ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 03, 2011

ഇത് രണ്ടായിരത്തി എഴുപത്

എനിക്ക് അന്‍പത് വയസ്സായി. കാഴ്ചയില്‍ എണ്‍പത്തിയഞ്ച് തോന്നും. വേണ്ടത്ര വെള്ളം കുടിക്കാത്തതുകൊണ്ട് ഗുരുതരമായ കരള്‍ രോഗത്തിനടിമയാണ് ഞാന്‍. സമൂഹത്തിലെ പ്രായം ചെന്നവരില്‍ ഒരാളായ എന്‍റെ നാളുക‌ള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്ന് ഞാ‌ന്‍ വിശ്വസിക്കുന്നു.

എന്‍റെ ബാല്യം ഇങ്ങനെയൊന്നുമായിരുന്നില്ല. നിറയെ മരങ്ങളും പൂന്തോട്ടങ്ങളും, ഇടയ്ക്കിടെ ഭൂമിയെ പുളകമണിയിച്ചുകൊണ്ട് പെയ്യുന്ന മഴയും എന്‍റെ ഓര്‍മ്മയിലുണ്ട്. ധാതു എണ്ണയും തുണിയുമുപയോഗിച്ച് ദേഹശുദ്ധി വരുത്തേണ്ട ഗതികേടിലാണ് ഞാനിന്ന്.

സ്ത്രീകള്‍ക്ക് ഇടതൂര്‍ന്ന അഴകാര്‍ന്ന മുടി ഉണ്ടായിരുന്നത് ഞാനോര്‍ക്കുന്നു. വൃത്തിയാക്കുന്നതിന് ധാരാളം വെള്ളം ആവശ്യമുള്ളതുകൊണ്ട് ഇന്ന് സ്ത്രീകളെല്ലാം ശിരസ്സ് മുണ്ഢനം ചെയ്തിരിക്കുകയാണ്. അച്ഛന്‍റെ കാര്‍ വെള്ളമൊഴിച്ച് കഴുകിയിരുന്നുവെന്ന് ഞാ‌ന്‍ പറയുമ്പോ‌ള്‍ എന്‍റെ മകനത് വിശ്വസിക്കാനാവുന്നില്ല.

പ്രകൃതിയെയും ജലസ്രോതസ്സുകളെയും സംരക്ഷിക്കുന്നതിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രചരിച്ചിരുന്ന പോസ്റ്ററുക‌ള്‍, ടി.വി.-റേഡിയോ പരസ്യങ്ങള്‍, ഇവയൊക്കെ ഞാനോര്‍ക്കുന്നു. ആരും അതിന് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ലെന്നുമാത്രമല്ല, എല്ലാക്കാലത്തും ജലത്തിന്റെ ലഭ്യത സമൃദ്ധമായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്തു. ഇന്ന് പുഴകളും തടാകങ്ങളും ഡാമുകളും ഭൂഗര്‍ഭ-ജലസ്രോതസ്സുകളുമെല്ലാം വറ്റി വരണ്ടിരിക്കുന്നു. ഉള്ളവ തന്നെ ഇനിയൊരിക്കലും ശുദ്ധീകരിക്കാനാവാത്ത വിധം മലിനമാക്കപ്പെട്ടിരിക്കുന്നു. വ്യവസായശാലക‌ള്‍ നിശ്ചലമാണ്. തൊഴിലില്ലായ്മ രൂക്ഷവും. ഉപ്പുവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റുകളാണ് പ്രധാന തൊഴി‌ല്‍ ‌ദാതാക്ക‌ള്‍‍. അവിടെ ശമ്പളം കുടിവെള്ളമായിട്ടാണ് നല്കുന്നതും. തെരുവുകളില്‍ കുടിവെള്ളത്തിനായി സംഘര്‍ഷങ്ങ‌ള്‍ പതിവാണ്. സിന്തറ്റിക് ഭക്ഷണ പദാര്‍ത്ഥങ്ങളാണ് എണ്‍പത് ശതമാനവും ഉപയോഗിക്കുന്നത്.

പ്രാപൂര്‍ത്തിയായ ഒരാ‌ള്‍ ഒരു ദിവസം എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കണമെന്നാണ് പറയുക. എനിക്ക് അനുവദിക്കപ്പട്ടിരിക്കുന്നത് ദിവസം അര ഗ്ലാസ്സ് വെള്ളമാണ്. ഉപയോഗിച്ച ശേഷം വലിച്ചെറിയാവുന്ന തരം വസ്ത്രങ്ങളാണിന്ന് എല്ലാവരും ധരിക്കുന്നത്. ജലദൗര്‍ലഭ്യം കൊണ്ട് മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെല്ലാം നിശ്ചലമാണ്.

നിര്‍ജ്ജലീകരണം മൂലം തൊലിപ്പുറം ചുക്കിചുളിഞ്ഞ്, കാഴ്ചയി‌ല്‍ എല്ലാവരും വിരൂപികളായിത്തീര്‍ന്നിരിക്കുന്നു. ഓസോണ്‍പാളി മിക്കവാറും ഇല്ലാതായതുമൂലം അള്‍ട്രാ-വയലറ്റ് രശ്മികളേറ്റ് മിക്കവരുടെയും ചര്‍മ്മത്തി‌ല്‍ വൃണങ്ങ‌ള്‍ രൂപപ്പെട്ടിരിക്കുന്നു. തൊലിപ്പുറമെ ഉണ്ടാകുന്ന ക്യാന്‍സര്‍, ഉദര രോഗങ്ങള്‍, മൂത്രനാളിയിലെ അണുബാധ, ഇവയാണ് പ്രധാന മരണകാരണങ്ങ‌ള്‍. അമിതമായ വരള്‍ച്ച മൂലം കാഴ്ചയി‌ല്‍ എല്ലാവര്‍ക്കും പ്രായം ഇരട്ടിയായി തോന്നും. ശാസ്ത്രജ്ഞര്‍ ഈ പ്രശ്നത്തി‌ല്‍ നിസ്സഹായരാണ്. പച്ചപ്പും മരങ്ങളും ഇല്ലാതായത് മൂലം പ്രാണവായുവിന്‍റെ തോത് അന്തരീക്ഷത്തി‌ല്‍ വല്ലാതെ കുറഞ്ഞുപോയി. മനുഷ്യന്‍റെ ബൗദ്ധീകമായ വളര്‍ച്ചയും വികാസവും വികലമായി തീര്‍ന്നിരിക്കുന്നു. ജനിതക വൈകല്യങ്ങളോടെ പിറക്കുന്ന അനേകം കുഞ്ഞുങ്ങളാണ് മറ്റൊരു ദുര്യോഗം. ഒരാളുടെ പരമാവധി പ്രതീക്ഷിക്കുന്ന ആയുര്‍ദൈര്‍ഘ്യം മുപ്പത്തിയഞ്ച് വയസ്സായി കുറഞ്ഞു.

ജലം ഇന്നൊരമൂല്യവസ്തുവാണ്. അവശേഷിക്കുന്ന അപൂര്‍വ്വം പച്ചപ്പുകള്‍ക്കും ജലാശയങ്ങള്‍ക്കും ആയുധധാരികളായ പട്ടാളക്കാ‌ര്‍ കാവ‌ല്‍ നില്‍ക്കുന്നു. എന്‍റെ വാസസ്ഥലത്ത് മരങ്ങളോ ചെടികളോ ഇല്ല, മഴയുമില്ല. അഥവാ പെയ്താ‌ല്‍ തന്നെ, അമ്ലമഴയാവും ഭൂമിയി‌ല്‍ പതിയ്ക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച നിരവധി മുന്നറിയിപ്പുക‌ള്‍ ലഭിച്ചെങ്കിലും ഒരാളും അത് ഗൗനിച്ചില്ല.

പച്ചപ്പാടങ്ങളെപ്പറ്റിയും, കുളിര്‍ക്കെ പെയ്യുന്ന മഴയെപ്പറ്റിയും, മത്സ്യങ്ങള്‍ നീന്തി തുടിയ്കുന്ന പുഴയെപ്പറ്റിയും, ആവോളം കുടിവെള്ളം ലഭ്യമായിരുന്ന ആരോഗ്യപൂര്‍ണ്ണമായ ഒരു കാലത്തെപ്പറ്റിയുമൊക്കെ ഞാനെന്‍റെ മകനോട് പറയാറുണ്ട്. അവനെന്നോട് ചോദിയ്ക്കും, അച്ഛാ, വെള്ളം ഇങ്ങനെ ഇല്ലാതെ പോയതെന്താ? ഞാനാണോ തെറ്റുകാരന്‍? എന്‍റെ തലമുറ പ്രകൃതിയെ നശിപ്പിച്ചു. ഞങ്ങള്‍ക്ക് കിട്ടിയ മുന്നറിയിപ്പുകളൊക്കെ അവഗണിച്ചു. അതിന് വില നല്‍കുന്നത് വരും തലമുറയും.

ഭൂമിയില്‍ ജീവന്‍റെ നിലനില്പ് തന്നെ അസാദ്ധ്യമാം വിധം മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്ത് നശിപ്പിച്ചുകഴിഞ്ഞു. ഇനിയൊരിക്കലും അത് പഴയപടി സമൃദ്ധമാവില്ല. ഭൂതകാലത്തില്‍ സഞ്ചരിച്ച്, എന്‍റെ തലമുറയിലെ മനുഷ്യകുലത്തോട് ഞാനെങ്ങനെ പറഞ്ഞുമനസ്സിലാക്കും നമ്മുടെ ഭൂമിയെ രക്ഷിക്കാ‌ന്‍ ഇനിയും വൈകിയിട്ടില്ലാ എന്ന്?

ഇങ്ങനെയൊന്നെഴുതാന്‍ നമുക്കോ, വരും തലമുറകള്‍ക്കോ ഇടവരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

(ഇന്‍റര്‍നെറ്റി‌ല്‍ പ്രചരിക്കുന്ന ഒരു പവര്‍പോയിന്‍റ് പ്രസന്‍റേഷന്‍റെ സ്വതന്ത്ര ഗദ്യ പരിഭാഷ. കടപ്പാട്-Cronicas de los Tiempos, April 2002)

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 38, ലക്കം 7, ജൂലൈ 2008)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ