അണ്ണാ ഹസാരെയെന്ന 72 കാരനെ സര്‍ക്കാര്‍ ഭയപ്പെടുന്നതെന്തിന്? പൊതുസമൂഹത്തിന് വേണ്ടി അദ്ദേഹം
മുന്നോട്ട് വയ്ക്കുന്ന ജന്‍-ലോക്പാല്‍ ബില്ലിനെയാണോ, അതോ അദ്ദേഹത്തിന്‍റെ സമരശൈലിയെയാണോ സര്‍ക്കാര്‍ ഭയപ്പെടുന്നത്? കൂടുതല്‍ ശക്തമായ ഒരു അഴിമതി നിരോധന നിയമം
ആവശ്യപ്പെട്ടുകൊണ്ട് 2011 ഏപ്രിലില്‍ അണ്ണാ ഹസാരെ നടത്തിയ
സമരമാണ് പൊതുജനങ്ങള്‍ക്കിടയില്‍ ഈ ബില്ലിനെ ചര്‍ച്ചയാക്കിയത്. ലോക്പാല്‍ ബില്ലിന്‍റെ കരടുണ്ടാക്കുന്നതിന് സര്‍ക്കാര്‍ പ്രതിന്ധികളും, ഒപ്പം പൊതുസമൂഹത്തിന്‍റെ പ്രതിനിധികളുമുള്‍പ്പെട്ട
ഒരു സംയുക്ത സമിതി വേണമെന്ന ആവശ്യവുമായി നടത്തിയ സമരം, പ്രതീക്ഷിച്ചതിലും കൂടുതല്‍
ജനശ്രദ്ധ നേടി. വിവിധ മേഖലകളില്‍ നിന്നും പിന്തുണ നേടുവാന്‍ ഹസാരെക്ക് സാധിച്ചു.
ഇന്ത്യയിലെ യുവജനതയുടെ പിന്തുണയും, അതുവഴി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്
സൈറ്റുകളിലൂടെയുള്ള പ്രചരണങ്ങളും പ്രതിഷേധങ്ങളും പെട്ടെന്ന് പടര്‍ന്നു.
പ്രമുഖനഗരങ്ങളിലെല്ലാം തന്നെ അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തുന്ന ചെറുസംഘങ്ങള്‍
രംഗത്ത് വന്നു. സ്ഥിരമായി അഴിമതിക്കെതിരെ ശബ്ദിക്കുന്നഒരു കൂട്ടം ആളുകളെക്കൂടാതെ,
ഒരു പറ്റം പുതിയ ആളുകളെ രംഗത്തിറക്കാന്‍ ഹസാരെ സമരത്തിന് കഴിഞ്ഞുവെന്നതാണ് ഇതില്‍
കാണേണ്ടുന്ന പ്രത്യേകത. ഹസാരെയുടെ സമരത്തിന് പിന്നില്‍ ഏതെല്ലാം ശക്തികള്‍
ഉണ്ടെന്ന് പറഞ്ഞാലും, രാജ്യത്ത് അഴിമതിക്കഥകള്‍ മാത്രം
പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍
പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് ടു-ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്
ഗെയിംസ്, ആദര്‍ശ് ഫ്ലാറ്റ് തുടങ്ങി വലിയ തുകയുടെ അഴിമതിക്കഥകള്‍ കേട്ട്
സ്തബ്ധരായിപ്പോയ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഹസാരെയും കൂട്ടരും വച്ച നിര്‍ദ്ദേശങ്ങള്‍
പ്രത്യാശയുടേതായിരുന്നു.
രാജ്യം സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍,
ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും ഈ വിഷയം തന്നെ. മുന്‍ സുപ്രീം കോടതി ജഡ്ജി
സന്തോഷ് ഹെഗ്ഡെ, സുപ്രീം കോടതി സീനിയര്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, പൊതുപ്രവര്‍ത്തകനായ
അരവിന്ദ് കേജരിവാള്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ജന്‍-ലോക്പാല്‍
ബില്ലാണ് അണ്ണാ ഹസാരെയും സംഘവും മുന്നോട്ട് വയ്ക്കുന്നത്. സ്വാഭാവികമായും സര്‍ക്കാര്‍
നിര്‍ദ്ദേശിക്കുന്ന ലോക്പാല്‍ ബില്ലുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യസ്തമായ
നിര്‍ദ്ദേശങ്ങള്‍ ഉണ്ട് താനും. ഇതില്‍ പ്രധാനമായത്, പ്രധാനമന്ത്രിയെയും സുപ്രീം
കോടതി ജഡ്ജിമാരെയും ലോക്പാലിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക എന്ന സര്‍ക്കാരിന്‍റെ വ്യവസ്ഥയാണ്. ഇതില്‍ തട്ടിയാണ് ഹസാരെയുടെ ആദ്യത്തെ സമരത്തിന്‍റെ ഫലമായി രൂപീകരിച്ച
സംയുക്തസമിതിയുടെ ചര്‍ച്ചകള്‍ വഴിമുട്ടിയതും, ഹസാരെയുടെ നേതൃത്വത്തിലുള്ള
പൊതുസമൂഹപ്രതിനിധികള്‍, തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കാനുള്ള
താത്പര്യമില്ലായ്മ അറിയിച്ചുകൊണ്ട് സമിതി അദ്ധ്യക്ഷനായ പ്രണാബ് മുഖര്‍ജിക്ക്
കത്തെഴുതിയതും. ഒരല്പംകൂടി കടന്ന് ഹസാരെയും കൂട്ടരും തുടര്‍ന്നുള്ള ചര്‍ച്ചകളില്‍
പങ്കെടുക്കണമെങ്കില്‍ യോഗനടപടികള്‍ തത്സമയം ടെലിവിഷനിലൂടെ സംപ്രേഷണം
ചെയ്യണമെന്നുകൂടി ആവശ്യപ്പെടുന്നു. ഇത്തരം നിലപാടുകള്‍ ഹസാരെയുടെ സമരത്തിന് നല്‍കുന്ന
സുതാര്യത ചെറുതല്ല. അതുകൊണ്ട്തന്നെയാവണം ഈ സമരം ജനശ്രദ്ധയാകര്‍ഷിച്ചതും. രാംലീലാ
മൈതാനിയില്‍ ജൂണ്‍ മാസം ബാബാ രാംദേവും കൂട്ടരും നടത്തിയ സമരനാടകങ്ങള്‍ യഥാര്‍ത്ഥത്തില്‍
ശരിയായ പ്രശ്നത്തില്‍ നിന്നും ജനശ്രദ്ധയകറ്റുകയും ചെയ്തു.
ആഗസ്ത് 16 ന്,
രാവിലെ 7. 30 ന് അണ്ണാ ഹസാരെ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍
സര്‍ക്കാരിന്‍റെ നിലപാടിനെ കൂടുതല്‍ സംശയത്തോടെയാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍
കാണുന്നത്. ഹസാരെയും കൂട്ടരും നടത്തുമെന്ന് പ്രഖ്യാപിച്ച സമാധാനപരമായ സമരങ്ങളെ
നിര്‍ബന്ധമായി തടയുക, അതിന് വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുക, നിരാഹാരസമരത്തിന് മുന്‍പ്
തന്നെ അറസ്റ്റ് ചെയ്ത് നീക്കുക തുടങ്ങിയ സര്‍ക്കാര്‍ നീക്കങ്ങള്‍, ജനാധിപത്യത്തില്‍
അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രത്തിന് അഭികാമ്യമല്ല. നിയമനിര്‍മ്മാണത്തിനുള്ള
അധികാരം പാര്‍ലമെന്‍റിനും, അതുവഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാണ് എന്നാണ് പ്രധാനമന്ത്രി
തന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞത്. പൊതുജനങ്ങള്‍ക്കുവേണ്ടി, അവര്‍കൂടി
നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ജനപ്രതിനിധികള്‍ നിയമനിര്‍മ്മാണം
നടത്തേണ്ടുന്നത്. ഈ നിയമങ്ങള്‍ പൊതുസമൂഹത്തിന് വേണ്ടിയാണെന്നും, ഹസാരെയുള്‍പ്പെട്ട
ചിലര്‍ (അവര്‍ പൊതുസമൂഹത്തിന്‍റെ പ്രതിനിധികളാണ് എന്ന് സര്‍ക്കാര്‍ തന്നെ അംഗീകരിച്ചാണ്
നിയമ നിര്‍മ്മാണ സമിതിയില്‍ ഉള്‍പ്പെടുത്തിയത്)നിയമ നിര്‍മ്മാണത്തിനുള്ള
വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചു എന്ന കാരണംകൊണ്ട് ഇത് അംഗീകരിക്കാനാവില്ല എന്നും
പറയുന്നത് കേവലം പിടിവാശി മാത്രമാണ്, അല്ലെങ്കില്‍ ഒരു സാങ്കേതികത്വം മാത്രമാണ്.
പാര്‍ലമെന്‍റിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതല്ല ഹസാരെയുടെ സമരം. നിര്‍ദ്ദേശങ്ങള്‍
വയ്ക്കാനും, ചര്‍ച്ച ചെയ്യാനും അതുപോലെതന്നെ പ്രതിഷേധിക്കുവാനുമുള്ള പൗരന്‍റെ അവകാശത്തിന് കൂച്ചുവിലങ്ങിടുന്ന നീക്കങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍
ഉണ്ടാക്കും.
ഗാന്ധിയന്‍ സമര മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യ നേടിയ സ്വാതന്ത്ര്യം
ചരിത്രത്തിന്‍റെ ഏടുകളില്‍ സുവര്‍ണ്ണ ലിപികളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ
ആശയസംഹിതകളില്‍ വിശ്വസിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃത്വമാണ് ഗാന്ധിയന്‍
സമര ശൈലി പിന്‍തുടര്‍ന്ന ഹസാരെയെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന വിരോധാഭാസത്തിന്
സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നു ഇന്ത്യന്‍ ജനതക്ക്.
(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 8, ആഗസ്ത് 2011)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ