ലേഖനങ്ങള്‍/ഓര്‍മ്മകള്‍

തിങ്കളാഴ്‌ച, ഡിസംബർ 31, 2012

നദീസംയോജനം – ഗുരുതരമായ പ്രത്യാഘാതങ്ങ‌ള്‍

ഇക്കഴിഞ്ഞ ഫെബ്രുവരിയി‌ല്‍ നദീസംയോജന പദ്ധതി സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി രാജ്യത്തെ ജനങ്ങളി‌ല്‍ കുറേപ്പേരെയെങ്കിലും അമ്പരപ്പിച്ചു. ഇന്ത്യയുടെ വിവിധ ദിക്കുകളിലുള്ള നദികളെ തമ്മില്‍ ബന്ധിപ്പിക്കുക, അണകെട്ടി നിര്‍ത്തി ജലസേചനത്തിനായി ഉപയോഗിക്കുക, ജലവൈദ്യുതി ഉത്പാദിപ്പിക്കുക എന്നിങ്ങനെയുള്ള പദ്ധതിക‌ള്‍ ലക്ഷ്യമിട്ട്, ഭീമമായ തുക ചിലവാക്കി, നടപ്പാക്കുവാനുദ്ദേശിക്കുന്ന ഈ പദ്ധതി ദീര്‍ഘകാലമായി കോടതിയുടെ പരിഗണനയിലായിരുന്നു.

ഇന്ത്യയിലുടനീളം വിവിധ നദികളെ തമ്മില്‍ ബന്ധിപ്പിച്ച് കനാലുക‌ള്‍ തീര്‍ക്കുവാനാണ് ലക്ഷ്യം. ഇങ്ങനെയുള്ള അനേകം പദ്ധതികളില്‍ കൃത്യമായ പദ്ധതി രേഖ തയ്യാറാക്കപ്പെട്ടവ വിരളമത്രെ. വിശദമായ പഠനങ്ങ‌ള്‍ നടത്തി കുടിയൊഴിപ്പിക്കേണ്ടവരുടെ എണ്ണം, നഷ്ടമാകുന്ന കൃഷിസ്ഥലങ്ങള്‍, വാസസ്ഥലങ്ങള്‍, പുനരധിവാസത്തിനുള്ള മാര്‍ഗ്ഗങ്ങ‌ള്‍ തുടങ്ങിയവയെക്കുറിച്ച് സമഗ്രമായ പഠനം ഇനിയും നടത്തേണ്ടതുണ്ട്. ഇത് കൂടാതെ, ബൃഹദ് പദ്ധതികള്‍ക്ക് നിര്‍ബന്ധമായ പരിസ്ഥിതി ആഘാത ഫഠനം ഒന്നിനെയും സംബന്ധിച്ച് തയ്യാറാക്കപ്പെട്ടതായി അറിയില്ല. വിവിധ സംസ്ഥാന ഗവണ്‍മെന്റുക‌ള്‍ നദീസംയോജനം സംബന്ധിച്ച നയപരമായ തീരുമാനവും എടുത്തിട്ടില്ല. നിലവില്‍ ഒഴുകുന്ന നദികളുടെ ദിശ മാറുന്നത് ആ പ്രദേശത്ത് താമസിക്കുന്നവരുടെ കുടിവെള്ളം പോലുള്ള അതീവ പ്രാധാന്യമുള്ള അടിസ്ഥാന ആവശ്യങ്ങ‌ള്‍, സ്വാഭാവീകമായ പ്രകൃതിയുടെ വ്യവസ്ഥ, ഇവ മാറ്റിമറിക്കപ്പെടാനിടയാക്കും. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന കാലയളവ്, വിഭവസമാഹരണം, ഇവ സംബന്ധിച്ചും വ്യക്തതയില്ല. തീര്‍ത്തും അപക്വമായ അവസ്ഥയിലിരിക്കുന്ന ഒരു പദ്ധതി നടപ്പാക്കണമെന്നാണ് സുപ്രീം കോടതി ഈ വിധിയിലൂടെ ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാധാരണ, ഇത്തരം സുപ്രധാനവും നയപരവുമായ തീരുമാനം സര്‍ക്കാ‌ര്‍ എടുക്കേണ്ടുന്ന പദ്ധതികളി‌ല്‍, കോടതി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം എന്ന നിലയിലാണ് വിധി പ്രസ്താവിക്കാറുള്ളതെങ്കില്‍, ഈ കേസില്‍ പദ്ധതി നടപ്പാക്കണം എന്ന തരത്തിലാണ് വിധി പറഞ്ഞിട്ടുള്ളത് എന്ന് വേണം മനസ്സിലാക്കാ‌ന്‍.

കേരളത്തെ സംബന്ധിച്ച്, പമ്പ, അച്ചന്‍കോവിലാ‌ര്‍ എന്നീ നദികളെ തമിഴ് നാടിലെ വൈപ്പാറുമായി ബന്ധിപ്പിക്കുക വഴി അധിക ജലം തമിഴ് നാടിലേക്ക് ഒഴുക്കാ‌ന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. വേനല്‍ക്കാലത്ത് ആവശ്യത്തിന് ജലലഭ്യതയില്ലാത്ത സ്ഥിതി നിലനില്‍ക്കുന്ന പമ്പയുടെയും അച്ചന്‍കോവിലാറിന്റെയും സാമീപ്യമുള്ള ജില്ലക്കാര്‍ക്ക് ഈ വാര്‍ത്ത ഹൃദയഭേദകമാണ്. കൂടാതെ, കടല്‍ നിരപ്പിനേക്കാ‌ള്‍ താഴെയുള്ള കുട്ടനാടന്‍ മേഖലയിലെ പരിസ്ഥിതിയുടെ സംതുലനാവസ്ഥ തകിടം മറിയാനും സാദ്ധ്യതയുണ്ട്. കൃഷിക്ക് യോഗ്യമല്ലാത്ത തരത്തില്‍ കായലുകളിലും തണ്ണീര്‍തടങ്ങളിലും ഉപ്പുവെള്ളം നിറഞ്ഞാ‌ല്‍ അവിടുത്തെ ആവാസവ്യവസ്ഥ തന്നെ തകിടം മറിയും. ഇത് കേരളത്തിന്റെ മാത്രം പ്രയാസങ്ങളാണെങ്കില്‍ ഇതര സംസ്ഥാനങ്ങളിലും ഈ നദീ സംയോജന പദ്ധതി ഉണ്ടാക്കാ‌ന്‍ പോകുന്ന പ്രയാസങ്ങളും പ്രത്യാഘാതങ്ങളും എന്തായിരിക്കുമെന്ന് ചിന്തിക്കുക.

കോടിക്കണക്കിന് രൂപാ ചിലവാക്കിയാല്‍ മാത്രമേ ഈ പദ്ധതി നടപ്പാക്കാനാവൂ എന്ന് ഏവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, പ്രായോഗീകമായി ചിന്തിക്കുക വഴി, ഈ പണം നിലവിലെ കാര്‍ഷിക മേഖലയ്ക്കും ഊര്‍ജ്ജ മേഖലയ്ക്കും നീക്കി വയ്ക്കുന്ന പക്ഷം, രാജ്യത്തിന്റെ ഉത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാവുകയും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യും.

കോടതിവിധി ഇന്ത്യയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജല കൈമാറ്റം എക്കാലത്തും വളരെ സെന്‍സിറ്റീവായ ഒരു പ്രശ്നം തന്നെയാണ് എന്നത് വസ്തുതയാണ്. അനാവശ്യമായ അന്തഃഛിദ്രങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മനസ്സി‌ല്‍ ഉണ്ടാക്കുന്നതിന് വരെ ഇത് കാരണമാകും. ഇതിനെല്ലാമുപരി, നദികളുടെ സ്വാഭാവീക ഗതി വന്‍തോതി‌ല്‍ തിരിച്ചുവിടുകയും, തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നത് പ്രകൃതിക്ക് ഉണ്ടാക്കുന്ന ആഘാതങ്ങ‌ള്‍ എന്തൊക്കെയാണെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. ആശയവ്യക്തതയില്ലാത്ത ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്‍പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുക‌ള്‍ ആഴത്തി‌ല്‍ ചിന്തിക്കട്ടെ.

(പുസ്തകം 42, ലക്കം 3, മാര്‍ച്ച് 2012)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ