വരും
ലേഖനങ്ങള്‍/ഓര്‍മ്മകള്‍
- ഇ. ഇ. സി. മാര്‍ക്കറ്റ് - ഫ്ലാഷ് ബാക്ക്
- സത്യപ്രകാശുമാരും മുറുക്കാന്‍കടയും
- ഒരിക്കലും അവസാനിക്കാത്ത ഫിലിം ഫെസ്റ്റിവലുകളുടെ പ്ര...
- ഐറിന് ജേക്കബ് - നാട്ടിലെ താരം
- മികവ് തെളിയിച്ച വനിതാ സംരംഭക - ലേഖ ബാലചന്ദ്രന്
- സംഗീത സുപ്രഭാതത്തിന് നൂറിന്റെ നിറവ്
- കേരളത്തിന്‍റെ പ്രിയ പോള്‍ കോക്സ്
- സംഗീതകുലപതി ഡോ. എം. ബാലമുരളികൃഷ്ണ
- കെ. ജി. സുബ്രഹ്മണ്യം - ചിത്രകലയില്‍ ആധുനീകതയുടെ പത...
- ഗുണപാഠം - കഥപോലെയൊന്ന്
- മൊബൈല്‍ ഫോണ്‍ മര്യാദൈ
- വിദ്യാസാഗര്‍ തൊട്ടെടുത്ത ഗായിക - അഭിരാമി...
- പ്രകാശ് ഉള്ള്യേരി - വിരലുകളില്‍ മന്ത്രശക്തിയുള്ള ക...
- ചെറിപ്പഴത്തിന്റെ രുചി - അബ്ബാസ് കിരോസ്തമിയെക്കുറിച...
- വസന്തം വിരിയിച്ച വൈദഗ്ധ്യവുമായി ഒരു വിജയഗാഥ - ബെന്‍...
- ജ്ഞാനസന്നിധിയില്‍ തൊഴുകൈയ്യോടെ
- കനകധാരയിലെ സ്വാതിതിരുനാള്‍ (സ്വാതി എച്ച്. പദ്മനാഭനുമായി അഭിമുഖം)
- എന്തരോ മഹാനുഭാവലു... (ഷട്കാല ഗോവിന്ദ മാരാരെക്കുറിച്ച്)
- നവരാത്രി ബൊമ്മക്കൊലു-സമര്‍പ്പണത്തിന്റെ കലാസ്പര്‍ശം
വ്യാഴാഴ്‌ച, ഡിസംബർ 08, 2011
അരങ്ങൊഴിഞ്ഞ ജനനായകന് പ്രണാമം
ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ പൊതുജീവിതം ആരംഭിച്ച രാഷ്ട്രീയ നേതാക്കന്മാരില്‍
പ്രമുഖനായിരുന്ന ജ്യോതിബസു, ജ്വലിക്കുന്ന ഓര്‍മ്മകള്‍ ബാക്കിവച്ച് അരങ്ങൊഴിഞ്ഞു.
മുതിര്‍ന്ന സി. പി. എം. നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബസു
എല്ലാ വിഭാഗം ജനങ്ങളും ഇഷ്ടപ്പെട്ടിരുന്ന ജനനേതാവായിരുന്നു. വര്‍ഗപരമായ പരിമിതികള്‍
മറികടക്കാന്‍ സാധിച്ച അപൂര്‍വ്വം ദേശീയ നേതാക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഇ.
എം. എസ്. പ്രത്യയശാസ്ത്രപരമായി കാര്യങ്ങള്‍ അവതരിപ്പിച്ചുവെങ്കില്‍, ജ്യോതിബസു
അതിന്‍റെ പ്രായോഗികതയാണ് കാണുക.
1977 ജൂണ്‍ 21ന് ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ
ചെയ്ത ജ്യോതിബസു, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള
ബഹുമതിയുമായി 2000 നവംബര്‍ 6ന്
ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രിപദം വിട്ടു. ചരിത്രമായി മാറിയ വര്‍ഷത്തെ
ഭരണത്തിന് ശേഷം മുഖ്യമന്ത്രിപദമൊഴിഞ്ഞ ബസു കഴിഞ്ഞ രണ്ടു വര്‍ഷമായി പൂര്‍ണ്ണവിശ്രമത്തിലായിരുന്നു.
വാര്‍ദ്ധക്യസഹജമായ അവശതകളെ തുടര്‍ന്ന് കഴിഞ്ഞ കുറേക്കാലമായി അദ്ദേഹം
സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
1914 ജൂലൈ 8ന് കൊല്‍ക്കൊത്തയില്‍ ജനിച്ച ബസു,
ബ്രിട്ടനിലെ നിയമ പഠനകാലത്താണ് കമ്മ്യൂണിസത്തില്‍ ആകൃഷ്ടനായത്. 1940 ല്‍ നിയമപഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. 1964 ല്‍ സി. പി. എം. രൂപവത്ക്കരിച്ചപ്പോള്‍ ആദ്യ 9 അംഗ
പോളിറ്റ് ബ്യൂറോയില്‍ അംഗമായി. സി. പി. ഐ. (എം) കേന്ദ്ര കമ്മിറ്റിയംഗം, പോളിറ്റ് ബ്യൂറോ പ്രത്യേക ക്ഷണിതാവ് എന്നീ
നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ബിമന്‍ ബോസ് ഇടറിയ ശബ്ദത്തിലാണ് മരണ വിവരം അറിയിച്ചത്. "ജ്യോതി ബസൂ, ഞങ്ങള്‍
ഞെട്ടലിലാണ്" എന്നെഴുതിയ ബാഡ്ജുകളണിഞ്ഞ് ജനസാഗരം നിശബ്ദരായി തങ്ങളുടെ പ്രിയനേതാവിനെ
ഒരു നോക്കുകാണാനായി ആശുപത്രിക്ക് പുറത്ത് കാത്ത് നിന്നു. ഒരു ദേശീയ നേതാവ് കൂടി
കാലയവനികക്കുള്ളില്‍ മറഞ്ഞു. അതുല്യമായിരുന്നു ആ ജീവിതം.
ജ്യോതിബസുവിന്‍റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍.
(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 1, ജനുവരി 2010)
മലയാള ഭാഷയെ കണി കാണാന്‍ കിട്ടുമോ?
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാതൃഭാഷയായ മലയാളത്തിന് ഇന്ന്
ലഭിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് മലയാളികളായ നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ?
നമ്മള്‍ മലയാളികളാണെന്ന് വസ്ത്രധാരണത്തിലൂടെ വര്‍ഷത്തിലൊരിക്കല്‍ സ്വയം ഓര്‍മ്മപ്പെടുത്തുന്നത്
പോലെയോ, ദേശീയഭാഷയായ ഹിന്ദിയുടെ പ്രചരണാര്‍ത്ഥം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍
കാണുന്ന നോട്ടീസ് ബോര്‍ഡിലെ ‘ഒരു ദിവസം ഒരു ഹിന്ദി വാക്ക്’ എന്നത് പോലെയോ, സ്വന്തം ഭാഷയെ മലയാളികള്‍ക്ക്
പരിചയപ്പെടുത്തേണ്ട കാലം വിദൂരമല്ലെന്ന് തോന്നുന്നു. വ്യത്യസ്ത രീതിയിലുള്ള
വിദ്യാഭ്യാസ - CBSE, ICSE -
സമ്പ്രദായങ്ങളുടെ കടന്നുവരവോടെയാണ് ഇത്രയും ശോഷണം മലയാള ഭാഷക്ക് സംഭവിച്ചത്.
മാതൃഭാഷയെ അറിഞ്ഞോ അറിയാതെയോ നിഷേധിക്കുന്നതിലൂടെ, ജനിച്ച് വളര്‍ന്ന മണ്ണിന്‍റെ പാരമ്പര്യത്തെ, ഒരു സംസ്ക്കാരത്തെ തൊട്ടറിയുന്നതിനുള്ള പ്രവേശന കവാടത്തെയാണ്
കൊട്ടിയടക്കുന്നത്. ഇവിടെ പകരമായി വരുന്നത് ആഗോളഭാഷയായി വിശേഷിപ്പിക്കുന്ന
ഇംഗ്ലീഷാണ്. ഈയൊരു പരിധിക്കപ്പുറം ഇംഗ്ലീഷിന് നല്‍കുന്ന അമിത പ്രാധാന്യം മലയാളത്തിന്
വിനയായി തീരുന്നു. തെലുങ്കര്‍, തമിഴര്‍, മലയാളി തുടങ്ങിയ വിശേഷണങ്ങള്‍ ഭാഷയെ മുന്‍നിറുത്തിയാണെങ്കില്‍,
ഇന്നത്തെ നില തുടര്‍ന്നാല്‍, ‘മലയാളി’യുടെ സ്ഥാനത്ത് മറ്റേത് പദമാണ് ഉപയോഗിക്കേണ്ടി
വരിക എന്ന ആശങ്ക ഞാന്‍ വായനക്കാര്‍ക്ക് വിടുകയാണ്.
ഈയടുത്ത ദിവസം പ്രൈമറി വിഭാഗം ചിത്രരചനാ മത്സരത്തിനായി മേള നല്‍കിയ വിഷയം ‘കുളവും, താമരയും, അരയന്നങ്ങളും’ എന്നതായിരുന്നു. ഇതില്‍ അരയന്നങ്ങള്‍ എന്നാല്‍ എന്താണെന്ന്
ഭൂരിപക്ഷം കുരുന്നുകള്‍ക്കും മനസ്സിലായില്ല. അതിനായി swan എന്ന് തര്‍ജ്ജിമ ചെയ്ത്
കൊടുക്കേണ്ടി വന്ന സാഹചര്യമാണ് ഈ വിഷയം പത്രാധിപക്കുറിപ്പില്‍ കൈകാര്യം ചെയ്യുവാന്‍
പ്രേരണയായത്.
സ്വീഡന്‍കാരുടെ ഭാഷാപ്രേമത്തെ കുറിച്ച് മുന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍
യു. ആര്‍. അനന്തമൂര്‍ത്തി മാതൃഭൂമിയില്‍ പരാമര്‍ശിച്ചത് ഇവിടെ ഓര്‍ത്തുപോവുകയാണ്.
രണ്ട് സ്വീഡന്‍കാര്‍ പരസ്പരം കണ്ടാല്‍, നന്നായി ഇംഗ്ലീഷറിയാമെങ്കില്‍ക്കൂടി സ്വീഡിഷ്
ഭാഷ മാത്രമെ ഉപയോഗിക്കുവത്രെ. ഇത്രയുമോ, അല്ലെങ്കില്‍ തമിഴന്‍റെ ഭാഷാ പ്രേമത്തോളമോ
പോലെ തീവ്രമല്ലെങ്കിലും മലയാളത്തെ മറക്കാതിരിക്കുക, മലയാളത്തെ അറിയുക!
(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 39, ലക്കം 11, നവംബര്‍ 2009)
കവിതകള്‍ക്കായി ഒരു വിശേഷാല്‍ പതിപ്പ്
കവിതകള്‍ക്കായി ഒരു വിശേഷാല്‍ പതിപ്പ് എന്ന നിലയിലാണ് വോയ്സ് ഓഫ് മേള
ഇക്കുറി വായനക്കാരിലെത്തുന്നത്. വ്യത്യസ്തങ്ങളായ മട്ടും മാതിരിയുമുള്ള ഒരുപിടി
കവിതകള്‍ തെരഞ്ഞെടുത്ത് ഇങ്ങനെ അവതരിപ്പിക്കുന്നത് നന്നായിരിക്കുമെന്ന വിശ്വാസമാണ്
ഇതിന് പ്രേരിപ്പിച്ചത്. കേരളത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നുള്ള കവികളുടെ സൃഷ്ടികള്‍
ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്, ഒപ്പം തന്നെ നമ്മുടെ നാട്ടിലെ
സുഹൃത്തുക്കളുടെയും. ഓരോ കവിതയും ഒന്നിനൊന്ന് വ്യത്യസ്തമായ വിഷയങ്ങളാണ് കൈകാര്യം
ചെയ്യുന്നത്. ഒറ്റ വായനയില്‍ ഹൃദയത്തോടടുപ്പിച്ച് നിര്‍ത്താവുന്നതും, പലവുരു ആവര്‍ത്തിച്ചുള്ള
വായനയിലൂടെ ഹൃദയത്തിലൊട്ടി നില്‍ക്കുന്നതുമായ രചനകള്‍ ഇക്കൂട്ടത്തിലുണ്ട്.
പദ്യമായാലും ഗദ്യമായാലും എഴുതി ഫലിപ്പിക്കുന്നതിന് എഴുത്തുകാരന് അവശ്യം
വേണ്ടത് അനുഭവങ്ങളാണ്. ദൈനംദിന ജീവിതത്തില്‍ എല്ലാവര്‍ക്കും അനുഭവങ്ങള്‍
ഉണ്ടാകാം. പക്ഷേ അവയെ കാച്ചിക്കുറുക്കി സഹൃദയരുടെ മനസ്സുകളെ സ്പര്‍ശിക്കും വിധം പാകപ്പെടുത്തുന്നതിന്
പ്രത്യേക സിദ്ധിയുണ്ടാവണം.
കുറച്ച് കൊച്ചു കഥകള്‍ സമാഹരിച്ചുകൊണ്ട്, അവ ഉള്‍പ്പെടുത്തി, കുറുങ്കഥകള്‍ക്ക്
മാത്രമായി ഒരു വിശേഷാല്‍ പതിപ്പ് കൂടി ആഗ്രഹങ്ങളിലുണ്ട്. പോക്കറ്റ് സ്റ്റോറീസ് എന്ന തരത്തിലുള്ള കഥകളാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം കഥകള്‍ ഞങ്ങള്‍ക്കയക്കുക.
പ്രസിദ്ധീകരണയോഗ്യമായവ തെരഞ്ഞെടുത്ത് പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇത്തരം ശ്രമങ്ങള്‍ക്ക്
നിങ്ങള്‍ തരുന്ന പ്രോത്സാഹനങ്ങള്‍ക്ക് നന്ദി അറിയിക്കട്ടെ.
(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 39, ലക്കം 8, ഒക്ടോബര്‍ 2009)
ഓണം
തുമ്പി തുള്ളുന്ന മുറ്റം അനാഥമാകുന്ന വര്‍ത്തമാനകാലത്തേക്ക് ഒരോണം കൂടി
വരുന്നു. ‘ക്ലീഷേ’കളെന്നാക്ഷേപിക്കുമ്പോഴും ഒരുപാട്
ചരിത്രത്തിന്‍റെ തുമ്പക്കുടങ്ങള്‍ നമ്മുടെ ഏകാന്തതകളെ ഉണര്‍ത്തുന്നുണ്ട്. പക്ഷേ
അവയും ഇന്ന് മാര്‍ക്കറ്റിന്‍റെ ഓലക്കുടകള്‍ ചൂടുകയാണ്. നഷ്ടങ്ങള്‍
ഏറെയില്ലെങ്കിലും ശേഷിക്കുന്ന നമ്മുടെ ഇഷ്ടങ്ങളെയോര്‍ത്ത് നമുക്ക് മനസ്സില്‍
തൊട്ടുനില്‍ക്കാം.
(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 39, ലക്കം 8, ആഗസ്ത് 2009)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


