ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 17, 2011

സാംസ്ക്കാരിക കേരളം ലജ്ജിക്കട്ടെ

പ്രബുദ്ധസമൂഹം എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന കേരള സമൂഹത്തിന്‍റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ചില സംഭവങ്ങള്‍ മൂവാറ്റുപുഴയില്‍ അരങ്ങേറിയത് തീര്‍ത്തും അപലപനീയം തന്നെ. വിവാദമായ ചോദ്യപേപ്പര്‍ സംഭവത്തോടനുബന്ധിച്ച് അത് തയ്യാറാക്കിയ അദ്ധ്യാപകന്‍റെ കൈ, ഒരു സംഘം ആളുകള്‍ പട്ടാപ്പക‌ല്‍ വെട്ടിമാറ്റിയ കിരാതമായ പ്രവൃത്തി എന്തിന്‍റെ സൂചനയാണ്? രാജ്യത്തെ ജനങ്ങളുടെമേ‌ല്‍ എന്തടിച്ചേല്‍പ്പിക്കാനാണ് ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്? വിധി സ്വന്തം കൈകൊണ്ട് നടപ്പാക്കാന്‍ പദ്ധതിയിട്ടവ‌ര്‍ ഏത് തത്ത്വശാസ്ത്രത്തെയാണ് പാഠമാക്കുന്നത്? ഇത് സംബന്ധിച്ച് ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലും ഇന്‍റര്‍നെറ്റിലും പ്രചരിക്കുന്ന വാദപ്രതിവാദങ്ങളും എന്താണ് ജനങ്ങളോട് സംവദിക്കുന്നത്? വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടയാളുക‌ള്‍ സമാധാനപൂര്‍വ്വം കഴിഞ്ഞുവരുന്ന കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു കറുത്ത ഏടായി ഈ സംഭവം അവശേഷിക്കും. ചോദ്യപേപ്പര്‍ സംഭവത്തോടനുബന്ധിച്ച് മാനേജ്മെന്‍റ് ഭാഗത്ത് നിന്നും ശിക്ഷാ നടപടികളും അന്വേഷണങ്ങളും നേരിട്ടുവരികയായിരുന്നു അദ്ധ്യാപക‌ന്‍ എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യം തന്നെ. പ്രകോപനം എന്തുതന്നെ ആയിരുന്നാലും മതമൗലീകവാദികളായ ഒരു കൂട്ടം ആളുക‌ള്‍ ചെയ്ത കടുംകൈ, മതേതര-ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം.

ഈ സംഭവത്തോടനുബന്ധിച്ച് ഒരു വര്‍ഗീയ കലാപം ഉണ്ടാകാത്ത തരത്തി‌ല്‍ സര്‍ക്കാ‌ര്‍ സംവിധാനം പ്രവര്‍ത്തിച്ചുവെന്നതും, മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക സംഘടനകള്‍ അവസരോചിതമായി ഇടപെട്ടുവെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന നിയമസഭയും സംഭവത്തെ ഒറ്റ സ്വരത്തില്‍ അപലപിച്ചു. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, ഇരു മതവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിവിധ സംഘടനകളും, മറ്റ് ജനാധിപത്യ സാമൂഹ്യ സംഘടനകളും ഈ സംഭവത്തെ അപലപിച്ച് രംഗത്ത് വന്നുവെന്നത് രാജ്യത്തെ നിഷ്പക്ഷരായ ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷയേകുന്നു.

ആവിഷ്ക്കാര സ്വാതന്ത്ര്യം തുടര്‍ച്ചയായി മതഭ്രാന്തന്മാരാ‌ല്‍ ആക്രമിക്കപ്പെടുന്ന കാഴ്ച രാജ്യത്ത് കുറച്ചു കാലമായി നാം കണ്ടു വരുന്നു. ഇത്തരം പ്രവണതകള്‍ അവസരോചിതമായി ഇടപെട്ട് എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടത് ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ കൂട്ടായ്മകളുടെ കടമയാണ്. അതേസമയം സൃഷ്ടിപരമായ മേഖലകളില്‍ വിഹരിക്കുന്ന കലാകാരന്മാരും, ബൗദ്ധിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വ്യക്തികളും, പൗരന്മാരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാ‌ന്‍ ശ്രദ്ധിക്കേണ്ടതും ആവശ്യം തന്നെ. എന്തുതന്നെയായാലും, വിവാദമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന്‍റെ കൈ പട്ടാപ്പക‌ല്‍ വെട്ടിമാറ്റിയ താലിബാന്‍ മാതൃകയിലുള്ള അതിക്രമങ്ങ‌ള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാ‌ന്‍ ആവശ്യമായ എല്ലാം നാം ചെയ്യേണ്ടിയിരിക്കുന്നു. ഈ സംഭവത്തില്‍ സാംസ്ക്കാരിക കേരളം ലജ്ജിക്കട്ടെ.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 7, ജൂ‌ലൈ 2010)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ