ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ചൊവ്വാഴ്ച, ഡിസംബർ 20, 2011

ആശങ്കയുണര്‍ത്തുന്ന സെന്‍സസ്

2011 സെന്‍സസിന്‍റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യാക്കാരായ നമുക്ക് ആശങ്കപ്പെടാതെ വയ്യ. 1921ന് ശേഷം ഇതാദ്യമായി നഗരപ്രദേശങ്ങളിലെ ജനസംഖ്യവര്‍ദ്ധനാ നിരക്ക് ഗ്രാമങ്ങളിലേതിനേക്കാള്‍ കൂടുതലായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇതിന് പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ഗ്രാമപ്രദേശങ്ങളെ പിന്തള്ളി നഗരങ്ങള്‍ മുന്‍പിലെത്തിയെന്നത് അത്ഭുതാവഹമാണ്, ഒപ്പം ചിന്തിപ്പിക്കുന്നതും. സ്വാഭാവീക വര്‍ദ്ധന കൂടാതെ, ഗ്രാമപ്രദേശങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം, പുതിയ പ്രദേശങ്ങള്‍ നഗരപരിധിയില്‍ ഉള്‍പ്പെടുത്തപ്പെട്ടത്, ഇവയൊക്കെ ഈ കണക്കെടുപ്പില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടാകാം. 1995ന് ശേഷം നടന്ന കര്‍ഷക ആത്മഹത്യകള്‍ വരെ ചില ദോഷൈകദൃക്കുക‌ള്‍ ചൂണ്ടിക്കാണിച്ചേക്കാം. എങ്കിലും മേല്‍പറഞ്ഞവയൊന്നും പൂര്‍ണ്ണമായും ഈ വര്‍ദ്ധനവിനെ ന്യായീകരിക്കുന്നവയല്ല.

ഗ്രാമങ്ങളില്‍, കാര്‍ഷികമേഖലയില്‍ ജോലി ചെയ്തിരുന്ന കര്‍ഷകരില്‍ ഭൂരിപക്ഷവും കാര്‍ഷികവൃത്തിയുപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് അടുത്തകാലത്തായി കാണുന്നത്. ജോലി ചെയ്യുവാന്‍ പ്രാപ്തരായ പുരുഷന്മാരുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും ആയിരക്കണക്കിന് ഗ്രാമങ്ങള്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണണം. ഏതാണ്ട് ഒന്നരപ്പതിറ്റാണ്ടായി ഈ പ്രവണത തുടരുന്നത് കാണാം. ഇന്ത്യയുടെ ജീവന്‍റെ തുടിപ്പ് നിലനിര്‍ത്തുന്ന ഗ്രാമപ്രദേശങ്ങള്‍ അധികം താമസിയാതെ വൃദ്ധരും അവശരും ജോലി ചെയ്യാന്‍ പ്രാപ്തരുമല്ലാത്ത ഒരുകൂട്ടം ആളുകള്‍ അധിവസിക്കുന്ന പ്രദേശങ്ങളായി മാറുമെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതുകൊണ്ട് തന്നെ രാജ്യത്തിന്‍റെ ഉത്പാദനത്തില്‍ വന്‍കുറവ് ഉണ്ടാവുകയും ചെയ്യും. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഭക്ഷ്യസുരക്ഷയെന്നത് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയാകുന്ന തരത്തില്‍ ഒരു ചോദ്യചിഹ്നമായി തീരും.

പരിമിതമായ അറിവും കഴിവും കൊണ്ട് നഗരങ്ങളിലെത്തിപ്പെടുന്ന ഗ്രാമീണരില്‍ ഭൂരിപക്ഷത്തിന്‍റെയും ജീവിതനിലവാരത്തില്‍ വലിയ മാറ്റമുണ്ടാകുന്നതായി കാണുന്നില്ല. വേതനത്തിലോ, ജോലിയിലോ ഉയര്‍ന്ന നിലയില്‍ അല്ലെങ്കില്‍ ഭേദപ്പെട്ട നിലയില്‍ എത്തുന്നവരും തീരെക്കുറവ്. നഗരങ്ങളില്‍ നിലവിലുള്ള തൊഴില്‍രഹിതരുടെ കൂടെ ഇവര്‍കൂടി ചേര്‍ക്കപ്പെടുന്നു എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. കൂടാതെ, നഗരങ്ങളിലെ മോശം താമസം, വിദ്യാഭ്യാസം, പ്രാഥമികസൗകര്യങ്ങള്‍ എന്നിവയെല്ലാം അനുഭവിക്കാന്‍ ഇക്കൂട്ടര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. അങ്ങനെ നഗരവത്കൃത ദരിദ്രരായി ഇവര്‍ മാറുന്നു.

ഭക്ഷ്യോത്പാദനത്തിലും കാര്‍ഷികോത്പന്നങ്ങളില്‍ അതിഷ്ഠിതമായ വ്യവസായങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട്, ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനങ്ങള്‍ക്ക് സമതുലിത വളര്‍ച്ച പ്രദാനം ചെയ്യുന്ന തരത്തില്‍ സമ്പദ്‌വ്യവസ്ഥയെ ക്രമീകരിക്കുന്ന നയം രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഒട്ടും താമസിച്ചുകൂടാ. ഏറ്റവും ഉയര്‍ന്ന പരിഗണന തന്നെ ഈ വിഷയത്തിന് നല്‍കണം. നഗരങ്ങളിലെപ്പോലെ ഉയര്‍ന്ന പശ്ചാത്തല സൗകര്യങ്ങള്‍ ഗ്രാമങ്ങളിലും ലഭ്യമാക്കുവാ‌ന്‍ കഴിഞ്ഞില്ലെങ്കില്‍ 'ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു' എന്ന അഭിമാനപൂര്‍ണ്ണമായ പ്രയോഗം അധികം താമസിയാതെ നമുക്ക് തിരുത്തേണ്ടി വരും.

നാം രാവിലെ പ്രഭാതസവാരിക്കിറങ്ങുമ്പോള്‍, തൊഴിലന്വേഷിച്ച് നമ്മുടെ നഗരങ്ങളിലെ കവലകളില്‍ കൂട്ടമായയി നില്‍ക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കാണുമ്പോള്‍ ഓര്‍ക്കുക - ഇന്ത്യയിലെ ഏതോ ഒരു ഗ്രാമത്തിലെ ദുരിതത്തിന്‍റെയും നിരാശയുടേയും പ്രതീകങ്ങളാണ് അവര്‍.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 11, നവംബ‌‌ര്‍ 2011)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ