ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 17, 2011

Care for the aged...

വാര്‍ദ്ധക്യം ഒരു ശാരീരിക അവസ്ഥ എന്നതിലുപരി ഒരു ശാരീരിക ബാദ്ധ്യതയായിതീരുന്ന സാഹചര്യത്തിലാണ് മലയാളിയുടെ ജീവിതം ഇപ്പോള്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. കരുതലും സംരക്ഷണവും വേണ്ടുന്ന കാലത്ത് അത് ലഭിക്കാതെ വരുന്ന വൃദ്ധസമൂഹത്തിന്‍റെ എണ്ണം നാള്‍ക്കുനാ‌ള്‍ വര്‍ദ്ധിച്ചുവരുന്നു. വൃദ്ധസദനങ്ങളില്‍ പോലും സാന്ത്വനം ലഭിക്കാതെവരുന്ന വൃദ്ധ മാതാപിതാക്ക‌ള്‍ ഏത് വ്യവസ്ഥയുടെ കുറ്റമാണ്? പുതിയ സാമൂഹിക ക്രമം തലമുറകള്‍ക്കിടയി‌ല്‍ സൃഷ്ടിച്ച അന്തരമാണെന്ന ഉത്തരം പോലും നീതിക്ക് നിരക്കുന്നതാണോ? മാറിയ മൂല്യബോധവും സാമ്പത്തിക അവസ്ഥയും ചേര്‍ന്ന് സൃഷ്ടിക്കുന്ന പുത്ത‌ന്‍ ചിന്താക്രമങ്ങള്‍ക്കിടയി‌ല്‍ വൃദ്ധസദനങ്ങള്‍ പച്ചപിടിച്ച് നില്‍ക്കുന്നു. വിദേശങ്ങളില്‍ ജോലിയെടുക്കുന്ന മക്കള്‍ക്ക് വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കനുള്ള ഇടമായിട്ടാണ് സദനങ്ങള്‍ പിറന്നത്. സ്വദേശിജോലിക്കാര്‍ക്കും അച്ഛനമ്മമാരെ ഒഴിവാക്കാ‌ന്‍ പറ്റുന്ന ഇടമായി ഇന്നത് പരിണമിച്ചിരിക്കുന്നു. മക്കളുടെ കൂടെ ജീവിത സായാഹ്നം ചിലവഴിക്കുന്നത് ബുദ്ധിമുട്ടായിക്കണ്ട്, സ്വയം വൃദ്ധസദനങ്ങള്‍ തെരഞ്ഞെടുക്കുന്ന മാതാപിതാക്കളുടെ എണ്ണവും ഇന്ന് കുറവല്ല. സമാന മനസ്ക്കരായിട്ടുള്ളവരോടൊത്തുള്ള ജീവിതവും പങ്കുവക്കലുകളും ആരാണാഗ്രഹിക്കാത്തത്?

മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരം നേടുകയും 480ഓളം സിനിമകളില്‍ അഭിനയിക്കുകയും ആയിരക്കണക്കിന് നാടകവേദികളി‌ല്‍ അവിഭാജ്യ ഘടകവുമായിരുന്ന കോഴിക്കോട് ശാന്താദേവി ഇപ്പോ‌ള്‍ വൃദ്ധസദനത്തിലാണ് കഴിയുന്നത്. സമ്പന്നമായ ഒരു ഭൂതകാലം ഉണ്ടെന്ന് നാം വിശ്വസിച്ചിരുന്ന ഒരു കലാകാരിയുടെ ജീവിതസായന്തനം പോലും ഇത്തരത്തിലാണെങ്കില്‍, അറിയപ്പെടാത്ത എത്ര ശാന്താദേവിമാര്‍ നമുക്കിടയി‌ല്‍ ഉണ്ടാകും? അവരെയെല്ലാം സംരക്ഷിക്കാന്‍, ഉള്‍ക്കൊള്ളാ‌ന്‍ നമ്മുടെ വൃദ്ധസദനങ്ങള്‍ക്കാകുമോ?

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 9, സെപ്തംബ‌ര്‍ 2010)

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കായികലോകത്തിന് നാണക്കേട്

ദില്ലിയില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇനി ഏതാനും ദിവസങ്ങ‌ള്‍ മാത്രം ബാക്കി നില്‍ക്കെ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണങ്ങള്‍ ഗെയിംസിന്‍റെ വിജയസാദ്ധ്യതക്കുമേ‌ല്‍ നിഴ‌ല്‍ വീഴ്ത്തിയിരിക്കുന്നു. അന്താരാഷ്ട്രനിലവാരമുള്ള സൗകര്യങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സമയബന്ധിതമായി ഒരുക്കേണ്ട ഗെയിംസിന്, ചോരുന്ന മേല്‍ക്കൂരയുള്ള സ്റ്റേഡിയങ്ങളും അഴിമതിയാരോപണങ്ങളും സംഘാടകസമിതിക്ക് ലഭിക്കുന്ന വ്യാജ ഇ-മെയി‌ല്‍ സന്ദേശങ്ങളും മാത്രമാണ് അവകാശപ്പെടാനുള്ളത്. പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിലും ആശങ്ക ഉയര്‍ന്നുകഴിഞ്ഞു. കുറഞ്ഞ നിലവാരത്തിലുള്ള സാമഗ്രികളുപയോഗച്ച് പണിതീര്‍ത്ത സ്വിമ്മിംഗ് പൂ‌ള്‍ ഉള്‍പ്പടെയുള്ളവ ആരോപണവിധേയമായി കഴിഞ്ഞു. ഗെയിംസ് നടത്തിപ്പ് ഏറ്റെടുത്തപ്പോ‌ള്‍ കണക്കാക്കിയ തുകയേക്കാ‌ള്‍ ഇരട്ടിയോളം തുക ചിലവ് വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ഇതിനോടകം സംഘാടക സമിതിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറ‌ല്‍ ടി. എസ്. ദര്‍ബാരിയെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സസ്പെന്‍റ് ചെയ്തിട്ടുണ്ട്. കൂടാതെ ട്രഷറാ‌ര്‍ അനി‌ല്‍ ഖന്ന രാജിവച്ചിരിക്കുന്നു. ഇത്തരത്തില്‍ ഉന്നത‌ര്‍ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തി‌ല്‍ ഗെയിംസിന് പൊതുമേഖലാ സ്ഥാപനങ്ങ‌ള്‍ സാമ്പത്തിക സഹായം നല്‍കിയേക്കില്ല എന്ന അഭ്യൂഹവും പരന്നിരിക്കുന്നു. സര്‍ക്കാ‌ര്‍ സംഘാടക സമിതിക്ക് അനുവദിച്ച തുക ടെലിവിഷ‌ന്‍ അവകാശം, ടിക്കറ്റ് വില്പന എന്നിവയിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് തിരിച്ചുനല്‍കാമെന്നാണ് സമിതിയുടെ വാഗ്ദാനം. അഴിമതിയാരോപണങ്ങളുടെ കുരുക്കിലായ സുരേഷ് കല്‍മാഡി ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും തീയില്ലാതെ പുക ഉയരില്ല എന്ന സാധാരണക്കാരന്‍റെ മനശാസ്ത്രമാണ് ഭൂരിപക്ഷം കായികപ്രേമികള്‍ക്കും ഉള്ളത്. പക്ഷേ, അവസാന നിമിഷം എല്ലാ കഴിവും പുറത്തെടുത്ത് വീഴ്ചകളെല്ലാം പരിഹരിച്ച്, മികച്ച രീതിയില്‍ ഗെയിംസ് നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് കല്‍മാഡി.

നികുതിദായകനായ സാധാരണ ജനത്തെ അമ്പരപ്പിക്കുന്ന നാടകങ്ങള്‍ അരങ്ങേറുമ്പോ‌ള്‍ ആശങ്കയിലാവുന്നത് രാജ്യത്തെ കായിക ലോകവും കൂടിയാണ്. ഇന്ത്യയെക്കാള്‍ താരതമ്യേന ചെറിയ രാജ്യങ്ങ‌ള്‍ ലോകനിലവാരമുള്ള അത്‌ലറ്റുകളെയും ഇതര ഗെയിംസിനങ്ങളി‌ല്‍ താരങ്ങളെയും വാര്‍ത്തെടുക്കുമ്പോ‌ള്‍ നമ്മുടെ രാജ്യം ഇത്തരം ആരോപണങ്ങളിലൂടെയും നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളിലൂടെയും പൊതുസമൂഹത്തിന് മുന്‍പി‌ല്‍ പരിഹാസ്യരാവുകയാണ്. വനിതാ ഹോക്കി പരിശീലകനെതിരായുള്ള ലൈംഗികാരോപണങ്ങ‌ള്‍ പോലുള്ള നാണക്കേടുകളി‌ല്‍, എവിടെയാണ്, ആര്‍ക്കാണ് പിഴക്കുന്നത്? തിരുത്തല്‍ ശക്തിക‌ള്‍ ഇടപെടട്ടെ. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാ‌ന്‍ ശ്രമിക്കാതെ ശാശ്വതപരിഹാരത്തിനായുള്ള ആത്മാര്‍ഥമായ ശ്രമം എല്ലാവരുടേയും ഭാഗത്തു നിന്നും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ട് പോകുന്നു. ആശ കൈവെടിയാതെ നല്ല ഓണവും റംസാനും ആശംസിക്കുന്നു.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 8, ആഗസ്ത് 2010)

സാംസ്ക്കാരിക കേരളം ലജ്ജിക്കട്ടെ

പ്രബുദ്ധസമൂഹം എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന കേരള സമൂഹത്തിന്‍റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ചില സംഭവങ്ങള്‍ മൂവാറ്റുപുഴയില്‍ അരങ്ങേറിയത് തീര്‍ത്തും അപലപനീയം തന്നെ. വിവാദമായ ചോദ്യപേപ്പര്‍ സംഭവത്തോടനുബന്ധിച്ച് അത് തയ്യാറാക്കിയ അദ്ധ്യാപകന്‍റെ കൈ, ഒരു സംഘം ആളുകള്‍ പട്ടാപ്പക‌ല്‍ വെട്ടിമാറ്റിയ കിരാതമായ പ്രവൃത്തി എന്തിന്‍റെ സൂചനയാണ്? രാജ്യത്തെ ജനങ്ങളുടെമേ‌ല്‍ എന്തടിച്ചേല്‍പ്പിക്കാനാണ് ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്? വിധി സ്വന്തം കൈകൊണ്ട് നടപ്പാക്കാന്‍ പദ്ധതിയിട്ടവ‌ര്‍ ഏത് തത്ത്വശാസ്ത്രത്തെയാണ് പാഠമാക്കുന്നത്? ഇത് സംബന്ധിച്ച് ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലും ഇന്‍റര്‍നെറ്റിലും പ്രചരിക്കുന്ന വാദപ്രതിവാദങ്ങളും എന്താണ് ജനങ്ങളോട് സംവദിക്കുന്നത്? വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടയാളുക‌ള്‍ സമാധാനപൂര്‍വ്വം കഴിഞ്ഞുവരുന്ന കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു കറുത്ത ഏടായി ഈ സംഭവം അവശേഷിക്കും. ചോദ്യപേപ്പര്‍ സംഭവത്തോടനുബന്ധിച്ച് മാനേജ്മെന്‍റ് ഭാഗത്ത് നിന്നും ശിക്ഷാ നടപടികളും അന്വേഷണങ്ങളും നേരിട്ടുവരികയായിരുന്നു അദ്ധ്യാപക‌ന്‍ എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യം തന്നെ. പ്രകോപനം എന്തുതന്നെ ആയിരുന്നാലും മതമൗലീകവാദികളായ ഒരു കൂട്ടം ആളുക‌ള്‍ ചെയ്ത കടുംകൈ, മതേതര-ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം.

ഈ സംഭവത്തോടനുബന്ധിച്ച് ഒരു വര്‍ഗീയ കലാപം ഉണ്ടാകാത്ത തരത്തി‌ല്‍ സര്‍ക്കാ‌ര്‍ സംവിധാനം പ്രവര്‍ത്തിച്ചുവെന്നതും, മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക സംഘടനകള്‍ അവസരോചിതമായി ഇടപെട്ടുവെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന നിയമസഭയും സംഭവത്തെ ഒറ്റ സ്വരത്തില്‍ അപലപിച്ചു. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, ഇരു മതവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിവിധ സംഘടനകളും, മറ്റ് ജനാധിപത്യ സാമൂഹ്യ സംഘടനകളും ഈ സംഭവത്തെ അപലപിച്ച് രംഗത്ത് വന്നുവെന്നത് രാജ്യത്തെ നിഷ്പക്ഷരായ ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷയേകുന്നു.

ആവിഷ്ക്കാര സ്വാതന്ത്ര്യം തുടര്‍ച്ചയായി മതഭ്രാന്തന്മാരാ‌ല്‍ ആക്രമിക്കപ്പെടുന്ന കാഴ്ച രാജ്യത്ത് കുറച്ചു കാലമായി നാം കണ്ടു വരുന്നു. ഇത്തരം പ്രവണതകള്‍ അവസരോചിതമായി ഇടപെട്ട് എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടത് ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ കൂട്ടായ്മകളുടെ കടമയാണ്. അതേസമയം സൃഷ്ടിപരമായ മേഖലകളില്‍ വിഹരിക്കുന്ന കലാകാരന്മാരും, ബൗദ്ധിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വ്യക്തികളും, പൗരന്മാരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാ‌ന്‍ ശ്രദ്ധിക്കേണ്ടതും ആവശ്യം തന്നെ. എന്തുതന്നെയായാലും, വിവാദമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന്‍റെ കൈ പട്ടാപ്പക‌ല്‍ വെട്ടിമാറ്റിയ താലിബാന്‍ മാതൃകയിലുള്ള അതിക്രമങ്ങ‌ള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാ‌ന്‍ ആവശ്യമായ എല്ലാം നാം ചെയ്യേണ്ടിയിരിക്കുന്നു. ഈ സംഭവത്തില്‍ സാംസ്ക്കാരിക കേരളം ലജ്ജിക്കട്ടെ.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 7, ജൂ‌ലൈ 2010)

ചില വീട്ടുകാര്യങ്ങള്‍

അവധി കഴിഞ്ഞ് പുതുമണം മാറാത്ത പുസ്തകങ്ങളും പുത്തനുടുപ്പുമായി ചാറ്റ‌ല്‍ മഴ തീര്‍ക്കുന്ന നനുത്ത അന്തരീക്ഷത്തി‌ല്‍ പുതിയ കൂട്ടുകാരോടൊപ്പം സ്ക്കൂളിലെത്താനൊരുങ്ങുന്ന ഒരു കുഞ്ഞിന്‍റെ ആവേശത്തോടെയാണ് ഇക്കുറി പുതുതായി ചുമതലയേറ്റ പത്രാധിപസമിതി വോയ്സ് ഓഫ് മേളയെ ഒരുക്കുന്നത്.

കെട്ടിലും മട്ടിലും മാറ്റങ്ങളില്ല. ഉള്ളടക്കത്തി‌ല്‍ ചെറിയ മാറ്റങ്ങള്‍ക്കും പുതിയ പംക്തികള്‍ക്കും ഇക്കുറി തുടക്കം കുറിക്കുന്നുണ്ട്. ഇന്‍റര്‍നെറ്റി‌ല്‍ ലഭ്യമായ, ‘അവനവന്‍ പ്രസാധന’യെന്ന് വിശേഷിപ്പിക്കാവുന്ന ബ്ലോഗുകളെ പരിചയപ്പെടുത്തുന്നതിനായി ‘ബ്ലോഗുലകം’ എന്ന പംക്തി, പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന ‘വായനശാല’ തുടങ്ങിയ പംക്തിക‌ള്‍ ഇത്തവണ മുത‌ല്‍ വായനക്കാരിലെത്തും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരുന്ന ‘ടാക്കീസ്’ - സിനിമാ ആസ്വാദനം ഇക്കുറിയും ഉണ്ടാകും. ഇവ കൂടാതെ വോയ്സ് ഓഫ് മേളക്ക് ഉചിതമെന്ന് അംഗങ്ങള്‍ക്ക് തോന്നുന്ന നിര്‍ദ്ദേശങ്ങളും പരിഗണിക്കുന്നതാണ്.

മേള അംഗങ്ങളും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട പൊതുതാത്പര്യമുള്ള വാര്‍ത്തക‌ള്‍ യഥാസമയം പത്രാധിപസമിതിക്ക് തരിക. ഉചിതമായവ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കും. ഇത്തരം വാര്‍ത്തകളും വിശേഷങ്ങളും പ്രസിദ്ധീകരിക്കുന്നത് ആരെയും പുകഴ്ത്താനുദ്ദേശിച്ചല്ല. പക്ഷേ, ചിലര്‍ക്കെങ്കിലും ഇത് പ്രചോദനമായേക്കാം. ലേഖനങ്ങള്‍, കഥ, കവിത തുടങ്ങിയവയും ഞങ്ങള്‍ക്ക് തരിക. എന്തായാലും എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ച കിട്ടത്തക്ക വിധം മാറ്ററുകള്‍ തരണം. മാറ്ററുകളും ചിത്രങ്ങളും മേളയുടെ ഓഫീസില്‍ നേരിട്ടോ പോസ്റ്റിലോ editormela@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കാവുന്നതാണ്.

മേള വാര്‍ത്തകളും മറ്റ് അറിയിപ്പുകളും ഇന്‍റര്‍നെറ്റി‌ല്‍ ലഭ്യമാക്കാനുദ്ദേശിച്ചുകൊണ്ട്, മേളക്കായി ഒരു ‘ബ്ലോഗ്’ ആരംഭിക്കുന്നതിനും അംഗങ്ങളെ യഥാസമയം sms മുഖേന വിവരങ്ങള്‍ അറിയിക്കാനും ഇക്കുറി ശ്രമിക്കുന്നുണ്ട്. ഇത്തരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന എല്ലാ അംഗങ്ങളും അവരുടെ ഇ-മെയില്‍ വിലാസവും മൊബൈ‌ല്‍ നമ്പറും മേളാ ഓഫീസിലോ, editormela@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കുന്നത് ഈ സംരംഭം വിജയിപ്പിക്കാ‌ന്‍ ഏറെ സഹായിക്കും.

പ്രതികരണങ്ങള്‍ സത്യസന്ധമായി സമയാസമയങ്ങളി‌ല്‍ അറിയിക്കുക എന്ന ജോലി നിങ്ങളുടേതാണ്. അത് ഞങ്ങള്‍ക്ക് പ്രോത്സാഹനമാകും.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 6, ജൂ‌‌ണ്‍ 2010)

മെയ്

പ്രതീക്ഷിക്കുക

ഏപ്രില്‍

പ്രതീക്ഷിക്കുക

വ്യാഴാഴ്‌ച, ഡിസംബർ 08, 2011

മാര്‍ച്ച് 8, ലോക വനിതാ ദിനം

ലോകമെങ്ങുമുള്ള വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ദിനം പക്ഷേ, ഇന്ത്യക്കത് നാണക്കേടിന്‍റെ ദിനമായിരുന്നു.

സ്ത്രീ സംവരണ ബില്‍ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യസഭയി‌ല്‍ അരങ്ങേറിയ സംഭവങ്ങ‌ള്‍ എന്തിലേക്കാണ് വിര‌ല്‍ ചൂണ്ടുന്നത്? ഒരു വോട്ടിന്‍റെ പിന്‍ബലത്തി‌ല്‍ (186/187) മാത്രം പാസ്സാക്കാവുന്ന അഥവാ പാസ്സാക്കേണ്ടുന്ന ഒരു ബില്ലാണോ 33% സ്തീസംവരണം?. പാര്‍ലമെന്‍റില്‍ 33% സംവരണം കൊണ്ട് തീരുന്ന പ്രശ്നങ്ങളാണോ ഇന്ത്യയില്‍ സ്ത്രീക‌ള്‍ നേരിടുന്നത്? അല്ലെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞുകൊണ്ടു തന്നെ ഇന്ത്യയിലെ സാധാരണക്കാരായ ജനസാമാന്യം, സ്ത്രീസംവരണത്തെ പിന്‍താങ്ങിയത് മറ്റ് പലതും മനസ്സി‌ല്‍ വച്ചുകൊണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ആണ്ടുകള്‍ പിന്നിടുമ്പോഴും സ്ത്രീകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങ‌ള്‍ നിയമ നിര്‍മ്മാണ സഭയുടെ ഉയര്‍ന്ന തലത്തി‌ല്‍ - പാര്‍ലമെന്‍റില്‍ - അവഗണിക്കപ്പെടുന്നു. ഇതിനൊരു മാറ്റം വരുത്തുവാനെങ്കിലും കഴിയുമെന്ന ചെറിയ വിശ്വാസമാണ് സാധാരണക്കാരെ ബില്ലി‌ല്‍ വിശ്വാസമര്‍പ്പിക്കാ‌ന്‍ ഇടയാക്കിയത്. രാജ്യസഭയില്‍ ഡെപ്യൂട്ടി സ്പീക്ക‌ര്‍ മീരാകുമാറിന്‍റെ സീറ്റിനടുത്തെത്തി മൈക്ക് ഒടിച്ചും പേപ്പ‌ര്‍ കീറിയെറിഞ്ഞും കൂക്കിവിളിച്ചും ബില്ലിനെ ഇല്ലാതാക്കാ‌ന്‍ കഴിയുമെന്ന വിശ്വാസമുള്ള ഉപജാപക രാജകുമാരന്മാരുള്ള നാട്ടി‌ല്‍ ഒരു വോട്ടിന്‍റെ ഭൂരിപക്ഷ വലുപ്പം ‘ഇമ്മിണി ബല്ല്യൊന്നാണെ’ന്ന തിരിച്ചറിവ് ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
***************
ഒസ്ക്കാറിന്‍റെ ചരിത്രത്തിലാദ്യമായി ഒരു വനിത - കാതറി‌ന്‍ ബിഗലോ - മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടതും മാര്‍ച്ച് 8 നായിരുന്നു. ഇറാഖ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ‘ദ് ഹര്‍ട്ട് ലോക്ക‌ര്‍’ തന്നെയായിരുന്നു 2008 ലെ മികച്ച ചിത്രവും. ഒരു വനിതാ സംവിധായിക സമ്മാനിതയായി എന്നതിലുപരി, ഹോളിവുഡിന്‍റെ നടപ്പുശീലങ്ങള്‍ക്കെതിരെയുള്ള ഒരു സമര പ്രഖ്യാപനം കൂടിയായിരുന്നു അവരുടെ നേട്ടം. 250 മില്ല്യ‌ണ്‍ ഡോള‌ര്‍ ചിലവഴിച്ച്, അതിലേറെ നേടിയ ജെയിംസ് കാമറൂണ്‍ ചിത്രം - അവതാറിനെ - വെറും 15 മില്ല്യണ്‍ ഡോളറുപയോഗിച്ച് നിര്‍മ്മിച്ച ഒരു കൊച്ചു ചിത്രം (ഹോളിവുഡിന്‍റെ കണ്ണില്‍ മാത്രം) അവാര്‍ഡുകളുടെ എല്ലാ മേഖലകളിലും അട്ടിമറിച്ച കാഴ്ച ആഹ്ലാദമുളവാക്കുന്നതായിരുന്നു. ടൈറ്റാനിക്കിന്‍റെയും അവതാറിന്‍റെയും സംവിധായക‌ന്‍ ജെയിംസ് കാമറൂണിന്‍റെ മു‌ന്‍ ഭാര്യ എന്ന വിശേഷണത്തി‌ല്‍ തളക്കപ്പെട്ട ജീവിതവും കരിയറുമായിരുന്നു കാതറിന്‍റേത്. ഒസ്ക്കാ‌ര്‍ പുരസ്ക്കാരത്തിന് ഒരേ വര്‍ഷം നോമിനേഷ‌ന്‍ നേടി, അതില്‍ വിജയിയായി പുറത്തുവരുമ്പോ‌ള്‍ അത് വെറുമൊരു നേട്ടമെന്നതിലുമപ്പുറം കാതറിന്‍റെ സ്വത്വ പ്രഖ്യാപനം കൂടിയാണ്. മികച്ച സംവിധാനത്തിന് ഡയറക്ടേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയുടെ അവാര്‍ഡ് നേടുന്ന ആദ്യ വനിതയെന്ന ബഹുമതിയും, ബ്രിട്ടീഷ് ബാഫ്റ്റ അവാര്‍ഡും ഒസ്ക്കാറിന് മുന്‍പേ കാതറിന്‍ സ്വന്തമാക്കിയിരുന്നു.

വനിതാ ദിനാഘോഷം നൂറ്റാണ്ട് തികയുന്ന ചരിത്രനിമിഷത്തി‌ല്‍, ഇന്ത്യ അതാഘോഷിച്ച രീതിയും ഒരു സ്ത്രീ ഒറ്റക്ക് നേടിയ - പൊരുതി നേടിയ - നേട്ടങ്ങളും (കാതറിന്‍ ബിഗലോ) നമ്മുടെ ഓര്‍മ്മയിലുണ്ടാവണം. കാരണം അതൊരു ചൂണ്ടുപലകയാണ്, രാജ്യം എങ്ങോട്ട് ഗമിക്കുന്നുവെന്നതിന്‍റെ!

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 3, മാര്‍ച്ച് 2010)