാനിപ്പിച്ചു)

ടുണീഷ്യയിലും ഈജിപ്തിലും ഭരണമാറ്റത്തിനിടയാക്കിയ, മറ്റുചില മധ്യേഷ്യ‌ന്‍ രാജ്യങ്ങളി‌ല്‍ നേതൃമാറ്റത്തനോ ഭരണ വ്യവസ്ഥാ മാറ്റത്തനോ ഇടയാക്കാവുന്ന തരത്തില്‍ പ്രവര്‍ത്തിച്ച, അഥവാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നവ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍, ഇ-മെയില്‍, മൊബൈല്‍ ഫോ‌ണ്‍ എന്നിവയാണ് അണ്ണാ ഹസാരെയുടെ പിറകി‌ല്‍ ജനങ്ങളെ അതിവേഗം അണിചേര്‍ത്ത യഥാര്‍ത്ഥ ചാലകശക്തിയെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. സ്വയം സംഘാടന പ്രക്രിയയില്‍ നവമാധ്യമങ്ങ‌ള്‍ വഹിക്കുന്ന പങ്ക് ഇന്നൊരു രഹസ്യമല്ല.

ലോകചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായ മാറ്റങ്ങ‌ള്‍ സംഭവിപ്പിക്കാ‌ന്‍ ഇത്തരം മാധ്യമങ്ങ‌ള്‍ക്ക് കഴിയും. അണ്ണാ ഹസാരെയുടെ പിന്നി‌ല്‍ അണിനിരന്ന രാഷ്ട്രീയ നിറമില്ലാത്ത ജനതയെ ഒരുമിപ്പിച്ച് നിറുത്തിയ ഘടകങ്ങളേയും, ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും മധ്യേഷ്യ‌ന്‍ രാജ്യങ്ങളിലും നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളെ മുന്‍നിറുത്തി, നവ മാധ്യമങ്ങളുടെ ഇത്തരം സാമൂഹ്യ ഇടപെടലുക‌ള്‍ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.

നേതാക്കന്മാരില്ലാത്ത, പാര്‍ട്ടിയില്ലാത്ത, ഹിഡന്‍ അജന്‍ഡയില്ലാത്ത ഒരു കൂട്ടായ്മ സൃഷ്ടിക്കാ‌ന്‍ നവ മാധ്യമങ്ങള്‍ക്ക് കഴിയുന്നുവെങ്കി‌ല്‍ അതിന്‍റെ ശരിയായ ഗുണഭോക്താക്കളാകുവാന്‍ നാം ശ്രമിക്കേണ്ടതല്ലേ? യുവതലമുറ അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നുവെന്ന് മുറവിളി കൂട്ടുന്ന (അ)രാഷ്ട്രീയ വാദികളുടെ വാദമുനയൊടിക്കുന്ന തരത്തിലാണ് ടുണീഷ്യയിലും ഈജിപ്തിലും, ഇങ്ങ് ഇന്ത്യയിലുമുള്ള കാര്യങ്ങളുടെ പോക്ക്. വിദ്യാസമ്പന്നരും ഉയര്‍ന്നതലത്തി‌ല്‍ ചിന്തിക്കുന്നതുമായ യുവതലമുറയുടെ വലിയൊരു ശതമാനത്തെ ഈ മുന്നേറ്റങ്ങളിലെല്ലാം കണ്ടു. അണ്ണാ ഹസാരെയുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയവരിലും നല്ലൊരു ശതമാനം യുവാക്കളായിരുന്നു. നവ മാധ്യമങ്ങള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നുവെന്ന് കരുതുന്നിടത്ത് നിന്ന് യുവതലമുറ നടത്തുന്ന ശരിയായദിശയിലുള്ള ഈ മുന്നേറ്റം ഭരണരംഗത്ത് അഴിമതിയില്‍ മുങ്ങിക്കുളിച്ച് സ്വസ്ഥമായി പാര്‍ക്കാം എന്ന് കരുതുന്ന ഏതൊരു രാഷ്ട്രീയക്കാരന്‍റെയും കണ്ണിലെ കരടായി തന്നെ തീരും.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 4, ഏപ്രി‌‌‌ല്‍‍ 2011)

ശനിയാഴ്‌ച, ഡിസംബർ 17, 2011

വേറിട്ട രംഗഭാഷ പരിചയപ്പെടുത്തുന്ന അഭിനയ

ആധുനീക തിയറ്റര്‍ സങ്കല്പങ്ങ‌ള്‍ നമ്മുടെ നാട്ടിലെത്തുന്നതിന് ഒരുപക്ഷേ, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങള്‍ കൂടി കാരണമായിട്ടുണ്ട്. പടിഞ്ഞാറന്‍ നാടക സങ്കല്‍പ്പങ്ങളും ഗ്രീക്ക് നാടകങ്ങളും ഇബ്സ‌ണ്‍, ഷേക്സ്പിയര്‍ തുടങ്ങിയവരുടെ നാടകങ്ങളും നമ്മുടെ തിയറ്റര്‍ ശൈലിയെ സ്വാധീനിച്ചിട്ടുണ്ട്. സംസ്കൃത സാഹിത്യ ശാഖയുമായി ബന്ധപ്പെട്ട് നമുക്ക് സ്വന്തമായ ഒരു തിയറ്റര്‍ ശൈലി പണ്ടുമുതല്‍ക്കുതന്നെ ഉണ്ടായിരുന്നുവെന്നത് വിസ്മരിച്ചുകൂടാ. ഭാസന്‍, അശ്വഘോഷന്‍, കാളിദാസന്‍ മുതലായവ‌ര്‍ രചിച്ച നാടകങ്ങ‌ള്‍ ഇന്നും രംഗത്ത് അവതരിപ്പിച്ച് വരുന്നത് ശ്രദ്ധിക്കുക.

ആത്മാവിഷ്ക്കാരത്തിന് തിയറ്റര്‍ ശാഖനല്‍കുന്ന അനന്തസാധ്യതക‌ള്‍ വിനിയോഗിക്കുന്നതിന് ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുകയെന്ന ഉദ്ദേശത്തോടെ, ഒരുകൂട്ടം നാടക പ്രവര്‍ത്തക‌ര്‍ 1992 ല്‍ ആരംഭിച്ച അഭിനയ എന്ന തിയറ്റ‌ര്‍ ഗ്രാമം ഈ രംഗത്ത് ശ്രദ്ധേയമായ സംഭാവനകളാണ് നല്‍കിവരുന്നത്. സമകാലിക വിഷയങ്ങള്‍ നവീന രംഗഭാഷയിലൂടെ വേദിയിലെത്തിക്കുന്ന ഈ കലാകാരന്മാര്‍ ഇന്ത്യയിലെ തന്നെ മികച്ച നാടകപ്രവര്‍ത്തകരില്‍പ്പെടും. ഏതാണ്ട് നൂറോളം നാടകങ്ങള്‍ ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞ അഭിനയ ഏഷ്യ, യൂറോപ്പ്, യു. കെ., ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും നാടകങ്ങളവതരിപ്പിച്ചട്ടുണ്ട്. കൂടാതെ, ഇന്ത്യയിലെ പ്രമുഖ നാടകോത്സവങ്ങളി‌ല്‍ പങ്കെടുത്തുവരുന്നവരാണ് ഈ കലാകാരന്മാ‌ര്‍. നടനും സംവിധായകനുമായ ഡി. രഘൂത്തമന്‍, സംവിധായകനും നടനും നാടകപരിശീലകനുമായ എം. ജി. ജ്യോതിഷ് എന്നിവരാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഈ നാടകക്കൂട്ടത്തിന്‍റെ തലപ്പത്ത്. ഏതാനും സഞ്ചരിക്കുന്ന നാടകോത്സവങ്ങ‌ള്‍ ഇതിനോടകം അഭിനയ സംഘടിപ്പിച്ചുകഴിഞ്ഞു. ഇത്തരത്തിലൊന്ന് നമ്മുടെ മേളയിലും മെയ് 16, 17, 18 തിയതികളില്‍ അരങ്ങേറും. മൂന്ന് ദിനങ്ങളിലായി മൂന്ന് നാടകങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. നാല്പതോളം കലാകാരന്മാര്‍ ചേര്‍ന്നൊരുക്കുന്ന ഈ നാടകാനുഭവം ആസ്വദിക്കുവാ‌ന്‍ ലഭിക്കുന്ന അവസരം വിനിയോഗിക്കുക. ഒപ്പം കുട്ടികള്‍ക്കായി ഒരു നാടകക്കളരിയും സംഘടിപ്പിക്കുന്നുണ്ട്. അഭിനയയുടെ കലാകാരന്മാ‌ര്‍ നേതൃത്വം നല്‍കുന്ന നാടകക്കളരിയില്‍ പങ്കെടുക്കുന്നത് ഈ രംഗത്ത് താത്പര്യമുള്ള കുട്ടികള്‍ക്ക് പ്രയോജനകരമാകും.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 3, മാര്‍ച്ച് 2011)

തൃക്കാമ്പുറം - സഞ്ചരിക്കുന്ന വാദ്യകലാ എന്‍സൈക്ലോപീഡിയ

കേരളീയ സാംസ്ക്കാരിക പൈതൃകത്തിന്‍റെ പെരുമ പേറുന്ന ക്ഷേത്രകലാരൂപങ്ങളുടെ ഭൂമികയാണ് എറണാകുളം ജില്ലയിലെ രാമമംഗലം എന്ന ഗ്രാമം. ഷട്കാല ഗോവിന്ദ മാരാര്‍ മുത‌ല്‍ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാ‌ര്‍ വരെ ഈ ഗ്രാമത്തിന്‍റെ സന്തതികളാണ്. 1111 മേടം 15 ന് കിഴിതിരിതുരുത്തി ഇല്ലത്ത് രാമ‌ന്‍ നമ്പൂതിരിയുടെയും തൃക്കാമ്പുറം മാരാത്ത് ലക്ഷ്മിക്കുട്ടിയുടെയും മകനായി പുണര്‍തം നക്ഷത്രത്തി‌ല്‍ കൃഷ്ണന്‍കുട്ടി മാരാ‌ര്‍ ജനിച്ചു. രാമമംഗലത്തെ മാരാത്ത് ഗൃഹങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പഞ്ചവാദ്യം, സോപാന സംഗീതം, പരിഷവാദ്യം, മേളം, കളമെഴുത്തും പാട്ടും എന്നിങ്ങനെ ഏതെങ്കിലുമൊന്നി‌ല്‍ ശിക്ഷണം നേടാതെ തരമില്ല. കൃഷ്ണന്‍കുട്ടി മാരാരും പതിവ് തെറ്റിച്ചില്ല. പൊരുന്നില ഗോവിന്ദമാരാരുടെയും, പിന്നീട് വടക്കേടത്ത് അപ്പുമാരാരുടെയും ശിക്ഷണത്തില്‍ ഗുരുകുല സമ്പ്രദായത്തി‌ല്‍ വാദ്യകലാഭ്യസനം ആരംഭിച്ച മാരാര്‍ ഒന്‍പതാം വയസ്സി‌ല്‍ സോപാന സംഗീതത്തിലും പതിമ്മൂന്നാം വയസ്സി‌ല്‍ പഞ്ചവാദ്യത്തിലും പതിന്നാലാം വയസ്സില്‍ തായമ്പകയിലും രാമമംഗലം പെരുംതൃക്കോവിലപ്പന്‍റെ സമക്ഷത്ത് അരങ്ങേറ്റം നടത്തി. തലമുറകള്‍ കൈമാറി വന്ന പ്രൗഢമായ വാദ്യകലാ പാരമ്പര്യം അങ്ങിനെതന്നെ തുടര്‍ന്നതോടൊപ്പം പത്താം ക്ലാസ്സ് പഠനവും പൂര്‍ത്തിയാക്കി, ഒന്നാം ക്ലാസ്സോടെ വിജയിച്ച ചരിത്രമാണ് കൃഷ്ണന്‍കുട്ടി മാരാരുടേത്. ഇദ്ദേഹം മുപ്പതിലേറെ വര്‍ഷം രാമമംഗലം സ്ക്കൂളി‌ല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലക്കുഴ കണ്ണങ്കുഴ മാരാത്ത് ലക്ഷ്മിക്കുട്ടിയമ്മയാണ് ഈ ബഹുമുഖപ്രതിഭയുടെ സഹധര്‍മ്മിണി. ജയലക്ഷ്മി, ജയശ്രീ, ഇടയ്ക്കാ വാദകനായ ജയദേവന്‍ എന്നിവര്‍ മക്കളും.

പഞ്ചവാദ്യത്തിലെ എക്കാലത്തേയും പ്രഗത്ഭമതികളായ അന്നമന്നട, കുഴൂര്‍ ത്രയങ്ങളോടൊപ്പം കൃഷ്ണന്‍കുട്ടി മാരാരും തിമിലയി‌ല്‍ താളമിട്ട് തുടങ്ങിയ കാലമായിരുന്നു പിന്നീട്. ഈ അനുഭവസമ്പത്ത് പകര്‍ന്ന കരുത്തും ആത്മവിശ്വാസവും തിമിലയി‌ല്‍ ലയസുന്ദരങ്ങളായ താളപ്പെരുക്കങ്ങള്‍ തീര്‍ക്കുന്നതി‌ല്‍ ഇദ്ദേഹത്തെ സഹായിച്ചു. പതി-ഇട-ത്രിപുട കാലങ്ങളി‌ല്‍ തൃക്കാമ്പുറം തീര്‍ക്കുന്ന വിസ്മയങ്ങള്‍ക്ക് മറ്റ് കാരണങ്ങള്‍ തേടേണ്ടതില്ല.

കര്‍ണ്ണാടക സംഗീതത്തിന്‍റെ സ്വാധീനമില്ലാതെ കേരളത്തിന്‍റെ തനത് സംഗീതമെന്നറിയപ്പെടുന്ന സോപാന സംഗീതത്തില്‍ തൃക്കാമ്പുറം നല്‍കുന്ന ആസ്വാദ്യത അത്യപൂര്‍വ്വമാണ്. സോപാന സംഗീതശൈലിക്ക് മാത്രം സ്വന്തമായ രാഗങ്ങളും താള പദ്ധതികളും വിശദമാക്കുന്നതില്‍ തൃക്കാമ്പുറത്തിന്‍റെ വൈദഗ്ധ്യം, ഒരിക്കലെങ്കിലും അതാസ്വദിച്ചവര്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ. ത്യാണികളും രാഗങ്ങളും തന്‍റെ ശബ്ദത്തിലൂടെ ഇടയ്ക്ക കൊട്ടി അവതരിപ്പിക്കുമ്പോ‌ള്‍ മനുഷ്യനെ മനുഷ്യനോടും, അതുവഴി ഈശ്വരനോടും അടുപ്പിക്കുന്ന ദൈവീകമായ കര്‍മ്മത്തിന് കാരണഭൂതനാവുകയാണ് ഈ നാദോപാസകന്‍. സോപാന സംഗീതശൈലിയി‌ല്‍ ഏറ്റവും പ്രശസ്തമായ രാമമംഗലം ബാണിയുടെ പ്രയോക്താവായ തൃക്കാമ്പുറം, കേരളം മുഴുവന്‍ ഇത് പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. പാലക്കാട് ചെമ്പൈ ക്ഷേത്രത്തില്‍ തന്‍റെ സോപാനസംഗീതം ആസ്വദിച്ച് അങ്ങ് ദൂരെ നിന്നിരുന്ന ചെമ്പൈസ്വാമി, തന്‍റെ പക്കല്‍ വന്ന് പട്ട് സമ്മാനിച്ചത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു തൃക്കാമ്പുറം.

അനുഷ്ഠാനകലകളില്‍ പ്രമുഖസ്ഥാനമുള്ള കളമെഴുത്തും പാട്ടും തനത് ശൈലിയി‌ല്‍ പിന്‍തുടരുന്ന തൃക്കാമ്പുറം, ഭദ്രകാളീ ക്ഷേത്രങ്ങളിലെ വലിയമ്പലത്തില്‍ പഞ്ചവര്‍ണ്ണപ്പൊടിക‌ള്‍ കൊണ്ട് ദേവീരൂപമെഴുതി, അതിന് മുന്‍പിലിരുന്ന് ഗീതങ്ങ‌ള്‍ ആലപിക്കുന്നത് ഒരു ദൃശ്യ-ശ്രാവ്യാനുഭവമാണ്. ആസ്വാദകന്‍റെ അഭിരുചിക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുവാനോ, അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുവാനോ, ആചാര്യന്മാര്‍ അനുവദിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്ന ഈ മനീഷി, കൃത്യതയോടെ ഈ ശൈലി പിന്‍തുടരുന്നതിലും ഭാവിതലമുറക്ക് പകര്‍ന്നു നല്‍കുന്നതിലും അതീവ ശ്രദ്ധാലുവാണ്.

നാദ-ധ്വനി രൂപങ്ങ‌ള്‍ സമ്മേളിക്കുന്ന കുടുക്കവീണയെന്ന ഒറ്റക്കമ്പി മാത്രമുള്ള വാദ്യോപകരണത്തി‌ല്‍ തൃക്കാമ്പുറം തീര്‍ക്കുന്ന നാദവിസ്മയം അതീവ ഹൃദ്യമാണ്. കേരളത്തിന്‍റേത് എന്നുമാത്രമെന്നവകാശപ്പെടാവുന്ന ഈ അത്യപൂര്‍വ്വവാദ്യം പുതുതലമുറക്ക് പകര്‍ന്ന് കൊടുത്ത്, വേണ്ടത്ര പ്രചാരം നല്‍കുവാന്‍ മുന്‍കൈയ്യെടുക്കുന്നു ഈ പ്രതിഭാധനന്‍. മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍, തൃക്കാമ്പുറം കുടുക്കവീണയി‌ല്‍ വിരിയിച്ച സംഗീതം തൊട്ടറിഞ്ഞ ഉസ്താദ് സക്കീ‌ര്‍ ഹുസൈ‌ന്‍, പരിപാടിക്ക് ശേഷം സാഷ്ടാംഗപ്രണാമം നടത്തിയാണ് ഇദ്ദേഹത്തെ ആദരിച്ചത്.

പരിഷവാദ്യത്തില്‍ ഇല്ലാത്തതൊന്നും പഞ്ചവാദ്യത്തിലില്ലെന്നാണ് തൃക്കാമ്പുറം പക്ഷം. മധ്യകേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ താന്ത്രീക കര്‍മ്മങ്ങള്‍ക്ക് അകമ്പടി സേവിക്കുന്ന പരിഷവാദ്യത്തി‌ല്‍ തൃക്കാമ്പുറം കാണിക്കുന്ന താത്പര്യം എടുത്തു പറയേണ്ടത് തന്നെ.

ക്ഷേത്രാനുഷ്ഠാന വാദ്യപ്രയോഗങ്ങളിലെല്ലാം അഗാധജ്ഞാനമുള്ള തൃക്കാമ്പുറം, കേരളീയ വാദ്യകലകളില്‍ ഇന്ന് അവസാന വാക്കാണ്. കലാകാരന്മാര്‍ക്കും കലാസ്വാദകര്‍ക്കും നിരൂപകര്‍ക്കും ഏതുസമയവും സംശയനിവൃത്തിക്കായി സമീപിക്കാവുന്ന സഞ്ചരിക്കുന്ന വാദ്യകലാ എന്‍സൈക്ലോപീഡിയ എന്ന് തൃക്കാമ്പുറത്തെ വിശേഷിപ്പിക്കാറുണ്ട്. വിഷയസംബന്ധിയായി നടക്കുന്ന ചര്‍ച്ചകളിലും സെമിനാറുകളിലും മറ്റും പങ്കെടുത്ത് ഇദ്ദേഹം സംസാരിക്കുന്നതും പ്രഭാഷണങ്ങള്‍ നടത്തുന്നതും കേട്ടാ‌ല്‍ മാത്രമേ ഇദ്ദേഹത്തിന്‍റെ അറിവിന്‍റെ ആഴവും അത് പകരാനുള്ള സാമര്‍ത്ഥ്യവും ബോധ്യമാകൂ. ആകാരത്തില്‍ കനം കുറഞ്ഞ ഈ പ്രതിഭയുടെ കനമുള്ള വാക്കുകള്‍ക്കും, കനമുള്ള താളപ്പെരുക്കങ്ങള്‍ക്കും കാതോര്‍ക്കുകയാണ് വാദ്യകലാസ്വാദക ലോകം.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 2, ഫെബ്രുവരി 2011)

അമ്പരപ്പിക്കുന്ന അഴിമതി - 2 ജി സ്പെക്ട്രം

2-ജി സ്പെക്ട്രം കുംഭകോണം എന്തുകൊണ്ടും ഇതര അഴിമതികളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. 2-ജി സ്പെക്ട്രം എന്ന വാക്കിന്‍റെ സാങ്കേതികവശമാണ് ഒരു പരിധിവരെ ഈ അഴിമതിയെ പൊതുസമൂഹത്തി‌ല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് കാലതാമസം വരുത്തിയത്. ഇതിന് പുറമെ, മാധ്യമലോകത്തെ ചിലരും ഇതി‌ല്‍ പങ്കാളികളായത് അത്ഭുതം ജനിപ്പിച്ചു. പയനിയര്‍ പത്രത്തിന്‍റെ ഗോപികൃഷ്ണ‌ന്‍ ഈ വാര്‍ത്ത പുറത്തുകൊണ്ടുവരുന്നതി‌ല്‍ കാണിച്ച സാമര്‍ത്ഥ്യം എടുത്തു പറയേണ്ടത് തന്നെ. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ആരോപണവിധേയനായ എ. രാജയുടെ മന്ത്രാലയത്തിലെ തന്നെ ഒരു ഉദ്യോഗസ്ഥ‌ന്‍ നല്‍കിയ വിവരങ്ങ‌ള്‍ ഈ കുംഭകോണം പുറത്തുവരുന്നതിന് സഹായിച്ചിട്ടുണ്ട്. ഇത്തരം അഴിമതിക്കാരല്ലാത്ത ഒരുപറ്റം ഉദ്യോഗസ്ഥ‌ര്‍ ഇന്നും നമ്മുടെ ഭരണതലങ്ങളി‌ല്‍ ഉള്ളതുകൊണ്ടാണ് ഇന്ത്യാരാജ്യം നിലനില്‍ക്കുന്നത് എന്ന തരത്തി‌ല്‍ കാര്യങ്ങള്‍ ഗുരുതരമാണെന്ന് ഗോപികൃഷ്ണ‌ന്‍ കണ്ടെത്തുന്നു.

ഒരു ടെലികോം കമ്പനിക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ആകാശ തരംഗങ്ങ‌ള്‍ - റേഡിയോ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങ‌ള്‍ - അനുവദിക്കുന്നതിന് ആവശ്യമായ തുക സര്‍ക്കാരിലേക്ക് കമ്പനിക‌ള്‍ നല്‍കേണ്ടതുണ്ട്. താഴെ തലങ്ങളിലെ 50 രൂപയുടെ അഴിമതിക്കഥകള്‍ വരെ ആഘോഷിക്കുന്ന ചാനലുകളും മാധ്യമങ്ങളും 1,76,000 കോടി രൂപയുടെ ഈ ഭീമന്‍ തട്ടിപ്പിനെ കണ്ടതായി നടിച്ചില്ല. ഇടതുപക്ഷ പാര്‍ട്ടികളും മറ്റുചില രാഷ്ട്രീയ കക്ഷികളും ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും ഉന്നത‌ര്‍ ഈ കുംഭകോണത്തിന്‍റെ പങ്കുപറ്റിയെന്ന് വേണം റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാക്കാന്‍.

ലേലം നടത്താതെ, ആദ്യം വരുന്നവര്‍ക്കാദ്യം എന്ന കണക്കി‌ല്‍ പഴയ നിരക്കി‌ല്‍ തന്നെ ടെലികോം ലൈസന്‍സും സ്പെക്ട്രവും നല്‍കാനുള്ള നീക്കം മന്‍മോഹ‌ന്‍ സിംഗ് കത്തിലൂടെ തടഞ്ഞു. രേഖകളില്‍ കൃത്രിമം കാണിച്ചും ഫയലുക‌ള്‍ പൂഴ്തിയും ഇത്തരം പ്രതിസന്ധികളെ കോടികളുടെ ബലത്തില്‍ അഴിമതി വീരന്മാ‌ര്‍ മറികടന്നു. ഇക്കൂട്ടത്തില്‍പ്പെട്ട ചില സര്‍ക്കാ‌ര്‍ രേഖക‌ള്‍, സി. ബി. ഐ. കണ്ടെടുത്തത് അഴിമതിയാരോപിക്കപ്പെട്ട കടലാസ് കമ്പനികളുടെ മേശവലിപ്പി‌ല്‍ നിന്നാണ് എന്നത് സത്യമാണെങ്കില്‍ ലജ്ജിപ്പിക്കുന്ന വിവരമാണത്.

കോടിക്കണക്കിന് രൂപാ മൂലധനം വേണ്ടുന്ന ടെലികോം കമ്പനികള്‍ക്ക് പകരം, ഒരു ലക്ഷം രൂപാ വരെ മൂലധനം കാണിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിഴല്‍ കമ്പനികള്‍ക്ക് തുച്ഛമായ തുകക്ക് ലൈസന്‍സ് നല്‍കിയതിലൂടെ രാജ്യത്തിന്‍റെ പൊതുഖജനാവിലേക്ക് എത്തേണ്ട കോടിക്കണക്കിന് തുക ആര്‍ക്കെല്ലാമോ ആയി പങ്കുവക്കപ്പെട്ടുവെന്നതാണ് വസ്തുത. ഈ കമ്പനികള്‍ യഥാര്‍ത്ഥ ടെലികോം കമ്പനികള്‍ക്ക് നിസ്സാര ലാഭത്തില്‍ ലൈസന്‍സ് മറിച്ച് വിറ്റ് ആരെയാണ് നന്നാക്കിയത്? 2001 ല്‍ ബി. ജെ. പി. അധികാരത്തില്‍ വരുന്ന സമയം മുതലാണ് ടെലികോം മേഖല പണം കായ്ക്കുന്ന മരമായി വളരുന്നത്. 2-ജി സ്പെക്ട്രം അഴിമതിയോടെ അത് വന്‍വൃക്ഷമായി തീര്‍ന്നിരിക്കുന്നു. വന്‍ വ്യവസായ കുത്തകകള്‍ക്ക് വേണ്ടി മാധ്യമലോകത്തെയും രാഷ്ട്രീയക്കാരെയും വിലയ്ക്കെടുക്കാ‌ന്‍ ലോബിയിംഗ് നടത്തിയത്, വൈകിയാണെങ്കിലും പുറത്തുവന്നത് അല്‍പം പ്രതീക്ഷക്ക് വക നല്‍കുന്നു.

സി. എ. ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന തട്ടിപ്പ് തുക ഒരര്‍ത്ഥത്തി‌ല്‍ തീരെ കുറവാകാനാണ് സാധ്യത. 3-ജി ലേലത്തുകയുമായി താരതമ്യം ചെയ്താണ് നഷ്ടത്തിന്‍റെ ഏകദേശ കണക്ക് സി. എ. ജി. കണ്ടെത്തിയിരിക്കുന്നത്. പക്ഷേ, 3-ജി സേവനം ഒരു മൂല്യ-വര്‍ദ്ധിത സേവനം മാത്രമാണ്. ഉപഭോക്താക്കളില്‍ 5 മുതല്‍ 10 ശതമാനം വരെയാളുകള്‍ മാത്രമാണ് ഈ സേവനങ്ങ‌ള്‍ ഉപയോഗിക്കുന്നത്. ഇവിടെയാണ് 2-ജി സ്പെക്ട്രം ലൈസന്‍സിന്‍റെ വില മനസ്സിലാക്കേണ്ടത്. 2-ജി ലൈസന്‍സ് ഇല്ലാതെ ടെലികോം സേവനദാതാവാകാ‌ന്‍ കഴിയില്ല. അതായത് 2-ജി ലൈസന്‍സാണ് അടിസ്ഥാന ലൈസന്‍സ്. ആ നിലക്ക് അതിന്‍റെ മൂല്യം സ്വാഭാവികമായും ഉയര്‍ന്നതുമാണ്. സി. എ. ജി. കണക്കാക്കിയതിലും പതിന്മടങ്ങാവാം യഥാര്‍ത്ഥ നഷ്ടം എന്ന് കരുതാ‌ന്‍ കാരണവും അതുതന്നെ.

എന്തൊക്കെയായാലും ഇന്ത്യ കണ്ട ഈ മഹാകുംഭകോണത്തില്‍ രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, കോര്‍പ്പറേറ്റുക‌ള്‍ എന്നിവരോടൊപ്പം മാധ്യമലോകത്തെയും ജുഡീഷ്യറിയിലെയും ചിലരും പങ്കാളികളായി എന്നത് സാധാരണ ഇന്ത്യാക്കാരന്‍റെയും പ്രതീക്ഷകള്‍ക്കും അപ്പുറത്തായി പോയി. അഴിമതിയിലൂടെയും വഴിവിട്ടും നേടിയ ഈ കോടികള്‍ ഇന്ത്യാരാജ്യത്ത് ഏത് രൂപത്തിലാവും അവതരിക്കുക എന്ന് ആര്‍ക്കാണ് പ്രവചിക്കാനാവുക.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 1, ജനുവരി 2011)

മലയാള സിനിമയും ഫിലിം ഫെസ്റ്റിവലും സിനിമാ പ്രേമികളും

ചലച്ചിത്ര പ്രേമികള്‍ ഒരാഘോഷം പോലെ തിമിര്‍ക്കുന്ന പതിനഞ്ചാ മത് അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് ആരംഭിച്ചു കഴിഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന നല്ല സിനിമക‌ള്‍ കാണുന്നതിന് മലയാളികള്‍ക്ക് അവസരമൊരുക്കി നടത്തപ്പെടുന്ന മേള, സിനിമ കാണാനെത്തുന്നവരുടെ പങ്കാളിത്തം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിരിക്കുന്നു. 2 കോടിയില്‍പരം രൂപാ മുടക്കി സര്‍ക്കാ‌ര്‍ നടത്തുന്ന മേള, ധാരാളം വിമര്‍ശനങ്ങളും ക്ഷണിച്ചു വരുത്തുന്നുണ്ട്. 

മലയാളത്തിലെ കലാമൂല്യമുള്ള സിനിമകള്‍ക്ക് ചലച്ചിത്രമേളകൊണ്ട് എന്ത് പ്രയോജനം, മലയാള സിനിമയുടെ അന്തര്‍ദേശീയ വിപണന സാദ്ധ്യതകള്‍ക്ക് എന്ത് സഹായമാണ് മേള ചെയ്യുന്നത്, വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഫെസ്റ്റിവലുകളിലേക്ക് മലയാള സിനിമയെ പരിചയപ്പെടുത്തുന്നതിന് ചലച്ചിത്രമേള എത്രമാത്രം സഹായകമാണ് തുടങ്ങിയ ചര്‍ച്ചക‌ള്‍ ചലച്ചിത്ര പ്രവര്‍ത്തക‌ര്‍ തന്നെ മുന്നോട്ട് വക്കുന്നു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ് ഏറ്റവുമധികം വിവാദങ്ങളുണ്ടാകുന്നത്. ചലച്ചിത്ര അക്കാദമിയിലെ ചിലരെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങ‌ള്‍ ഈ വര്‍ഷവും വന്നുകഴിഞ്ഞു. ചിത്രങ്ങള്‍ തെരഞ്ഞെടുക്കുവാ‌ന്‍ ചുമതലയുള്ള സെലക്ഷ‌ന്‍ കമ്മിറ്റിയിലെ അംഗങ്ങളുടെ കഴിവിനെക്കുറിച്ച് പോലും ആക്ഷേപങ്ങള്‍ ഉണ്ട്.

83 രാജ്യങ്ങളില്‍ നിന്നായി 207 ചിത്രങ്ങള്‍ ഇക്കൊല്ലം പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിഖ്യാതരായ സംവിധായകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ആസ്വാദകര്‍ എന്നിങ്ങനെ ലോകത്തിന്‍റെ വിവിധഭാഗങ്ങളി‌ല്‍ നിന്നെത്തുന്ന സിനിമാ പ്രേമികളുടെ ഉത്സവമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. മോശം സിനിമയി‌ല്‍ നിന്നാണ് പാഠങ്ങ‌ള്‍ പഠിക്കേണ്ടത് എന്ന് വിശ്വസിക്കുന്ന വെര്‍ണ‌ര്‍ ഹെര്‍സോഗ് എന്ന പ്രശസ്ത ജര്‍മ‌ന്‍ ചലച്ചിത്ര സംവിധായകനാണ് സമഗ്രസംഭാവനക്കുള്ള അവാര്‍ഡ്.

സുവര്‍ണ്ണ ചകോരം (15 ലക്ഷം), രജത ചകോരം (4 ലക്ഷം), നവാഗത സംവിധായകന്‍ (3 ലക്ഷം), പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്‍റെ സംവിധായകന്‍ (2 ലക്ഷം) എന്നിങ്ങനെ മോശമല്ലാത്ത തുക സമ്മാനമായി നല്‍കുന്ന ഒരു മേളയെന്ന നിലയി‌ല്‍, കുറേക്കൂടി ഉത്തരവാദിത്വപൂര്‍ണ്ണമായ സമീപനം നടത്തിപ്പുകാരി‌ല്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ല, എന്നാണ് മറുപടിയെങ്കി‌ല്‍, ആരോപണങ്ങള്‍ക്ക് സാദ്ധ്യതയില്ലാത്ത വിധം സുതാര്യമാകണം നടപടിക്രമങ്ങള്‍. എന്തുതന്നെയായാലും സിനിമയെ സ്നേഹിക്കുന്നവരുടെ വികാരമാണ് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയെന്നത് ഒരു സത്യം തന്നെ.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 12, ഡിസംബ‌ര്‍ 2010)

എന്‍ഡ്! ഒ സള്‍ഫാ‌‌ന്‍

എന്‍ഡോസള്‍ഫാ‌ന്‍ എന്ന കീടനാശിനിയുടെ ഇരുട്ടുപരന്ന കാസര്‍കോട്ടെ പതിനൊന്ന് ഗ്രാമങ്ങളി‌ല്‍ ജീവിതം ദുരിതപൂര്‍ണ്ണമായിട്ട് നാളേറെയായി. യഥാര്‍ത്ഥത്തി‌ല്‍, സംരക്ഷണവും പിന്തുണയും അര്‍ഹിക്കുന്ന ഒരു കൂട്ടം ജനങ്ങ‌ള്‍, ഇന്നും ഭരണ-പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയ വാഗ്വാദങ്ങളിലെ മുഖ്യ ഇനമായി നിലനില്‍ക്കുന്നു. ഇരകള്‍ ഇരകളായി തുടരേണ്ടതിന്‍റെ ആവശ്യകത ആര്‍ക്കാണ്? മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കാന്‍ പോന്ന വിധം മുറിവുക‌ള്‍ വരുത്തിവച്ച മാരക കീടനാശിനിയുടെ പ്രയോഗം പൂര്‍ണ്ണമായി അവസാനിപ്പിക്കാനും ഇരകളാക്കപ്പെട്ടവരെ ഉചിതമായി സംരക്ഷിക്കുവാനുമുള്ള നടപടികള്‍ അധികൃത‌ര്‍ ഉട‌ന്‍ കൈക്കൊള്ളണം.

1962 ല്‍ സ്ഥാപിതമായ പ്ലാന്‍റേഷ‌ന്‍ കോര്‍പ്പറേഷ‌ന്‍ ഓഫ് കേരളക്ക് ഇവിടെ ഏതാണ്ട് 5000 ഏക്കറോളം കശുവണ്ടി തോട്ടമുണ്ട്. 1977 മുതല്‍ ഈ തോട്ടങ്ങളി‌ല്‍ എന്‍ഡോസള്‍ഫാ‌ന്‍ ഉപയോഗിച്ചു തുടങ്ങി. അവസാനമായി ഉപയോഗിച്ചത് 2000 ഡിസംബര്‍ 26 ന്. 24 വര്‍ഷത്തിനിടെ സ്വര്‍ഗ്ഗസമാനമായ പ്രദേശം നരകതുല്യമായി. 500 ലേറെപ്പേര്‍ കീടനാശിനിയുടെ ദൂഷ്യഫലങ്ങളേറ്റ് മാത്രം മരിച്ചു. രണ്ടായിരത്തിലധികം പേ‌ര്‍ അതിഭീകരമായ ജനിതകവൈകല്യങ്ങള്‍ക്കിരയായി. 2001 ല്‍ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതി എന്‍ഡോസള്‍ഫാ‌‌ന്‍ ഉപയോഗം താത്ക്കാലികമായി നിരോധിച്ചു. 2003 ല്‍ ഹൈക്കോടതി ഈ വിധി ശരിവച്ച് സ്ഥിരം നിരോധനമേര്‍പ്പെടുത്തി. ഇതാണ് 2004 ല്‍ എന്‍ഡോസള്‍ഫാ‌ന് നിരോധനമേര്‍പ്പെടുത്താ‌ന്‍ കേരള സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്. ജൈവമലിനീകരണത്തിനെതിരെ ഐക്യരാഷ്ട്രസഭ വിളിച്ചു ചേര്‍ത്ത ജനീവ കണ്‍വെന്‍ഷനി‌‌ല്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി ഇന്ത്യ എടുത്ത നിലപാട് ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു? ഇതിനോട് ചേര്‍ത്തുവച്ച് വേണം 2010 ഒക്ടോബര്‍ 25 ന് കാസര്‍കോട്ട് വച്ച് കേന്ദ്ര കൃഷി സഹമന്ത്രിയുടെ പ്രസ്താവനയെ കാണാ‌ന്‍. അതോ കീടനാശിനിയുടെ ദൂഷ്യഫലങ്ങളേറ്റ് അകാല വാര്‍ദ്ധക്യം ബാധിച്ചവരുടേയും, കണ്ണിന് കാഴ്ച നഷ്ടപ്പെട്ടവരുടെയും, ജന്മനാ വായില്ലാതെ ജനിച്ചവരുടെയും പ്രതികരണങ്ങള്‍ക്ക് തങ്ങളുടെ അധികാരക്കസേരയെ ഇളക്കാന്‍ തക്കവണ്ണമുള്ള കരുത്ത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞിട്ടോ? എന്തായാലും എന്‍ഡോസള്‍ഫാ‌ന്‍ ഇനിയുമൊരു പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കരുത്. സഹനത്തിന്‍റെ സീമകള്‍ ലംഘിച്ച ജനങ്ങ‌ള്‍ അത് പൊറുത്തെന്നു വരില്ല.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 11, നവംബ‌ര്‍ 2010)

ഈ അവകാശം സ്വതന്ത്രമായി വിനിയോഗിക്കുക

ഇന്ത്യന്‍ ഭരണഘടന രചിക്കപ്പെടുന്ന സമയത്ത് ഇന്ത്യന്‍ ജനതയുടെ ഭൂരിപക്ഷം പേരും നിരക്ഷരരും, കൃഷിക്കാരും, അര്‍ദ്ധപട്ടിണിക്കാരുമായിരുന്നു. എങ്കിലും പ്രായപൂര്‍ത്തിവോട്ടവകാശം പൗരാവകാശമായി കൊടുത്തുകൊണ്ടാണ് ഭരണഘടന പൂര്‍ത്തിയാക്കപ്പെട്ടത്. ഓരോ ഭാരതീയനും 5 വര്‍ഷം കൂടുമ്പോള്‍, തന്നെ ആര് ഭരിക്കണം എന്ന് തീരുമാനമെടുക്കാം. വിദ്യാഭ്യാസം, സാമ്പത്തികം, ജാതി, മതം, ഭാഷ, ലിംഗം ഒന്നും മാനദണ്ഡമല്ല - ഭാരതീയ പൗര‌ന്‍ ആയിരിക്കണം എന്നത് മാത്രമാണ് മാനദണ്ഡം. ഭാരതീയ വനിതകള്‍ക്ക് 50% സംവരണം ഉറപ്പാക്കി കഴിഞ്ഞു. ഓരോ പൗരനും ഭാരതത്തിന്‍റെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി തന്‍റെ വോട്ടവകാശം രേഖപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം. വരുന്ന തെരഞ്ഞെടുപ്പില്‍ ഓരോ കേരളീയനും തന്‍റെ സമ്മതിദാനാവകാശം രേഖപ്പെടുത്തണം. അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി, ആരോഗ്യപരിരക്ഷ, വികസന പ്രവര്‍ത്തനങ്ങ‌ള്‍ ഇവയെല്ലാം നാടിനാവശ്യമാണ് - അവ നടപ്പി‌ല്‍ വരുത്തുന്നതി‌ല്‍ പ്രാപ്തരാണ് തങ്ങളുടെ പ്രതിനിധിക‌ള്‍ എന്ന് ഉറപ്പ് വരുത്തുവാ‌ന്‍ ഓരോ വോട്ടര്‍ക്കും അവകാശമുണ്ട്. ആ അവകാശം ഒരു ശക്തിക്കും ചോദ്യം ചെയ്യാനാവില്ല. അതുകൊണ്ട്, തങ്ങളുടെ ഓരോ വോട്ടും നാടിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്നതാണ് എന്ന് ചിന്തിച്ച് അതിനുതകുന്ന തരത്തി‌ല്‍ ചിന്തിക്കുക, സമ്മതിദാനാവകാശം വിനിയോഗിക്കുക. ഈ അവകാശം വിനിയോഗിക്കാതിരിക്കുക എന്നത് പൗരധര്‍മ്മമല്ല - ഒരു ഭാരതീയനും അത് ഭൂഷണവുമല്ല.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 10, ഒക്ടോബ‌ര്‍ 2010)

Care for the aged...

വാര്‍ദ്ധക്യം ഒരു ശാരീരിക അവസ്ഥ എന്നതിലുപരി ഒരു ശാരീരിക ബാദ്ധ്യതയായിതീരുന്ന സാഹചര്യത്തിലാണ് മലയാളിയുടെ ജീവിതം ഇപ്പോള്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. കരുതലും സംരക്ഷണവും വേണ്ടുന്ന കാലത്ത് അത് ലഭിക്കാതെ വരുന്ന വൃദ്ധസമൂഹത്തിന്‍റെ എണ്ണം നാള്‍ക്കുനാ‌ള്‍ വര്‍ദ്ധിച്ചുവരുന്നു. വൃദ്ധസദനങ്ങളില്‍ പോലും സാന്ത്വനം ലഭിക്കാതെവരുന്ന വൃദ്ധ മാതാപിതാക്ക‌ള്‍ ഏത് വ്യവസ്ഥയുടെ കുറ്റമാണ്? പുതിയ സാമൂഹിക ക്രമം തലമുറകള്‍ക്കിടയി‌ല്‍ സൃഷ്ടിച്ച അന്തരമാണെന്ന ഉത്തരം പോലും നീതിക്ക് നിരക്കുന്നതാണോ? മാറിയ മൂല്യബോധവും സാമ്പത്തിക അവസ്ഥയും ചേര്‍ന്ന് സൃഷ്ടിക്കുന്ന പുത്ത‌ന്‍ ചിന്താക്രമങ്ങള്‍ക്കിടയി‌ല്‍ വൃദ്ധസദനങ്ങള്‍ പച്ചപിടിച്ച് നില്‍ക്കുന്നു. വിദേശങ്ങളില്‍ ജോലിയെടുക്കുന്ന മക്കള്‍ക്ക് വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കനുള്ള ഇടമായിട്ടാണ് സദനങ്ങള്‍ പിറന്നത്. സ്വദേശിജോലിക്കാര്‍ക്കും അച്ഛനമ്മമാരെ ഒഴിവാക്കാ‌ന്‍ പറ്റുന്ന ഇടമായി ഇന്നത് പരിണമിച്ചിരിക്കുന്നു. മക്കളുടെ കൂടെ ജീവിത സായാഹ്നം ചിലവഴിക്കുന്നത് ബുദ്ധിമുട്ടായിക്കണ്ട്, സ്വയം വൃദ്ധസദനങ്ങള്‍ തെരഞ്ഞെടുക്കുന്ന മാതാപിതാക്കളുടെ എണ്ണവും ഇന്ന് കുറവല്ല. സമാന മനസ്ക്കരായിട്ടുള്ളവരോടൊത്തുള്ള ജീവിതവും പങ്കുവക്കലുകളും ആരാണാഗ്രഹിക്കാത്തത്?

മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരം നേടുകയും 480ഓളം സിനിമകളില്‍ അഭിനയിക്കുകയും ആയിരക്കണക്കിന് നാടകവേദികളി‌ല്‍ അവിഭാജ്യ ഘടകവുമായിരുന്ന കോഴിക്കോട് ശാന്താദേവി ഇപ്പോ‌ള്‍ വൃദ്ധസദനത്തിലാണ് കഴിയുന്നത്. സമ്പന്നമായ ഒരു ഭൂതകാലം ഉണ്ടെന്ന് നാം വിശ്വസിച്ചിരുന്ന ഒരു കലാകാരിയുടെ ജീവിതസായന്തനം പോലും ഇത്തരത്തിലാണെങ്കില്‍, അറിയപ്പെടാത്ത എത്ര ശാന്താദേവിമാര്‍ നമുക്കിടയി‌ല്‍ ഉണ്ടാകും? അവരെയെല്ലാം സംരക്ഷിക്കാന്‍, ഉള്‍ക്കൊള്ളാ‌ന്‍ നമ്മുടെ വൃദ്ധസദനങ്ങള്‍ക്കാകുമോ?

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 9, സെപ്തംബ‌ര്‍ 2010)

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കായികലോകത്തിന് നാണക്കേട്

ദില്ലിയില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇനി ഏതാനും ദിവസങ്ങ‌ള്‍ മാത്രം ബാക്കി നില്‍ക്കെ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണങ്ങള്‍ ഗെയിംസിന്‍റെ വിജയസാദ്ധ്യതക്കുമേ‌ല്‍ നിഴ‌ല്‍ വീഴ്ത്തിയിരിക്കുന്നു. അന്താരാഷ്ട്രനിലവാരമുള്ള സൗകര്യങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സമയബന്ധിതമായി ഒരുക്കേണ്ട ഗെയിംസിന്, ചോരുന്ന മേല്‍ക്കൂരയുള്ള സ്റ്റേഡിയങ്ങളും അഴിമതിയാരോപണങ്ങളും സംഘാടകസമിതിക്ക് ലഭിക്കുന്ന വ്യാജ ഇ-മെയി‌ല്‍ സന്ദേശങ്ങളും മാത്രമാണ് അവകാശപ്പെടാനുള്ളത്. പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിലും ആശങ്ക ഉയര്‍ന്നുകഴിഞ്ഞു. കുറഞ്ഞ നിലവാരത്തിലുള്ള സാമഗ്രികളുപയോഗച്ച് പണിതീര്‍ത്ത സ്വിമ്മിംഗ് പൂ‌ള്‍ ഉള്‍പ്പടെയുള്ളവ ആരോപണവിധേയമായി കഴിഞ്ഞു. ഗെയിംസ് നടത്തിപ്പ് ഏറ്റെടുത്തപ്പോ‌ള്‍ കണക്കാക്കിയ തുകയേക്കാ‌ള്‍ ഇരട്ടിയോളം തുക ചിലവ് വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ഇതിനോടകം സംഘാടക സമിതിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറ‌ല്‍ ടി. എസ്. ദര്‍ബാരിയെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സസ്പെന്‍റ് ചെയ്തിട്ടുണ്ട്. കൂടാതെ ട്രഷറാ‌ര്‍ അനി‌ല്‍ ഖന്ന രാജിവച്ചിരിക്കുന്നു. ഇത്തരത്തില്‍ ഉന്നത‌ര്‍ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തി‌ല്‍ ഗെയിംസിന് പൊതുമേഖലാ സ്ഥാപനങ്ങ‌ള്‍ സാമ്പത്തിക സഹായം നല്‍കിയേക്കില്ല എന്ന അഭ്യൂഹവും പരന്നിരിക്കുന്നു. സര്‍ക്കാ‌ര്‍ സംഘാടക സമിതിക്ക് അനുവദിച്ച തുക ടെലിവിഷ‌ന്‍ അവകാശം, ടിക്കറ്റ് വില്പന എന്നിവയിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് തിരിച്ചുനല്‍കാമെന്നാണ് സമിതിയുടെ വാഗ്ദാനം. അഴിമതിയാരോപണങ്ങളുടെ കുരുക്കിലായ സുരേഷ് കല്‍മാഡി ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും തീയില്ലാതെ പുക ഉയരില്ല എന്ന സാധാരണക്കാരന്‍റെ മനശാസ്ത്രമാണ് ഭൂരിപക്ഷം കായികപ്രേമികള്‍ക്കും ഉള്ളത്. പക്ഷേ, അവസാന നിമിഷം എല്ലാ കഴിവും പുറത്തെടുത്ത് വീഴ്ചകളെല്ലാം പരിഹരിച്ച്, മികച്ച രീതിയില്‍ ഗെയിംസ് നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് കല്‍മാഡി.

നികുതിദായകനായ സാധാരണ ജനത്തെ അമ്പരപ്പിക്കുന്ന നാടകങ്ങള്‍ അരങ്ങേറുമ്പോ‌ള്‍ ആശങ്കയിലാവുന്നത് രാജ്യത്തെ കായിക ലോകവും കൂടിയാണ്. ഇന്ത്യയെക്കാള്‍ താരതമ്യേന ചെറിയ രാജ്യങ്ങ‌ള്‍ ലോകനിലവാരമുള്ള അത്‌ലറ്റുകളെയും ഇതര ഗെയിംസിനങ്ങളി‌ല്‍ താരങ്ങളെയും വാര്‍ത്തെടുക്കുമ്പോ‌ള്‍ നമ്മുടെ രാജ്യം ഇത്തരം ആരോപണങ്ങളിലൂടെയും നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളിലൂടെയും പൊതുസമൂഹത്തിന് മുന്‍പി‌ല്‍ പരിഹാസ്യരാവുകയാണ്. വനിതാ ഹോക്കി പരിശീലകനെതിരായുള്ള ലൈംഗികാരോപണങ്ങ‌ള്‍ പോലുള്ള നാണക്കേടുകളി‌ല്‍, എവിടെയാണ്, ആര്‍ക്കാണ് പിഴക്കുന്നത്? തിരുത്തല്‍ ശക്തിക‌ള്‍ ഇടപെടട്ടെ. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാ‌ന്‍ ശ്രമിക്കാതെ ശാശ്വതപരിഹാരത്തിനായുള്ള ആത്മാര്‍ഥമായ ശ്രമം എല്ലാവരുടേയും ഭാഗത്തു നിന്നും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ട് പോകുന്നു. ആശ കൈവെടിയാതെ നല്ല ഓണവും റംസാനും ആശംസിക്കുന്നു.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 8, ആഗസ്ത് 2010)

സാംസ്ക്കാരിക കേരളം ലജ്ജിക്കട്ടെ

പ്രബുദ്ധസമൂഹം എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന കേരള സമൂഹത്തിന്‍റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ചില സംഭവങ്ങള്‍ മൂവാറ്റുപുഴയില്‍ അരങ്ങേറിയത് തീര്‍ത്തും അപലപനീയം തന്നെ. വിവാദമായ ചോദ്യപേപ്പര്‍ സംഭവത്തോടനുബന്ധിച്ച് അത് തയ്യാറാക്കിയ അദ്ധ്യാപകന്‍റെ കൈ, ഒരു സംഘം ആളുകള്‍ പട്ടാപ്പക‌ല്‍ വെട്ടിമാറ്റിയ കിരാതമായ പ്രവൃത്തി എന്തിന്‍റെ സൂചനയാണ്? രാജ്യത്തെ ജനങ്ങളുടെമേ‌ല്‍ എന്തടിച്ചേല്‍പ്പിക്കാനാണ് ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്? വിധി സ്വന്തം കൈകൊണ്ട് നടപ്പാക്കാന്‍ പദ്ധതിയിട്ടവ‌ര്‍ ഏത് തത്ത്വശാസ്ത്രത്തെയാണ് പാഠമാക്കുന്നത്? ഇത് സംബന്ധിച്ച് ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലും ഇന്‍റര്‍നെറ്റിലും പ്രചരിക്കുന്ന വാദപ്രതിവാദങ്ങളും എന്താണ് ജനങ്ങളോട് സംവദിക്കുന്നത്? വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടയാളുക‌ള്‍ സമാധാനപൂര്‍വ്വം കഴിഞ്ഞുവരുന്ന കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു കറുത്ത ഏടായി ഈ സംഭവം അവശേഷിക്കും. ചോദ്യപേപ്പര്‍ സംഭവത്തോടനുബന്ധിച്ച് മാനേജ്മെന്‍റ് ഭാഗത്ത് നിന്നും ശിക്ഷാ നടപടികളും അന്വേഷണങ്ങളും നേരിട്ടുവരികയായിരുന്നു അദ്ധ്യാപക‌ന്‍ എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യം തന്നെ. പ്രകോപനം എന്തുതന്നെ ആയിരുന്നാലും മതമൗലീകവാദികളായ ഒരു കൂട്ടം ആളുക‌ള്‍ ചെയ്ത കടുംകൈ, മതേതര-ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം.

ഈ സംഭവത്തോടനുബന്ധിച്ച് ഒരു വര്‍ഗീയ കലാപം ഉണ്ടാകാത്ത തരത്തി‌ല്‍ സര്‍ക്കാ‌ര്‍ സംവിധാനം പ്രവര്‍ത്തിച്ചുവെന്നതും, മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക സംഘടനകള്‍ അവസരോചിതമായി ഇടപെട്ടുവെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന നിയമസഭയും സംഭവത്തെ ഒറ്റ സ്വരത്തില്‍ അപലപിച്ചു. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, ഇരു മതവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിവിധ സംഘടനകളും, മറ്റ് ജനാധിപത്യ സാമൂഹ്യ സംഘടനകളും ഈ സംഭവത്തെ അപലപിച്ച് രംഗത്ത് വന്നുവെന്നത് രാജ്യത്തെ നിഷ്പക്ഷരായ ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷയേകുന്നു.

ആവിഷ്ക്കാര സ്വാതന്ത്ര്യം തുടര്‍ച്ചയായി മതഭ്രാന്തന്മാരാ‌ല്‍ ആക്രമിക്കപ്പെടുന്ന കാഴ്ച രാജ്യത്ത് കുറച്ചു കാലമായി നാം കണ്ടു വരുന്നു. ഇത്തരം പ്രവണതകള്‍ അവസരോചിതമായി ഇടപെട്ട് എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടത് ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ കൂട്ടായ്മകളുടെ കടമയാണ്. അതേസമയം സൃഷ്ടിപരമായ മേഖലകളില്‍ വിഹരിക്കുന്ന കലാകാരന്മാരും, ബൗദ്ധിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വ്യക്തികളും, പൗരന്മാരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാ‌ന്‍ ശ്രദ്ധിക്കേണ്ടതും ആവശ്യം തന്നെ. എന്തുതന്നെയായാലും, വിവാദമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന്‍റെ കൈ പട്ടാപ്പക‌ല്‍ വെട്ടിമാറ്റിയ താലിബാന്‍ മാതൃകയിലുള്ള അതിക്രമങ്ങ‌ള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാ‌ന്‍ ആവശ്യമായ എല്ലാം നാം ചെയ്യേണ്ടിയിരിക്കുന്നു. ഈ സംഭവത്തില്‍ സാംസ്ക്കാരിക കേരളം ലജ്ജിക്കട്ടെ.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 7, ജൂ‌ലൈ 2010)

ചില വീട്ടുകാര്യങ്ങള്‍

അവധി കഴിഞ്ഞ് പുതുമണം മാറാത്ത പുസ്തകങ്ങളും പുത്തനുടുപ്പുമായി ചാറ്റ‌ല്‍ മഴ തീര്‍ക്കുന്ന നനുത്ത അന്തരീക്ഷത്തി‌ല്‍ പുതിയ കൂട്ടുകാരോടൊപ്പം സ്ക്കൂളിലെത്താനൊരുങ്ങുന്ന ഒരു കുഞ്ഞിന്‍റെ ആവേശത്തോടെയാണ് ഇക്കുറി പുതുതായി ചുമതലയേറ്റ പത്രാധിപസമിതി വോയ്സ് ഓഫ് മേളയെ ഒരുക്കുന്നത്.

കെട്ടിലും മട്ടിലും മാറ്റങ്ങളില്ല. ഉള്ളടക്കത്തി‌ല്‍ ചെറിയ മാറ്റങ്ങള്‍ക്കും പുതിയ പംക്തികള്‍ക്കും ഇക്കുറി തുടക്കം കുറിക്കുന്നുണ്ട്. ഇന്‍റര്‍നെറ്റി‌ല്‍ ലഭ്യമായ, അവനവന്‍ പ്രസാധനയെന്ന് വിശേഷിപ്പിക്കാവുന്ന ബ്ലോഗുകളെ പരിചയപ്പെടുത്തുന്നതിനായി ബ്ലോഗുലകം എന്ന പംക്തി, പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന വായനശാല തുടങ്ങിയ പംക്തിക‌ള്‍ ഇത്തവണ മുത‌ല്‍ വായനക്കാരിലെത്തും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരുന്ന ടാക്കീസ് - സിനിമാ ആസ്വാദനം ഇക്കുറിയും ഉണ്ടാകും. ഇവ കൂടാതെ വോയ്സ് ഓഫ് മേളക്ക് ഉചിതമെന്ന് അംഗങ്ങള്‍ക്ക് തോന്നുന്ന നിര്‍ദ്ദേശങ്ങളും പരിഗണിക്കുന്നതാണ്.

മേള അംഗങ്ങളും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട പൊതുതാത്പര്യമുള്ള വാര്‍ത്തക‌ള്‍ യഥാസമയം പത്രാധിപസമിതിക്ക് തരിക. ഉചിതമായവ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കും. ഇത്തരം വാര്‍ത്തകളും വിശേഷങ്ങളും പ്രസിദ്ധീകരിക്കുന്നത് ആരെയും പുകഴ്ത്താനുദ്ദേശിച്ചല്ല. പക്ഷേ, ചിലര്‍ക്കെങ്കിലും ഇത് പ്രചോദനമായേക്കാം. ലേഖനങ്ങള്‍, കഥ, കവിത തുടങ്ങിയവയും ഞങ്ങള്‍ക്ക് തരിക. എന്തായാലും എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ച കിട്ടത്തക്ക വിധം മാറ്ററുകള്‍ തരണം. മാറ്ററുകളും ചിത്രങ്ങളും മേളയുടെ ഓഫീസില്‍ നേരിട്ടോ പോസ്റ്റിലോ editormela@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കാവുന്നതാണ്.

മേള വാര്‍ത്തകളും മറ്റ് അറിയിപ്പുകളും ഇന്‍റര്‍നെറ്റി‌ല്‍ ലഭ്യമാക്കാനുദ്ദേശിച്ചുകൊണ്ട്, മേളക്കായി ഒരു ബ്ലോഗ് ആരംഭിക്കുന്നതിനും അംഗങ്ങളെ യഥാസമയം sms മുഖേന വിവരങ്ങള്‍ അറിയിക്കാനും ഇക്കുറി ശ്രമിക്കുന്നുണ്ട്. ഇത്തരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന എല്ലാ അംഗങ്ങളും അവരുടെ ഇ-മെയില്‍ വിലാസവും മൊബൈ‌ല്‍ നമ്പറും മേളാ ഓഫീസിലോ, editormela@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കുന്നത് ഈ സംരംഭം വിജയിപ്പിക്കാ‌ന്‍ ഏറെ സഹായിക്കും.

പ്രതികരണങ്ങള്‍ സത്യസന്ധമായി സമയാസമയങ്ങളി‌ല്‍ അറിയിക്കുക എന്ന ജോലി നിങ്ങളുടേതാണ്. അത് ഞങ്ങള്‍ക്ക് പ്രോത്സാഹനമാകും.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 6, ജൂ‌‌ണ്‍ 2010)

മെയ്

പ്രതീക്ഷിക്കുക

ഏപ്രില്‍

പ്രതീക്ഷിക്കുക

വ്യാഴാഴ്‌ച, ഡിസംബർ 08, 2011

മാര്‍ച്ച് 8, ലോക വനിതാ ദിനം

ലോകമെങ്ങുമുള്ള വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ദിനം പക്ഷേ, ഇന്ത്യക്കത് നാണക്കേടിന്‍റെ ദിനമായിരുന്നു.

സ്ത്രീ സംവരണ ബില്‍ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യസഭയി‌ല്‍ അരങ്ങേറിയ സംഭവങ്ങ‌ള്‍ എന്തിലേക്കാണ് വിര‌ല്‍ ചൂണ്ടുന്നത്? ഒരു വോട്ടിന്‍റെ പിന്‍ബലത്തി‌ല്‍ (186/187) മാത്രം പാസ്സാക്കാവുന്ന അഥവാ പാസ്സാക്കേണ്ടുന്ന ഒരു ബില്ലാണോ 33% സ്തീസംവരണം?. പാര്‍ലമെന്‍റില്‍ 33% സംവരണം കൊണ്ട് തീരുന്ന പ്രശ്നങ്ങളാണോ ഇന്ത്യയില്‍ സ്ത്രീക‌ള്‍ നേരിടുന്നത്? അല്ലെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞുകൊണ്ടു തന്നെ ഇന്ത്യയിലെ സാധാരണക്കാരായ ജനസാമാന്യം, സ്ത്രീസംവരണത്തെ പിന്‍താങ്ങിയത് മറ്റ് പലതും മനസ്സി‌ല്‍ വച്ചുകൊണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ആണ്ടുകള്‍ പിന്നിടുമ്പോഴും സ്ത്രീകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങ‌ള്‍ നിയമ നിര്‍മ്മാണ സഭയുടെ ഉയര്‍ന്ന തലത്തി‌ല്‍ - പാര്‍ലമെന്‍റില്‍ - അവഗണിക്കപ്പെടുന്നു. ഇതിനൊരു മാറ്റം വരുത്തുവാനെങ്കിലും കഴിയുമെന്ന ചെറിയ വിശ്വാസമാണ് സാധാരണക്കാരെ ബില്ലി‌ല്‍ വിശ്വാസമര്‍പ്പിക്കാ‌ന്‍ ഇടയാക്കിയത്. രാജ്യസഭയില്‍ ഡെപ്യൂട്ടി സ്പീക്ക‌ര്‍ മീരാകുമാറിന്‍റെ സീറ്റിനടുത്തെത്തി മൈക്ക് ഒടിച്ചും പേപ്പ‌ര്‍ കീറിയെറിഞ്ഞും കൂക്കിവിളിച്ചും ബില്ലിനെ ഇല്ലാതാക്കാ‌ന്‍ കഴിയുമെന്ന വിശ്വാസമുള്ള ഉപജാപക രാജകുമാരന്മാരുള്ള നാട്ടി‌ല്‍ ഒരു വോട്ടിന്‍റെ ഭൂരിപക്ഷ വലുപ്പം ഇമ്മിണി ബല്ല്യൊന്നാണെന്ന തിരിച്ചറിവ് ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
***************
ഒസ്ക്കാറിന്‍റെ ചരിത്രത്തിലാദ്യമായി ഒരു വനിത - കാതറി‌ന്‍ ബിഗലോ - മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടതും മാര്‍ച്ച് 8 നായിരുന്നു. ഇറാഖ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ദ് ഹര്‍ട്ട് ലോക്ക‌ര്‍ തന്നെയായിരുന്നു 2008 ലെ മികച്ച ചിത്രവും. ഒരു വനിതാ സംവിധായിക സമ്മാനിതയായി എന്നതിലുപരി, ഹോളിവുഡിന്‍റെ നടപ്പുശീലങ്ങള്‍ക്കെതിരെയുള്ള ഒരു സമര പ്രഖ്യാപനം കൂടിയായിരുന്നു അവരുടെ നേട്ടം. 250 മില്ല്യ‌ണ്‍ ഡോള‌ര്‍ ചിലവഴിച്ച്, അതിലേറെ നേടിയ ജെയിംസ് കാമറൂണ്‍ ചിത്രം - അവതാറിനെ - വെറും 15 മില്ല്യണ്‍ ഡോളറുപയോഗിച്ച് നിര്‍മ്മിച്ച ഒരു കൊച്ചു ചിത്രം (ഹോളിവുഡിന്‍റെ കണ്ണില്‍ മാത്രം) അവാര്‍ഡുകളുടെ എല്ലാ മേഖലകളിലും അട്ടിമറിച്ച കാഴ്ച ആഹ്ലാദമുളവാക്കുന്നതായിരുന്നു. ടൈറ്റാനിക്കിന്‍റെയും അവതാറിന്‍റെയും സംവിധായക‌ന്‍ ജെയിംസ് കാമറൂണിന്‍റെ മു‌ന്‍ ഭാര്യ എന്ന വിശേഷണത്തി‌ല്‍ തളക്കപ്പെട്ട ജീവിതവും കരിയറുമായിരുന്നു കാതറിന്‍റേത്. ഒസ്ക്കാ‌ര്‍ പുരസ്ക്കാരത്തിന് ഒരേ വര്‍ഷം നോമിനേഷ‌ന്‍ നേടി, അതില്‍ വിജയിയായി പുറത്തുവരുമ്പോ‌ള്‍ അത് വെറുമൊരു നേട്ടമെന്നതിലുമപ്പുറം കാതറിന്‍റെ സ്വത്വ പ്രഖ്യാപനം കൂടിയാണ്. മികച്ച സംവിധാനത്തിന് ഡയറക്ടേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയുടെ അവാര്‍ഡ് നേടുന്ന ആദ്യ വനിതയെന്ന ബഹുമതിയും, ബ്രിട്ടീഷ് ബാഫ്റ്റ അവാര്‍ഡും ഒസ്ക്കാറിന് മുന്‍പേ കാതറിന്‍ സ്വന്തമാക്കിയിരുന്നു.

വനിതാ ദിനാഘോഷം നൂറ്റാണ്ട് തികയുന്ന ചരിത്രനിമിഷത്തി‌ല്‍, ഇന്ത്യ അതാഘോഷിച്ച രീതിയും ഒരു സ്ത്രീ ഒറ്റക്ക് നേടിയ - പൊരുതി നേടിയ - നേട്ടങ്ങളും (കാതറിന്‍ ബിഗലോ) നമ്മുടെ ഓര്‍മ്മയിലുണ്ടാവണം. കാരണം അതൊരു ചൂണ്ടുപലകയാണ്, രാജ്യം എങ്ങോട്ട് ഗമിക്കുന്നുവെന്നതിന്‍റെ!

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 3, മാര്‍ച്ച് 2010)