ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 03, 2011

സ്പോര്ട്സ്മാ ‌‌ന്‍ സ്പിരിറ്റ്

ബോര്‍ഡ‌ര്‍ - ഗവാസ്ക്ക‌ര്‍ ട്രോഫിക്ക് വേണ്ടിയുള്ള കഴിഞ്ഞ ഇന്ത്യാ-ഓസ്ട്രേലിയ പരമ്പര എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. നാലു ടെസ്റ്റുള്ള ഈ പരമ്പരയില്‍ 2 - 0 ത്തിനായിരുന്നു ഇന്ത്യയുടെ വിജയം. ഈ ജയം മാത്രമല്ല പരമ്പരയെ ചലനാത്മകമാക്കിയത്, അതിനിടയില്‍ നടന്ന ചില സംഭവങ്ങളാണ്. (അതെന്തായാലും ഷെയിന്‍ വാട്സണ്‍ - ഗൗതം ഗംഭീ‌ര്‍ ഏറ്റുമുട്ടലോ, പോണ്ടിംഗ് ബ്രറ്റ് ലീ തര്‍ക്കമോ അല്ല!)

സംഭവങ്ങളെന്നു പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് രണ്ട് ക്രിക്കറ്റ് മഹാരഥന്മാരുടെ സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ വിടവാങ്ങലാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഈ രണ്ട് റിട്ടയര്‍മെന്‍റും തീരാനഷ്ടം തന്നെ. സച്ചി‌ന്‍ ബ്രയന്‍ ലാറയുടെ റെക്കോര്‍ഡ് ഭേദിച്ചതും (ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ബാറ്റ്സ്മാ‌ന്‍) ലക്ഷ്മണ്‍ നൂറാം ടെസ്റ്റ് കളിച്ചതും ഈ പരമ്പരയിലാണ്. മാധ്യമ ശ്രദ്ധ അധികം ആകര്‍ഷിക്കാത്ത രണ്ട് വിഷയങ്ങളിലേയ്ക്കാണ് ഇക്കുറി ശ്രദ്ധ ക്ഷണിക്കുന്നത്.

നാഗ്പൂര്‍ ടെസ്റ്റിന്‍റെ അവസാന ദിവസം. ഇന്ത്യ ഉയര്‍ത്തിയ 369 റണ്‍സ് ഓസീസ് തപ്പിയും തടഞ്ഞും പിന്തുടരുന്നു. ടെസ്റ്റ് ജയത്തിനും പരമ്പര നേട്ടത്തിനുമിടയില്‍ ഒരു വിക്കറ്റിന്‍റെ അകലം മാത്രം. ഇന്ത്യന്‍ ക്യാപ്റ്റ‌ന്‍ ധോണി പതിയെ സൗരവ് ഗാംഗുലിയുടെ അടുത്തേക്ക്. ഓസീസിന്‍റെ ചരമഗീതം കുറിക്കാനുള്ള ദൗത്യം ഗാംഗുലിക്ക് വിട്ടുകൊടുത്ത്, ഇന്ത്യക്കായി എറ്റവുമധികം വിജയം കൈവരിച്ചിട്ടുള്ള മുന്‍ ക്യാപ്റ്റനെന്ന തലയെടുപ്പോടെ കളിക്കളം വിടാ‌ന്‍ അവസരം ഒരുക്കി ധോണി.

ഫിറോസ്-ഷാ-കോട്‌ല എന്നും അനി‌ല്‍ കുംബ്ലെയുടെ പ്രിയപ്പെട്ട മൈതാനമായിരുന്നു. 1999-ല്‍ പാക്കിസ്ഥാനെതിരെ ഒരിന്നിംഗ്സി‌ല്‍ 10 വിക്കറ്റ് നേട്ടം കൊയ്ത അതേ ഗ്രൗണ്ടി‌ല്‍ വച്ചു തന്നെ തന്‍റെ റിട്ടയര്‍മെന്‍റ് പ്രഖ്യാപിക്കുമ്പോ‌ള്‍ കുംബ്ലെ സന്തോഷവാനായിരുന്നു. പരമ്പര വിജയം നേടുന്ന ഇന്ത്യന്‍ ടീമിന്‍റെ ഡ്രസ്സിംഗ് റൂമിലെ അംഗമാകാനാണ് കുംബ്ലെ വിരമിച്ചെങ്കിലും നാഗ്പൂരിലെത്തിയത്. ട്രോഫി സ്വീകരിക്കുന്ന സമയമായപ്പോള്‍ കുംബ്ലെയെ ധോണി വേദിയിലേയ്ക്ക് ക്ഷണിച്ചു. തന്‍റെ 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിലെ മനോഹര നിമിഷം സമ്മാനിച്ച് ധോണിയ്ക്കൊപ്പം കുംബ്ലെ ട്രോഫി ഏറ്റുവാങ്ങി. (പരമ്പരയുടെ തുടക്കത്തില്‍ കുംബ്ലെയായിരുന്നു ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍)

ഈ രണ്ട് സംഭവങ്ങളും ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവങ്ങളാണ്. വിരമിക്കല്‍ പ്രഖ്യാപിച്ച മു‌ന്‍ നായക‌ന്‍ (സൗരവ് ഗാംഗുലി) ടീമിനെ നയിച്ചുകൊണ്ടു തന്നെ (അത് കുറച്ച് സമയത്തേയ്ക്കാണെങ്കില്‍ പോലും) വിട വാങ്ങുന്നു, വിരമിച്ച മുന്‍ നായക‌ന്‍ (അനില്‍ കുംബ്ലെ) ടീമിന് വേണ്ടി ട്രോഫി ഏറ്റുവാങ്ങുന്നു. എത്ര മനോഹരമായ കാഴ്ചകള്‍!

ധോണിയുടെ ക്യാപ്റ്റന്‍സിയി‌ല്‍ കഴിഞ്ഞ വര്‍ഷം നേടിയ 20 - 20 ലോകകപ്പിനെക്കാളും, ബോര്‍ഡ‌ര്‍ - ഗവാസ്ക്ക‌ര്‍ ട്രോഫിയെക്കാളും ഒരുപടി ഉയരത്തില്‍ പ്രതിഷ്ഠിക്കേണ്ടതല്ലേ ഇത്തരം ചെയ്തിക‌ള്‍? ഐ. സി. എല്‍. ആഘോഷങ്ങളുടെയും പരമ്പര നേട്ടങ്ങളുടെയും ഇടയില്‍ യഥാര്‍ത്ഥ സ്പോര്‍ട്സ്മാ‌ന്‍ സ്പിരിറ്റിന്‍റെ ഇത്തരം മഹനീയ ഉദാഹരണങ്ങ‌ള്‍ നാം കണ്ടില്ലെന്ന് നടിക്കരുത്.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 38, ലക്കം 11, നവംബര്‍ 2008)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ