ലേഖനങ്ങള്‍/ഓര്‍മ്മകള്‍

തിങ്കളാഴ്‌ച, ഡിസംബർ 31, 2012

ഐ. ഡി.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടി‌ല്‍ നിന്നും പഠിച്ചിറങ്ങി, സിനിമയില്‍ അവരവരുടെ മേഖലകളി‌ല്‍ ചുവടുറപ്പിച്ച മലയാളികളുടെ കൂട്ടായ്മയി‌ല്‍ ജന്മമെടുത്ത ഐ. ഡി. എന്ന ഹിന്ദി ചിത്രത്തിന്റെ ദൃശ്യാനുഭവമാണ് ഇക്കുറി പങ്കു വയ്ക്കുന്നത്. കളക്ടീവ് ഫേസ് വണ്ണിന്റെ ബാനറില്‍ റസൂ‌ല്‍ പൂക്കുട്ടി, രാജീവ് രവി, മധു നീലകണ്ഠന്‍, സുനില്‍ ബാബു, ബി. അജിത് കുമാര്‍ എന്നിവ‌ര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഐ. ഡി. ഇത്തവണത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളി‌ല്‍ ഒന്നാണ്. അബുദാബി, ബുസാന്‍, ഗോവ ചലച്ചിത്രമേളകളിലും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഐ. ഡി.

സമൂഹത്തില്‍ വ്യക്തിയുടെ സ്വത്വം (ഐഡന്റിറ്റി) എന്നതിനെ സാമൂഹികവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ തലത്തില്‍ നിന്ന് നോക്കിക്കാണുന്ന ചിത്രമാണിത്. പേര്, തൊഴില്‍, ജീവിതം, ഭാഷ, ദേശം തുടങ്ങിയവയൊക്കെ വിവിധ സന്ദര്‍ഭങ്ങളി‌ല്‍ നമുക്ക് ഐഡന്റിറ്റിയാണ്. പക്ഷേ, ദേശങ്ങള്‍ വിട്ട് പോകേണ്ടി വരുന്നവരുടെ സ്വത്വപ്രതിസന്ധിയെക്കുറിച്ച് പ്രേക്ഷകനി‌ല്‍ അങ്കലാപ്പുണ്ടാക്കുന്ന ചിത്രമാണ് ഐ. ഡി. പലകാലങ്ങളിലും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മാറിയ ലോക സാഹചര്യങ്ങളി‌ല്‍ സിനിമ പോലുള്ള മാധ്യമത്തിലൂടെ തീര്‍ത്തും കാലികമായ വിഷയമാണ് കമാ‌ല്‍ അതീവ ഹൃദ്യമായി കൈകാര്യം ചെയ്ത് അവതരിപ്പിക്കുന്നത്.

മുംബൈയിലെ ഫ്ളാറ്റില്‍ താമസിക്കുന്ന സിക്കിംകാരിയായ ചാരു ശ്രേഷ്ഠ എന്ന പെണ്‍കുട്ടിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ചാരുവിന്റെ ഫ്ളാറ്റി‌ല്‍ ഒരു ദിവസം പെയിന്റിംഗിനായി എത്തുന്ന ഒരു തൊഴിലാളി ജോലിക്കിടയി‌ല്‍ ബോധരഹിതനായി വീഴുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഒട്ടും അതിഭാവുകത്വമില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ബോധരഹിതനായി വീണ ഇയാളെ ചാരു ആശുപത്രിയിലെത്തിക്കുന്നു. ആശുപത്രിയിലെത്തുന്ന ഇയാള്‍ അവിടെ വച്ച് മരിക്കുന്നു. സഹായത്തിനായി ചാരു ആദ്യം സമീപിക്കുന്ന അയ‌ല്‍ഫ്ളാറ്റിലെ പ്രായമുള്ള സ്ത്രീയും ഫ്ളാറ്റിലെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ദുര്‍ബലനായ വൃദ്ധനും പ്രേക്ഷകനി‌ല്‍ ഒരു മെട്രോ നഗരത്തിന്റെ യാഥാര്‍ത്ഥ്യത്തെയാണ് വരച്ചുകാണിക്കുന്നത്. ചാരു എങ്ങിനെയെങ്കിലും മരിച്ച തൊഴിലാളിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം ആദ്യം മുതല്‍ക്കേ നടത്തുന്നുണ്ടെങ്കിലും ഒന്നും വിജയിക്കുന്നില്ല. അയാളുടെ മൊബൈലോ, അയാളെ ഏര്‍പ്പാടാക്കിയ ലേബര്‍ കോണ്‍ട്രാക്ടറോ, പോലീസോ ഒന്നും ചാരുവിനെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നില്ല. ബന്ധുക്കളെ കണ്ടെത്തി, തന്റെ ഉത്തരവാദിത്ത്വത്തി‌ല്‍ നിന്നും ഒഴിയാനുള്ള വ്യഗ്രത ക്രമേണ ആത്മാര്‍ത്ഥമായ ശ്രമമായി പരിണമിക്കുന്നു. ഇയാളുടെ വാസസ്ഥലം തേടി കുടിയേറ്റ തൊഴിലാളിക‌ള്‍ താമസിക്കുന്ന നിരവധി ചേരികളും ചാരു സന്ദര്‍ശിക്കുന്നു. മുംബൈ നഗരത്തിലെ തീരെ പകിട്ടില്ലാത്ത, തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളിലൂടെയും, അവര്‍ ഒത്തു ചേരുന്ന ലേബ‌ര്‍ പോയിന്റുകളിലൂടെയും ഈ പെണ്‍കുട്ടി പ്രേക്ഷകനെ ഒപ്പം കൊണ്ടു പോകുന്നു. ചേരികളിലും അതിന്റെ പിന്നാമ്പുറങ്ങളിലുമുള്ള മാലിന്യക്കൂമ്പാരങ്ങളും അഴുക്കു ചാലുകളും ഇടവഴികളും എല്ലാം തീര്‍ത്തും യാഥാര്‍ത്ഥ്യമായി തന്നെ പ്രേക്ഷകനിലെത്തിക്കുന്നുണ്ട് സിനിമ. ഒടുവില്‍, മരിച്ച തൊഴിലാളിയുടെ ബന്ധുക്കളെ തേടിയുള്ള ചാരുവിന്റെ യാത്ര നിരര്‍ത്ഥകമായി അവസാനിക്കുന്നിടത്ത് ചിത്രം പൂര്‍ത്തിയാകുന്നു.

വ്യക്തിയുടെ സ്വത്വപ്രതിസന്ധി ഒരു പ്രശ്നമാവുന്നത്, പലപ്പോഴും അയാള്‍ സ്വന്തം ദേശത്ത് നിന്ന് പറിച്ചുനടപ്പെടുമ്പോഴാണ്. ഈ പറിച്ചുനടീലിന് പല കാരണങ്ങള്‍ ഉണ്ടാകാം. വിദേശത്തോ, സംസ്ഥാനത്തിന് പുറത്തോ ജീവിക്കുന്ന, പ്രവാസികള്‍ എന്ന് വിളിക്കപ്പെടുന്ന വിദേശ മലയാളികളും, അടുത്തകാലത്തായി നമ്മുടെ നാട്ടില്‍ തൊഴി‌ല്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളും തന്നെ ഇതിനുദാഹരണങ്ങളാണ്. ഒരര്‍ത്ഥത്തി‍ല്‍ തൊഴി‌ല്‍ തേടിയുള്ള വ്യക്തിയുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തിക്കൊണ്ട് ഇത്തരം പ്രശ്നങ്ങളെ നേരിടാനുമാവില്ല. ഇവിടെ സിക്കിമില്‍ നിന്നും ജോലി തേടി മുബൈയിലെത്തിയ ചാരുവും, മറ്റേതോ ദേശത്ത് നിന്ന് തൊഴില്‍ തേടി നഗരത്തിലെത്തി ജോലിക്കിടെ മരിക്കുന്ന പെയിന്റിംഗ് തൊഴിലാളിയും ഏതെങ്കിലുമൊരളവി‌ല്‍ ഈ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്.

ഇപ്പോ‌ള്‍ സര്‍ക്കാ‌ര്‍ ഏര്‍പ്പെടുത്തുന്ന നിരവധി തിരിച്ചറിയ‌ല്‍ രേഖകള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. അഞ്ച് വയസ്സ് തികയുന്ന കുട്ടിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് പോലും സര്‍ക്കാ‌ര്‍ നിശ്ചയിച്ചിരിക്കുന്നു. ഇതിലൊന്നും പെടാതെ സ്വത്വപ്രതിസന്ധിയെന്ന സാമൂഹികാവസ്ഥ നേരിടുന്ന, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു സമൂഹം ഇവിടെ നിലനില്‍ക്കുന്നുവെന്ന യാത്ഥാര്‍ത്ഥ്യത്തിന് നേരെ പിടിക്കുന്ന കണ്ണാടിയാണ് ഈ ചിത്രം.

ചിത്രത്തെക്കുറിച്ച്-
തിരക്കഥ, സംവിധാനം - കെ. എം. കമാല്‍
നിര്‍മ്മാണം - റസൂ‌ല്‍ പൂക്കുട്ടി, രാജീവ് രവി, മധു നീലകണ്ഠന്‍, സുനില്‍ ബാബു, ബി. അജിത് കുമാര്‍
ക്യാമറ - മധു നീലകണ്ഠന്‍
എഡിറ്റിംഗ് - ബി. അജിത് കുമാര്‍
ശബ്ദലേഖനം - റസൂ‌ല്‍ പൂക്കുട്ടി
സംഗീതം - ജോ‌ണ്‍ പി. വര്‍ക്കി, സുനില്‍കുമാ‌ര്‍
മുഖ്യ കഥാപാത്രങ്ങള്‍ - ഗീതാഞ്ജലി ഥാപ്പ, മുരാരി കുമാര്‍

2 അഭിപ്രായങ്ങൾ: