ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ചൊവ്വാഴ്ച, ജനുവരി 24, 2012

വാര്‍ഡ് സഭകളെ വോട്ടര്‍മാ‌ര്‍‍ അറിയുമോ?

ജനങ്ങള്‍ക്ക് ഭരണ-വികസന കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന് സാഹചര്യമുണ്ടാക്കുന്ന വേദിയാണ് വാര്‍ഡ് സഭക‌ള്‍. കേരളത്തി‍‌ല്‍ ഇവ വേണ്ടത്ര സജീവമല്ല. പേരിന് മാത്രം ചേര്‍ന്ന് പിരിയുന്ന, വാര്‍ഡിലെ അംഗങ്ങളുടെ പങ്കാളിത്തം തീരെയില്ലാത്ത, ഒരു വേദിയായി ഇത് മാറുന്നത് എന്തുകൊണ്ട്? പ്രാദേശിക ഭരണ സംവിധാനത്തിന്‍റെ അടിത്തറ എന്ന് വിശേഷിപ്പിക്കാവുന്ന വാര്‍ഡ് സഭക‌ള്‍ സജീവമല്ല എന്നാല്‍ അതിനര്‍ത്ഥം ഭരണത്തി‌ല്‍ ജനകീയ പങ്കാളിത്തം തീരെയില്ല എന്നാണ്. അധികാര വികേന്ദ്രീകരണം എന്ന സങ്കല്പം അവിടെ ഇല്ലാതാവുകയും കേന്ദ്രീകൃത ഭരണത്തിന്റെ കുറവുകള്‍ അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ഒരുപക്ഷേ, വാര്‍ഡ് സഭയുടെ ശക്തിയെക്കുറിച്ചോ, സഭയ്ക്കുള്ള അധികാരങ്ങളെക്കുറിച്ചോ വോട്ടര്‍മാ‌ര്‍ ബോധവാന്മാരല്ലാത്തതുകൊണ്ടാണ് ഇത്തരം സഭകള്‍ നിര്‍ജ്ജീവമാകുന്നത്. ഈ അധികാരങ്ങളോടൊപ്പം ഒരു പൗരന്‍ എന്ന നിലയിലുള്ള ത ന്‍റെ  കടമകളെക്കുറിച്ചുകൂടി ബോധവാന്മാരാകാനും, ഒപ്പം ജനകീയവും സുതാര്യവുമായ ഭരണം നടത്തുവാ‌‌‌‌ന്‍‍ വാര്‍ഡ് സഭയിലൂടെ ഓരോരുത്തര്‍ക്കും തന്നാലാവുന്നത് ചെയ്യുവാന്‍ കഴിയുമെന്നതും അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

വാര്‍ഡ് സഭയെന്നത് ഓരോ വാര്‍ഡിലെയും വോട്ട‌ര്‍ പട്ടികയി‌ല്‍ പേരുള്ള എല്ലാവരും ഉള്‍പ്പെടുന്നതാണ്. അതാത് വാര്‍ഡിലെ കൗണ്‍സിലര്‍മാരാണ് ഈ സഭയുടെ കണ്‍വീനര്‍മാര്‍. മൂന്ന് മാസത്തിലൊരിക്കല്‍ നോട്ടീസ് നല്‍കി വാര്‍ഡ് സഭയുടെ യോഗം വിളിക്കേണ്ടതാണ്. തുടര്‍ച്ചയായി രണ്ട് തവണ ഇതിന് വീഴ്ച വരുത്തുന്നത് കൗണ്‍സിലര്‍മാരുടെ സ്ഥാനം നഷ്ടപ്പെടുത്താ‌ന്‍ ഇടയാക്കും. യോഗത്തി ന്‍റെ  മിനിട്ട്‌സും തീരുമാനങ്ങളും യോഗസ്ഥലത്തു തന്നെ എഴുതി പൂര്‍ത്തിയാക്കി പാസ്സാക്കേണ്ടതുണ്ട്. ഇത്തരം സഭകളുടെ ഏതെങ്കിലും തീരുമാനം നടപ്പാക്കാതെ വന്നാ‌ല്‍, തദ്ദേശ സ്ഥാപനം അതിനുള്ള കാരണം വാര്‍ഡ് സഭയെ അറിയിക്കണം. മേല്‍പ്പറഞ്ഞതെല്ലാം വാര്‍ഡ് സഭാംഗങ്ങളായ ഓരോ വോട്ടറും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് കൂടാതെ പദ്ധതി ആസൂത്രണം, നിര്‍വ്വഹണം, പൊതു സൗകര്യങ്ങള്‍, മരാമത്ത് പണികള്‍, വിവിധ പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്ക‌ല്‍, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം, വരവ്-ചിലവ് കണക്ക്, ഓഡിറ്റ് തുടങ്ങി എല്ലാ മേഖലകളിലും ഇടപെടുന്നതിനും പങ്കാളികളാകുന്നതിനുമുള്ള സാഹചര്യം ഇന്നത്തെ കേരളാ പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഉണ്ട്. ഇവയെ അറിഞ്ഞ്, ക്രിയാത്മകമായും കാര്യക്ഷമമായും ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമം പക്ഷേ വോട്ടര്‍മാരുടെ ഭാഗത്തു നിന്നും ഇല്ല, അല്ലെങ്കില്‍ തീരെ കുറവാണ്.

ഇത്തരത്തിലുള്ള നിയമ വ്യവസ്ഥകള്‍ പ്രയോജനപ്പെടുത്തി സജീവമായ വാര്‍ഡ് സഭക‌ള്‍ ചേരുകയും, അതിലൂടെ നമ്മുടെ നാടിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളി‌ല്‍ പങ്കാളികളാവുകയും ചെയ്യുക എന്നത് ഓരോ പൗര ന്‍റെ യും കടമയാണ്. കേവലം അധികാരങ്ങള്‍ കൂടാതെ, കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുവാന്‍ കൂടി ഇത്തരം വേദിക‌ള്‍ പ്രയോജനപ്പെടുത്തിയാ‌ല്‍ മാത്രമേ അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമായ അര്‍ത്ഥത്തി‌ല്‍ പ്രാബല്യത്തിലാവുകയുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വാര്‍ഡി ന്‍റെ  വികസനപ്രവര്‍ത്തനങ്ങളി‌ല്‍ സഹായിക്കാനാകണം ഇത്തരം വേദിക‌ള്‍ പ്രയോജനപ്പെടുത്തേണ്ടത്. മൂവാറ്റുപുഴ നഗരസഭയും നമ്മുടെ വാര്‍ഡ് സഭകളെ കൂടുത‌ല്‍ സജീവമാക്കാനുള്ള ചില ശ്രമങ്ങ‌ള്‍ നടത്തിവരികയാണ്. ഈ ശ്രമങ്ങള്‍ സഫലമാകട്ടെയെന്നും ഇതുവഴി ഒരു പുത്തനുണര്‍വ്വ് നഗരസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകട്ടെയെന്നും ആഗ്രഹിക്കുന്നു.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 42, ലക്കം 1, ജനുവരി 2012)

ചൊവ്വാഴ്ച, ഡിസംബർ 20, 2011

മുല്ലപ്പെരിയാ‌ര്‍‍ - ജീവന്‍റെയും ജലത്തിന്‍റെയും രാഷ്ട്രീയം

മുല്ലപ്പെരിയാ‌‌ര്‍ ഡാമിന്‍റെ ചരിത്രം പരിശോധിച്ചാ‌‌ല്‍, ഇതുണ്ടാക്കിയ കാലം മുത‌‌ല്‍ വിവാദങ്ങ‌‌ള്‍ സൃഷ്ടിച്ചിരുന്ന ഒന്നാണ് എന്ന് കാണാ‌ന്‍ കഴിയും. ഈ ഡാം നിര്‍മ്മിക്കുവാ‌ന്‍ മുന്‍കൈയ്യെടുത്ത അന്നത്തെ മദ്രാസ് പ്രസിഡന്‍സിയിലെ ബ്രിട്ടീഷുകാരനായ ക്യാപ്റ്റ‌‌ന്‍ പെന്നിക്ക്വിക്കിന് നിര്‍മ്മാണ ഘട്ടത്തി‌ല്‍ തന്നെ പലതവണ തിരിച്ചടി നേരിടേണ്ടി വന്നു. രണ്ട് തവണ, ഡാമിന്‍റെ പണി പൂര്‍ത്തിയാകുന്ന ഘട്ടത്തി‌ല്‍, അതുവരെയുണ്ടാക്കിയ ഭാഗം വെള്ളപ്പാച്ചിലി‌ല്‍ ഒലിച്ചുപോയി. അങ്ങിനെ ബ്രിട്ടീഷുകാ‌‌‌ര്‍‍ ഉപേക്ഷിക്കുവാ‌‌‌ന്‍ നിശ്ചയിച്ച ഡാമിന്‍റെ നിര്‍മ്മാണം, ക്യാപ്റ്റ‌‌ന്‍ പെന്നിക്ക്വിക്ക് നാട്ടിലെത്തി, തന്‍റെ സ്വന്തം മുത‌ല്‍ വിറ്റ് സമാഹരിച്ച പണം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. തിരുവിതാംകൂറിന് വേണ്ടി കരാറൊപ്പിടാന്‍ അനുമതി നല്‍കിയ രാജാവും സമ്മര്‍ദ്ദത്തിനടിമപ്പെട്ടാണ് അത് മനസ്സില്ലാമനസ്സോടെ ചെയ്തത്. അതിന് ശേഷം, ഈ ജലമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആരംഭിച്ച മദ്രാസ് പ്രസിഡന്‍സിയെ, അന്നത്തെ തിരുവിതാംകൂ‌ര്‍ ദിവാന്‍ സര്‍. സി. പി. രാമസ്വാമി അയ്യര്‍, കരാര്‍ പ്രകാരം ഒരു അംപയ‌ര്‍ മുന്‍പാകെ ചോദ്യം ചെയ്യുകയും, കൃത്യമായ കരാ‌ര്‍ ലംഘനം നടന്നിരിക്കുന്നുവെന്ന് ബോധ്യപ്പെട്ട്, തിരുവിതാംകൂറിനനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാ‌ല്‍ വിധി പൂര്‍ണ്ണമായും നടപ്പായില്ല. പിന്നീട്, തമിഴ്‌നാടിന്‍റെ 5 ജില്ലകളിലേക്ക് ജലസേചനം കൂടാതെ, വൈദ്യുതി കൂടി ഉത്പാദിപ്പിക്കുവാന്‍ അനുമതി നല്‍കുന്ന കരാ‌ര്‍, അതും 30 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ, അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പുതുക്കി നല്‍കുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന്, ബ്രിട്ടീഷ് ഭരണസംവിധാനവും നാട്ടുരാജ്യങ്ങളുമായി നിലവിലിരുന്ന കരാറുകളെല്ലാം അസാധുവാക്കപ്പെട്ടിരുന്നു. സംസ്ഥാനത്തിന്‍റെ എണ്ണായിരം ഏക്കറോളം വരുന്ന ഭൂമി, നിയമസഭയുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് മുഖ്യമന്ത്രി ഒപ്പിട്ട് പുതുക്കി നല്‍കിയതെന്നും, അതിന് നിയമസാധുതയുണ്ടോ എന്നും നിയമവിദഗ്ധര്‍ ഇപ്പോള്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 2006 ല്‍ സുപ്രീം കോടതി മുന്‍പാകെ തമിഴ്‌നാട് കേസ് ഫയല്‍ ചെയ്തതിന് ശേഷമുള്ള വിവാദങ്ങളെല്ലാം മാധ്യമങ്ങള്‍ വഴി നമുക്കറിവുള്ളതാണ്. ഇതിനിടെ 99 വര്‍ഷമായിരുന്നു പാട്ടക്കരാറെന്നും ഒരു വാദം ഉണ്ടായി. ചിലത് അങ്ങിനെയാണ്, വേണ്ട എന്ന് പ്രകൃതിയും അനുഭവങ്ങളും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കും; ചിലപ്പോ‌ള്‍ അത് യാദൃച്ഛികമായ തോന്നലുക‌ള്‍ മാത്രമാവാം. ഭൂമിയിലുള്ളതെല്ലാം മനുഷ്യന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയാണ് എന്ന സ്വാര്‍ത്ഥമായ മിഥ്യാധാരണയിലും, അമിത ആത്മവിശ്വാസത്തിലും അവന്‍ ബലപ്രയോഗത്തിലൂടെ അതെല്ലാം മറികടക്കും.

പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും, ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ഉള്ളി‌ല്‍ വൈകാരികമായി രൂപം പ്രാപിക്കുകയും ചെയ്ത ഒരു പ്രശ്നമെന്ന നിലയില്‍, സര്‍ക്കാ‌ര്‍ സംവിധാങ്ങ‌ള്‍ കുറേക്കൂടി ഉത്തരവാദിത്വത്തോടെയും, കാര്യക്ഷമമായും, സന്ദേഹങ്ങള്‍ക്കിടനല്‍കാത്ത വിധം വേഗത്തിലും, കാര്യങ്ങ‌ള്‍ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താ‌ന്‍ ശ്രദ്ധിക്കണം. മുല്ലപ്പെരിയാ‌‌ര്‍ കേസ് കൈകാര്യം ചെയ്യുന്ന ഉന്നതാധികാര സമിതിയും സുപ്രീം കോടതിയും കേന്ദ്ര ഗവണ്‍മെന്‍റും, ആര് മുന്‍കൈ എടുത്താലും ശരി, ഈ പ്രശ്നത്തില്‍ താമസം വിനാ ഇടപെട്ട് ജനങ്ങളുടെ ആശങ്കയകറ്റുവാ‌ന്‍ വേണ്ട നടപടിക‌ള്‍ ഉണ്ടാകേണ്ടതാണ്. കാരണം, ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന ധാരണ കുറേപ്പേരിലെങ്കിലും രൂഢമൂലമായിരിക്കുന്നു. ഈ ഭയത്തെ സാധൂകരിക്കുന്ന ശാസ്ത്രീയമായ ചില വിവരങ്ങ‌ള്‍ പരിസ്ഥിതി വാദിക‌ള്‍ മുന്നോട്ട് വക്കുകയും ചെയ്യുന്നുണ്ട്.

പെരിയാറിന്‍റെ പ്രധാന കൈവഴിയായ മുല്ലയാ‌ര്‍, ഏറ്റവും നിബിഢമായ ശിവഗിരി മലകളി‌ല്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ദീര്‍ഘകാലമായി അണകെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളത്തോടൊപ്പം ഈ മലനിരകളി‌ല്‍ നിന്നുള്ള വൃക്ഷലതാദികള്‍ ഉള്‍പ്പടെയുള്ള ജൈവഘടകങ്ങ‌ള്‍ ഒഴുകിയെത്തുന്നത് സ്വാഭാവികമാണ്. ഇവയില്‍ ചിലത് അഴുകുമ്പോ‌ള്‍ അമ്ലസ്വഭാവം പ്രകടിപ്പിക്കുകയും, ഇത് ഡാമിന്‍റെ നിര്‍മ്മാണത്തിനുപയോഗിച്ച സുര്‍ക്കി മിശ്രിതത്തിലെ പ്രധാനഘടകമായ ചുണ്ണാമ്പുമായി പ്രതിപ്രവര്‍ത്തിച്ച് എളുപ്പത്തി‌ല്‍ ഒഴുകിപ്പോവുകയും ചെയ്തതാണ് ബലക്ഷയത്തിന് കാരണം. അങ്ങിനെ, ഒരു പ്രത്യേക ജലനിരപ്പിന് താഴെ, ഇപ്പോ‌ള്‍ അവശേഷിക്കുന്നത് വെറും കല്‍ക്കെട്ടാണത്രെ. ഇനി, തമിഴ്‌നാട് ഗവണ്‍മെന്‍റ്, ഡാമിനെ കാലാകാലങ്ങളായി ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന വാദം മുഖവിലക്കെടുത്താല്‍ തന്നെ, ജലനിരപ്പിന് മുകളി‌ല്‍ കാണാനാവുന്ന ഭാഗത്ത് മാത്രമേ പൂര്‍ണ്ണമായ അളവി‌ല്‍ ഈ പ്രക്രിയ നടന്നിട്ടുണ്ടാവൂ. ഇത് കൂടാതെ, ഡാം നിര്‍മ്മാണത്തിന്‍റെ സാങ്കേതികവിദ്യയൊന്നും പൂര്‍ണ്ണമായും ലഭ്യമല്ലാതിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ട ഡാമെന്ന നിലയി‌ല്‍, ഡാമിരിക്കുന്നതിന് ചുറ്റുമുള്ള മണ്ണ് ഇത്രയും കാലത്തിന് ശേഷവും, എത്രമാത്രം സുരക്ഷിതമാണെന്ന ആശങ്കയും ഇവര്‍ക്കുണ്ട്; പ്രത്യേകിച്ച് ഗ്രാവിറ്റി ഡാമെന്ന നിലയി‌ല്‍. കെട്ടി നിര്‍ത്തിയിരിക്കുന്ന ഉയര്‍ന്ന അളവിലെ ജലം, വശങ്ങളിലേക്ക് ചെലുത്തുന്ന സമ്മര്‍ദ്ദം താങ്ങാനുള്ള ശക്തിയും ഈ ഭാഗത്തിനുണ്ടോ എന്ന് സംശയിക്കുന്നു. ഇത് കൂടാതെ ഭ്രംശമേഖലയിലാണ് ഡാം സ്ഥിതി ചെയ്യുന്നതെന്നും, സ്വാഭാവികമായും ഭൂഗര്‍ഭപ്ളേറ്റുക‌ള്‍ ഡാമുള്‍ക്കൊള്ളുന്ന വെള്ളത്തിന്‍റെ സമ്മര്‍ദ്ദത്താ‌ല്‍ ചെറുചലനങ്ങള്‍ക്ക് വിധേയമാകുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. കൃത്യമായ സാങ്കേതികവിദ്യ ഉപയോഗിച്ചല്ലാതെ നിര്‍മ്മിച്ച മുല്ലപ്പെരിയാ‌ര്‍ ഡാമിന്, ഈ ചെറു ചലനങ്ങള്‍ വരെ ഭീഷണി ഉയര്‍ത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഇപ്പോള്‍ ഉണ്ടാകുന്ന ഭൂചലനങ്ങളെ അളക്കുന്നതിലുള്ള കൃത്യതയെയും സംശയത്തോടെയാണ് കാണുന്നത്. ഏക ആശ്രയമായ ഇടുക്കിയിലെ ഭൂകമ്പമാപിനി, ഡിജിറ്റ‌ല്‍ സംവിധാനത്തിലുള്ളതല്ല. അതിനാല്‍, ഭൂഗര്‍ഭചലനങ്ങളുടെ യഥാര്‍ത്ഥ അളവറിയണമെങ്കി‌ല്‍ സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുക‌ള്‍ വേണ്ടിവരുമെന്നും, ഇത് സമയം എടുത്ത് മാത്രം ചെയ്യാവുന്ന ഒന്നാണെന്നും വേണം മനസ്സിലാക്കാ‌ന്‍. ഇത് അടിയന്തിരമായി മാറ്റി ഡിജിറ്റ‌ല്‍ മീറ്റ‌ര്‍ സ്ഥാപിക്കുന്നത്, ഒരപായം ഉണ്ടായാല്‍ക്കൂടി മുന്‍കൂട്ടി മനസ്സിലാക്കാ‌ന്‍ ഒരുപരിധിവരെ സഹായകരമായേക്കും. ഇപ്പോഴത്തെ അവസ്ഥയില്‍, ജലനിരപ്പ് പരമാവധി കുറക്കുകമാത്രമാണ് ആഘാതം കുറക്കാനുള്ള പോംവഴി. പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുള്ള അറുപത്തിരണ്ടിലെ വെള്ളപ്പൊക്കത്തില്‍, ആറ് മുതല്‍ എട്ട് അടി വരെ ഉയരമുള്ള ജലഭിത്തി, നിരപ്പായ പ്രദേശങ്ങളി‌ല്‍ വെള്ളത്തിന്‍റെ ആദ്യത്തെ തള്ളലി‌‌‌ല്‍ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. നമ്മുടെ സര്‍ക്കാ‌ര്‍ ആവശ്യപ്പെടുന്ന 120 അടി പര്യാപ്തമല്ലെന്നും, ആഘാതം കുറക്കുന്നതിന് ജലനിരപ്പ് 100 അടിയില്‍ താഴെയെങ്കിലും നിര്‍ത്തേണ്ടതാണെന്നും പഠനങ്ങ‌ള്‍ പറയുന്നു.

ഇതെല്ലാം കേള്‍ക്കുന്ന ജനം പരിഭ്രാന്തരാകാതെ എന്തു ചെയ്യും? ഈ ഡിസംബര്‍ 25 എത്തുമ്പോ‌ള്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്ന ഒരു സമരം ഏലപ്പാറയടുത്ത് ചപ്പാത്തി‌ല്‍ നടക്കുന്നുണ്ട് - മുല്ലപ്പെരിയാ‌ര്‍ സമര സമിതിയുടേത്. മേളയുടെ പ്രതിനിധികളും ഡിസംബര്‍ 9ന് അവിടം സന്ദര്‍ശിക്കുകയുണ്ടായി. കേരളമൊട്ടാകെയും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളി‌‌‌‌‌‌‌ല്‍‍ നിന്നുമുള്ള മനുഷ്യസ്നേഹിക‌‌ള്‍ തീര്‍ത്ഥാടനത്തിനെന്ന പോലെ ഒറ്റക്കും, കൂട്ടായും വന്നെത്തി, സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മടങ്ങുന്ന കാഴ്ചയും, അവിടുത്തെ ദേശനിവാസികളുടെ മുഖത്ത് നിഴലിക്കുന്ന നിസ്സഹായാവസ്ഥയുടെയും ഭീതിയുടെയും നിഴലാട്ടവും ഒന്നും കാട്ടിക്കൂട്ടലുകളല്ല, വികാരത്തള്ളിച്ചയുടെ പ്രതിഫലനവും അവിടെയില്ല. ദിശാബോധമില്ലാതെ, ശരിയായ പഠനം നടത്താതെ, ഡിസാസ്റ്റ‌ര്‍ മാനേജ്മെന്‍റ് എന്ന പേരി‌ല്‍ നടക്കുന്നതൊന്നും പരിഭ്രാന്തിയിലായ ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല. കേവലം കണ്‍ട്രോ‌ള്‍ റൂമുക‌ള്‍ മാത്രം തുറന്നാല്‍ മതിയോ? തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന തമിഴ് മാധ്യമങ്ങള്‍, മനപൂര്‍വ്വമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന തത്പരകക്ഷികള്‍, ഇവരെല്ലാം പന്താടുന്നത് ഒരു ജനതയുടെ ജീവ‌ന്‍ കൊണ്ടാണെന്ന്, തീരുമാനമെടുക്കേണ്ട അധികാരികള്‍ക്ക് എന്തുകൊണ്ട് മനസ്സിലാകുന്നില്ല? മുല്ലപ്പെരിയാറിനോട് ചേര്‍ന്ന പ്രദേശങ്ങളിലെ പ്രായമായവര്‍ക്ക് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല, കൊച്ചുകുട്ടികള്‍ സ്ക്കൂളുകളി‌ല്‍ പോകുന്നില്ല. ആശങ്കയുണര്‍ത്തുന്ന, പ്രാണഭയം നിറഞ്ഞ ഇവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുകയാണ് മറ്റുള്ളവര്‍. ഇടുക്കി ജില്ലയെ തമിഴ്‌നാടിലേക്ക് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന അവസ്ഥയി‌ല്‍ വരെ കാര്യങ്ങ‌ള്‍ എത്തി നില്‍ക്കുന്നു. 50 വര്‍ഷം ആയുസ്സ് നിര്‍ണ്ണയിച്ച ഡാം 116 വര്‍ഷങ്ങള്‍ക്ക് ശേഷവും പൂര്‍ണ്ണസുരക്ഷിതമെന്ന് സമര്‍ത്ഥിക്കുന്നത് സാധാരണ യുക്തിക്ക് ശരിയായി തോന്നുന്നുമില്ല.

ഇതിനെല്ലാമുപരി, പുതിയ ഡാം അല്ല ശാശ്വത പരിഹാരമെന്നും, ഡാം, ഡിക്കമ്മിഷ‌ന്‍ ചെയ്യുകയാണ് വേണ്ടതെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ഏകാഭിപ്രായം. ഡിക്കമ്മിഷന്‍ ചെയ്യുക എന്നാ‌ല്‍ ഡാമിലെ ജലനിരപ്പ് പടിപടിയായി കുറച്ച് കൊണ്ടുവരിക എന്നാണ്. ഒപ്പം, തമിഴ്‌നാടിലെ ജലസംഭരണ ശേഷി ഉയര്‍ത്തുകയുമാവാം. ഇതിനുള്ള നടപടികള്‍ പെട്ടെന്ന് ചെയ്യേണ്ടി വരും. കാലാവസ്ഥാനുസൃതമായി ഇങ്ങനെ സംഭരിക്കാനുള്ള തടങ്ങ‌‌ള്‍, തമിഴ്‌നാടിനും കേരളത്തിനും എല്ലാക്കാലത്തും ഒരുപോലെ ജീവജലം തരും. സുഗമമായ ജല ലഭ്യതക്ക്, വികേന്ദ്രീകൃത ജല പരിപാലന നയം രൂപീകരിക്കണമെന്നും ആവശ്യമുണ്ട്. ഭൂഗര്‍ഭജലനിരപ്പ് ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം പുതിയ ക്രമീകരണങ്ങള്‍ മാത്രമേ പോംവഴിയുള്ളൂ.

പാട്ടത്തുക പണ്ട് നിശ്ചയിച്ച ഏതാനും ലക്ഷങ്ങള്‍ക്ക് പകരം, കോടിക്കണക്കിന് രൂപയിലെത്തും എന്നതാവണം തമിഴ്‍നാടിന്‍റെ ആശങ്ക. ഇനി, പഴയ നിരക്കില്‍ പണം നല്‍കി ഇപ്പോ‌ള്‍ കിട്ടുന്നത്രയും വെള്ളം തമിഴ്‌നാടിന് കൊണ്ടുപോകാനുള്ള സമ്മര്‍ദ്ദതന്ത്രമാണ് കേരളത്തിന്മേ‌‌ല്‍ പയറ്റുന്നതെങ്കി‌ല്‍, ഒരു ജനതയുടെ ജീവ‌‌ന്‍ വെച്ചുകൊണ്ടാണ് വിലപേശുന്നതെന്നും ഓര്‍ക്കണം. തിരുത്താനാവാത്ത തെറ്റ് ചെയ്തവരെന്ന വിശേഷണം ആര്‍ക്കും അഴകല്ല. ജീവന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് ജലം. ഇവിടെ ഒരു ജനത ജീവന് വേണ്ടി ശബ്ദമുയര്‍ത്തുമ്പോ‌‌ള്‍, മറ്റൊരു വിഭാഗം ജലത്തിനായി പൊരുതുന്നു. ഇതിനിടയില്‍ ശാശ്വതപരിഹാരം എന്ന നേര്‍ത്ത രേഖ തേടുകയാണ് നമ്മ‌ള്‍. എല്ലാം മറന്ന്, പ്രകൃതിക്കും സര്‍വ്വ ജീവജാലങ്ങള്‍ക്കും, ക്ഷേമകരമായ ഒരു തീര്‍പ്പ്, പരമാവധി വേഗത്തി‌‌‌ല്‍ ഉരുത്തിരിയാ‌‌ന്‍ തക്ക ബുദ്ധിയും വിവേകവും എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്ന് മാത്രം ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 12, ഡിസംബ‌‌ര്‍ 2011)

ആശങ്കയുണര്‍ത്തുന്ന സെന്‍സസ്

2011 സെന്‍സസിന്‍റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യാക്കാരായ നമുക്ക് ആശങ്കപ്പെടാതെ വയ്യ. 1921ന് ശേഷം ഇതാദ്യമായി നഗരപ്രദേശങ്ങളിലെ ജനസംഖ്യവര്‍ദ്ധനാ നിരക്ക് ഗ്രാമങ്ങളിലേതിനേക്കാള്‍ കൂടുതലായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇതിന് പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ഗ്രാമപ്രദേശങ്ങളെ പിന്തള്ളി നഗരങ്ങള്‍ മുന്‍പിലെത്തിയെന്നത് അത്ഭുതാവഹമാണ്, ഒപ്പം ചിന്തിപ്പിക്കുന്നതും. സ്വാഭാവീക വര്‍ദ്ധന കൂടാതെ, ഗ്രാമപ്രദേശങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം, പുതിയ പ്രദേശങ്ങള്‍ നഗരപരിധിയില്‍ ഉള്‍പ്പെടുത്തപ്പെട്ടത്, ഇവയൊക്കെ ഈ കണക്കെടുപ്പില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടാകാം. 1995ന് ശേഷം നടന്ന കര്‍ഷക ആത്മഹത്യകള്‍ വരെ ചില ദോഷൈകദൃക്കുക‌ള്‍ ചൂണ്ടിക്കാണിച്ചേക്കാം. എങ്കിലും മേല്‍പറഞ്ഞവയൊന്നും പൂര്‍ണ്ണമായും ഈ വര്‍ദ്ധനവിനെ ന്യായീകരിക്കുന്നവയല്ല.

ഗ്രാമങ്ങളില്‍, കാര്‍ഷികമേഖലയില്‍ ജോലി ചെയ്തിരുന്ന കര്‍ഷകരില്‍ ഭൂരിപക്ഷവും കാര്‍ഷികവൃത്തിയുപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് അടുത്തകാലത്തായി കാണുന്നത്. ജോലി ചെയ്യുവാന്‍ പ്രാപ്തരായ പുരുഷന്മാരുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും ആയിരക്കണക്കിന് ഗ്രാമങ്ങള്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണണം. ഏതാണ്ട് ഒന്നരപ്പതിറ്റാണ്ടായി ഈ പ്രവണത തുടരുന്നത് കാണാം. ഇന്ത്യയുടെ ജീവന്‍റെ തുടിപ്പ് നിലനിര്‍ത്തുന്ന ഗ്രാമപ്രദേശങ്ങള്‍ അധികം താമസിയാതെ വൃദ്ധരും അവശരും ജോലി ചെയ്യാന്‍ പ്രാപ്തരുമല്ലാത്ത ഒരുകൂട്ടം ആളുകള്‍ അധിവസിക്കുന്ന പ്രദേശങ്ങളായി മാറുമെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതുകൊണ്ട് തന്നെ രാജ്യത്തിന്‍റെ ഉത്പാദനത്തില്‍ വന്‍കുറവ് ഉണ്ടാവുകയും ചെയ്യും. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഭക്ഷ്യസുരക്ഷയെന്നത് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയാകുന്ന തരത്തില്‍ ഒരു ചോദ്യചിഹ്നമായി തീരും.

പരിമിതമായ അറിവും കഴിവും കൊണ്ട് നഗരങ്ങളിലെത്തിപ്പെടുന്ന ഗ്രാമീണരില്‍ ഭൂരിപക്ഷത്തിന്‍റെയും ജീവിതനിലവാരത്തില്‍ വലിയ മാറ്റമുണ്ടാകുന്നതായി കാണുന്നില്ല. വേതനത്തിലോ, ജോലിയിലോ ഉയര്‍ന്ന നിലയില്‍ അല്ലെങ്കില്‍ ഭേദപ്പെട്ട നിലയില്‍ എത്തുന്നവരും തീരെക്കുറവ്. നഗരങ്ങളില്‍ നിലവിലുള്ള തൊഴില്‍രഹിതരുടെ കൂടെ ഇവര്‍കൂടി ചേര്‍ക്കപ്പെടുന്നു എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. കൂടാതെ, നഗരങ്ങളിലെ മോശം താമസം, വിദ്യാഭ്യാസം, പ്രാഥമികസൗകര്യങ്ങള്‍ എന്നിവയെല്ലാം അനുഭവിക്കാന്‍ ഇക്കൂട്ടര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. അങ്ങനെ നഗരവത്കൃത ദരിദ്രരായി ഇവര്‍ മാറുന്നു.

ഭക്ഷ്യോത്പാദനത്തിലും കാര്‍ഷികോത്പന്നങ്ങളില്‍ അതിഷ്ഠിതമായ വ്യവസായങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട്, ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനങ്ങള്‍ക്ക് സമതുലിത വളര്‍ച്ച പ്രദാനം ചെയ്യുന്ന തരത്തില്‍ സമ്പദ്‌വ്യവസ്ഥയെ ക്രമീകരിക്കുന്ന നയം രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഒട്ടും താമസിച്ചുകൂടാ. ഏറ്റവും ഉയര്‍ന്ന പരിഗണന തന്നെ ഈ വിഷയത്തിന് നല്‍കണം. നഗരങ്ങളിലെപ്പോലെ ഉയര്‍ന്ന പശ്ചാത്തല സൗകര്യങ്ങള്‍ ഗ്രാമങ്ങളിലും ലഭ്യമാക്കുവാ‌ന്‍ കഴിഞ്ഞില്ലെങ്കില്‍ 'ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു' എന്ന അഭിമാനപൂര്‍ണ്ണമായ പ്രയോഗം അധികം താമസിയാതെ നമുക്ക് തിരുത്തേണ്ടി വരും.

നാം രാവിലെ പ്രഭാതസവാരിക്കിറങ്ങുമ്പോള്‍, തൊഴിലന്വേഷിച്ച് നമ്മുടെ നഗരങ്ങളിലെ കവലകളില്‍ കൂട്ടമായയി നില്‍ക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കാണുമ്പോള്‍ ഓര്‍ക്കുക - ഇന്ത്യയിലെ ഏതോ ഒരു ഗ്രാമത്തിലെ ദുരിതത്തിന്‍റെയും നിരാശയുടേയും പ്രതീകങ്ങളാണ് അവര്‍.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 11, നവംബ‌‌ര്‍ 2011)

നഷ്ടങ്ങള്‍ നല്‍കിയ ഒക്ടോബ‌ര്‍

2011 ഒക്ടോബര്‍ കടന്നു പോകുന്നത് മലയാളികള്‍ക്ക് വേര്‍പാടിന്‍റെ നൊമ്പരങ്ങ‌ള്‍ പകര്‍ന്നാണ്. കലാ-സാഹിത്യ-രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍സ‌ണ്‍, കാക്കനാടന്‍, മുല്ലനേഴി, ടി. എം. ജേക്കബ് എന്നിവര്‍ കടന്നു പോകുന്നത് സഹൃദയര്‍ക്ക് ഒരുപിടി നല്ല ഓര്‍മ്മക‌ള്‍ ബാക്കിവച്ചാണ്. ഇവരെല്ലാവരും തന്നെ ഓരോ മലയാളിക്കും പ്രിയപ്പെട്ടവരായിരുന്നുവെന്നതുപോലെ, മേളക്കും പ്രിയപ്പെട്ടവരാണ്. മേളയുമായി ആത്മബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു, മികച്ച പാര്‍ലമെന്‍റേറിയനും മന്ത്രിയുമായിരുന്ന ടി. എം. ജേക്കബ് എങ്കില്‍, പലകുറി മേള സന്ദര്‍ശിച്ച് മേളയുടെ പ്രവര്‍ത്തകരി‌ല്‍ പലരുമായും ഹൃദയബന്ധം സ്ഥാപിച്ച വ്യക്തിയായിരുന്നു കാക്കനാടന്‍. ഇവരുടെയൊന്നും വ്യക്തിപരമായ മികവുകളെക്കുറിച്ചോ, പൊതുജീവിതത്തിലെ നന്മ-തിന്മകളെക്കുറിച്ചോ ഒന്നും ചര്‍ച്ച ചെയ്യേണ്ടുന്ന സമയമല്ലിത്. ഏതൊരു മനുഷ്യനെപ്പോലെയും ജീവിതം അവര്‍ക്കിഷ്ടമുള്ള തരത്തി‌‌‌ല്‍‍ ജീവിച്ച് തീര്‍ത്ത് (?) അവര്‍ വിട പറയുമ്പോള്‍, അവരവശേഷിപ്പിച്ചു പോയ സത്കര്‍മ്മങ്ങളുടെ മാത്രം കണക്ക് നമുക്കെടുക്കാം. കലാകാരന്മാരായ പ്രതിഭകളുടെ വേര്‍പാടും, തികഞ്ഞ കലാസ്നേഹിയായിരുന്ന രാഷ്ട്രീയ നേതാവിന്‍റെ വേര്‍പാടും ഈ ഒക്ടോബറി‌ല്‍ തന്നെയായത് ഒരാകസ്മികത മാത്രമെന്ന് വിശ്വസിക്കാം. നമുക്ക് വ്യക്തിപരമായി വേണ്ടപ്പെട്ട പലരും ഈ കാലയളവില്‍ കാലയവനികക്കുള്ളി‌ല്‍ മറഞ്ഞിട്ടുണ്ടാകാം. പക്ഷേ, ഈ നാലു പേരെയും വ്യത്യസ്തമാക്കുന്നത് ഇവരുടെ കര്‍മ്മപഥങ്ങളി‌ല്‍ ഇവര്‍ പുലര്‍ത്തിയ ആത്മാര്‍ത്ഥത മാത്രമാണ്. ഈ ലക്കം വോയ്സ് ഓഫ് മേള വായനക്കാരിലെത്തുന്നത് ടി. എം. ജേക്കബിന്‍റെ വേര്‍പാടിന് മുന്നില്‍ ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക പതിപ്പായാണ്. ഒരു കലാ-സാംസ്ക്കാരിക സംഘടനയെന്ന നിലയില്‍, മേളയില്‍ വിശ്വാസമര്‍പ്പിച്ച് അദ്ദേഹം മുന്‍കൈയ്യെടുത്ത് നടത്തിയ പുരാവസ്തു വകുപ്പിന്‍റെ നാണയ പ്രദര്‍ശനം ഉള്‍പ്പടെയുള്ള വിവിധ സാംസ്ക്കാരിക പരിപാടിക‌ള്‍ ഈയവസരത്തി‌ല്‍ ഓര്‍ത്തു പോകുന്നു.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 10, ഒക്ടോബ‌ര്‍ 2011)

മാലിന്യവും മാറാവ്യാധികളും തലമുറകള്‍ക്ക് ഭീഷണി

ആധുനീക കേരള സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് മാലിന്യവും അതുയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളും. സമൂഹം പുരോഗമിക്കുമ്പോള്‍, ജീവിതത്തിന്‍റെ സമസ്ത മേഖലകളും അതിനനുസരിച്ച് നിലവാരമുള്ളതാകണം എന്നാണ് വ്യവസ്ഥ. പക്ഷേ, നമ്മുടെ ചുറ്റുപാടുകള്‍ ഇതിന് വിരുദ്ധമാണ്. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നതി, ചോദ്യം ചെയ്യാനാകാത്ത വിധം ജീവിതത്തെ മികവുറ്റതാക്കിയിട്ടുണ്ട്. സാങ്കേതിക വളര്‍ച്ച,  ആരോഗ്യ സങ്കല്‍പങ്ങള്‍, വ്യക്തി ശുചിത്വം, വീടുകളുടെ നിലവാരം, ഇവയെല്ലാം സമഗ്രമായി മാറി. ഓരോ വ്യക്തിയും കുടുംബവും സ്ഥാപനങ്ങളും അവര്‍ വ്യവഹരിക്കുന്ന ചുറ്റുപാടുകളും പുറത്തെടുക്കുന്ന മാലിന്യത്തിന്‍റെ തോത് വലുതാണ്. ഇത് എവിടേക്കാണ് നിര്‍ഗമിക്കുന്നത്? എവിടെയാണ് നശിപ്പിക്കപ്പെടുന്നത്? അവ യഥാവിധി സംസ്കരിക്കപ്പെടുന്നുണ്ടോ? അതിനാവശ്യമായ സൂക്ഷ്മതയും സാങ്കേതികത്തികവും നാം പുലര്‍ത്തുന്നുണ്ടോ? എന്നീ ചോദ്യങ്ങ‌ള്‍ ഭരണകൂടങ്ങളെയും വ്യക്തികളെയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.

സാങ്കേതികവിദ്യ കൊണ്ടുവന്ന ഇ-വെയിസ്റ്റുകള്‍ വലിയ ഭീഷണിയായി സാമാന്യജനം മനസ്സിലാക്കാതെ ഒരുവശത്തുണ്ട്. പ്ലാസ്റ്റിക്ക്-യന്ത്ര-ജൈവേതര മാലിന്യങ്ങള്‍ മറുവശത്ത് കുമിയുന്നു. ജൈവമാലിന്യങ്ങള്‍ നിത്യശാപമായി ചുറ്റുപാടുകളെ മലീമസമാക്കുന്നു. ജൈവ-പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വായു, വെള്ളം, മണ്ണ് എന്നിവയെ സ്വാഭാവികമായും നശിപ്പിക്കുന്നു.

വര്‍ദ്ധിക്കുന്ന ജലചൂഷണത്തേക്കാള്‍ ഭീകരമാണ് ജലസ്രോതസ്സുകളെ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങള്‍.

തദ്ദേശസ്ഥാപനങ്ങള്‍ സമാഹരിക്കുന്ന മാലിന്യം തള്ളുന്നത് വലിയ ജലാശയപ്രാന്തപ്രദേശങ്ങളിലാണ്. കമ്പനികളും സ്ഥാപനങ്ങളും തള്ളുന്ന ജൈവേതര മാലിന്യങ്ങളും ഇവിടേക്കുതന്നെ എത്തുന്നു. അറവുശാലകളില്‍ നിന്നുള്ള മാലിന്യം ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നു. ഓടകളും അഴുക്കുചാലുകളും പുഴകളിലേക്ക് തുറക്കുന്നു. വയലേലകളും വിജനപ്രദേശങ്ങളും ആര്‍ക്കും മാലിന്യമിടാവുന്ന സ്ഥലമായി മാറുന്നു.

പുരോഗതിയുടെ അളവുകോല്‍ ഇക്കാര്യത്തി‌ല്‍ മാത്രം പുറത്തെടുക്കാനാവുന്നില്ല. ഭരണകൂടങ്ങളെ കുഴക്കുന്ന ഈ പ്രശ്നത്തിന് പരിഹാരങ്ങളുണ്ട്. പക്ഷേ, കെടുകാര്യസ്ഥതയും സ്വാര്‍ത്ഥതയും അഴിമതിയും മാലിന്യസംസ്ക്കരണത്തെ ലാഭക്കരാറുകളാക്കിമാറ്റിയതിന്‍റെ നേര്‍ക്കാഴ്ചകളാണ് എവിടെയും.

ആരോഗ്യസുരക്ഷക്കായി കോടികള്‍ ചിലവിടുന്ന സര്‍ക്കാ‌ര്‍, ഈ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ക്ക് അവധിയില്ലാത്ത നാടായി കേരളം മാറി. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് സാമ്പത്തികമായി നാം നേടിയ ഉയര്‍ച്ചക്കൊപ്പമോ അതിലേറെയോ ആണ് പകര്‍ച്ചവ്യാധിക‌ള്‍ ഉണ്ടാക്കുന്ന ഭീഷണി. സാധാരണ പനിയില്‍ നിന്ന് മാരകമായ എച്ച്-1 എന്‍-1 ലേക്ക് കേരളസമൂഹത്തിന്റെ രോഗാവസ്ഥ മാറി. കേട്ടുകേള്‍വിയില്ലാതിരുന്ന എലിപ്പനിയും (ലെപ്റ്റോസ്പൈറ), ഒടുവി‌ല്‍ നാം കീഴടക്കിയെന്ന് കരുതിയിരുന്ന മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് A, E) മരണം വിതച്ചു. തലമുറകളെ ഇല്ലാതാക്കുന്ന ബ്രൂസെല്ലോസിസ്, ആന്ത്രാക്സ് ഭീഷണി സമൂഹത്തെ ഭയപ്പാടിലാക്കുന്നു. ക്യാന്‍സറും പക്ഷാഘാതവും ഹൃദ്രോഗങ്ങളും പെരുകി.

യഥാസമയം രോഗബാധയുണ്ടാക്കുന്ന വൈറസ്സോ, ബാക്ടീരിയയോ കണ്ടെത്താനുള്ള പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കാ‌ന്‍ പോലും ആരോഗ്യ വകുപ്പിനാകുന്നില്ല. മാലിന്യവും മാറാരോഗങ്ങളും കേരളീയ ജീവിതത്തെ മഹാവിപത്തിലേക്കാണ് തള്ളിവിടുന്നത്. വരും തലമുറയോട് ചെയ്യുന്ന മഹാപാതകത്തിന് തടയിടാനുള്ള ബാദ്ധ്യത നമുക്കുണ്ട്.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 9, സെപ്തംബ‌‌ര്‍ 2011)

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

ഹസാരെ സമരങ്ങളെ സര്‍ക്കാ‌ര്‍ ഭയപ്പെടുന്നതെന്തിന്

അണ്ണാ ഹസാരെയെന്ന 72 കാരനെ സര്‍ക്കാ‌ര്‍ ഭയപ്പെടുന്നതെന്തിന്? പൊതുസമൂഹത്തിന് വേണ്ടി അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ജ‌ന്‍-ലോക്പാ‌ല്‍ ബില്ലിനെയാണോ, അതോ അദ്ദേഹത്തിന്‍റെ സമരശൈലിയെയാണോ സര്‍ക്കാ‌ര്‍ ഭയപ്പെടുന്നത്? കൂടുതല്‍ ശക്തമായ ഒരു അഴിമതി നിരോധന നിയമം ആവശ്യപ്പെട്ടുകൊണ്ട് 2011 ഏപ്രിലില്‍ അണ്ണാ ഹസാരെ നടത്തിയ സമരമാണ് പൊതുജനങ്ങള്‍ക്കിടയി‌ല്‍ ഈ ബില്ലിനെ ചര്‍ച്ചയാക്കിയത്. ലോക്പാ‌ല്‍ ബില്ലിന്‍റെ കരടുണ്ടാക്കുന്നതിന് സര്‍ക്കാ‌ര്‍ പ്രതിന്ധികളും, ഒപ്പം പൊതുസമൂഹത്തിന്‍റെ പ്രതിനിധികളുമുള്‍പ്പെട്ട ഒരു സംയുക്ത സമിതി വേണമെന്ന ആവശ്യവുമായി നടത്തിയ സമരം, പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനശ്രദ്ധ നേടി. വിവിധ മേഖലകളില്‍ നിന്നും പിന്തുണ നേടുവാ‌ന്‍ ഹസാരെക്ക് സാധിച്ചു. ഇന്ത്യയിലെ യുവജനതയുടെ പിന്തുണയും, അതുവഴി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയുള്ള പ്രചരണങ്ങളും പ്രതിഷേധങ്ങളും പെട്ടെന്ന് പടര്‍ന്നു. പ്രമുഖനഗരങ്ങളിലെല്ലാം തന്നെ അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തുന്ന ചെറുസംഘങ്ങ‌ള്‍ രംഗത്ത് വന്നു. സ്ഥിരമായി അഴിമതിക്കെതിരെ ശബ്ദിക്കുന്നഒരു കൂട്ടം ആളുകളെക്കൂടാതെ, ഒരു പറ്റം പുതിയ ആളുകളെ രംഗത്തിറക്കാന്‍ ഹസാരെ സമരത്തിന് കഴിഞ്ഞുവെന്നതാണ് ഇതില്‍ കാണേണ്ടുന്ന പ്രത്യേകത. ഹസാരെയുടെ സമരത്തിന് പിന്നില്‍ ഏതെല്ലാം ശക്തിക‌ള്‍ ഉണ്ടെന്ന് പറഞ്ഞാലും, രാജ്യത്ത് അഴിമതിക്കഥക‌ള്‍ മാത്രം പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങ‌ള്‍ പരിഗണിക്കാതിരിക്കാ‌ന്‍ കഴിയില്ല. പ്രത്യേകിച്ച് ടു-ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ലാറ്റ് തുടങ്ങി വലിയ തുകയുടെ അഴിമതിക്കഥക‌ള്‍ കേട്ട് സ്തബ്ധരായിപ്പോയ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഹസാരെയും കൂട്ടരും വച്ച നിര്‍ദ്ദേശങ്ങ‌ള്‍ പ്രത്യാശയുടേതായിരുന്നു.

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയി‌ല്‍, ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും ഈ വിഷയം തന്നെ. മുന്‍ സുപ്രീം കോടതി ജഡ്ജി സന്തോഷ് ഹെഗ്ഡെ, സുപ്രീം കോടതി സീനിയ‌ര്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, പൊതുപ്രവര്‍ത്തകനായ അരവിന്ദ് കേജരിവാ‌ള്‍ എന്നിവ‌ര്‍ ചേര്‍ന്ന് തയ്യാറാക്കിയ ജ‌ന്‍-ലോക്പാ‌ല്‍ ബില്ലാണ് അണ്ണാ ഹസാരെയും സംഘവും മുന്നോട്ട് വയ്ക്കുന്നത്. സ്വാഭാവികമായും സര്‍ക്കാ‌ര്‍ നിര്‍ദ്ദേശിക്കുന്ന ലോക്പാ‌ല്‍ ബില്ലുമായി താരതമ്യം ചെയ്യുമ്പോ‌ള്‍ വ്യത്യസ്തമായ നിര്‍ദ്ദേശങ്ങ‌ള്‍ ഉണ്ട് താനും. ഇതില്‍ പ്രധാനമായത്, പ്രധാനമന്ത്രിയെയും സുപ്രീം കോടതി ജഡ്ജിമാരെയും ലോക്പാലിന്‍റെ പരിധിയി‌ല്‍ നിന്ന് ഒഴിവാക്കുക എന്ന സര്‍ക്കാരിന്‍റെ വ്യവസ്ഥയാണ്. ഇതില്‍ തട്ടിയാണ് ഹസാരെയുടെ ആദ്യത്തെ സമരത്തിന്‍റെ ഫലമായി രൂപീകരിച്ച സംയുക്തസമിതിയുടെ ചര്‍ച്ചക‌ള്‍ വഴിമുട്ടിയതും, ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹപ്രതിനിധികള്‍, തുടര്‍ന്നുള്ള യോഗങ്ങളി‌ല്‍ പങ്കെടുക്കാനുള്ള താത്പര്യമില്ലായ്മ അറിയിച്ചുകൊണ്ട് സമിതി അദ്ധ്യക്ഷനായ പ്രണാബ് മുഖര്‍ജിക്ക് കത്തെഴുതിയതും. ഒരല്പംകൂടി കടന്ന് ഹസാരെയും കൂട്ടരും തുടര്‍ന്നുള്ള ചര്‍ച്ചകളി‌ല്‍ പങ്കെടുക്കണമെങ്കി‌ല്‍ യോഗനടപടിക‌ള്‍ തത്സമയം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യണമെന്നുകൂടി ആവശ്യപ്പെടുന്നു. ഇത്തരം നിലപാടുകള്‍ ഹസാരെയുടെ സമരത്തിന് നല്‍കുന്ന സുതാര്യത ചെറുതല്ല. അതുകൊണ്ട്തന്നെയാവണം ഈ സമരം ജനശ്രദ്ധയാകര്‍ഷിച്ചതും. രാംലീലാ മൈതാനിയില്‍ ജൂ‌ണ്‍ മാസം ബാബാ രാംദേവും കൂട്ടരും നടത്തിയ സമരനാടകങ്ങള്‍ യഥാര്‍ത്ഥത്തി‌ല്‍ ശരിയായ പ്രശ്നത്തില്‍ നിന്നും ജനശ്രദ്ധയകറ്റുകയും ചെയ്തു.

ആഗസ്ത് 16 ന്, രാവിലെ 7. 30 ന് അണ്ണാ ഹസാരെ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സര്‍ക്കാരിന്‍റെ നിലപാടിനെ കൂടുത‌ല്‍ സംശയത്തോടെയാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ കാണുന്നത്. ഹസാരെയും കൂട്ടരും നടത്തുമെന്ന് പ്രഖ്യാപിച്ച സമാധാനപരമായ സമരങ്ങളെ നിര്‍ബന്ധമായി തടയുക, അതിന് വ്യവസ്ഥക‌ള്‍ നിര്‍ദ്ദേശിക്കുക, നിരാഹാരസമരത്തിന് മുന്‍പ് തന്നെ അറസ്റ്റ് ചെയ്ത് നീക്കുക തുടങ്ങിയ സര്‍ക്കാ‌ര്‍ നീക്കങ്ങ‌ള്‍, ജനാധിപത്യത്തി‌ല്‍ അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രത്തിന് അഭികാമ്യമല്ല. നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്‍റിനും, അതുവഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാണ് എന്നാണ് പ്രധാനമന്ത്രി തന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞത്. പൊതുജനങ്ങള്‍ക്കുവേണ്ടി, അവര്‍കൂടി നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥക‌ള്‍ ഉള്‍പ്പെടുത്തിയാണ് ജനപ്രതിനിധിക‌ള്‍ നിയമനിര്‍മ്മാണം നടത്തേണ്ടുന്നത്. ഈ നിയമങ്ങള്‍ പൊതുസമൂഹത്തിന് വേണ്ടിയാണെന്നും, ഹസാരെയുള്‍പ്പെട്ട ചില‌ര്‍ (അവര്‍ പൊതുസമൂഹത്തിന്‍റെ പ്രതിനിധികളാണ് എന്ന് സര്‍ക്കാ‌ര്‍ തന്നെ അംഗീകരിച്ചാണ് നിയമ നിര്‍മ്മാണ സമിതിയില്‍ ഉള്‍പ്പെടുത്തിയത്)നിയമ നിര്‍മ്മാണത്തിനുള്ള വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചു എന്ന കാരണംകൊണ്ട് ഇത് അംഗീകരിക്കാനാവില്ല എന്നും പറയുന്നത് കേവലം പിടിവാശി മാത്രമാണ്, അല്ലെങ്കില്‍ ഒരു സാങ്കേതികത്വം മാത്രമാണ്. പാര്‍ലമെന്‍റിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതല്ല ഹസാരെയുടെ സമരം. നിര്‍ദ്ദേശങ്ങ‌ള്‍ വയ്ക്കാനും, ചര്‍ച്ച ചെയ്യാനും അതുപോലെതന്നെ പ്രതിഷേധിക്കുവാനുമുള്ള പൗരന്‍റെ അവകാശത്തിന് കൂച്ചുവിലങ്ങിടുന്ന നീക്കങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങ‌ള്‍ ഉണ്ടാക്കും.

ഗാന്ധിയന്‍ സമര മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യ നേടിയ സ്വാതന്ത്ര്യം ചരിത്രത്തിന്‍റെ ഏടുകളില്‍ സുവര്‍ണ്ണ ലിപികളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ ആശയസംഹിതകളി‌ല്‍ വിശ്വസിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃത്വമാണ് ഗാന്ധിയ‌ന്‍ സമര ശൈലി പിന്‍തുടര്‍ന്ന ഹസാരെയെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന വിരോധാഭാസത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നു ഇന്ത്യന്‍ ജനതക്ക്.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 8, ആഗസ്ത് 2011)

മീനച്ചില്‍ പദ്ധതിക്ക് വേണ്ടി മൂവാറ്റുപുഴയാറിനെ കൊല്ലേണ്ട

മൂവാറ്റുപുഴയാറിലെ ജലം ഉപയോഗിച്ച്, അശാസ്ത്രീയമായ ഒരു പദ്ധതി നടപ്പാക്കുന്നതിനായി ബഡ്ജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചതു വഴി, മൂവാറ്റുപുഴയാറിന്‍റെ തീരത്ത് ജീവിക്കുന്ന ജനസമൂഹമുള്‍പ്പടെ, ഒരു വലിയ ജനത ആശങ്കയിലായിരിക്കുകയാണ്. ജനപ്രതിനിധികളും പൊതുജനങ്ങളും ഈ പദ്ധതിയുടെ ദോഷവശങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. മുന്‍പ്, വിദഗ്ധസമിതി പഠിച്ച്, പ്രായോഗീകമല്ലെന്ന് വിധിയെഴുതിയ പദ്ധതി വീണ്ടും നടപ്പാക്കുവാന്‍ തുനിയുന്നതിന് പിന്നിലുള്ള വികാരമെന്തായിരിക്കണം? നിലവിലുള്ള പദ്ധതികള്‍ക്ക് പുറമെ, ചേര്‍ത്തല-വൈക്കം താലൂക്കുകള്‍, കൊച്ചി കോര്‍പ്പറേഷന്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ താമസിക്കുന്നയാളുകള്‍ക്ക് ജീവജലം എത്തിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മൂവാറ്റുപുഴയാറില്‍ അധികജലം ഇല്ല എന്നത് വസ്തുതയാണ്.

ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് ദോഷകരമാകുന്ന പദ്ധതി കൊണ്ട്, മറ്റൊരു പ്രദേശത്തെ ജനങ്ങളെ സഹായിക്കാന്‍ ശ്രമിക്കുന്നതിനെ, കേവലം സ്വാര്‍ത്ഥതയെന്ന വാക്ക് കൊണ്ടുമാത്രമേ വിശേഷിപ്പിക്കാനാകൂ. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന ജനസമൂഹത്തിനൊപ്പമായിരിക്കണം ഏതൊരു സാംസ്ക്കാരികപ്രവര്‍ത്തകനും നിലകൊള്ളേണ്ടത്. ഈ വിഷയത്തിലുള്ള പ്രത്യേക പതിപ്പായിട്ടാണ് ജൂലൈ ലക്കം പുറത്തിറങ്ങുന്നത്. ഈ വിഷയത്തില്‍ ലഭ്യമായ വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. പൊതുജനങ്ങളും, വിശിഷ്യാ മേളയുടെ അംഗങ്ങള്‍ ഈ വിഷയത്തില്‍ ബോധവാന്മാരാവുകയും പ്രതികരിക്കുകയും വേണം. പ്രതികരിക്കാതിരിക്കുന്നത് ഒരുപക്ഷേ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 7, ജൂ‌ലൈ 2011)