ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ചൊവ്വാഴ്ച, ഡിസംബർ 20, 2011

മാലിന്യവും മാറാവ്യാധികളും തലമുറകള്‍ക്ക് ഭീഷണി

ആധുനീക കേരള സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് മാലിന്യവും അതുയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളും. സമൂഹം പുരോഗമിക്കുമ്പോള്‍, ജീവിതത്തിന്‍റെ സമസ്ത മേഖലകളും അതിനനുസരിച്ച് നിലവാരമുള്ളതാകണം എന്നാണ് വ്യവസ്ഥ. പക്ഷേ, നമ്മുടെ ചുറ്റുപാടുകള്‍ ഇതിന് വിരുദ്ധമാണ്. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നതി, ചോദ്യം ചെയ്യാനാകാത്ത വിധം ജീവിതത്തെ മികവുറ്റതാക്കിയിട്ടുണ്ട്. സാങ്കേതിക വളര്‍ച്ച,  ആരോഗ്യ സങ്കല്‍പങ്ങള്‍, വ്യക്തി ശുചിത്വം, വീടുകളുടെ നിലവാരം, ഇവയെല്ലാം സമഗ്രമായി മാറി. ഓരോ വ്യക്തിയും കുടുംബവും സ്ഥാപനങ്ങളും അവര്‍ വ്യവഹരിക്കുന്ന ചുറ്റുപാടുകളും പുറത്തെടുക്കുന്ന മാലിന്യത്തിന്‍റെ തോത് വലുതാണ്. ഇത് എവിടേക്കാണ് നിര്‍ഗമിക്കുന്നത്? എവിടെയാണ് നശിപ്പിക്കപ്പെടുന്നത്? അവ യഥാവിധി സംസ്കരിക്കപ്പെടുന്നുണ്ടോ? അതിനാവശ്യമായ സൂക്ഷ്മതയും സാങ്കേതികത്തികവും നാം പുലര്‍ത്തുന്നുണ്ടോ? എന്നീ ചോദ്യങ്ങ‌ള്‍ ഭരണകൂടങ്ങളെയും വ്യക്തികളെയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.

സാങ്കേതികവിദ്യ കൊണ്ടുവന്ന ഇ-വെയിസ്റ്റുകള്‍ വലിയ ഭീഷണിയായി സാമാന്യജനം മനസ്സിലാക്കാതെ ഒരുവശത്തുണ്ട്. പ്ലാസ്റ്റിക്ക്-യന്ത്ര-ജൈവേതര മാലിന്യങ്ങള്‍ മറുവശത്ത് കുമിയുന്നു. ജൈവമാലിന്യങ്ങള്‍ നിത്യശാപമായി ചുറ്റുപാടുകളെ മലീമസമാക്കുന്നു. ജൈവ-പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വായു, വെള്ളം, മണ്ണ് എന്നിവയെ സ്വാഭാവികമായും നശിപ്പിക്കുന്നു.

വര്‍ദ്ധിക്കുന്ന ജലചൂഷണത്തേക്കാള്‍ ഭീകരമാണ് ജലസ്രോതസ്സുകളെ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങള്‍.

തദ്ദേശസ്ഥാപനങ്ങള്‍ സമാഹരിക്കുന്ന മാലിന്യം തള്ളുന്നത് വലിയ ജലാശയപ്രാന്തപ്രദേശങ്ങളിലാണ്. കമ്പനികളും സ്ഥാപനങ്ങളും തള്ളുന്ന ജൈവേതര മാലിന്യങ്ങളും ഇവിടേക്കുതന്നെ എത്തുന്നു. അറവുശാലകളില്‍ നിന്നുള്ള മാലിന്യം ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നു. ഓടകളും അഴുക്കുചാലുകളും പുഴകളിലേക്ക് തുറക്കുന്നു. വയലേലകളും വിജനപ്രദേശങ്ങളും ആര്‍ക്കും മാലിന്യമിടാവുന്ന സ്ഥലമായി മാറുന്നു.

പുരോഗതിയുടെ അളവുകോല്‍ ഇക്കാര്യത്തി‌ല്‍ മാത്രം പുറത്തെടുക്കാനാവുന്നില്ല. ഭരണകൂടങ്ങളെ കുഴക്കുന്ന ഈ പ്രശ്നത്തിന് പരിഹാരങ്ങളുണ്ട്. പക്ഷേ, കെടുകാര്യസ്ഥതയും സ്വാര്‍ത്ഥതയും അഴിമതിയും മാലിന്യസംസ്ക്കരണത്തെ ലാഭക്കരാറുകളാക്കിമാറ്റിയതിന്‍റെ നേര്‍ക്കാഴ്ചകളാണ് എവിടെയും.

ആരോഗ്യസുരക്ഷക്കായി കോടികള്‍ ചിലവിടുന്ന സര്‍ക്കാ‌ര്‍, ഈ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ക്ക് അവധിയില്ലാത്ത നാടായി കേരളം മാറി. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് സാമ്പത്തികമായി നാം നേടിയ ഉയര്‍ച്ചക്കൊപ്പമോ അതിലേറെയോ ആണ് പകര്‍ച്ചവ്യാധിക‌ള്‍ ഉണ്ടാക്കുന്ന ഭീഷണി. സാധാരണ പനിയില്‍ നിന്ന് മാരകമായ എച്ച്-1 എന്‍-1 ലേക്ക് കേരളസമൂഹത്തിന്റെ രോഗാവസ്ഥ മാറി. കേട്ടുകേള്‍വിയില്ലാതിരുന്ന എലിപ്പനിയും (ലെപ്റ്റോസ്പൈറ), ഒടുവി‌ല്‍ നാം കീഴടക്കിയെന്ന് കരുതിയിരുന്ന മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് A, E) മരണം വിതച്ചു. തലമുറകളെ ഇല്ലാതാക്കുന്ന ബ്രൂസെല്ലോസിസ്, ആന്ത്രാക്സ് ഭീഷണി സമൂഹത്തെ ഭയപ്പാടിലാക്കുന്നു. ക്യാന്‍സറും പക്ഷാഘാതവും ഹൃദ്രോഗങ്ങളും പെരുകി.

യഥാസമയം രോഗബാധയുണ്ടാക്കുന്ന വൈറസ്സോ, ബാക്ടീരിയയോ കണ്ടെത്താനുള്ള പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കാ‌ന്‍ പോലും ആരോഗ്യ വകുപ്പിനാകുന്നില്ല. മാലിന്യവും മാറാരോഗങ്ങളും കേരളീയ ജീവിതത്തെ മഹാവിപത്തിലേക്കാണ് തള്ളിവിടുന്നത്. വരും തലമുറയോട് ചെയ്യുന്ന മഹാപാതകത്തിന് തടയിടാനുള്ള ബാദ്ധ്യത നമുക്കുണ്ട്.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 9, സെപ്തംബ‌‌ര്‍ 2011)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ