ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 17, 2011

തൃക്കാമ്പുറം - സഞ്ചരിക്കുന്ന വാദ്യകലാ എന്‍സൈക്ലോപീഡിയ

കേരളീയ സാംസ്ക്കാരിക പൈതൃകത്തിന്‍റെ പെരുമ പേറുന്ന ക്ഷേത്രകലാരൂപങ്ങളുടെ ഭൂമികയാണ് എറണാകുളം ജില്ലയിലെ രാമമംഗലം എന്ന ഗ്രാമം. ഷട്കാല ഗോവിന്ദ മാരാര്‍ മുത‌ല്‍ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാ‌ര്‍ വരെ ഈ ഗ്രാമത്തിന്‍റെ സന്തതികളാണ്. 1111 മേടം 15 ന് കിഴിതിരിതുരുത്തി ഇല്ലത്ത് രാമ‌ന്‍ നമ്പൂതിരിയുടെയും തൃക്കാമ്പുറം മാരാത്ത് ലക്ഷ്മിക്കുട്ടിയുടെയും മകനായി പുണര്‍തം നക്ഷത്രത്തി‌ല്‍ കൃഷ്ണന്‍കുട്ടി മാരാ‌ര്‍ ജനിച്ചു. രാമമംഗലത്തെ മാരാത്ത് ഗൃഹങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പഞ്ചവാദ്യം, സോപാന സംഗീതം, പരിഷവാദ്യം, മേളം, കളമെഴുത്തും പാട്ടും എന്നിങ്ങനെ ഏതെങ്കിലുമൊന്നി‌ല്‍ ശിക്ഷണം നേടാതെ തരമില്ല. കൃഷ്ണന്‍കുട്ടി മാരാരും പതിവ് തെറ്റിച്ചില്ല. പൊരുന്നില ഗോവിന്ദമാരാരുടെയും, പിന്നീട് വടക്കേടത്ത് അപ്പുമാരാരുടെയും ശിക്ഷണത്തില്‍ ഗുരുകുല സമ്പ്രദായത്തി‌ല്‍ വാദ്യകലാഭ്യസനം ആരംഭിച്ച മാരാര്‍ ഒന്‍പതാം വയസ്സി‌ല്‍ സോപാന സംഗീതത്തിലും പതിമ്മൂന്നാം വയസ്സി‌ല്‍ പഞ്ചവാദ്യത്തിലും പതിന്നാലാം വയസ്സില്‍ തായമ്പകയിലും രാമമംഗലം പെരുംതൃക്കോവിലപ്പന്‍റെ സമക്ഷത്ത് അരങ്ങേറ്റം നടത്തി. തലമുറകള്‍ കൈമാറി വന്ന പ്രൗഢമായ വാദ്യകലാ പാരമ്പര്യം അങ്ങിനെതന്നെ തുടര്‍ന്നതോടൊപ്പം പത്താം ക്ലാസ്സ് പഠനവും പൂര്‍ത്തിയാക്കി, ഒന്നാം ക്ലാസ്സോടെ വിജയിച്ച ചരിത്രമാണ് കൃഷ്ണന്‍കുട്ടി മാരാരുടേത്. ഇദ്ദേഹം മുപ്പതിലേറെ വര്‍ഷം രാമമംഗലം സ്ക്കൂളി‌ല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലക്കുഴ കണ്ണങ്കുഴ മാരാത്ത് ലക്ഷ്മിക്കുട്ടിയമ്മയാണ് ഈ ബഹുമുഖപ്രതിഭയുടെ സഹധര്‍മ്മിണി. ജയലക്ഷ്മി, ജയശ്രീ, ഇടയ്ക്കാ വാദകനായ ജയദേവന്‍ എന്നിവര്‍ മക്കളും.

പഞ്ചവാദ്യത്തിലെ എക്കാലത്തേയും പ്രഗത്ഭമതികളായ അന്നമന്നട, കുഴൂര്‍ ത്രയങ്ങളോടൊപ്പം കൃഷ്ണന്‍കുട്ടി മാരാരും തിമിലയി‌ല്‍ താളമിട്ട് തുടങ്ങിയ കാലമായിരുന്നു പിന്നീട്. ഈ അനുഭവസമ്പത്ത് പകര്‍ന്ന കരുത്തും ആത്മവിശ്വാസവും തിമിലയി‌ല്‍ ലയസുന്ദരങ്ങളായ താളപ്പെരുക്കങ്ങള്‍ തീര്‍ക്കുന്നതി‌ല്‍ ഇദ്ദേഹത്തെ സഹായിച്ചു. പതി-ഇട-ത്രിപുട കാലങ്ങളി‌ല്‍ തൃക്കാമ്പുറം തീര്‍ക്കുന്ന വിസ്മയങ്ങള്‍ക്ക് മറ്റ് കാരണങ്ങള്‍ തേടേണ്ടതില്ല.

കര്‍ണ്ണാടക സംഗീതത്തിന്‍റെ സ്വാധീനമില്ലാതെ കേരളത്തിന്‍റെ തനത് സംഗീതമെന്നറിയപ്പെടുന്ന സോപാന സംഗീതത്തില്‍ തൃക്കാമ്പുറം നല്‍കുന്ന ആസ്വാദ്യത അത്യപൂര്‍വ്വമാണ്. സോപാന സംഗീതശൈലിക്ക് മാത്രം സ്വന്തമായ രാഗങ്ങളും താള പദ്ധതികളും വിശദമാക്കുന്നതില്‍ തൃക്കാമ്പുറത്തിന്‍റെ വൈദഗ്ധ്യം, ഒരിക്കലെങ്കിലും അതാസ്വദിച്ചവര്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ. ത്യാണികളും രാഗങ്ങളും തന്‍റെ ശബ്ദത്തിലൂടെ ഇടയ്ക്ക കൊട്ടി അവതരിപ്പിക്കുമ്പോ‌ള്‍ മനുഷ്യനെ മനുഷ്യനോടും, അതുവഴി ഈശ്വരനോടും അടുപ്പിക്കുന്ന ദൈവീകമായ കര്‍മ്മത്തിന് കാരണഭൂതനാവുകയാണ് ഈ നാദോപാസകന്‍. സോപാന സംഗീതശൈലിയി‌ല്‍ ഏറ്റവും പ്രശസ്തമായ രാമമംഗലം ബാണിയുടെ പ്രയോക്താവായ തൃക്കാമ്പുറം, കേരളം മുഴുവന്‍ ഇത് പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. പാലക്കാട് ചെമ്പൈ ക്ഷേത്രത്തില്‍ തന്‍റെ സോപാനസംഗീതം ആസ്വദിച്ച് അങ്ങ് ദൂരെ നിന്നിരുന്ന ചെമ്പൈസ്വാമി, തന്‍റെ പക്കല്‍ വന്ന് പട്ട് സമ്മാനിച്ചത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു തൃക്കാമ്പുറം.

അനുഷ്ഠാനകലകളില്‍ പ്രമുഖസ്ഥാനമുള്ള കളമെഴുത്തും പാട്ടും തനത് ശൈലിയി‌ല്‍ പിന്‍തുടരുന്ന തൃക്കാമ്പുറം, ഭദ്രകാളീ ക്ഷേത്രങ്ങളിലെ വലിയമ്പലത്തില്‍ പഞ്ചവര്‍ണ്ണപ്പൊടിക‌ള്‍ കൊണ്ട് ദേവീരൂപമെഴുതി, അതിന് മുന്‍പിലിരുന്ന് ഗീതങ്ങ‌ള്‍ ആലപിക്കുന്നത് ഒരു ദൃശ്യ-ശ്രാവ്യാനുഭവമാണ്. ആസ്വാദകന്‍റെ അഭിരുചിക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുവാനോ, അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുവാനോ, ആചാര്യന്മാര്‍ അനുവദിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്ന ഈ മനീഷി, കൃത്യതയോടെ ഈ ശൈലി പിന്‍തുടരുന്നതിലും ഭാവിതലമുറക്ക് പകര്‍ന്നു നല്‍കുന്നതിലും അതീവ ശ്രദ്ധാലുവാണ്.

നാദ-ധ്വനി രൂപങ്ങ‌ള്‍ സമ്മേളിക്കുന്ന കുടുക്കവീണയെന്ന ഒറ്റക്കമ്പി മാത്രമുള്ള വാദ്യോപകരണത്തി‌ല്‍ തൃക്കാമ്പുറം തീര്‍ക്കുന്ന നാദവിസ്മയം അതീവ ഹൃദ്യമാണ്. കേരളത്തിന്‍റേത് എന്നുമാത്രമെന്നവകാശപ്പെടാവുന്ന ഈ അത്യപൂര്‍വ്വവാദ്യം പുതുതലമുറക്ക് പകര്‍ന്ന് കൊടുത്ത്, വേണ്ടത്ര പ്രചാരം നല്‍കുവാന്‍ മുന്‍കൈയ്യെടുക്കുന്നു ഈ പ്രതിഭാധനന്‍. മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍, തൃക്കാമ്പുറം കുടുക്കവീണയി‌ല്‍ വിരിയിച്ച സംഗീതം തൊട്ടറിഞ്ഞ ഉസ്താദ് സക്കീ‌ര്‍ ഹുസൈ‌ന്‍, പരിപാടിക്ക് ശേഷം സാഷ്ടാംഗപ്രണാമം നടത്തിയാണ് ഇദ്ദേഹത്തെ ആദരിച്ചത്.

പരിഷവാദ്യത്തില്‍ ഇല്ലാത്തതൊന്നും പഞ്ചവാദ്യത്തിലില്ലെന്നാണ് തൃക്കാമ്പുറം പക്ഷം. മധ്യകേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ താന്ത്രീക കര്‍മ്മങ്ങള്‍ക്ക് അകമ്പടി സേവിക്കുന്ന പരിഷവാദ്യത്തി‌ല്‍ തൃക്കാമ്പുറം കാണിക്കുന്ന താത്പര്യം എടുത്തു പറയേണ്ടത് തന്നെ.

ക്ഷേത്രാനുഷ്ഠാന വാദ്യപ്രയോഗങ്ങളിലെല്ലാം അഗാധജ്ഞാനമുള്ള തൃക്കാമ്പുറം, കേരളീയ വാദ്യകലകളില്‍ ഇന്ന് അവസാന വാക്കാണ്. കലാകാരന്മാര്‍ക്കും കലാസ്വാദകര്‍ക്കും നിരൂപകര്‍ക്കും ഏതുസമയവും സംശയനിവൃത്തിക്കായി സമീപിക്കാവുന്ന സഞ്ചരിക്കുന്ന വാദ്യകലാ എന്‍സൈക്ലോപീഡിയ എന്ന് തൃക്കാമ്പുറത്തെ വിശേഷിപ്പിക്കാറുണ്ട്. വിഷയസംബന്ധിയായി നടക്കുന്ന ചര്‍ച്ചകളിലും സെമിനാറുകളിലും മറ്റും പങ്കെടുത്ത് ഇദ്ദേഹം സംസാരിക്കുന്നതും പ്രഭാഷണങ്ങള്‍ നടത്തുന്നതും കേട്ടാ‌ല്‍ മാത്രമേ ഇദ്ദേഹത്തിന്‍റെ അറിവിന്‍റെ ആഴവും അത് പകരാനുള്ള സാമര്‍ത്ഥ്യവും ബോധ്യമാകൂ. ആകാരത്തില്‍ കനം കുറഞ്ഞ ഈ പ്രതിഭയുടെ കനമുള്ള വാക്കുകള്‍ക്കും, കനമുള്ള താളപ്പെരുക്കങ്ങള്‍ക്കും കാതോര്‍ക്കുകയാണ് വാദ്യകലാസ്വാദക ലോകം.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 2, ഫെബ്രുവരി 2011)

1 അഭിപ്രായം: