ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 03, 2011

വായന തിരിച്ചുവരുന്നു

കൈയ്യെഴുത്ത് മാസികകളും ലിറ്റില്‍ മാഗസിനുകളും ഒരുകാലത്ത് കേരളത്തിലെ കാംപസുകളി‌ല്‍ സജീവമായിരുന്നു. ഇന്‍റര്‍നെറ്റ് ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യകളുടെ തള്ളിക്കയറ്റത്തി‌ല്‍ ഇവ പിന്നോട്ടടിക്കപ്പെടുകയും മിക്കവാറും ഇല്ലാതാവുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ പൊതുസമൂഹം വായനയി‌ല്‍ നിന്നും അകന്നു പോയി എന്ന് പറയേണ്ടി വരും. പക്ഷേ, കുറച്ച് വര്‍ഷങ്ങളായി പുസ്തകവായനയിലേക്കുള്ള വായനക്കാരന്‍റെ അത്യുത്സാഹപൂര്‍ണ്ണമായ തിരിച്ചുവരവാണ് കാണുന്നത്.

ഇപ്പോള്‍ എറണാകുളത്ത് നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ലഭിയ്ക്കുന്ന സ്വീകരണം തന്നെ ഈ മടങ്ങിവരവിന് ഉദാഹരണമാണ്. വിവധ ശാഖകളിലുള്ള പുസ്തകങ്ങള്‍, പ്രസാധന രംഗത്ത് പുതിയ തലമുറക്കാ‌ര്‍, ഒപ്പം പഴയ ആളുകളും ഒക്കെ ചേര്‍ന്ന് ഒരു ഉത്സവമായി മാറിയിരിക്കുന്നു ഈ പുസ്തക മേള. സ്കൂ‌ള്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയെ സാധൂകരിക്കുന്ന പുസ്തകങ്ങളും പ്രസാധകരും അടുത്തകാലത്തായി ഇത്തരം മേളകളി‌ല്‍ നിറഞ്ഞ സാന്നിദ്ധ്യമാണ്. പുസ്തകങ്ങള്‍ എന്ന് പറയുമ്പോ‌ള്‍ അത് കേവലം സാഹിത്യസംബന്ധിയായവ മാത്രമല്ല എന്ന് ഓര്‍മ്മിപ്പിക്കുന്ന മട്ടിലാണ് ഇത്തരം പ്രസാധകരുടെ സാന്നിദ്ധ്യം.

ഈയൊരു സാഹചര്യത്തില്‍ നിന്നുകൊണ്ട് മൂവാറ്റുപുഴയെന്ന നമ്മുടെ നഗരത്തിന്‍റെ ചിലവായനത്തുടിപ്പുക‌ള്‍ നേരിട്ടറിയാ‌ന്‍ ഞാ‌ന്‍ പ്രിയ വായനക്കാരെ  ക്ഷണിയ്ക്കുകയാണ്, ചില ചെറു വിശേഷങ്ങ‌ള്‍ പങ്കുവച്ചുകൊണ്ട്.

മൂവാറ്റുപുഴക്കാരനായ ഒരു എഴുത്തുകാരന്‍റെ പുസ്തകം പ്രസാധനം ചെയ്യപ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ട ഒരു വിശേഷം. എം. എം. കബീറിന്‍റെ 'പക്ഷിസങ്കേതം' എന്ന ചെറുകഥാ സമാഹാരം പുസ്തകരൂപത്തി‌ല്‍ എത്തിയിരിക്കുന്നതി‌ല്‍ അതിയായ സന്തോഷമുണ്ട്. ലീലാവതി ടീച്ചറുടെ ഭാഷയില്‍ പറഞ്ഞാല്‍, മൂര്‍ച്ചയുള്ള ഭാഷയി‌ല്‍ സംവേദിക്കാന്‍ കഴിവുള്ള എഴുത്തുകാരനാണ് കബീര്‍. വായനക്കാരന്‍റെ ആത്മാവില്‍ തൊടുന്ന കഥകള്‍ ഇനിയും ഇദ്ദേഹത്തി‌ല്‍ നിന്നുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥന.

ഇതോടൊപ്പം പറയേണ്ടുന്ന മൂവാറ്റുപുഴയുടെ ചില സാഹിത്യ വിശേഷങ്ങളുമുണ്ട്. കവിയും അദ്ധ്യാപകനുമായ ബിജോയ് ചന്ദ്രന്‍ പ്രസിദ്ധീകരിക്കുന്ന 'തോര്‍ച്ച' എന്ന സമാന്തര മാസിക ശ്രദ്ധേയമാവുകയാണ്. പുറംചട്ടയുടെ ആകര്‍ഷണീയതയെക്കാ‌ള്‍ ഉള്ളടക്കത്തിലെ മികവ് കൊണ്ട് ഈ മാസിക അതിന്‍റെ കര്‍മ്മം സാധൂകരിക്കുന്നു. ഇത്തരം ശ്രമങ്ങ‌ള്‍ ഇനിയുമുണ്ടാവട്ടെ, അവ വിജയിക്കട്ടെ.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 38, ലക്കം 12, ഡിസംബ‌ര്‍ 2008)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ