ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ഒരിക്കലും അവസാനിക്കാത്ത ഫിലിം ഫെസ്റ്റിവലുകളുടെ പ്രസക്തി

ചലച്ചിത്ര പ്രേമികള്‍ ഒരാഘോഷം പോലെ തിമിര്‍ക്കുന്ന തിരുവനന്തപുരം, ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്ക് പിന്നാലെ, നിരവധി പ്രാദേശീക ഫെസ്റ്റിവലുകള്‍ മൂവാറ്റുപുഴയിലുള്‍പ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുവരികയാണ്. ഇന്ത്യയിലും വിദേശത്തും നിര്‍മ്മിക്കപ്പെടുന്ന നല്ല സിനിമക‌ള്‍ കാണുന്നതിന് അവസരമൊരുക്കി നടത്തപ്പെടുന്ന മേളകള്‍, സിനിമ കാണാനെത്തുന്നവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്റര്‍നെറ്റിന്റെയും വിവരസാങ്കേതീക വിദ്യയുടേയും പ്രചാരത്തോടെ, സിനിമകള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന സ്ഥിതിവിശേഷമുണ്ടെങ്കിലും ഫിലിം ഫെസ്റ്റിവലുകള്‍ ചലച്ചിത്രപ്രേമികള്‍ക്ക് ഒരു ആവേശമാണ്. കേവലം സിനിമ കാണലിനപ്പുറം സിനിമാപ്രേമികള്‍ക്ക് ഫെസ്റ്റിവല്‍ മറ്റ് പലതുമാണ്. വര്‍ഷാവര്‍ഷം ഭക്തര്‍ അനുഷ്ഠാനശുദ്ധിയോടെ ശരണം വിളിച്ച് ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് പോകുന്നതുപോലെ ചലച്ചിത്രപ്രേമികള്‍ തിരുവനന്തപുരം അന്താരാഷ്ട്ര ഫെസ്റ്റിവലുകള്‍ പോലുള്ള മേളകള്‍ക്ക് വന്നെത്തുന്നതും ഇതേ കാരണം കൊണ്ടുതന്നെ. 

1965ല്‍ തിരുവനന്തപുരത്ത് അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചിത്രലേഖ ഫിലിം സൊസൈറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെയാണ് നല്ല സിനിമകളുടെയും ലോകസിനിമയുടെയും കാഴ്ചകള്‍ മലയാളിയ്ക്ക് മുന്നിലെത്തുന്നത്. സത്യജിത് റേ, ഋത്വിക് ഘട്ടക് എന്നിവരുടെ സിനിമകളും റഷ്യന്‍, പോളിഷ്, ഫ്രഞ്ച്, ഹങ്കേറിയന്‍, ചെക്കോസ്ലാവോക്യന്‍ സിനിമകളും മറ്റുമാണ് ആദ്യകാലത്ത് കേരളത്തിലുടനീളം പ്രദര്‍ശിപ്പിച്ചത്. ഫിലിം ആര്‍ക്കൈവ്‌സ് ശേഖരങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളുടെ എംബസികളില്‍ നിന്നും സിനിമകള്‍ ഫിലിം സൊസൈറ്റി പ്രദര്‍ശനങ്ങളിലേക്ക് വന്നു തുടങ്ങി. 16 എം. എം. പ്രിന്റുകളുടെയും 16 എം. എം. പ്രൊജക്ടറുകളുടെയും കാലമായിരുന്നു അത്. എഴുപതുകളിലും എണ്‍പതുകളിലും ഫിലിം സൊസൈറ്റികള്‍ കേരള സമൂഹത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്നു. നൂറോളം ഫിലിം സൊസൈറ്റികള്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരുപതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയെ നയിച്ചത് ഈ മൂവ്മെന്റില്‍ നിന്നും ഊര്‍ജ്ജം നേടിയ, ഈ കാഴ്ചകള്‍ കണ്ടു വളര്‍ന്ന പ്രതിഭാധനരായ സംവിധായകരുള്‍പ്പെട്ട ചലച്ചിത്ര പ്രതിഭകളാണ്. എണ്‍പതുകളുടെ അവസാനത്തോടെ മന്ദീഭവിച്ച ഈ മുന്നേറ്റം വീണ്ടും ജീവന്‍ വയ്ക്കുന്നത് ഈ അടുത്തകാലത്താണ്. എല്‍. സി. ഡി. പ്രൊജക്ഷന്‍ പോലുള്ള സംവിധാനങ്ങളുടെ ജനകീയതയും ഡിജിറ്റല്‍ രൂപത്തിലേയ്ക്കുള്ള സിനിമയുടെ മൊത്തത്തിലുള്ള മാറ്റവും ഗുണകരമായി. 

ക്യാമറയെന്നത് ഇന്ന് ഒരു അത്ഭുതവസ്തുവല്ല. ഫിലിമില്‍ പതിയുന്നത് ഡവലപ്പ് ചെയ്ത ശേഷം മാത്രം കാണാന്‍ കഴിയുമായിരുന്ന കാലത്തു നിന്നും കണ്‍മുന്നിലെ കാഴ്ച കൈക്കുമ്പിളിലെ ഇത്തിരിപ്പോന്ന ചതുരത്തില്‍ കാണാവുന്ന ഫ്രെയിമിലേയ്ക്ക് ഒതുങ്ങുന്ന സ്ഥിതിയിലേയ്ക്ക് സാങ്കേതികവിദ്യ മാറിയിരിക്കുന്നു. ഒരുപക്ഷേ, ഇത്തരത്തില്‍ കാഴ്ചശീലം പരുവപ്പെട്ട ഒരു തലമുറയാണ് ഇക്കാലത്തെ ഫെസ്റ്റിവല്‍ പ്രേക്ഷകര്‍. സിനിമയ്ക്ക് പിന്നില്‍ ഉണ്ടായിരുന്ന കൗതുകത്തിന്റെ എലിമെന്റ് ഇന്നില്ല. പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നത് അതിന്റെ മറ്റ് പല വശങ്ങളുമാണ്. സിനിമയുടെ മെയ്ക്കിംഗിലും വിഷയത്തെ സമീപിക്കുന്ന രീതിയിലും ആഖ്യാനത്തിലും ക്യാമറയുടെ ഉപയോഗത്തിലും എഡിറ്റിംഗിലും ഒക്കെ പരീക്ഷിക്കപ്പെടുന്ന ശൈലികളാണ് ആ കൗതുകങ്ങള്‍. ഇവ പരീക്ഷിച്ച ചലച്ചിത്രകാരന്മാരുമായും, ഇത്തരം ശൈലികള്‍ അടുത്തറിയാവുന്നവരുമായുള്ള സംഭാഷണവും കൊടുക്കല്‍ വാങ്ങലുമൊക്കെയാണ് ഇന്ന് ചലച്ചിത്രമേളകളെ പ്രിയപ്പെട്ടതാക്കുന്നത്. സിനിമയെ സഗൗരവം സമീപിക്കുന്ന, സമാന അഭിരുചിയുള്ള ഒരു കൂട്ടം ആളുകളുടെ സംഗമമാണ് ഇന്നത്തെ മേളകള്‍. നമ്മെ അത്ഭുതപ്പെടുത്തിയ ചലച്ചിത്രകാരന്മാരുടെ സൃഷ്ടികളെ അടുത്തറിയാനും ഇവരുടെ സിനിമകള്‍ പരീക്ഷിച്ച വ്യാകരണങ്ങളെ അറിയാനും പരിചയപ്പെടാനുമുള്ള അവസരം എന്ന നിലയിലും ഫെസ്റ്റിവലുകള്‍ അതിന്റെ കടമ നിറവേറ്റുന്നുണ്ട്. 

സാധാരണക്കാരുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രാദേശീകമായി നടക്കുന്ന നമ്മുടെ മൂവാറ്റുപുഴ രാജ്യാന്തര ചലച്ചിത്ര മേള ഉള്‍പ്പടെയുള്ള ഫിലിം ഫെസ്റ്റിവലുകള്‍ ശ്രമിക്കുന്നുണ്ട്. പ്രേക്ഷകരുടെ അഭിരുചി നിലവാരമുള്ളതാകുമ്പോള്‍ അതിനൊപ്പം മാറാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ശ്രമിക്കുമെന്ന യുക്തിയാണോ, ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സംവിധായകരുടെ സിനിമകള്‍ പകരുന്ന കാഴ്ചശീലം പ്രേക്ഷകനെ നല്ല സിനിമയുടെ ആസ്വാദകരാക്കും എന്ന യുക്തിയാണോ ശരിയെന്നത് വായനക്കാര്‍ക്ക് വിടുന്നു.

(ഫെസ്റ്റിവല്‍ ബുക്ക്, എട്ടാമത് മൂവാറ്റുപുഴ രാജ്യന്തര ചലച്ചിത്ര മേള)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ