ലേഖനങ്ങള്‍/ഓര്‍മ്മകള്‍

തിങ്കളാഴ്‌ച, ഡിസംബർ 05, 2011

പുരസ്ക്കാരങ്ങളുടെ രാഷ്ട്രീയം

'സ്ലം ഡോഗ് മില്ലണെയര്‍' എന്ന ചിത്രം ആഗോള തലത്തി‌ല്‍ നിരവധി അവാര്‍ഡുക‌ള്‍ വാരിക്കൂട്ടുകയും ഒട്ടനവധി നോമിനേഷനുക‌ള്‍ നേടുകയും ചെയ്തു കൊണ്ടിരിക്കുന്നു. ലോകത്തിനു മുന്നിലെ ഇന്ത്യയുടെ മുഖബിംബങ്ങളിലൊന്നായ മുംബൈയി‌ല്‍ നടക്കുന്ന കഥ പറയുന്ന ചിത്രം ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നതെന്തുകൊണ്ട്? ഒരു വിദേശി സംവിധായകന്‍ മുംബൈയിലെ ചേരികളുടെ പശ്ചാത്തലത്തി‌ല്‍ പറയുന്ന കഥക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചതിന് പിന്നിലെ രാഷ്ട്രീയമെന്ത്? ഈ ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് ഞാ‌ന്‍ കരുതുന്നു.

പ്രാഥമികമായി രണ്ട് ഇന്ത്യക്കാര്‍ക്ക് ആഗോളതലത്തി‌ല്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന പുരസ്ക്കാരങ്ങ‌ള്‍ ലഭിച്ചുവെന്നതാണ് ശരാശരി ഇന്ത്യക്കാരനെ സന്തോഷിപ്പിക്കുന്നത്. എ. ആര്‍. റഹ്‌മാന്‍റെയും (മികച്ച സംഗീതം) റസ്സൂല്‍ പൂക്കുട്ടിയുടെയും (മികച്ച ശബ്ദലേഖനം) കഴിവിനെ ചോദ്യം ചെയ്യുന്ന വീക്ഷണ കോണിലല്ല ഈ സിനിമയെ വിമര്‍ശിക്കുന്നവ‌ര്‍ വാദങ്ങളുന്നയിക്കുന്നത് എന്ന് ശ്രദ്ധിക്കണം. റഹ്‌മാന്‍റെയും മറ്റും ഇതിലും മികച്ച ഉത്പന്നങ്ങ‌ള്‍ പുറത്തുവന്നിട്ടുണ്ട്. പക്ഷെ അവക്കൊന്നും ലഭിക്കാത്ത അംഗീകാരം ഇവിടെ എങ്ങിനെ കിട്ടുന്നുവെന്നതാണ് വിസ്മയിപ്പിക്കുന്നത്.

ഇന്ത്യയിലെ ചേരിജീവിതങ്ങളുടെ ചിലരെങ്കിലും കാണാനാഗ്രഹിക്കാത്ത ഏതാനും ദൃശ്യങ്ങ‌ള്‍ കോര്‍ത്തിണക്കിയ ഈ ചിത്രം ആഗോളതലത്തി‌ല്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കുന്നു എന്നതാണ് പ്രധാന ആരോപണം. സമാനമായ ആരോപണങ്ങ‌ള്‍ സത്യജിത് റേയടക്കം പല സംവിധായകരും നേരിട്ടിട്ടുമുണ്ട്. നിത്യ ജീവിതത്തിലെ പകിട്ടാര്‍ന്ന, പളപളാ മിന്നുന്ന ആഘോഷത്തിമിര്‍പ്പുകളും, സന്തോഷമുഹൂര്‍ത്തങ്ങളും മാത്രം പെരുപ്പിച്ചുകാട്ടി എന്‍റര്‍ടെയ്‌ന‌ര്‍ സിനിമക‌ള്‍ സൃഷ്ടിക്കുമ്പോ‌ള്‍ അതിന്‍റെ മറുവശവും അഭ്രപാളികളില്‍ തെളിയുന്നതി‌ല്‍ യാതൊരു തെറ്റുമില്ല. കലാകാരന്‍റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഇവിടെ ചോദ്യം ചെയ്യുന്നുമില്ല. പക്ഷേ, ഇതിന് അംഗീകാരങ്ങള്‍ കോരിച്ചൊരിയുന്ന ഏജന്‍സികളെയും സംഘടനകളെയും സംശയപൂര്‍വ്വമാണ് വീക്ഷിക്കുന്നത്. മുന്‍പ്, ഒരേ വര്‍ഷം തന്നെ 'മിസ് യൂണിവേഴ്സും' 'മിസ് വേള്‍ഡും' ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് ലഭിച്ചപ്പോഴും, തുടര്‍ച്ചയായി രാജ്യാന്തര പുരസ്ക്കാരങ്ങള്‍ ഇവരെ തേടി വന്നപ്പോഴും ഇതേ സംശയം ഉണ്ടായിട്ടുണ്ട്. നമ്മുടെ വിപണിയില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി, ഇത്തരം ഷോകള്‍ സ്പോണ്‍സ‌ര്‍ ചെയ്യുന്നവരുടെ താത്പര്യം സംരക്ഷിക്കുകയാണെന്ന വാദമാണ് അന്ന് സ്വീകാര്യമായി തോന്നിയത്.

'കോന്‍ ബനേഗാ ക്രോര്‍പതി'യെന്ന ടി. വി. ഷോയിലെ ഹോട്ട് സീറ്റിലിരുന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ മാത്രം ചോദ്യകര്‍ത്താവ് തൊടുക്കുന്ന ഓരോ ചോദ്യങ്ങള്‍ക്കും തെറ്റാതെ ഉത്തരം പറയുന്ന ചേരിയിലെ ബാലന്‍, ഷോയില്‍ വിജയിക്കുന്നതോടൊപ്പം ബാല്യകാലസഖിയായിരിക്കെ കൈവിട്ടുപോയ കാമുകിയെ വീണ്ടെടുക്കുകയും ചെയ്യുന്നതാണ് ചിത്രം. കൃത്യമായി ഉത്തരങ്ങള്‍ പറയുന്ന ബാലന്‍റെ കഴിവില്‍ സംശയം തോന്നുന്ന അവതാരക‌ന്‍ പോലീസിന്‍റെ സഹായത്തോടെ ബാലനെ ചോദ്യം ചെയ്യുമ്പോ‌ള്‍ ചുരുളഴിയുന്ന കഥയിലൂടെ ചിത്രം മുന്നേറുന്നു. കണ്ട് മറന്ന എണ്‍പതുകളിലെ ഹിന്ദി ചിത്രങ്ങളുടെ ഇതിവൃത്തത്തെ പെട്ടെന്നോര്‍മ്മിച്ചെങ്കി‌ല്‍ തെറ്റുപറയാനാവില്ല. ഇതിനേക്കാള്‍ മികച്ച ഇതിവൃത്തവും കലാമൂല്യവും സാങ്കേതിക മേന്മയുമുള്ള ഇന്ത്യന്‍ ചിത്രങ്ങ‌ള്‍ എത്രയെന്നും, ഏതെന്നും ശരാശരി ഇന്ത്യക്കാരനായ സിനിമാ പ്രേക്ഷകനോട് എഴുതാനാവശ്യപ്പെട്ടാ‌ല്‍ പേജുക‌ള്‍ ധാരാളം കരുതേണ്ടി വരും.

എന്തായാലും ഭേദപ്പട്ട ഹോളിവുഡ് ചിത്രത്തിന്‍റെ മാത്രം നിലവാരത്തിലുള്ള ഒരു സിനിമക്ക് ഇത്രയധികം പുരസ്ക്കാരങ്ങളും നോമിനേഷനുകളും അംഗീകാരങ്ങളും ലഭിക്കുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചാ‌ല്‍ നിര്‍മ്മാതാവും സംവിധായകനും വിദേശികളായതുകൊണ്ട് എന്ന് ഒറ്റ വാക്കി‌ല്‍ ഉത്തരം പറയേണ്ടി വരും. ചേരിയിലെ ബാലന്‍ ഇന്ന് സിനിമയി‌ല്‍ കോടിപതിയാണ്. യഥാര്‍ത്ഥ ജീവിതത്തി‌ല്‍ മുംബൈയിലെ ചേരിയി‌ല്‍ തന്നെയും. സ്ലം ഡോഗിന്‍റെ രാഷ്ട്രീയം ഇവിടെ അവസാനിക്കട്ടെ.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 39, ലക്കം 2, ഫെബ്രുവരി 2009)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ