ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ഗുണപാഠം - കഥപോലെയൊന്ന്

ജൂണ്‍ മാസം സ്ക്കുള്‍ തുറന്നു. ചന്നം പിന്നം ചാറുന്ന മഴ. ഇനി അഞ്ചാം ക്ലാസ്സിലേയ്ക്കുള്ള ചുവടാണ്. അഞ്ചാം ക്ളാസ് എന്നു പറയുമ്പോള്‍ ഹൈസ്ക്കുളായി എന്നൊരു തോന്ന‍ല്‍,കാരണം അഞ്ച് മുതല്‍ പത്ത് വരെ ക്ളാസ്സുകളുള്ള സ്ക്കുളിലേയ്ക്കാണ് ഇനി പോകുന്നത്. മുതിര്‍ന്ന കുട്ടിയായി എന്നൊരു ഭാവവും ചെറുതായി അന്ന് മനസ്സിലുണ്ട്. അച്ഛന്റെ ജോലിസ്ഥലത്തേയ്ക്കുള്ള താമസം മാറ്റവും പുതിയ സ്ക്കൂ‍ളും, ആകെക്കുടെ ഒരു പുത്തന്‍ അന്തരീക്ഷം.

സ്ക്കൂളിന്റെ തെക്കുവശത്തെ ഗേറ്റി‍ല്‍ നിന്നും ഒരു നേര്‍രേഖ വരച്ചാ‍ല്‍ ഞങ്ങള്‍ താമസിക്കുന്ന വാടക വീടിന്റെ ഗേറ്റിലേയ്ക്ക് കഷ്ടി 500 മീറ്റ‍ര്‍ - വിളിച്ചാല്‍ വിളി കേള്‍ക്കാവുന്ന ദൂരം. വീടിനേയും സ്ക്കൂളിനേയും പരസ്പരം കാഴ്ചയില്‍ നിന്നും മറയ്ക്കുന്നത് രണ്ട്-മൂന്ന് ചെറിയ കെട്ടിടങ്ങളും അതിനെ ചുറ്റിയ പറമ്പുകളുമാണ്. ദൂരം കുറവാണെങ്കിലും ഇവയെ ചുറ്റി വേണം വഴി നടക്കാന്‍. എന്നും വീട്ടില്‍ പോയി ചോറുണ്ണാം, ബെല്ലടിക്കാറാകുമ്പള്‍ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ മതി. സൗകര്യമായി. പ്രൈമറി സ്ക്കൂളില്‍ പഠിക്കുമ്പോള്‍ എന്നും ഉച്ചയ്ക്ക് ചോറുമായി സൈക്കിളില്‍ എത്തുന്ന രാജു ചേട്ടനെ ഓര്‍ത്തു. ഇവിടെ അതു വേണ്ട. അമ്മ വിളമ്പിത്തരുന്ന ഭക്ഷണം ചൂടോടെ കഴിക്കാം. അതിനേക്കാളെല്ലാം എന്നെ സന്തോഷിപ്പിച്ചത് ഒരു നേരത്തേയ്ക്കുള്ള പുസ്തകങ്ങള്‍ കൈയ്യി‍ല്‍ കൊണ്ടുപോയാല്‍ മതിയല്ലോ എന്ന ചിന്തയാണ്. ഒരു കൈയ്യില്‍ ചേര്‍ത്ത് പിടിക്കാവുന്നത്ര പുസ്തകങ്ങള്‍ അടുക്കി ഇലാസ്റ്റിക്ക് ബാന്റുമിട്ട് പോകാം. മുതിര്‍ന്ന കുട്ടികള്‍ കൈയ്യില്‍ പിടിക്കാവുന്നത്ര പുസ്തകങ്ങളുമായി നടന്നു പോകുന്നത് കണ്ടിട്ടുണ്ട്. അവരെപ്പോലെ എനിക്കും ഒരവസരം വന്നിരിക്കുന്നു. ആകെക്കൂടി ഒരു സ്ഥാനക്കയറ്റം കിട്ടിയ അവസ്ഥ. പക്ഷേ, ഒരു കാര്യത്തില്‍ മാത്രം എന്റെ സങ്കടം ബാക്കിയായി... സ്ക്കൂളില്‍ ഇക്കൊല്ലവും നിക്കറിട്ട് തന്നെ പോകണം. അങ്ങിനെ പോയാല്‍ മതിയെന്ന അച്ഛന്റെ തീരുമാനം എന്നെ വിഷമിപ്പിച്ചു. ഹൈസ്ക്കൂളി‍ല്‍ ചേര്‍ന്ന ഞാ‍ന്‍ ഇനിയും നിക്കറിട്ട് പോകാനോ?വലിയവനായ ഞാന്‍ പാന്റ്സ് ഇട്ടാലെന്താ? ഇങ്ങനെയൊക്കെയായി എന്റെ ചിന്തകള്‍. അമ്മയോടും അച്ഛനോടും പലതവണ പറഞ്ഞു നോക്കി... ഒടുവില്‍ അച്ഛന്റെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിന് ഞാന്‍ വഴങ്ങി. ഇക്കൊല്ലം കൂടി നിക്കറിടാം.

ഞാന്‍ ഇത്രയും നാള്‍ താമസിച്ചിരുന്ന എന്റെ സ്വന്തം പട്ടണത്തോളം വലുതല്ലാത്ത ഒരു സ്ഥലം, പുതിയ സ്ക്കൂ‍ള്‍, പുതിയ‍ കൂട്ടുകാര്‍, പുതിയ താമസസ്ഥലം, പുതിയ അയല്‍പക്കം,പുതിയ അദ്ധ്യാപകര്‍... മൊത്തത്തില്‍ ഒരു പുതുമ. മുന്‍പത്തേതി‍ല്‍ നിന്നും വിഭിന്നമായി തനിയെ നടന്നാണ് സ്ക്കൂളില്‍ പോകേണ്ടത്. അതൊരു സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യബോധം എന്നെ ഇടയ്ക്കിടെ ഒരുകാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു - നീ പഴയ പ്രൈമറി സ്ക്കൂള്‍ കുട്ടിയല്ല, നീ മുതിര്‍ന്നവനായിരിക്കുന്നു. എന്തായാലും മാറിയ സാഹചര്യങ്ങള്‍ ഞാന്‍ ആസ്വദിച്ചു തുടങ്ങി. 

കൂടുതല്‍ പഠിക്കുവാനുണ്ട് എന്നും, ഉത്തരവാദിത്വത്തോടെ പഠിക്കുകയും മറ്റുള്ളവരോട് പെരുമാറുകയും വേണമെന്നും ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു അമ്മ. അച്ഛന്‍ ആ നാട്ടിലറിയപ്പെടുന്ന സര്‍ക്കാ‍ര്‍ ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ നിന്നെയും എല്ലാവരും ശ്രദ്ധിയ്ക്കും. നല്ല പെരുമാറ്റവും പഠനവും കാഴ്ച വെയ്ക്കണം. അതാണ് അമ്മയുടെ ഉപദേശം. 

സ്ക്കൂള്‍ വിട്ടു വന്നാ‍ല്‍ കളികളൊന്നുമില്ല. അയല്‍പക്കത്ത് കൂട്ടുകാരുമില്ല. സാങ്കല്പിക കഥാപാത്രങ്ങളുമായി സംസാരിച്ച്, വീടിന് ചുറ്റുമുള്ള പറമ്പിലൂടെ നടക്കും. പാഠങ്ങള്‍ ചെടികളെ പഠിപ്പിക്കും. ചോദ്യങ്ങള്‍ ചോദിയ്ക്കും. ഉത്തരം പറഞ്ഞില്ലെങ്കില്‍ ചെടികളുടെ ഇലകളെ തല്ലി കൊഴിയ്ക്കും. ഒടുവില്‍ അവ ഉത്തരം പറഞ്ഞതായി സങ്കല്പിച്ച് കളിയവസാനിപ്പിക്കും. സന്ധ്യ മയങ്ങും വരെ ഇതായിരുന്നു കുറച്ചു നാളത്തെ വിനോദം. അങ്ങിനെയിരിക്കെ വീടിന്റെ നേരെ ഏതിര്‍വശത്തുള്ള ലൈബ്രറി കണ്ടു. അച്ഛനോട് പറഞ്ഞ് അവിടെ നിന്നും പുസ്തകങ്ങള്‍ തരപ്പെടുത്തി. ചെടികളെ തല്ലി പഠിപ്പിക്കല്‍ വായനയ്ക്ക് വഴിമാറി. മഹദ് ചരിതമാലയും മാലിയുടെ കഥകളുമൊക്കെ പരിചയപ്പെടുന്നത് അവിടെ നിന്നാണ്. സന്ധ്യ മയങ്ങിയാ‍ല്‍ ട്യൂഷന്‍ പഠിപ്പിക്കാന്‍ ശങ്കരന്‍ നമ്പൂതിരി സാ‍ര്‍ വരും. എന്റെ ക്ളാസ് ടീച്ചറും നമ്പൂതിരി സാ‍ര്‍ തന്നെ. ഇരുട്ട് പരക്കുമ്പോള്‍ കൈയ്യിലൊരു കറുത്ത ബാഗും അരച്ചിരിയുമായി സാറെത്തും. വെളുത്ത് പരന്ന ദേഹം. വൈകീട്ടായാലും, വിയര്‍പ്പിലും മായാത്ത ചന്ദനക്കുറി. ഒറ്റമുണ്ടും മുഴുക്കൈയ്യന്‍ ഷര്‍ട്ട് തെറുത്ത് വച്ചതുമാണ് വേഷം. സ്ഫുടമായ സംഭാഷണം. കര്‍ശനക്കാരന്‍. പക്ഷേ, സ്നേഹസമ്പന്നന്‍.

പുതിയ സ്ഥലത്തെ അത്രയൊന്നും തൃപ്തികരമല്ലാത്ത ദിനചര്യയെ ഞാന്‍ പരിചയപ്പെടുകയും ആസ്വദിക്കുവാ‍ന്‍ ശ്രമിക്കുകയും ചെയ്തുതുടങ്ങി. ഇപ്പോള്‍ എനിക്ക് രാവിലെയും വൈകീട്ടും സ്ക്കൂളിലേയ്ക്ക് ഒപ്പം നടക്കാന്‍ കൂട്ടുകാരുണ്ട്. അല്‍പം അകലെ നിന്നും നടന്ന് വരുന്ന, നന്നായി ചിരിക്കുന്ന വര്‍ഗീസുകുട്ടി, ബാങ്കില്‍ ജോലി ചെയ്യുന്ന നൈനാ‍ന്‍ സാറിന്റെ മകന്‍ എല്‍ദോസ്,എന്റെ ക്ളാസ്സില്‍ വാച്ച് കെട്ടി വരുന്ന ഏക വിദ്യാര്‍ത്ഥി ജോര്‍ജ്ജ്, ഒരുപാടകലെ നിന്നും നടന്നെത്തുന്ന, ശരവേഗത്തില്‍ നടക്കുന്ന ബാബു, പാവപ്പെട്ട വീട്ടിലെയാണെന്ന് എപ്പോഴും പരിഭവം പറയുന്ന, നന്നായി പഠിക്കുന്ന സുദര്‍ശന‍ന്‍... ഇവരൊക്കെയാണെന്റെ പുതിയ കൂട്ടുകാര്‍. ഇവരില്‍ ജോര്‍ജ്ജ് മാത്രമാണ് എനിറെ ക്ലാസ്സില്‍ പഠിക്കുന്നത്. മറ്റുള്ളവര്‍ വേറെ ഡിവിഷനുകളിലായതിനാല്‍ സൗഹൃദം വൈകീട്ടത്തെ യാത്രയിലൊതുങ്ങും. ദൂരം ചെറുതാണെങ്കിലും നടക്കുന്ന വഴിയരുകില്‍ കശുമാവുണ്ട്. സ്ക്കൂള്‍ വിട്ട് വരുമ്പോ‍ള്‍ ബാബുവും വര്‍ഗീസുകുട്ടിയും ചിലപ്പോഴൊക്കെ സുദര്‍ശനനും വഴിയരുകിലെ കശുമാവിലെറിയും. കിട്ടുന്നതിന്റെ പങ്ക് മറ്റുള്ളവര്‍ക്കും തരും. ആദ്യമായി എന്നെ കശുമാങ്ങയുടെ രുചി പരിചയപ്പെടുത്തിയത് ഈ കൂട്ടുകാരാണ്. കശുമാങ്ങയുടെ പശ പലപ്പോഴും കൈയ്യിലൊട്ടുന്നത് എന്നെ അലോസരപ്പെടുത്തി. എങ്കിലും ഞാനത് ഇഷ്ടപ്പെട്ടിരുന്നു. എന്റെ വിരസമായ സായാഹ്നങ്ങളെ അല്‍പമെങ്കിലും സജിവമാക്കിയിരുന്നത് സ്ക്കൂളില്‍ നിന്നുമുള്ള ഈ നടത്തമാണല്ലോ. 

രാവിലത്തെയും വൈകുന്നേരത്തേയും സ്ക്കൂ‍ള്‍ യാത്ര പോലെ രസകരമായിരുന്നില്ല ഉച്ചത്തേത്. ഉച്ചത്തെ ഊണിനുള്ള വരവും പോക്കും വിരസമായിരുന്നു. ആരും കൂട്ടിനില്ല. ഒറ്റയ്ക്കും തെറ്റയ്ക്കും പരസ്പരം മിണ്ടാതെ പോകുന്ന, പരസ്പരം മിണ്ടാനോ ചിരിയ്ക്കാനോ പോലും കൂട്ടാക്കാതെ വീട്ടിലേയ്ക്കും തിരിച്ചും വച്ചുപിടിക്കുന്ന, പല ക്ലാസ്സുകളി‍ല്‍ പഠിക്കുന്ന കുറച്ചു പേര്‍. വീതിയുള്ള ചെമ്മണ്‍ പാതയുടെ നടുവില്‍ വീതി കുറഞ്ഞ് മെറ്റലിളകിയ ടാര്‍ റോഡിന്റെ വശത്തുകൂടി വേഗം നടക്കും. ഒരു വശം ഭീമന്‍ മതിലാണ്. മതിലിനപ്പുറം പള്ളി സെമിത്തേരി. വീട്ടില്‍ അമ്മയെ സഹായിക്കാന്‍ വരുന്ന ലക്ഷ്മിയമ്മയ്ക്ക് സെമിത്തേരി കഥകളറിയാം. സ്ക്കൂളവധിയുള്ള ശനിയും ഞായറും ഈ കഥക‍ള്‍ കേട്ട് കേട്ട്, ആ വഴി പോകുമ്പോള്‍ ഒരു ജാഗ്രത എനിക്കുണ്ടായിരുന്നു. മതിലിനോട് ചേര്‍ന്ന ഓരത്തുകൂടിയുള്ള നടപ്പ് ഞാന്‍ ഒഴിവാക്കുന്നത് പതിവായി. ചിലദിവസം മണി മുഴക്കം കേള്‍ക്കാം. അതിനര്‍ത്ഥം ആരോ മരണപ്പെട്ടിരിക്കുന്നുവെന്നാണ് എന്ന് എനിക്ക് പറഞ്ഞുതന്നത് വര്‍ഗീസുകുട്ടിയാണ്. അത് ശരിവച്ചുകൊണ്ട് ശവമഞ്ചം ചുമന്ന് പോകുന്ന ആള്‍ക്കൂട്ടത്തെയും ചിലദിവസം കാണും. ഇവയൊക്കെ എനിക്ക് പുതിയ അനുഭവങ്ങളായിരുന്നു. 

അങ്ങിനെ ഡിസംബര്‍ മാസമായി. ഞാന്‍ ആ നാടിന്റെ പതിവുകള്‍ പഠിച്ചിരിക്കുന്നു. സൈറണ്‍ മുഴങ്ങാത്ത ആ ഗ്രാമത്തി‍ല്‍ സമയമറിയിച്ചിരുന്നത് പള്ളിയിലെ നാഴികമണികളായിരുന്നു. രാവിലെ ആറ് മണിയ്ക്കും വൈകീട്ട് ആറ് മണിയ്ക്കും അത് കൃത്യമായി മുഴങ്ങും. മരണമറിയിയ്ക്കല്‍ ഈ മണിയുടെ അധിക ജോലിയാണെന്ന് ഞാന്‍ വിശ്വസിച്ചു. വല്ലപ്പോഴും വൈകുന്നേരങ്ങളി‍ല്‍ നാരങ്ങാവെള്ളം കുടിയ്ക്കാന്‍ പോകുന്ന രവിയുടെ മുറുക്കാന്‍ കടയും, ധാരാളം പ്രാവുകള്‍ തീറ്റ തേടിയെത്തുന്ന വഴിയോരത്തെ റേഷന്‍ കടയും റേഷന്‍കടയില്‍ അരിച്ചാക്കുകളെത്തുന്നതും കാത്തിരിക്കുന്ന ചുമട്ടുകാരുമൊക്കെ എന്റെ പതിവ് കാഴ്ചകളായി. ആയിടയ്ക്കാണ് വീഡിയോ കാസറ്റുകള്‍ വാടകയ്ക്ക് കൊടുക്കുന്ന പാലസ് വീഡിയോസ് ഉദ്ഘാടനം ചെയ്യുന്നത്. വീട്ടില്‍ ടെലിവിഷനോ വിസിയാറോ ഇല്ല. പക്ഷേ,ഭംഗിയായി അലങ്കരിച്ച, അടുക്കി നിരത്തി വച്ച ബുക്കുകളുടെ വലുപ്പമുള്ള ചെറിയ പെട്ടികള്‍ ഏനിക്ക് കൗതുകമായിരുന്നു. ലേബലിലെ സിനിമാപ്പേരുകള്‍ വായിച്ച് ഞാന്‍ ചിരിച്ചു. ഏത്രയധികം പേരുകളാണ്? ഇത്രയും സിനിമകളോ? എന്തായാലും ഉദ്ഘാടനദിവസം അച്ഛനോടൊപ്പം വൈകുന്നേരം അവിടം സന്ദര്‍ശിച്ചത് എന്നില്‍ കൗതുകം ജനിപ്പിച്ചു. 

ക്ളാസ് ടീച്ചര്‍ ട്യൂഷന്‍ പഠിപ്പിക്കുന്ന എന്റെ വിദ്യാഭ്യാസ നിലവാരം സ്വാഭാവികമായും മോശമായിക്കൂടാ. ആരുടെയും പ്രതീക്ഷകള്‍ തെറ്റിക്കാതെ ഓണപ്പരീക്ഷയും മിഡ്-ടേമും കടന്നു പോയി. ലൈബ്രറിയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങള്‍ ഏകാന്തതയില്‍ എനിക്ക് അല്‍പ്ം ആശ്വാസമായി. 

അങ്ങിനെയിരിക്കെ, ഒരു ദിവസത്തെ ഉച്ചയൂണിനുള്ള നടത്തത്തിനിടയില്‍ എനിക്കൊരു പുതിയ അനുഭവമുണ്ടായി. അന്നുവരെക്കാണാത്ത ഒരുവന്‍ എന്നെ പിന്‍തുടരുന്നു. ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോ എന്നറിയില്ല. ഒരുപക്ഷേ ഞാന്‍ ശ്രദ്ധിക്കാതെയാവും. എന്തായാലും ഇവനെന്റെ പുറകേ കൂടിയിരിയ്ക്കുന്നു. കറുത്ത് മെലിഞ്ഞ, ഉയരമുള്ള ശരീരവും, എണ്ണമെഴുക്കുള്ള മുടിയും, കോലന്‍ കാലുകളെ എടുത്തുകാണിയ്ക്കുന്ന അയഞ്ഞ നിക്കറും, മുറുക്കിച്ചുവന്നപോലുള്ള പല്ലുകളും കണ്ണുതുറിച്ചുള്ള നോട്ടവും - ആകെക്കുടി ഇവനെക്കാണുന്നത് എനിക്ക് അലോസരമായി. വെറുതെ, ഒരു പരിചയവുമില്ലാത്തയാളുകളോട് യാതൊരു കാരണവുമില്ലാതെ നമുക്ക് ഒരു ഇഷ്ടക്കേടോ അകല്‍ച്ചയോ ഒക്കെ തോന്നുന്നപോലെ... ഉച്ചയൂണിനുള്ള പോക്കില്‍ മാത്രമാണ് ഇവനെക്കണുന്നതും. ആദ്യത്തെ ഒന്നുരണ്ട് ദിവസങ്ങള്‍ കൊണ്ട് ഞാനുറപ്പിച്ചു. ഇവന്‍ എന്നെയാണ് പിന്‍തുടരുന്നത്. ഇവനെ കണ്ടപ്പോള്‍ എനിയ്ക്ക് പെട്ടെന്നോര്‍മ്മ വന്നത് ലക്ഷ്മിയമ്മയുടെ സെമിത്തേരിക്കഥകളാണ്. അവനെക്കാണുമ്പോള്‍ ഞാനെന്റെ നടത്തത്തിന്റെ വേഗം കൂട്ടും. ക്ലാസ്സ് മുറിയിരിയ്ക്കുന്ന കെട്ടിടത്തില്‍ നിന്നിറങ്ങിയാല്‍ മൈതാനത്തിന്റെ ഓരത്താണ് എത്തുക. വൈകുന്നേരങ്ങളില്‍ നാടന്‍ പന്തുകളിക്കാര്‍ മൈതാനം കയ്യടക്കും. താഴെ മൈതാനത്തേയ്ക് ഇറങ്ങുന്നതിന് പടിക്കെട്ടുകള്‍ തീര്‍ത്തിട്ടുണ്ട്. പടിക‍ള്‍ അവസാനിക്കുന്നത് ഏതാണ്ട് നൂറ് മീറ്ററകലെയുള്ള സ്ക്കൂളിന്റെ തെക്കേ ഗേറ്റിലാണ്. ഇവന്‍ എന്റെ പിറകേ കൂടുന്നത് എവിടുന്നാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ചിലപ്പോള്‍ മൈതാനത്തിന്റെ ഓരത്ത് സ്ക്കൂ‍ള്‍ ഗേറ്റെത്തുന്നതിന് മുന്‍പ്, അല്ലെങ്കില്‍ സെമിത്തേരി തീരുന്ന വളവില്‍, അതുമല്ലെങ്കില്‍ കശുമാവ് വളര്‍ന്നു നില്‍ക്കുന്ന പറമ്പിന്റെ ഇടവഴിയില്. എവിടെയെങ്കിലും വച്ച് ഇവനെന്റെ പിറകേ കൂടും. എന്തായാലും എന്റെ സംതൃപ്തമായ ദിനങ്ങള്‍ തത്ക്കാലത്തേയ്ക്കെങ്കിലും അവസാനിച്ചിരിക്കുന്നു. അവന് ഞാന്‍ കാക്കു എന്ന് പേരിട്ടു. ലക്ഷ്മിയമ്മയുടെ സെമിത്തേരിക്കഥകളിലെ സ്ഥിരം കഥാപാത്രമായ കാക്കു. രാത്രികളി‍ല്‍ സെമിത്തേരിയിലെ കല്ലറകളുടെ മീതെ മത്താപ്പ് കത്തിച്ച് രസിക്കുന്ന കാക്കു. 

അഞ്ചാം ക്ലാസ്സിലാണ് അന്ന് ഹിന്ദി ആദ്യമായി പഠിക്കുന്നത്. അക്ഷരമാലയും ചെറിയ വാക്കുകളും. ഹിന്ദി പഠിക്കാനും ഇഷ്ടമായിരുന്നു. നാലാം പീരിയഡില്‍ ഹിന്ദിയുള്ള ഒരു ദിവസം ഉച്ചയ്ക്ക് കാക്കു എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വഴിമുടക്കി നിന്ന് കാക്കു എന്നോട് ചോദിച്ചു - എന്താടാ പേര്? തൊണ്ടമുഴ തെളിയുന്ന കാലത്തെ ആണ്‍കുട്ടികളുടേത് പോലുള്ള രണ്ടും കെട്ട ശബ്ദം. അപ്രതീക്ഷിതമായ കാക്കുവിന്റെ വരവും ചോദ്യവും സൃഷ്ടിച്ച അമ്പരപ്പോടെ ഞാന്‍ പേര് പറഞ്ഞു, വിക്കിപ്പോയി എന്റെ വാക്കുകള്‍. എന്റെ എതിര്‍പ്പ് വകവയ്ക്കാതെ പെട്ടെന്ന് അവനെന്റെ ഇടത് കൈയ്യില്‍ പിടുത്തമിട്ടു. കുതറിമാറാന്‍ ശ്രമിച്ച എന്റെ കൈ ശരിയ്ക്കും വേദനിച്ചു. ഉടനെ കാക്കുവിന്റെ അടുത്ത ചോദ്യം - നീ തവളചാട്ടം കണ്ടിട്ടുണ്ടോടാ? ഇല്ലാ എന്ന എന്റെ മറുപടി, അഥവാ നിലവിളിയ്ക്ക് പിന്നാലെ എന്റെ കൈയ്യിലെ മസിലില്‍ - അങ്ങിനെയതിനെ വിളിയ്ക്കാമെങ്കി‍ല്‍, അയഞ്ഞ ശരീരപ്രകൃതിയുള്ള എനിക്ക് ജീവന്‍ ടോണ്‍ പരസ്യത്തിലെ മസിലുണ്ടാവില്ലല്ലോ - അവന്റെ ചൂണ്ടുവിരലും തള്ളവിരലും ചേര്‍ത്ത് ഞൊടിയിടയിലൊരു പ്രയോഗം. മസിലൊന്ന് പിടഞ്ഞു, തോളെല്ലിന് താഴെ ഓളം വെട്ടി. വേദന കൊണ്ട് ഞാനൊന്ന് പുളഞ്ഞു. കൈയ്യിലെ പുസ്തകങ്ങള്‍ താഴെ വീണു. തവള ചാടി... കാക്കു അതാസ്വദിച്ചു. ഉപ്പന്റെ പോലുള്ള ചുവന്ന കണ്ണുകള്‍ തിളങ്ങി. സ്വതന്ത്രമാക്കപ്പെട്ട കൈകള്‍ കൊണ്ട് ഞാ‍ന്‍ ചിതറിയ പുസ്തകങ്ങള്‍ പെറുക്കുന്നതിനിടെ കാക്കു അപ്രത്യക്ഷനായി. 

വീട്ടിലെത്തിയ ഞാന്‍ സംഭവം ആരോടും പറഞ്ഞില്ല. കൈയ്യില്‍ തവള ചാടിയ ഭാഗത്ത് തടവി നോക്കി, കുഴപ്പമില്ല. എങ്കിലും മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത ഒരുവ‍ന്‍ എന്നെയിങ്ങനെ എന്തിന് വേദനിപ്പിച്ചു? സ്വയം ഞാനത് ചോദിച്ചുകൊണ്ടിരുന്നു. ആരോടെങ്കിലും പരാതി പറയണമെങ്കില്‍ അവനാരാണ് എന്ന് ചോദിച്ചാല്‍ പറയാന്‍ കഴിയണ്ടേ? ഉച്ചയ്ക്കല്ലാതെ കാക്കുവിനെ കാണാറില്ല. അതും എല്ലാ ദിവസവും കാണണമെന്നുമില്ല. തത്ക്കാലം ഇതാരോടും പറയേണ്ടെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. പിന്നീട് രണ്ട്മൂന്ന് നാള്‍ കാക്കുവിനെ കണ്ടില്ല. നാലാം നാള്‍ കാക്കു വന്നു. ഇക്കുറി ചോദ്യമോ ഉത്തരമോ ഉണ്ടായില്ല. തവള ചാട്ടം മാത്രം. വേദന കൊണ്ട് പുളഞ്ഞ ഞാ‍ന്‍ കരച്ചിലിനോടടുത്ത ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു - ഞാന്‍ നമ്പൂതിരി സാറിനോട് പറയും. ഒന്നും കേള്‍ക്കാത്ത പോലെ കാക്കു ഓടിമറഞ്ഞു. ആദ്യം സ്ക്കൂള്‍ ഗേറ്റിനടുത്താണെങ്കില്‍ ഇക്കുറി, സെമിത്തേരിയുടെ മതില്‍ ആരംഭിക്കുന്ന ആദ്യത്തെ വളവിലാണ് കാക്കു പ്രത്യക്ഷനായത്. ചോറൂണിന് വീട്ടിലെത്തി, ആദ്യം കൈ തടവി നോക്കി. ചെറിയ വേദനയേ ഉള്ളൂ. മൂത്രമൊഴിച്ച്, കൈകള്‍ കഴുകി ഉണ്ണാനിരുന്നു. അമ്മയോട് പറയാണമെന്നുണ്ടായിരുന്നു, എന്തുകൊണ്ടോ അപ്പോള്‍ വേണ്ടെന്ന തോന്നി.

വൈകീട്ടത്തെ ചായ, അടുക്കളപ്പടിയിലിരുന്ന് കുടിയ്ക്കുന്നതാണെന്റെ ശീലം. അന്നത്തെ ചായയ്ക്കൊപ്പം ഞാനമ്മയോട് പറഞ്ഞു. എന്റെ കൈയ്യില്‍ തവളചാടിക്കുന്ന അസത്തിനെ പറ്റി. കൈകള്‍ തടവി നോക്കിക്കൊണ്ട് അമ്മ പറഞ്ഞു - നീ സാറിനോട് പറ, നീയായിട്ട് ഒന്നിനും നിക്കല്ലേ... വൈകീട്ട് നമ്പൂതിരി സാര്‍ ട്യൂഷനെടുക്കാന്‍ വന്നപ്പോള്‍ ഗൗരവത്തില്‍ ഞാന്‍ കാര്യം പറഞ്ഞു. വാതിലിന് മറഞ്ഞ് നിന്ന് അമ്മ സാറിനോട് വിവരം പറയാന്‍ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പറഞ്ഞത് മുഴുവന്‍ ശ്രദ്ധിച്ച് കേട്ട സാര്‍ എന്നോട് ചോദിച്ചു - ആരാന്ന് അറിയാവോടാ? ഇല്ല - എന്റെ ഉത്തരം. പക്ഷേ, കാക്കുവിന്റെ രൂപത്തെ ഞാന്‍ ഗംഭീരമായി വിശദീകരിച്ചു. ആ വിശദീകരണത്തില്‍ അല്‍പ്പം ലക്ഷ്മിയമ്മയുടെ സ്വാധീനവുമുണ്ടായിരുന്നുവെന്ന് തോന്നുന്നു - കേട്ടപാടെ നമ്പൂതിരി സാറിന് ദേഷ്യം വന്നു. നീ അവനോടെന്തെങ്കിലും പറഞ്ഞുകാണും, അല്ലെങ്കി കളിയാക്കിക്കാണും, അതാ... അല്ലാതെ ചുമ്മാതൊരുത്തന്‍ ഓടി വന്ന് ഉപദ്രവിക്കാന്‍ എന്താ കാര്യം? അല്ലെങ്കി അവന് വട്ടായിരിയ്ക്കും. ഏതായാലും അങ്ങിനെയാരും ഉള്ളതായിട്ടെനിക്കറിയില്ല. നീ നിന്റെ കാര്യം നോക്കി നടന്നാ ആരും പുറകേ വരില്ല. അവനവന്റെ കാര്യം നോക്കി നടന്നാ തവളയും ചാടില്ല, വാല്‍മാക്രീം ചാടില്ല. എന്റെ പ്രതീക്ഷകളെ നമ്പൂതിരി സാര്‍ തല്ലിക്കെടുത്തി. കാക്കുവിനെ ചൂരല്‍ക്കഷായം കുടിപ്പിച്ച് അസംബ്ലീല്‍ നിറുത്തുന്നത് സ്വപ്നം കണ്ട ഞാന്‍ അന്ന് ഒരു കൂട്ടം തവളകളെ സ്വപ്നം കണ്ടുറങ്ങി. ആ ഞായറാഴ്ചത്തെ വാരാന്ത്യപ്പതിപ്പില്‍ തവളകളെ പിടിച്ച് കോളേജ് ലാബുകളില്‍ വലിയ ചേട്ടന്മാര്‍ക്ക് കീറി മുറിച്ച് പഠിക്കാന്‍ എത്തിച്ച് കൊടുക്കുന്ന ജോര്‍ജ്ജ് ചേട്ടനെക്കുറിച്ചുള്ള ലേഖനം കണ്ടു. എവിടെ നോക്കയാലും തവളകള്‍ മാത്രം. 

കാക്കുവിനെ കാണല്ലേയെന്നും തവളചാട്ടം ആവര്‍ത്തിക്കാതെയിരിക്കട്ടെയെന്നും പ്രാര്‍ത്ഥിച്ച് തിങ്കളാഴ്ച സ്ക്കൂളിലെത്തി. എന്റെ പ്രാര്‍ത്ഥന ഫലിച്ചില്ല. കാക്കു ഉച്ചയ്ക്ക് പ്രത്യക്ഷപ്പെട്ട്, കൃത്യമായി എന്റെ കൈയ്യിലെ തവളയെ ചാടിച്ച് ഓടി മറഞ്ഞു. ഇക്കുറി കശുമാവ് നില്‍ക്കുന്ന പറമ്പിനോട് ചേര്‍ന്ന ഇടവഴിയില്‍ നിന്നാണ് അവന്‍ വന്നത്. ഇനി ആരോട് പറയും? അമ്മ പറഞ്ഞിട്ടാണ് സാറിനോട് പറഞ്ഞത്, അത് വേണ്ടത്ര ഗൗരവത്തില്‍ സാര്‍ പരിഗണിച്ചില്ല. മാത്രമല്ല, സാറിന്റെ ആരാണെന്നുള്ള ചോദ്യത്തിന് എനിക്ക് വേണ്ടവിധം മറുപടി പറയാനും പറ്റിയില്ല. കാരണം എനിക്കതില്‍ കൂടുതലൊന്നും അവനെപ്പറ്റി അറിയില്ലല്ലോ. കാക്കുവിനെ അവതരിപ്പിച്ചപ്പോള്‍ വന്ന ലക്ഷ്മിയമ്മ ടച്ചും സാറിനെ ദേഷ്യപ്പെടുത്തിക്കാണണം. എന്തായാലും വേദന അനുഭവിക്കുന്നത് ഞാനല്ലേ... അമ്മയോട് പറഞ്ഞ്, രാത്രി അച്ഛന്‍ വരുമ്പോള്‍ പറയിപ്പിക്കാം. അമ്മ ആ ജോലി കൃത്യമായി ചെയ്തു. എന്റെ വിഷമം അമ്മയ്ക്ക് മനസ്സിലാകുന്നുണ്ടല്ലോയെന്ന് ഞാന്‍ സമാധാനിച്ചു. രാത്രി ഉറങ്ങാന്‍ കിടന്ന എന്റെയടുത്ത് കട്ടിലില്‍ വന്നിരുന്ന് അച്ഛന്‍ എന്റെ പരാതി കേട്ടു. തവള ചാടി ശീലിച്ചു തുടങ്ങിയ മസിലുകളെ ചൂണ്ടി ഞാന്‍ അച്ഛനോട് ചോദിച്ചു - എന്തെങ്കിലും വ്യത്യാസമുണ്ടോ ഇവിടെ? കൈ തടവിക്കൊണ്ട് ഒരു ചെറു ചിരിയോടെ അച്ഛന്‍ എന്നോട് പതുക്കെ ഒരു മറുചോദ്യമെറിഞ്ഞു - നീ അവനെ എന്താ ചെയ്തെ? ഞാനൊന്നും പറഞ്ഞില്ല. എനിക്കാകെ സങ്കടമായി. അച്ഛനും ഞാന്‍ പറയുന്നത് കാര്യമാക്കുന്നില്ല. ചുമ്മാതെ ഒരാള് അങ്ങിനെ സ്ഥിരം നിന്നെ മാത്രം ശല്ല്യം ചെയ്യുവോടാ? എന്റെ മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ അച്ഛന്‍ എന്നെ ഉപദേശിച്ചു - സാരമില്ലടാ, നീ അതൊന്നും കാര്യമാക്കണ്ട കേട്ടോ... അവനെക്കാണുമ്പോ, നീ വേറെ വഴിയ്ക്ക പൊക്കോളുക, ഇനിയും ശല്ല്യപ്പെടുത്തിയാ നമുക്ക് അപ്പൊ നോക്കാം കെട്ടോ... ഉറങ്ങിക്കോ... 

എന്റെ ഉറക്കം നഷ്ടപ്പെട്ടിരിയ്ക്കുന്നു. എന്നെ ആരും വിശ്വസിക്കുന്നില്ല, കാക്കുവിന്റെ പക്ഷത്താണ് എല്ലാവരും. ആദ്യം സാര്‍, ഇപ്പോള്‍ അച്ഛനും. അമ്മ മാത്രമേ എന്നെ അറിയുന്നുള്ളൂ... പക്ഷേ അമ്മയ്ക്കിതില്‍ എന്തു ചെയ്യാന്‍ കഴിയും? നേരിട്ട് സ്ക്കൂളില്‍ വന്ന് പ്രശ്നം പരിഹരിക്കുമെന്ന് കരുതിയ അച്ഛനും ഞാന്‍ കാക്കുവിനെ എന്തെങ്കിലും ചെയ്തുകാണും എന്നാണ് പറയുന്നത്... എന്റെ ഗതികേട്... കാക്കു ശരിയ്ക്കും ആരായിരിയ്ക്കും?സെമിത്തേരിയിലെ കല്ലറകള്‍ക്ക മുകളില്‍ രാത്രി മത്താപ്പ് കത്തിയ്ക്കുന്ന കാക്കുവിനെ പ്രാകിക്കൊണ്ടും, ഇനി അവനെ കാണാന്‍ ഇടവരുത്തല്ലേയെന്നും പ്രാര്‍ത്ഥിച്ചുകൊണ്ട് അന്ന് രാത്രി ഞാ‍ന്‍ ഉറങ്ങി. 

രണ്ട് ദിവസങ്ങള്‍ കൂടി കടന്നു പോയി. ഞാന്‍ അസ്വസ്ഥനായിരുന്നു. ലൈബ്രറിയില്‍ നിന്നുമെടുത്ത പുസ്തകങ്ങള്‍ അങ്ങിനെ തന്നെയിരിക്കുന്നു. ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. ക്ലാസ്സില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഹിന്ദി ടീച്ചര്‍ തന്നെ ഇന്നലെ ഏന്നെ വഴക്ക് പറഞ്ഞു. വൈകുന്നേരത്തെ ചെടികളെ പഠിപ്പിക്കുന്ന അഭ്യാസം ഞാന്‍ നിറുത്തി. എന്റെ സങ്കടം കാക്കുവിനെ ശിക്ഷിക്കാത്തതില്‍ നിന്നും മാറി, ഞാന്‍ പരാതി പറയുന്നവര്‍ എന്നെ അവിശ്വസിക്കുന്നു എന്നതിലെത്തി. സത്യം പറഞ്ഞിട്ടും കേള്‍ക്കേണ്ടവര്‍ രണ്ടു പേരും കേട്ടില്ലെന്ന് മാത്രമല്ല, ഒരേ സ്വരത്തില്‍ ഞാന്‍ കാക്കുവിനെ പ്രകോപിപ്പിച്ചിട്ടായിരിക്കുമെന്ന് സംശയിക്കുന്നു. എന്നോട് വഴി മാറി നടക്കാന്‍ ആവശ്യപ്പെടുന്നു... ഞാനെന്ത് ചെയ്യും?ഇനിയും ശല്ല്യപ്പെടുത്തിയാല്‍ അപ്പോള്‍ നമുക്ക് നോക്കാമെന്ന അച്ഛന്റെ വാക്കുകളില്‍ മാത്രമായി എന്റെ പ്രതീക്ഷ കൊളുത്തി നിന്നു. 

കാക്കു പതിവ് തെറ്റിച്ചില്ല. തൊട്ടടുത്ത ദിവസം പതിവ് സ്ഥലങ്ങളില്‍ നിന്നും മാറി, ഭീമന്‍ മതിലിന്റെ അറ്റത്ത്, മഴവെള്ളം ഒലിച്ച് പോകാകാന്‍ തീര്‍ത്ത ഓവുചാലിനരികെ,മറ്റാരുടെയോ ഒപ്പം എന്നെ കാത്തു നിന്നിട്ടെന്ന പോലെ ഞാന്‍ കാക്കുവിനെ നേരത്തേ കണ്ടു. ഓടാനാഞ്ഞപ്പോഴേയ്ക്കും കാക്കു എന്റെ കൈയ്യില്‍ പിടുത്തമിട്ടുകഴിഞ്ഞിരുന്നു. എന്റെ പ്രതീക്ഷകള്‍ക്കും ഒഴിഞ്ഞുമാറാനുള്ള മുന്നൊരുക്കങ്ങള്‍ക്കും അപ്പുറത്താണ് കാക്കുവിന്റെ വേഗം, ബലവും കാക്കുവിന് തന്നെ. ദേഷ്യവും സങ്കടവും ഒരുമിച്ച് എന്നെ നിസ്സഹായനാക്കി. ഫലമോ? എന്റെ കൈയ്യിലെ തവള വീണ്ടും ചാടി. എന്റെ പുറത്ത് തട്ടി പോടാ... എന്നധിക്ഷേപിച്ച് കാക്കു വഴിയിലെ വളവില്‍ മറഞ്ഞു. 

അന്ന് വൈകിട്ട് ഞാന്‍‍ ചായ കുടിച്ചില്ല. ലൈബ്രറിയില്‍ പോയില്ല. നമ്പൂതിരി സാര്‍ വന്നപ്പോള്‍ സുഖമില്ലെന്ന് അമ്മയെക്കൊണ്ട് പറയിച്ച് മടക്കി. ഇനി അച്ഛന്‍ വന്ന് സ്ക്കൂള് ഹെഡ്മാസ്റ്ററെ കണ്ട് എന്റെ പ്രശ്നത്തിന് പരിഹാരം കാണാതെ ഞാന്‍ സ്ക്കൂളിലേയ്ക്കില്ല, എന്നല്ല,ഒരിടത്തേയ്ക്കുമില്ല, ഒന്നിനുമില്ല. ഞാന്‍ തീ‍ര്‍ച്ചപ്പെടുത്തി. ഓഫീസില്‍ നിന്നും അച്ഛന്‍ വന്ന പാടെ ഞാന്‍ എന്റെ വിഷമം പറഞ്ഞു. പരാതി വീണ്ടും ആവര്‍ത്തിച്ചതിനാലാകാം, ഒരു വ്യവസ്ഥയിന്മേല്‍ അച്ഛന്‍ നാളെ സ്ക്കൂളില്‍ വരാമെന്ന് സമ്മതിച്ചു - നീ തെറ്റുകാരനല്ലെന്ന് ഉറപ്പാണെങ്കില്‍ ഞാന്‍ നാളെ ജേക്കബ് സാറിനെ വന്ന് കാണാം, വിവരം പറയാം. അച്ഛന്‍ എന്നെ സമാധാനിപ്പിച്ച് കിടക്കയിലേയ്ക്കയച്ചു. അമ്മയ്ക്കും സമാധാനമായി. കാക്കുവിനെ ജേക്കബ് സാറ് കണ്ടുപിടിക്കും. ഏതു ക്ലാസ്സിലാണെന്നും സാറിനറിയാം. തന്റെ സ്ക്കൂളില്‍ പഠിക്കുന്ന ഓരോ കുട്ടിയേയും സാറിന് അറിയാതിരിയ്ക്കില്ല. ജേക്കബ് സാറിന്റെ മുന്നില്‍ കാക്കു മുട്ടുകുത്തും. നാളെത്തന്നെയോ അതോ അടുത്ത ദിവസങ്ങളിലോ എന്നേ അറിയാനുള്ളൂ. 

പിറ്റേന്ന് എന്നോട് പതിവ് പോലെ സ്ക്കൂളില്‍ പോകാന്‍ ആവശ്യപ്പെട്ട അച്ഛന്‍ പിന്നാലെ എത്തിക്കോളാമെന്ന് പറഞ്ഞു. വാക്ക് തെറ്റിക്കാതെ ബെല്ലടിക്കുന്നതിന് തൊട്ടു മുന്‍പ് ഓഫീസില്‍ പോകും വഴി ഔദ്യോഗീക വാഹനത്തില്‍ അച്ഛനെത്തി. ഹെഡ്മാസ്റ്ററുടെ മുറിയില്‍ കയറുന്നത് ദൂരെ നിന്നും ഞാന്‍ കണ്ടു. എന്നെ വിളിപ്പിക്കുന്നതും പ്രതീക്ഷിച്ച് ഞാന്‍ കാത്തു നിന്നു. വിളി വന്നു. അച്ഛനോട് ജേക്കബ് സാര്‍ ഇരിക്കാനാവശ്യപ്പെട്ടു. ഞാന്‍ ഓരത്ത് അച്ചടക്കമുള്ളവനായി നിന്നു. വെളുത്ത് ഉയരം കുറഞ്ഞ കണ്ണട ധരിച്ച ജേക്കബ് സാര്‍ വെള്ള പോളിയെസ്റ്റര്‍ ഷര്‍ട്ടേ ധരിക്കൂ. ഒറ്റമുണ്ടും. കൈ തെറുത്ത് കയറ്റി വയ്ക്കും. കര്‍ക്കശക്കാരനാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. എന്താടോ? ങേയ്? - എന്നോടാണ്. ഞാന്‍ ഒന്നും പറഞ്ഞില്ല. എന്താടോ തന്റെ പ്രശ്നം? പറ... അച്ഛനോട് കണ്ണുകള്‍ കൊണ്ട് മൗനാനുവാദം വാങ്ങി ഞാന്‍ എന്നാല്‍ കഴിയാവുന്ന വിധം കാക്കുവിന്റെ തവളചാടിക്കലിനെ വിശദമാക്കി - അതാവര്‍ത്തിച്ച ദിവസങ്ങളും പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളും ഉള്‍പ്പടെ സവിസ്തരം. 

ഞാന്‍ പറഞ്ഞതു മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് ജേക്കബ് സാ‍ര്‍ അച്ഛനോടായി പറഞ്ഞു. അതേയ് സാ‍ര്‍, ഞാന്‍ പറയുന്നത് മുഴുവന്‍ സാര്‍ കേള്‍ക്കണം. പല വീടുകളില്‍ നിന്നു വരുന്ന, പല ചുറ്റുപാടുകളില്‍ നിന്നുള്ള ഒരുപാട് കുട്ടികള്‍ പഠിക്കുന്ന ഒരു സ്ക്കൂളാ ഇത്. എല്ലാ കുട്ടികളും ഒരുപോലെയാവണമെന്നില്ലല്ലോ. പ്രശ്നക്കാരില്ലെന്നല്ല, ആരും മോശക്കാരല്ല,പ്രായമതല്ലേ... ഇവനെന്തേലും ഒപ്പിച്ചു കാണും. അല്ലാതെ ഒരു പരിചയവുമില്ലാത്ത ഒരാള് വെറുതെ അങ്ങയുടെ കുഞ്ഞിനെ ദ്രോഹിക്കുന്നു, അതും പതിവായി, ഒരേ സമയത്ത് എന്നൊക്കെ പറയുമ്പോ... അതൊന്നും അത്ര കാര്യമാക്കാനില്ലെന്നേയ്... പിള്ളാരല്ലേ... കുറച്ച് കൂസൃതിയൊക്കെ ഒപ്പിയ്ക്കും... നമ്മുടെ ചെറുപ്പത്തില്‍ നമ്മളും ഇതൊക്കെ കണ്ടിട്ടുള്ളതല്ലേ?നമ്മളിതിലൊന്നും ഇടപെടാതിരിക്കുന്നതാണ് നല്ലത്. പിള്ളാരൊക്കെ ഒന്നിനൊന്ന് കേമന്മാരാ... നമ്മുടെ കുഞ്ഞുങ്ങളാകുമ്പോ, നമുക്കത് അക്സപ്റ്റ് ചെയ്യാന്‍ പാടായിരിക്കും... പക്ഷേ, അങ്ങേയ്ക്കതിന് കഴിയും എന്ന് തോന്നിയതുകൊണ്ടാണ് ഞാനിത്രയും പറഞ്ഞത്. ഇതൊന്നും ഒരു പ്രശ്നമാക്കാനില്ല. കൊല്ലം അവസാനിക്കാറായില്ലേ? ഇവനോട് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ പറയൂ... സാറ്‍ ധൈര്യമായി ഓഫീസില്‍ പൊക്കോളൂ... 
വെറുതെ പരാതീം പ്രശ്നങ്ങളുമായിട്ട് നടക്കാതെ നന്നായി പഠിക്കണം മോനേ... സമയം കളയാതെ ക്ലാസ്സില്‍ പൊയ്ക്കോളൂ... - എന്നോടായി സാര്‍ പറഞ്ഞു.

ആ പ്രഭാഷണം അവസാനിച്ചു. ഞാന്‍ സ്തബ്ധനായിരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു. അവസാനത്തെ ആശ്രയവും എനിക്ക് നഷ്ടമായിരിക്കുന്നു. ജേക്കബ് സാറും പറയുന്നത് എന്റെ കുഴപ്പം കൊണ്ടാണ് കാക്കു എന്നെ.... ഛെയ്... നാണക്കേട്... ഞാനെന്തെങ്കിലും ചെയ്തു കാണുമത്രെ, ഞാനെന്തു ചെയ്യാന്‍? ഇവരോടൊക്കെ ഇനിയെങ്ങിനെ പറഞ്ഞാലാണ് മനസ്സിലാവുക? ഞാന്‍ അച്ഛന്റെ മുഖത്ത് നോക്കി. ജേക്കബ് സാര്‍ പറഞ്ഞത് മുഴുവന്‍ കേട്ട്,യാതൊരു പ്രതിരോധവുമില്ലാതെ, എനിക്ക് വേണ്ടി ഒരു വാക്ക് പോലും ശബ്ദിക്കാതെ കീഴടങ്ങിയ അച്ഛനോട് എനിക്ക് അന്നാദ്യമായി ദേഷ്യം തോന്നി. 

എന്നോട് മുറിയ്ക്ക് പുറത്ത് നില്‍ക്കാന്‍ അച്ഛന്‍ ആവശ്യപ്പെട്ടു. സകലതും നഷ്ടപ്പെട്ട്,ആത്മവിശ്വാസം ചോര്‍ന്ന്, കരച്ചിലിന്റെ വക്കിലെത്തിയ ഞാന്‍ അക്ഷരം പ്രതി അനുസരിച്ചു. അതല്ലാതെ വേറെയൊരു പോംവഴയുമില്ല. 2 മിനിട്ട് കഴിഞ്ഞ് മുറിയില്‍ നിന്നും പുറത്ത് വന്ന അച്ഛന്‍ എന്നെ ക്ലാസ്സിലേയ്ക്ക് പറഞ്ഞയച്ച് ഓഫീസിലേയ്ക്ക് തിരിച്ചു. 

ഞാന്‍ ഒന്നും ചെയ്തിട്ടല്ലാ കാക്കു എന്നെ വേദനിപ്പിക്കുന്നതെന്ന് ഇവരെയൊക്കെ ഞാന്‍ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും? ഇവരോട് പരാതി പറയേണ്ടിയിരുന്നില്ല. ഇങ്ങനെയാണ് ഫലം എന്നറിഞ്ഞിരുന്നെങ്കില്‍ പറയുകയുമില്ലായിരുന്നു. എന്തായാലും ഇക്കാര്യത്തില്‍ എന്നെ തുണയ്ക്കാന്‍ ആരുമില്ല. ആ തോന്നലെന്നെക്കൊണ്ട് ഒരു തീരുമാനമെടുപ്പിച്ചു. ഹെഡ്മാസ്റ്ററുടെ മുറിയില്‍ നിന്നും വരാന്തയിലൂടെ നടന്ന് എന്റെ ക്ലാസ്സെത്തുമ്പോഴേയ്ക്കും ‍ഞാന്‍ ആ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. തവളചാടിയ്ക്കാന്‍ എന്റെ കൈ മസിലുകള്‍ ഇനി കാക്കുവിന് മുന്നില്‍ ഞാന്‍ കൊടുക്കില്ല. തീര്‍ച്ച. ഞാന്‍ സ്വയം ഇന്ന് കാക്കുവിനെ ശിക്ഷിക്കും. 

പീരിയേഡ് തുടങ്ങുന്ന ബെല്ല് മുഴങ്ങി. ഇന്റര്‍വല്ലിന് കാക്കുവിനെ സ്ക്കൂള്‍ മുഴുവന്‍ ഞാന്‍ പരതി. മൂത്രപ്പുരയില്‍, ചോറ്റുപാത്രം കഴുകുന്നിടത്ത്, കിണറ്റിന്‍ കരയില്‍, ഉപ്പുമാവ് പുരയില്‍... ഒരിടത്തും കാക്കുവിനെ കണ്ടില്ല. ക്ലാസ്സില്‍ ശ്രദ്ധിക്കാനേ കഴിയുന്നില്ല. ഇന്നുച്ചയ്ക്ക് കാക്കു രണ്ടാലൊന്നറിയും. ക്ലാസ്സില്‍ വാച്ച് കെട്ടി വരുന്ന ജോര്‍ജ്ജിനോട് ഉച്ചത്തെ മണിയടിക്കാറാകുമ്പോള്‍ അറിയിക്കാന്‍ ചട്ടം കെട്ടി. കൃത്യമായി ജോര്‍ജ്ജ് എന്നെ സമയം അറിയിച്ചു. പുസ്തകങ്ങള്‍ മുന്‍പേ ബാന്റിട്ട് മുറുക്കി, ബെല്ലടിച്ച ഉടനെ ഇറങ്ങാന്‍ തയ്യാറായി ഞാനിരുന്നു. ബെല്ലടിച്ചു. ക്ലാസ്സില്‍ നിന്നുമിറങ്ങി മൈതാനത്തിന്റെ ഓരത്തുകൂടി കാക്കുവിനെയും പ്രതീക്ഷിച്ച് പതിവ് വഴിയിലൂടെ ഞാന്‍ നടന്നു. സ്ക്കൂള്‍ മൈതാനം താണ്ടി,ഗേറ്റും കടന്ന് മെറ്റലിളകിയ വഴിയിലൂടെ ഞാന്‍ നടന്നു. പുസ്തകക്കെട്ട് മാറോടു ചേര്‍ത്ത്,ഹൃദയത്തിന്റെ ഓരോ മിടിപ്പും കാതുകളില്‍ ഏറ്റുവാങ്ങിക്കൊണ്ട് ശ്രദ്ധാപൂര്‍വ്വമാണ് ഓരോ ചുവടും ഞാന്‍ മുന്നോട്ട് വയ്ക്കുന്നത്. സെമിത്തേരിയുടെ വളവ് കടന്നു. ഇടവഴിലൂടെയെന്നപോലെ പൊടുന്നനെ എന്റെ പ്രതീക്ഷ തെറ്റിക്കാതെ കാക്കു പ്രത്യക്ഷപ്പെട്ടു. ഇക്കുറി ഞാന്‍ കാക്കുവിനെ കണ്ട് പകച്ചില്ല. സംഭരിച്ച് വച്ച എല്ലാ ശക്തിയുമെടുത്ത്, എന്റെ എല്ലാ പ്രതിഷേധവും കൈകളിലേയ്കാവാഹിച്ച് കല്ലെടുക്കാനാഞ്ഞു. പുസ്തകക്കെട്ട് മതിലിനു മേലേയ്ക്കെറിഞ്ഞ് കുനിഞ്ഞു നിവര്‍ന്നു. കല്ലിന് പകരം ഒരു പിടി ചരലാണ് കൈയ്യി‍ല്‍ കിട്ടിയത്. കിട്ടിയത് കൊണ്ട്, സകല ശക്തിയുമെടുത്ത് കാക്കുവിനെ ഉന്നം വച്ച് ഞാന്‍ എറിഞ്ഞു.. ഒന്നല്ല... പല വട്ടം... കൈപ്പിടിയിലൊതുക്കിയ ചര‍ല്‍ക്കൂട്ടം കാക്കുവിനെ ലക്ഷ്യമാക്കി പറന്നു... അപ്രതീക്ഷിതമായ എന്റെ ആക്രമണം കാക്കു പ്രതീക്ഷിച്ചിരിക്കില്ല... കാക്കു തിരിഞ്ഞോടി... കാക്കുവിന്റെ ശരീരത്തില്‍ എവിടെയണ് എന്റെ ഏറ് മുറിപ്പെടുത്തിയതെന്ന് എനിക്കറിയില്ല. കാക്കുവിന് എന്തു സംഭവിച്ചുവെന്നും എനിക്കറിയില്ല. പക്ഷേ, ഒരു കാര്യം സത്യമാണ്... കാക്കുവിനെ പിന്നീട് ഞാന്‍ കണ്ടിട്ടില്ല. ആ വര്‍ഷം തന്നെ ആ വീടും സ്ക്കൂളും ഞങ്ങളുപേക്ഷിച്ചു. അതിന് കാരണം മറ്റെന്തങ്കിലും ആയിരിക്കും.

ഗുണപാഠം
ജീവിതത്തിലെ ചില അവസ്ഥകളില്‍ സ്വയം നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും നിങ്ങളെ രക്ഷിക്കാനോ സഹായിക്കാനോ കഴിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ