ലേഖനങ്ങള്‍/ഓര്‍മ്മകള്‍

വ്യാഴാഴ്‌ച, ഡിസംബർ 08, 2011

മലയാള ഭാഷയെ കണി കാണാന്‍ കിട്ടുമോ?

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാതൃഭാഷയായ മലയാളത്തിന് ഇന്ന് ലഭിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് മലയാളികളായ നമ്മ‌ള്‍ ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ മലയാളികളാണെന്ന് വസ്ത്രധാരണത്തിലൂടെ വര്‍ഷത്തിലൊരിക്ക‌ല്‍ സ്വയം ഓര്‍മ്മപ്പെടുത്തുന്നത് പോലെയോ, ദേശീയഭാഷയായ ഹിന്ദിയുടെ പ്രചരണാര്‍ത്ഥം കേന്ദ്ര സര്‍ക്കാ‌ര്‍ സ്ഥാപനങ്ങളി‌ല്‍ കാണുന്ന നോട്ടീസ് ബോര്‍ഡിലെ ഒരു ദിവസം ഒരു ഹിന്ദി വാക്ക് എന്നത് പോലെയോ, സ്വന്തം ഭാഷയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാലം വിദൂരമല്ലെന്ന് തോന്നുന്നു. വ്യത്യസ്ത രീതിയിലുള്ള വിദ്യാഭ്യാസ - CBSE, ICSE - സമ്പ്രദായങ്ങളുടെ കടന്നുവരവോടെയാണ് ഇത്രയും ശോഷണം മലയാള ഭാഷക്ക് സംഭവിച്ചത്. മാതൃഭാഷയെ അറിഞ്ഞോ അറിയാതെയോ നിഷേധിക്കുന്നതിലൂടെ, ജനിച്ച് വളര്‍ന്ന മണ്ണിന്‍റെ പാരമ്പര്യത്തെ, ഒരു സംസ്ക്കാരത്തെ തൊട്ടറിയുന്നതിനുള്ള പ്രവേശന കവാടത്തെയാണ് കൊട്ടിയടക്കുന്നത്. ഇവിടെ പകരമായി വരുന്നത് ആഗോളഭാഷയായി വിശേഷിപ്പിക്കുന്ന ഇംഗ്ലീഷാണ്. ഈയൊരു പരിധിക്കപ്പുറം ഇംഗ്ലീഷിന് നല്‍കുന്ന അമിത പ്രാധാന്യം മലയാളത്തിന് വിനയായി തീരുന്നു. തെലുങ്കര്‍, തമിഴര്‍, മലയാളി തുടങ്ങിയ വിശേഷണങ്ങള്‍ ഭാഷയെ മുന്‍നിറുത്തിയാണെങ്കില്‍, ഇന്നത്തെ നില തുടര്‍ന്നാ‌ല്‍, മലയാളിയുടെ സ്ഥാനത്ത് മറ്റേത് പദമാണ് ഉപയോഗിക്കേണ്ടി വരിക എന്ന ആശങ്ക ഞാന്‍ വായനക്കാര്‍ക്ക് വിടുകയാണ്.

ഈയടുത്ത ദിവസം പ്രൈമറി വിഭാഗം ചിത്രരചനാ മത്സരത്തിനായി മേള നല്‍കിയ വിഷയം കുളവും, താമരയും, അരയന്നങ്ങളും എന്നതായിരുന്നു. ഇതില്‍ അരയന്നങ്ങ‌ള്‍ എന്നാല്‍ എന്താണെന്ന് ഭൂരിപക്ഷം കുരുന്നുകള്‍ക്കും മനസ്സിലായില്ല. അതിനായി swan എന്ന് തര്‍ജ്ജിമ ചെയ്ത് കൊടുക്കേണ്ടി വന്ന സാഹചര്യമാണ് ഈ വിഷയം പത്രാധിപക്കുറിപ്പി‌ല്‍ കൈകാര്യം ചെയ്യുവാ‌ന്‍ പ്രേരണയായത്.

സ്വീഡന്‍കാരുടെ ഭാഷാപ്രേമത്തെ കുറിച്ച് മു‌ന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സല‌ര്‍ യു. ആര്‍. അനന്തമൂര്‍ത്തി മാതൃഭൂമിയി‌ല്‍ പരാമര്‍ശിച്ചത് ഇവിടെ ഓര്‍ത്തുപോവുകയാണ്. രണ്ട് സ്വീഡന്‍കാര്‍ പരസ്പരം കണ്ടാല്‍, നന്നായി ഇംഗ്ലീഷറിയാമെങ്കില്‍ക്കൂടി സ്വീഡിഷ് ഭാഷ മാത്രമെ ഉപയോഗിക്കുവത്രെ. ഇത്രയുമോ, അല്ലെങ്കില്‍ തമിഴന്‍റെ ഭാഷാ പ്രേമത്തോളമോ പോലെ തീവ്രമല്ലെങ്കിലും മലയാളത്തെ മറക്കാതിരിക്കുക, മലയാളത്തെ അറിയുക!

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 39, ലക്കം 11, നവംബ‌ര്‍ 2009)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ