ലേഖനങ്ങള്‍/ഓര്‍മ്മകള്‍

കനകധാരയിലെ സ്വാതിതിരുനാള്‍ (സ്വാതി എച്ച്. പദ്മനാഭനുമായി അഭിമുഖം)

തിരുവനന്തപുരം തമിഴ് സംഘത്തിന്‍റെ, വിവര്‍ത്തനത്തിനുള്ള ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പുരസ്ക്കാരം ഇക്കൊല്ലം നേടിയത് സ്വാതി എച്ച്. പദ്മനാഭനാണ്. തമിഴിലെ പ്രമുഖരായ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള സ്വാതി എച്ച്. പദ്മനാഭനുമായി ഒരു അഭിമുഖം. അഞ്ചോളം തമിഴ് പുസ്തകങ്ങള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നതിനായി വിവിധ സാഹിത്യകാരന്മാര്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. അതിലൊന്നിന്‍റെ പണിപ്പുരയിലാണ് കാലടിയിലെ കനകധാരയെന്ന വീട്ടില്‍ അദ്ദേഹം.

ചോദ്യം - വിവര്‍ത്തന സാഹിത്യശാഖ ധാരാളം പേര്‍ കടന്നുവരാത്ത ഒരു മേഖലയാണ്. പ്രത്യേകിച്ച് തമിഴില്‍ നിന്നും മലയാളത്തിലേയ്ക്ക്. എങ്ങിനെയാണ് വിവര്‍ത്തനത്തില്‍ താത്പര്യം ജനിച്ചത് അഥവാ എന്തായിരുന്നു പ്രചോദനം ?

സ്വാതി - ശങ്കരാ കോളേജിലെ ഹിന്ദി പ്രൊഫസറായിരുന്നു ഞാന്‍. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഇടയ്ക്ക് ദില്ലിയ്ക്ക് പോകാറുണ്ട്. ഒരിയ്ക്കല്‍ അവിടെ ചെന്നപ്പോള്‍ രവീന്ദ്ര കുമാര്‍ സേഠ് എന്നൊരാളെ പരിചയപ്പെടുവാനിടയായി. അദ്ദേഹം തമിഴ് സാഹിത്യത്തില്‍ എം. എ, എടുത്തിട്ടുള്ളയാളാണ്. തമിഴ് കൃതികള്‍, പ്രത്യേകിച്ച് തമിഴ് ഭക്തി സാഹിത്യം ഹിന്ദിയിലേയ്ക്ക് കൊണ്ടുവരുന്നതിന് വളരെ പ്രയത്നിച്ചിട്ടുള്ളയാളാണ്. അത് പ്രസിദ്ധീകരിക്കുന്നതിന് സഹായിച്ചത് പൊള്ളാച്ചി മഹാലിംഗമാണ്. അതിലൊരു പുസ്തകം, കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വള്ളലാര്‍ രാമലിംഗ സ്വാമികള്‍ എന്ന സിദ്ധ-കവിയുടെ ഏതാണ്ട് അയ്യായിരത്തിലധികം കവിതകളില്‍ നിന്നും നൂറ്റിയെട്ടെണ്ണം തിരഞ്ഞെടുത്ത് ഹിന്ദിയിലേയ്ക്ക്  മൊഴി മാറ്റി പ്രസിദ്ധീകരിച്ചതാണ്. ആ പുസ്തകം എനിക്ക് തന്നിട്ട് അത് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ ചെയ്തു. അതായിരുന്നു വിവര്‍ത്തന സാഹിത്യത്തിലെ എന്‍റെ തുടക്കം. അത് ദില്ലിയില്‍ തന്നെ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ചോദ്യം - വള്ളലാര്‍ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ട ശേഷം എന്തായിരുന്നു മനസ്സില്‍ തോന്നിയത് ? വായനക്കാരുടെ പ്രതികരണം എങ്ങിനെയായിരുന്നു ?

സ്വാതി - ഞാന്‍ വിവര്‍ത്തനം ചെയ്ത, നേരത്തെ പറഞ്ഞ വള്ളലാര്‍ രാമലിംഗ സ്വാമികളുടെ കവിതകള്‍ എന്‍റെ ഒരു സ്നേഹിതന് വായിക്കുവാനായി കൊടുത്തു. അദ്ദേഹം മുസ്ലിം സമുദായത്തില്‍ പെട്ട പാലക്കാട്കാരനായ ഒരു അഡ്വക്കേറ്റാണ്. വായിച്ചിട്ട് അടുത്തയാഴ്ച തിരികെ കൊണ്ടുവരാമെന്ന് പറഞ്ഞ് കൊണ്ടുപോയ പുസ്തകത്തിന്‍റെ വില, ഒരാഴ്ച കഴിയുന്നതിന് മുന്‍പ് മണിയോര്‍ഡറായി അദ്ദേഹം എനിയ്ക്കയച്ചു. മണിയോര്‍ഡര്‍ ഫോമിന്‍റെ താഴെ ആ പുസ്തകത്തിലെ ഒരു ശ്ലോകത്തിന്‍റെ ആദ്യ വരിയും ഏഴുതിയിട്ട്, ഈ വരികള്‍ക്ക് വേണ്ടി ഞാന്‍ പുസ്തകം വാങ്ങുന്നുവെന്ന് അദ്ദേഹം ഏഴുതി. മനുഷ്യസ്നേഹം കേവലം മനുഷ്യരില്‍ ഒതുങ്ങാതെ, ചെടികളിലും വൃക്ഷങ്ങളിലും വ്യാപിച്ചിരിക്കുന്നുവെന്ന് അര്‍ത്ഥം വരുന്ന ശ്ലോകമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. വാടിയ ചെടികളെ കണ്ട് ഞാനും വാടിപ്പോയി, തളര്‍ന്നുപോയി എന്ന് വള്ളലാര്‍ ആ പദത്തില്‍ പറയുന്നുണ്ട്. വിവര്‍ത്തനത്തിലൂടെ തമിഴ് ഭാഷയിലെ സാഹിത്യം മലയാളത്തിലേയ്ക്ക് കൊണ്ടുവന്നപ്പോള്‍ അതിന്‍റെ ഉള്‍ പൊരുള്‍ അദ്ദേഹത്തിന് എത്രമാത്രം ഉള്‍ ക്കൊള്ളാനായി എന്ന് എനിയ്ക്ക് ബോധ്യപ്പെട്ടു. വിവര്‍ത്തനത്തിന്‍റെ മഹത്വം അതില്‍ നിന്നും എനിയ്ക്ക് മനസ്സിലായി.

ചോദ്യം - സാഹിത്യ അക്കാദമി പുരസ്ക്കാരം ഉള്‍പ്പടെ നേടിയിട്ടുള്ള പ്രശസ്ത തമിഴ് സാഹിത്യകാരനായ നീല പദ്മനാഭന്റെ 'കൂണ്ടിനുള്‍ പക്ഷികള്‍' എന്ന നോവല്‍‌ 'കൂട്ടിലെ പക്ഷികള്‍' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തതിന് അങ്ങേയ്ക്ക് 'നല്ലി-ദിശൈ എട്ടും' പുരസ്ക്കാരം ലഭിയ്ക്കുകയുണ്ടായി. ഈ നോവല്‍ തിരഞ്ഞെടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു ?

സ്വാതി - വള്ളലാര്‍ കവിതകളുടെ വിവര്‍ത്തനം നീല പദ്മനാഭന് ഞാന്‍ കൊടുത്തിരുന്നു. അദ്ദേഹം തിരുവനന്തപുരത്താണ് താമസം. അത് വായിച്ചിട്ട് അദ്ദേഹത്തിന്‍റെ 'കൂണ്ടിനുള്‍ പക്ഷികള്‍' എന്നോട് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്താന്‍ ആവശ്യപ്പെട്ടു. അത് ഞാന്‍ കലാകൗമുദിയിലേയ്ക്ക് അയച്ചുകൊടുത്തു. നീല പദ്മനാഭന്‍റെ കൃതികള്‍ ആ സമയത്ത് കലാകൗമുദി പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിച്ചിരുന്നു. വളരെ സന്തോഷത്തോടെ കലാകൗമുദി ആ നോവല്‍ 'കൂട്ടിലെ പക്ഷികള്‍' എന്ന പേരില്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു.

ചോദ്യം - സാര്‍ കോളേജില്‍ ഒരു ഹിന്ദി അദ്ധ്യാപകനായിരുന്നല്ലോ. തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍ ഉണ്ടോ ?

സ്വാതി - എഴുത്തച്ഛനെക്കുറിച്ച് ഞാന്‍ ഹിന്ദിയില്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. വിവര്‍ത്തനം ചെയ്ത കൃതികള്‍ അച്ചടിച്ച്, പ്രസിദ്ധീകരിച്ച് വായനക്കാരിലെത്തിക്കുക എന്ന പരിപാടി ഹിന്ദിയില്‍ വളരെ ബുദ്ധിമുട്ടാണ്. നോവല്‍ പരിഭാഷയ്ക്ക് പ്രസാധകരെ കണ്ടെത്തുക, വിപണനം നടത്തുക എന്നതൊക്കെ പ്രത്യേകിച്ചും. അതേസമയം തമിഴ് സാഹിത്യകാരന്മാര്‍ക്ക് അവരുടെ പുസ്തകങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിക്കാണുന്നതിന് വലിയ താത്പര്യം ഉണ്ട്.

ചോദ്യം - സാഹിത്യ അക്കാദമി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വിവര്‍ത്തന സാഹിത്യശാഖയോടുള്ള സമീപനമെന്താണ് ?

സ്വാതി - കേന്ദ്ര സാഹിത്യ അക്കാദമി തിരുവനന്തപുരത്തും തിരുച്ചിയിലും രണ്ട് തമിഴ്-മലയാള വിവര്‍ത്തന ശില്പശാലകള്‍ സംഘടിപ്പിച്ചിരുന്നു. രണ്ട് ക്യാമ്പിലും ഞാന്‍ പങ്കെടുത്തു. തമിഴിലെ പ്രമുഖരായ സാഹിത്യകാരന്മാരില്‍ പലരേയും പരിചയപ്പെടുവാന്‍ അതുകൊണ്ട് സാധിച്ചു. തിരുവനന്തപുരത്ത് നടന്ന ക്യാമ്പില്‍ തോപ്പില്‍ ഭാസിയുടെ 'അശ്വമേധം' എന്ന നാടകം ഞാന്‍ തമിഴിലേയ്ക്ക് പരിഭാഷപ്പെടുത്തി നല്‍കിയിരുന്നു. പക്ഷേ, സാഹിത്യ അക്കാദമി ഇതുവരെ അത് പ്രസിദ്ധീകരിച്ചിട്ടില്ല. അടുത്തു തന്നെ പ്രസിദ്ധീകരിക്കും എന്ന് വിശ്വസിക്കാം.

ചോദ്യം - സാര്‍ പഠിച്ചതും വളര്‍ന്നതും തൊഴില്‍ ചെയ്തതുമൊക്കെ കേരളത്തിലാണല്ലോ. അതുകൊണ്ടുതന്നെ കൂടുതലും കൈകാര്യം ചെയിതിട്ടുണ്ടാവുക മലയാളവും, തൊഴില്‍പരമായി ഹിന്ദിയുമായിരിക്കും. തമിഴ് ഭാഷയുമായുള്ള ഈ അടുത്ത ബന്ധം എങ്ങിനെയുണ്ടായി ?

സ്വാതി - അത് വളരെ രസമാണ്. തമിഴ് എന്‍റെ മാതൃഭാഷയാണ്. എങ്കിലും തമിഴിലോ മലയാളത്തിലോ ഔപചാരികമായ വിദ്യാഭ്യാസം എനിക്കില്ല. എന്നു വച്ചാല്‍ സ്ക്കൂളില്‍ പോയി ഞന്‍ ഈ രണ്ടു ഭാഷകളും പഠിച്ചിട്ടില്ല.  സ്ക്കൂളില്‍ ഞാന്‍ പഠിച്ചത് സംസ്കൃതമാണ്. കോളേജില്‍ പോയപ്പോള്‍ പഠിച്ചത് ഹിന്ദിയാണ്. ചെറുപ്പകാലം മുതല്‍ ആനന്ദവികടന്‍, കല്‍ക്കി തുടങ്ങിയ തമിഴ് പുസ്തകങ്ങള്‍ വീട്ടില്‍ വരുത്താറുണ്ട്. അതില്‍ വരുന്ന നോവലുകളൊക്കെ വായിക്കും. കൂടാതെ കലാകൗമുദി പോലുള്ള മലയാളം പ്രസിദ്ധീകരണങ്ങളും സ്ഥിരമായി വായിക്കുമായിരുന്നു. അങ്ങിനെ സ്വപ്രയത്നം കൊണ്ട് പ്രാവിണ്യം നേടിയതാണ് തമിഴിലും മലയാളത്തിലും. ഈ രണ്ടു ഭാഷകളും വായിക്കുകയും എഴുതുകയും ചെയ്യുന്തോറും അതിന്‍റെ ഒഴുക്കും മാധുര്യവും വര്‍ദ്ധിക്കുന്ന ഒരനുഭവമാണ് എനിക്കുള്ളത്.

ചോദ്യം - സാഹിത്യ സൃഷ്ടികള്‍ മൊഴിമാറ്റം നടത്തുമ്പോള്‍, ആ കഥ നടക്കുന്ന പശ്ചാത്തലത്തിനും അവിടുത്തെ സാംസ്ക്കാരികമായ പ്രത്യേകതകതള്‍ക്കും വായനക്കാരനോട് സംവദിക്കാന്‍ കഴിയാതെ പോകുന്ന ഒരവസ്ഥ പലപ്പോഴുമുണ്ടാകാം. വിവര്‍ത്തകന്‍ എന്ന നിലയില്‍ ഈ പ്രതിസന്ധി എങ്ങനെയാണ് തരണം ചെയ്യുന്നത് ?

സ്വാതി - വിവര്‍ത്തനത്തിന് പുസ്തകത്തിലെ ആശയമാണ് ഞാന്‍ ഉപയോഗിക്കുന്നത്. പദാനുപദ വിവര്‍ത്തനത്തില്‍ പ്രവാഹം ഉണ്ടാവില്ല. ഭാഷയ്ക്കൊരു പ്രവാഹമുണ്ടാവണം. എങ്കിലേ ആ വിവര്‍ത്തനം വിജയിക്കുകയുള്ളൂ. ആശയം സ്വാംശീകരിച്ച് അതിനെ നമ്മുടെ സാംസ്ക്കാരിക പശ്ചാത്തലത്തിലേയ്ക്ക് മാറ്റുന്ന രീതിയാണ് എന്‍റേത്. താങ്കള്‍ പറഞ്ഞ പ്രശ്നം ഹിന്ദിയില്‍ നിന്നോ പ്രത്യേകിച്ചു് ഇംഗ്ളീഷില്‍ നിന്നോ പരിഭാഷപ്പെടുത്തുമ്പോള്‍ ഉണ്ടാകാം. തമിഴ്-മലയാളം ഭാഷകള്‍ ഏതാണ്ട് ഒരേ സംസ്ക്കാരത്തിന്‍റെ പിന്‍തുടര്‍ച്ചയായതുകൊണ്ട് വലിയ പ്രതിസന്ധികള്‍ ഇല്ല. പിന്നെ, തമിഴ് സംസാരിക്കുന്ന കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ശൈലിയൊക്കെ മലയാളത്തിലേയ്ക്ക് വരുമ്പോള്‍ നമ്മുടെ രീതിയ്ക്കനുസരിച്ച് മാറ്റം വരുത്താറുണ്ട്, അങ്ങനെ സങ്കല്‍പ്പിച്ചുകൊണ്ടാണ് എഴുതാറ്. തീര്‍ച്ചയായും പ്രാദേശികമായ ചില പ്രയോഗങ്ങള്‍ വെല്ലുവിളി ഉയര്‍ത്താറുണ്ട്.

ചോദ്യം - ഏതൊരു കഥാകൃത്തും രചനാവേളയില്‍ അനുഭവിയ്ക്കുന്ന ഒരു ആത്മസംഘര്‍ഷം ഉണ്ട്. അതേ അളവിലല്ലെങ്കില്‍ പോലും വിവര്‍ത്തനം നടത്തുന്ന സമയത്ത് അത്തരമൊരു സംഘര്‍ഷം അനുഭവപ്പെടാറുണ്ടോ ?

സ്വാതി - മൂലകഥാകൃത്ത് അനുഭവിക്കുന്ന അത്രയും തീവ്രമായ ആത്മസംഘര്‍ഷം ഉണ്ടാകാറില്ലെങ്കില്‍ പോലും അദ്ദേഹം എന്താണോ മനസ്സില്‍ കരുതിയത്, അത് മനസ്സിലാക്കിയിട്ടാണ് വിവര്‍ത്തനം നടത്തുന്നത്. അതിനെക്കാളുപരി, മൂലകഥാകൃത്തിന്‍റെ മനസ്സിലുണ്ടായ ഭാവങ്ങളെയും വികാരങ്ങളെയും എങ്ങനെ നമ്മുടെ ഭാഷയിലേയ്ക്ക് കൊണ്ടുവരാം? ഇത് മലയാളത്തിലേയ്ക്ക് പകര്‍ത്തുമ്പോള്‍ എങ്ങനെയിരിയ്ക്കും? എന്നിങ്ങനെയുള്ള ചിന്തകളാണ് നമ്മളെ അലട്ടുന്നത്.


ചോദ്യം - പന്ത്രണ്ടോളം പുസ്തകങ്ങള്‍ സാര്‍ ഇതുവരെ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക എഴുത്തുകാരന്‍റെയോ എഴുത്തുകാരുടെയോ കൃതികള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ കൂടുതല്‍ സുഖകരമായി തോന്നിയിട്ടുണ്ടോ ?

സ്വാതി - നീല പദ്മനാഭന്റെ കൃതികള്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. അദ്ദേഹത്തിന്‍റെ  നോവല്‍ വായിക്കുമ്പോഴേ ആ പശ്ചാത്തലം മനസ്സില്‍ പതിഞ്ഞു കഴിയും. പക്ഷേ, സൂര്യകാന്തന്‍റെയും അതുപോലെ ചിന്നപ്പ ഭാരതിയുടെയും മറ്റും കൃതികള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ ആദ്യ വായനയിലുണ്ടാകുന്ന സംശയങ്ങള്‍ - ശൈലികള്‍, പേരുകള്‍ തുടങ്ങിയവ - എഴുതി തയ്യാറാക്കി മൂലകഥാകൃത്തിനോട് തന്നെ ചോദിച്ച് വിശദീകരണം കേട്ട ശേഷം എഴുതുകയാണ് പതിവ്.

ചോദ്യം - ഭാഷയുടെ വഴക്കം മലയാളത്തെക്കാള്‍ തമിഴിനാണ് കൂടുതല്‍ എന്നൊരു വാദമുണ്ട്. എന്താണ് അഭിപ്രായം ?

സ്വാതി - ഇല്ല. സംസ്കൃതത്തിന്‍റെ പശ്ചാത്തലം മലയാളഭാഷയ്ക്ക് കൂടുതലുണ്ട്. അതുകൊണ്ട് വഴക്കം കൂടുതല്‍ മലയാളത്തിനാണ് എന്നാണ് എനിക്ക് തോന്നുന്നത്. സംസാരശൈലിയില്‍ മാറ്റങ്ങളുണ്ടാകാം. മറ്റ് വ്യത്യാസങ്ങളൊന്നും തോന്നിയിട്ടില്ല. തമിഴ് നാട്ടുകാര്‍ കൂടുതല്‍ വികാരം പ്രകടിപ്പിക്കുന്നവരാണ്. ഭാഷയോടുതന്നെ വളരെ വൈകാരികമായ അടുപ്പമാണ് അവര്‍ക്കുള്ളത്. മലയാളി അത്രയ്ക്ക് വികാരജീവിയല്ല.


പ്രൊഫ. എച്ച്. പദ്മനാഭന്‍
ജനനം
തിരുവനന്തപുരം

അച്ഛന്‍
ഹരിഹരയ്യര്‍ (ആള്‍വാര്‍കുറിച്ചി, തിരുനല്‍വേലി)

അമ്മ
ശിവകാമിയമ്മാള്‍ (വൈക്കം)

വിദ്യാഭ്യാസം
ഫോര്‍ട്ട് ഹൈസ്ക്കൂള്‍, തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം (ബി. എസ്. സി., ഫിസിക്സ്)
ഉത്ക്കല്‍ യൂണിവേഴിസിറ്റി (എം. എ. ഹിന്ദി)

തൊഴില്‍
റിട്ടയേഡ് വകുപ്പ് മേധാവി (ഹിന്ദി), ശങ്കരാ കോളേജ്, കാലടി

ഭാര്യ
ബാലാംബാള്‍ (അടൂര്‍)

മക്കള്‍
ഹരി, ഹേമ, അരുണ

സഹോദരങ്ങള്‍
ഡോ. എച്ച്. ബാലസുബ്രഹ്മണ്യം (ദില്ലി), ഡോ. എച്ച്. പരമേശ്വരന്‍ (തിരുവനന്തപുരം), അലമേലു (ചെന്നൈ)

പുരസ്ക്കാരങ്ങള്‍
ഭാഷാ സമന്വയ രത്ന (ശാരദാ എജ്യൂക്കേഷണല്‍ സൊസൈറ്റി, തിരുവനന്തപുരം)
നല്ലി - ദിശൈ എട്ടും (ദിശൈ എട്ടും പ്രസാധകര്‍)
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ അവാര്‍ഡ് (തമിഴ് സംഘം, തിരുവനന്തപുരം)

വിലാസം
കനകധാര, ആശ്രമം റോഡ്, കാലടി, എറണാകുളം - 683 574

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ