ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ബുധനാഴ്‌ച, ഡിസംബർ 07, 2011

കുതിപ്പില്‍ കിതക്കാതെ

സാമ്പത്തിക മാന്ദ്യം ബാധിച്ചിരിക്കുന്നു എന്ന് ദിനം തോറും കേള്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ഇപ്പോ‌ള്‍ ജീവിക്കുന്നത്. ഏത് ചര്‍ച്ചക്കുമൊടുവി‌ല്‍ എത്തിച്ചേരുന്നത് ഈയൊരു വാക്കി‌ല്‍ തന്നെ - സാമ്പത്തിക മാന്ദ്യം.

വേഗത്തില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥയുടെ പെട്ടെന്നുള്ള പിന്നോട്ടടിയാണ് മാന്ദ്യം സൃഷ്ടിക്കുന്നത്. പൊതുവെ ഉപഭോക്താവിന് വിപണിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയും, വ്യയം ചെയ്യുന്നതി‌ല്‍ കുറവുണ്ടാവുകയും ചെയ്യുമ്പോ‌ള്‍ കമ്പോളത്തി‌ല്‍ ഉത്പന്നലഭ്യത (സേവനങ്ങളും) ന്യായമായും വര്‍ദ്ധിക്കുകയും, ആവശ്യക്കാ‌ര്‍ കുറയുകയും ചെയ്യുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. ഇത് രാജ്യത്തിന്‍റെ ജി. ഡി. പി.യില്‍ കുറവുണ്ടാക്കും. സാമ്പത്തിക മാന്ദ്യം ലോകത്ത് ഇതാദ്യമായി സംഭവിക്കുന്ന ഒന്നല്ല. അമേരിക്ക തുമ്മിയാല്‍ ലോകരാജ്യങ്ങള്‍ക്ക് ജലദോഷം പിടിപെടും എന്ന് പറയുന്നതുപോലെയാണ് ഇത്തവണയും സംഭവിച്ചത്.

തിരിച്ചടക്കാനുള്ള കഴിവ് മാനദണ്ഡമാക്കാതെ വസ്തുവിന്‍റെ ഈടിന്മേല്‍ അമേരിക്ക‌ന്‍ ബാങ്കുക‌ള്‍ നല്‍കിയ കടം തിരികെ പിടിക്കാ‌ന്‍ കഴിയാതെ വന്നതുമൂലമുണ്ടായ പ്രതിസന്ധിയാണ് ഒരുപരിധി വരെ അമേരിക്ക‌ന്‍ സാമ്പത്തിക ക്രമത്തെ വെട്ടിലാക്കിയത്. എണ്ണവിലയില്‍ ഉണ്ടായ അനിയന്ത്രിതമായ വര്‍ദ്ധനവി‌ല്‍ വരെ ഈ പ്രതിസന്ധി എത്തി. ഇതിന്‍റെ അനുരണനങ്ങ‌ള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലും കണ്ടു. അമേരിക്കയിലെ മാന്ദ്യം എന്തുകൊണ്ടും ഇന്ത്യക്ക് നല്ല വാര്‍ത്തയല്ല. വിവിധ അമേരിക്കന്‍ കമ്പനികളുടെ ഐ. ടി. അനുബന്ധ പുറംജോലിക്കരാറുകളില്‍, ചെറുതും വലുതുമായ ഇന്ത്യന്‍ കമ്പനിക‌ള്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയും കഴിഞ്ഞ കുറച്ചുകാലങ്ങളായി ആനുപാതീകമായ വര്‍ദ്ധനവ് നേടുന്ന കാഴ്ച നാം കണ്ടു. ഒന്നു മുതല്‍ രണ്ട് ശതമാനം വരെ പോയിന്‍റുക‌ള്‍ ജി. ഡി. പി. യില്‍ കുറവുണ്ടാക്കാ‌ന്‍ ഇന്നത്തെ അവസ്ഥയി‌ല്‍, അമേരിക്കയിലെ മാന്ദ്യം കാരണമാകും. ഡോളറുമായുള്ള വിനിമയ നിരക്കിനെയും സ്വാഭാവികമായി ഇത് ബാധിക്കുന്നത് കയറ്റുമതിക്കാര്‍ക്ക് ശുഭകരമല്ല. പക്ഷേ വിദഗ്ധാഭിപ്രായത്തി‌ല്‍, ദീര്‍ഘകാലാടിസ്ഥാനത്തി‌ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ആശങ്കപ്പെടാനില്ല. ഡോളറിന്‍റെ കുറഞ്ഞ വിനിമയ നിരക്ക് കൂടുതല്‍ വിദേശനാണ്യം രാജ്യത്തെത്തിക്കും. എണ്ണവിലയും കുറഞ്ഞുവരുന്നത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കും.

സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിന് ഫലപ്രദമായ പല നടപടികളും അമേരിക്ക‌ന്‍ ഭരണ സംവിധാനം കൈക്കൊണ്ടിട്ടുണ്ട്. പക്ഷേ, ഇന്ത്യക്കാരനെ സംബന്ധിച്ച് ഈ മാന്ദ്യകാലം തങ്ങളുടെ നൈപുണികളെ ശാക്തീകരിക്കാ‌ന്‍ ഉപയോഗിക്കേണ്ടതാണ്. ഈ മാന്ദ്യകാലത്തിന് ശേഷം ഉണ്ടാകുന്ന കുതിപ്പി‌ല്‍ കിതക്കാതെ മുന്നേറാന്‍ ഇത് നമ്മെ സഹായിക്കും.

എന്തായാലും ഏഷ്യന്‍ രാജ്യങ്ങളി‌ല്‍ മാന്ദ്യം നിഴ‌ല്‍ വീഴിത്തുകതന്നെ ചെയ്യും. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങ‌ള്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ ബാധിക്കുന്ന അവസ്ഥ മാറണം. അതിനായി സമയബന്ധിതമായ കര്‍മ്മപദ്ധതിക‌ള്‍ ആവിഷ്ക്കരിക്കാ‌ന്‍ ഭരണാധികാരിക‌ള്‍ ശ്രദ്ധിക്കണം.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 39, ലക്കം 6, ജൂ‌ണ്‍ 2009)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ